കഴിഞ്ഞ ദിവസം രാത്രി കേരളത്തിൽ നടന്ന ഒരു അപകടത്തിന്റെ വീഡിയോ ആണിത്,

302
കടപ്പാട് Rafeeque Mohamed
കഴിഞ്ഞ ദിവസം രാത്രി കേരളത്തിൽ നടന്ന ഒരു അപകടത്തിന്റെ ദൃശ്യം ആണിത്. ഉറക്കത്തിനിടയിൽ വണ്ടിയോടിച്ചു എതിരെ വന്ന ചരക്ക് ലോറിയിൽ ഇടിക്കുന്നു. ഇന്ന് പുലർച്ചെ കോയമ്പത്തൂർ അവിനാശിയിൽ സംഭവിച്ച അപകടത്തിലും വില്ലൻ ഡ്രൈവറുടെ ഉറക്കമാണെന്ന് അധികൃതർ സംശയിക്കുന്നു. രാത്രിയിൽ വാഹനം ഓടിക്കുന്നവർ വളരെ കരുതൽ എടുക്കണം. ഒരാളുടെ അശ്രദ്ധ കൊണ്ട് ഒരുപാട് നിരപരാധികളുടെ ജീവനുകളാണ് വഴിയിൽ പൊലിഞ്ഞു തീരുന്നത്, വഴിയാത്രക്കാർ പോലും സുരക്ഷിതരല്ല. പാശ്ചാത്യ നാടുകളെ പോലെ നിശ്ചിത സമയം ഓട്ടം കഴിഞ്ഞാൽ ചരക്ക് വാഹനങ്ങൾക്ക് നിർബന്ധിത വിശ്രമം കൊടുക്കുന്ന ഓട്ടോമേറ്റഡ് സംവിധാനം നമ്മുടെ നാട്ടിലും എത്തുമെന്നും ഡ്രൈവർ ഉറങ്ങിപോകുന്നത് മൂലമുള്ള അപകടങ്ങൾക്ക് കുറവുണ്ടാകുമെന്നും പ്രതീക്ഷിക്കാം.
* ഇന്നത്തെ അപകടത്തിന്റെ പശ്ചാത്തലത്തിൽ വൈകീട്ട് ആറു മണിക്ക് ശേഷം വാഹനഗതാഗതം നിരോധിച്ചു കൊണ്ടുള്ള സർക്കാർ / കോടതി ഉത്തരവുകൾ ഉണ്ടാവില്ല എന്നും പ്രാർത്ഥിക്കാം. സാധാരണ ഇത്തരം അപകടങ്ങൾ ഉണ്ടായാൽ ശാശ്വത പരിഹാര മാർഗ്ഗങ്ങൾ തേടുന്നതിന് പകരം അതിലേക്ക് നയിക്കുന്ന കാര്യങ്ങൾ അപ്പാടെ നിരോധിച്ചു ഭരണകൂട ശുഷ്കാന്തിയും ഉത്തരവാദിത്തവും നിറവേറ്റുന്ന ആചാരങ്ങൾ കാലങ്ങളായി കണ്ടു ശീലമായത് കൊണ്ട് രാത്രി യാത്ര നിരോധനം ഉണ്ടാവില്ല എന്ന് ഉറപ്പിക്കാനൊന്നും വയ്യ. ഇന്നലെ സമാനമായ ഒരു അപകടത്തെ പറ്റി Bipin Elias Thampy എഴുതി മഷിയുണങ്ങിയിട്ട് പോലുമില്ല.
ഡ്രൈവ് ചെയ്യൂ സുരക്ഷിതമായി.
ബിപിൻ എലിയാസ് തമ്പി.
ലക്നൗ ദേശീയപാതയിൽ അർദ്ധ രാത്രിയിൽ ഉണ്ടായ അപകടത്തിൽ 6 മരണം. ഇന്നലത്തെ ദിവസം ഞാൻ ഉണർന്നത് ഈ വാർത്ത കേട്ടു കൊണ്ടാണ്. വീടുകളിൽ എത്തിയ അവരുടെ മൃതദേഹം കണ്ടാണ് ഇന്നത്തെ പകൽ ആരംഭിച്ചതും.
ദിനവും കേൾക്കുന്ന ഒരുപാട് അപകടങ്ങളിൽ ഒന്നായി കേട്ട് മറന്നേക്കാവുന്ന ഒന്നായിരുന്നില്ല ഈ അപകടം. കാരണം ഇതിൽ മരണപെട്ട 6 ൽ 4പേരും എനിക്ക് നേരിട്ട് അറിയാവുന്നവർ ആയിരുന്നു. എന്റെ വീടിന് അടുത്ത് ആയി താമസിക്കുന്നവർ.. വാർത്ത കേട്ട സമയം അപകടം നടന്നത് മദ്യലഹരിയിൽ വാഹനം ഓടിച്ചതിനാൽ ആണ് എന്ന പ്രാഥമിക നിഗമനത്തിൽ ഏതൊരാളെയും പോലെ തന്നെ ഞാനും എത്തി. പക്ഷെ ഇവിടെ മദ്യം ആയിരുന്നില്ല വില്ലൻ.. !
അപകടത്തിൽ പെട്ട വാഹനം പോയതിന് എതിർവശത്തെ റോഡിൽ നിന്നും അര അടി പൊക്കം ഉള്ള ഡിവൈഡർ കടന്ന് വന്ന ബീഹാർ ട്രാൻസ്പോർട്ടിന്റെ ബസ് ഫോർച്യൂണർ എന്ന വാഹനം ഇടിച്ച്‌ തെറിപ്പിച്ചു വീണ്ടും 10 അടി താഴ്ചയിൽ ഉള്ള സർവീസ് റോഡിൽ ചെന്ന് ആണ് നിന്നത്. അപ്പോഴേക്കും 6 പേരുടെ ജീവൻ ആ റോഡിൽ തന്നെ പൊലിഞ്ഞിരുന്നു. ബസിലുണ്ടായിരുന്ന ഏകദേശം 25ഓളം പേർ പരിക്കുകളോടെ ആശുപത്രിയിലും. സാക്ഷി വിവരം അനുസരിച്ച് ബസ് ഡ്രൈവർ ഉറങ്ങിയതായിരുന്നു അപകട കാരണം.
ഞാൻ പലരെയും കണ്ടിട്ടുണ്ട് ഉറക്കം വന്നാലും അതിനെ അവഗണിച്ചു കൊണ്ട് വാഹനം ഓടിക്കുന്ന പലരെയും, അല്ലെങ്കിൽ വാഹനം ഓടിക്കുമ്പോൾ ഞാൻ ഉറങ്ങില്ല എന്ന അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന പലരെയും. എന്തോ അവരെക്കാൾ വലിയ മനോ രോഗികൾ ഇല്ലാ എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഉറക്കം വരുന്നു എന്ന്‌ പറഞ്ഞാൽ അവരുടെ അഭിമാനത്തിന് എന്തോ ക്ഷതം സംഭവിക്കുന്നു എന്ന തോന്നൽ ആണ് അങ്ങനെ ഒക്കെ പറയാൻ പ്രേരിപ്പിക്കുന്നത്. അതുപോലെ ട്രാഫിക് നിയമങ്ങൾ അനുസരിക്കുന്നത് തെറ്റായി കാണുന്ന മറ്റ് ചിലർ, ഒരു പക്ഷെ നിങ്ങൾക്കു നിങ്ങളുടെ ജീവന് വില ഇല്ലായിരിക്കും പക്ഷെ റോഡിൽ സഞ്ചരിക്കുന്ന മറ്റുള്ളവരുടെ ജീവൻ വച്ച് ചൂതാട്ടം കളിക്കാൻ നിങ്ങൾക്ക് ആരാണ് അനുവാദം തന്നത്.
വെറും ഒരു വാട്സാപ്പ് ഗ്രൂപ്പിലെ നിയമങ്ങൾ പോലും പുറത്താകുമെന്ന പേടി കൊണ്ട് അക്ഷരംപ്രതി പാലിക്കുന്നവർ പക്ഷെ ഒരു വാഹനം എടുത്ത് റോഡിലെക്ക് ഇറങ്ങിയാൽ ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തും, ( വാട്സാപ്പ് ഗ്രൂപ്പിൽ വേണമെങ്കിൽ ഫേക്ക് ID ഉപയോഗിച്ച് വീണ്ടും അംഗം ആകാം പക്ഷെ ജീവിതത്തിൽ ആകെ ഒരു ഐഡിയെ ഉള്ളു അവിടെ വീണ്ടും ഒന്ന് സാധ്യം അല്ലാ ഓർമ്മ വേണം )
ഈ തിടുക്കം ഒക്കെ എന്തിന്…? ലക്ഷ്യത്തിൽ 2മിനിറ്റ് നേരത്തെ എത്തിച്ചേരാൻ, പക്ഷെ ഒന്നോർക്കുക ഒരിക്കലും എത്തി ചേരാതെ ഇരിക്കുന്നതിനേക്കാൾ നല്ലത് 5 മിനിറ്റ് താമസിച്ച് എത്തുന്നതാണ്.
മുകളിലെ അപകടത്തിലേക്ക് തിരികെ വരാം, യാത്രക്കാർ ആ ബസ് ഡ്രൈവറോട് പറയുന്നുണ്ടായിരുന്നു നിങ്ങൾക്ക് ഉറക്കം വരുന്നു എങ്കിൽ അൽപം ഉറങ്ങിയിട്ടു പോകാം അല്ലെങ്കിൽ മറ്റൊരു ഡ്രൈവറെ വാഹനം ഏല്പിക്കുക എന്ന്‌. ആ ബസ് ഡ്രൈവർ വണ്ടി മറ്റൊരാളെ ഏല്പിക്കാൻ തയ്യാർ ആയിരുന്നെങ്കിൽ, അല്ലെങ്കിൽ ഒരു 10മിനിറ്റ് വാഹനം ഒതുക്കി ഒന്ന് ഉറങ്ങിയിരുന്നു എങ്കിൽ ഇന്ന് ആ 6 പേരും അവരവരുടെ വീട്ടിൽ അവർക്ക് വേണ്ടപ്പെട്ടവർക്കൊപ്പം ഉണ്ടായേനെ.
വാഹനം ഓടിക്കുമ്പോൾ ഉറക്കം വരുന്നത് സാധാരണം ആണ്, കാരണം ഒട്ടും ആയാസം ഇല്ലാത്ത ഒരു ജോലി അല്ലാ ഡ്രൈവിങ്, കണ്ണും, കാതും, കൈയ്യും, കാലും കൂട്ടത്തിൽ ബുദ്ധിയോടെ പെട്ടെന്ന് തീരുമാനം എടുക്കുന്ന ഉണർന്നിരിക്കുന്ന തലച്ചോറും അതിനാവശ്യം ആണ്.
ഡ്രൈവ് ചെയ്യുമ്പോൾ ഉറക്കം നമ്മളെ കീഴടക്കുന്നത് പലപ്പോഴും നമ്മൾ പെട്ടെന്ന് അറിയാറില്ല. പക്ഷെ നമ്മുടെ ശരീരം ചില ലക്ഷണങ്ങൾ അതിന് മുൻപ് കാണിച്ച് തുടങ്ങും. കോട്ടു വാ ഇടുന്നതാണ് ആദ്യം ശരീരം കാണിക്കുന്ന ലക്ഷണം തുടരെ തുടരെ കോട്ടു വാ വരുന്നു എങ്കിൽ മനസ്സിലാക്കാണം നമ്മുടെ തലച്ചോർ ഒരു വിശ്രമത്തിനു തയ്യാർ എടുത്തതിന്റെ ലക്ഷണം ആണ് അത്‌ എന്ന്‌, മറ്റൊന്ന് കൺപോളകൾക്ക് ഭാരം തോന്നുക, കൺപോളകൾ അടഞ്ഞടഞ്ഞു പോകുക എന്നതാണ്, പിന്നെ നിങ്ങൾക്ക് റോഡിൽ ഉള്ളതിൽ ഫോക്കസ് ചെയ്യാൻ പറ്റാത്തതും, ഡ്രൈവ് ലൈൻ മാറി ഡ്രൈവ് ചെയ്യുക, ട്രാഫിക് സിഗ്നലുകളും മറ്റും കാണാതെ പോകുക എന്നതൊക്കെയും ഉറക്കം നിങ്ങളെ കീഴടക്കുന്നു എന്നതിന്റെ ലക്ഷണങ്ങൾ ആണ്. ഇത് കൊണ്ടൊന്നും നിങ്ങൾ മനസ്സിലാക്കുന്നില്ല എങ്കിൽ പിന്നെ ഉള്ള ലക്ഷണം ആണ് പൂർണത ഇല്ലാത്ത ചില ചിന്തകളും അല്ലെങ്കിൽ ആ ദിവസവും തലേന്നും ഒക്കെ നടന്ന കാര്യങ്ങൾ നമ്മുടെ ഓർമ്മയിൽ വരുന്നതും ഒക്കെ അപ്പോൾ തന്നേ ഉറപ്പിക്കുക നിങ്ങളുടെ തലച്ചോർ ഉറക്കം ആരംഭിച്ചു കഴിഞ്ഞു, തലച്ചോർ കഴിഞ്ഞ സംഭവങ്ങളെ റീ കളക്ഷൻ ചെയ്യാൻ ആരംഭിച്ചു എന്ന്‌. ( കാരണം ഉറങ്ങുമ്പോൾ ആണല്ലോ തലച്ചോർ അതിന്റെ മെമ്മറിയിൽ സൂക്ഷിക്കേണ്ടതിനെ കളക്ട് ചെയ്യാൻ ആരംഭിക്കുന്നത് ) ഇനി ഒരു മുന്നറിയിപ്പ് ഇല്ലാ.
വാഹനം ഓടിക്കുന്ന സമയം ഉറക്കം വരുന്നു എങ്കിൽ ആദ്യം ചെയ്യേണ്ടത് വാഹനം നിർത്തി ഒന്ന് പുറത്തിറങ്ങി 5 മിനിറ്റ് റിലാക്സ് ചെയ്യുകയോ അല്ലെങ്കിൽ ഒന്ന് നടക്കുകയോ ചെയ്യുക, അങ്ങനെ പറ്റാത്ത സാഹചര്യം ആണെങ്കിൽ അൽപം വെള്ളം കുടിക്കുക കുടിക്കുമ്പോൾ വായിൽ വെള്ളം നിറച്ച് കവിളുകൾ വീർപ്പിച്ച ശേഷം അൽപാൽപം ആയി ഇറക്കുക,
മറ്റൊന്ന് കഫീൻ അടങ്ങിയ പാനീയങ്ങൾ കൈയ്യിൽ കരുതുക എന്നതാണ് (തംസ് അപ്പ്‌ പോലെ ഉള്ള പാനീയങ്ങൾ) അല്ലെങ്കിൽ അൽപം കട്ടൻ കാപ്പി കരുതാം, കാരണം കഫീൻ എന്ന രാസ വസ്തുവിന് നമ്മുടെ തലച്ചോറിനെ ഉദ്ധീപിപ്പിക്കാൻ ഉള്ള കഴിവുണ്ട്.
ഇതിനൊന്നും സാധിക്കില്ലാ എങ്കിൽ സുരക്ഷിതമായ സ്ഥലത്ത് വാഹനം അൽപം ഒതുക്കി നിർത്തി ഒരു 20-30 മിനിറ്റ് ഉറങ്ങുക. രാത്രി കാല യാത്രയിൽ കണ്ണിലേക്ക് ഉറക്കം വരുന്നത് 12 മുതൽ 2 മണി വരെ ഉള്ള സമയത്തും വെളുപ്പിനെ 5 മുതൽ 6 മണി വരെ ഉള്ള സമയങ്ങളിലും ആണ്. കാരണം നാം കൂടുതൽ ഗാഢ നിദ്രയിൽ വീഴുന്നതും ഈ സമയങ്ങളിൽ ആണ്. കൂടുതൽ അപകടങ്ങളും സംഭവിക്കുന്നതും ഈ സമയങ്ങളിൽ ആണ്, അത്‌ കൊണ്ട് തന്നെ രാത്രി യാത്രയിലെ ഏറ്റവും നിർണായക സമയവും ഇതാണ്‌. ഈ സമയങ്ങളിൽ യാത്ര ഒഴിവാക്കുകയോ അല്ലെങ്കിൽ മറ്റൊരു ഡ്രൈവറെ കൂടേ കൂട്ടുകയോ ചെയ്യുക. സുരക്ഷിതമായി യാത്ര ചെയ്യുക നമ്മുടെ സുരക്ഷയോടൊപ്പം മറ്റുള്ളവരുടെ സുരക്ഷക്ക് കൂടി പ്രാധാന്യം കൊടുക്കുക.
ഉറങ്ങി ഡ്രൈവ് ചെയ്ത് തീർക്കാൻ ഉള്ളതല്ല ഈ ജീവിതം. റോബർട്ട്‌ ഫ്രോസ്റ്റിന്റെ ഒരു ഇംഗ്ലീഷ് കവിതയിൽ പറയുന്ന പോലെ
“The woods are lovely, dark and deep,
But I have promises to keep,
And miles to go before I sleep,
And miles to go before I sleep. “
അകാലത്തിൽ പൊലിയാതെ ഇരിക്കട്ടെ ഒരു ജീവനും.