പൊങ്ങച്ചക്കാരനും ബൂർഷ്വയുമായ ഗൾഫുകാരന്റെ തനി ജീവിതം എല്ലാരും അറിഞ്ഞു

261

Rafeeque Mohamed

അങ്ങനെ അവസാനം ധനികനും പൊങ്ങച്ചക്കാരനും ബൂർഷ്വയുമായ ഗൾഫുകാരന്റെ തനി ജീവിതം എല്ലാരും അറിഞ്ഞു.

ഗൾഫിലെ ഒറ്റമുറി ഫ്ലാറ്റിൽ പതിനാറ് പേരോളം കിടന്ന് മൂന്ന് നേരവും കുബൂസും പരിപ്പും ചാള ചാറും കഴിച്ചു കിട്ടുന്ന ശമ്പളത്തിൽ ഭൂരിഭാഗവും നാട്ടിലെ അഞ്ചാറ് ബെഡ്‌റൂം മണിമാളികയിൽ രമിക്കുന്ന മൂന്നാല് പേർക്ക് അയച്ചു കൊടുത്തു നിർവൃതിയടയുന്ന ഗൾഫ്കാരന്റെ ഇനിയും നിങ്ങളറിയാത്ത എത്രയോ മുഖങ്ങളുണ്ട്.

അഞ്ച് പത്ത് ദിവസം കഴിഞ്ഞാൽ റംസാൻ നോമ്പ് തുടങ്ങും. മിക്കവാറും സാധാരണക്കാരായ ഗൾഫുകാരുടെയും നോമ്പ് തുറ പള്ളികളിലെ വിഭവ സമൃദ്ധമായ ഭക്ഷണം കൊണ്ടായിരിക്കും. അവിടെ നോമ്പ് തുറക്കാൻ വരുന്നവർ നോമ്പുള്ളവരായിരിക്കണമെന്ന് ഒരു നിർബന്ധവുമില്ല. അവിടെ വരുന്നവരുടെ ജാതിയും മതവും ആരും തിരക്കാറില്ല. പള്ളികളിൽ നോമ്പ് തുറക്ക് വരുന്നവർ പാതിരാഭക്ഷണത്തിനും കൂട്ടുകാർക്കും ഉള്ളത് കരുതി കൊണ്ട് പോകുന്നതും സ്ഥിരം കാഴ്ചയാണ്. ഇരുപത്തിനാല് മണിക്കൂർ കർഫ്യുവും തൊഴിൽ നഷ്ടപ്പെട്ടതും ശമ്പളമില്ലാത്തതും അടച്ചിട്ട പള്ളികളും അവരുടെ ഈ റംസാനിലെ നോമ്പ്തുറ ഹൃദയം പിളർക്കുന്ന ചോദ്യ ചിഹ്നമാക്കും.

കോവിഡ് കാലം കഴിഞ്ഞാലും പ്രവാസിയുടെ പണം കൊണ്ട് അത്യാർഭാടമായി സമൂഹ നോമ്പ് തുറകളും ബന്ധു വീടുകളിലെ സൽക്കാരങ്ങളും കൊഴുപ്പിക്കുമ്പോൾ പ്രവാസിയുടെ നിങ്ങൾ അറിയാത്ത മറ്റൊരു മുഖം കൂടിയുണ്ടെന്ന് ഓർക്കണം. അവന്റെ പണം കൊണ്ട് കേരളത്തിൽ ഏമ്പക്കം വിളികൾ മുഴങ്ങുമ്പോൾ അവൻ ഒരു പക്ഷേ ഗൾഫിൽ അടച്ചിട്ട പള്ളികളിലെ ഭക്ഷണത്തിന് പകരം ഏതെങ്കിലും ഉദാരമതികളുടെ മറ്റൊരു ഭക്ഷണ പൊതിയും കാത്തിരിക്കുകയാവും.

എണ്ണിച്ചുട്ട അവധി ദിവസങ്ങളിലെ അവസാന ദിവസവും മടിക്കുത്തിലെ അവസാന നാണയവും കുടുംബത്തിനോ കൂട്ടുകാർക്കോ നാടിനോ വേണ്ടി പുഞ്ചിരിച്ചു നൽകുന്ന പ്രവാസികളുടെ നേർചിത്രങ്ങൾ അവൻ ഇതുവരെയും നിങ്ങളോട് പങ്ക് വെച്ചിട്ടുണ്ടാവില്ല. ഇപ്പോൾ നമ്മളത് അറിയുന്നു. ഇനിയുമത് ഓർമ്മ വേണം. നാട്ടിലെ ഒരു മധ്യവർഗ്ഗ ജോലിക്കാരനെക്കാളും ഒട്ടും ഉയർച്ചയിലല്ല ഒരു ശരാശരി പ്രവാസിയുടെ സാമ്പത്തിക ബലം. പലരും അതിലും താഴെയാണ്.

അത് അവർ പറയില്ലെങ്കിലും നമ്മളത് അറിയണം. അതിനനുസരിച്ചു അവരോട് ചിലവഴിപ്പിക്കണം. ഏത് ഗതികേട് സമയത്തും നാട്ടിൽ നിന്നുള്ള സഹായാഭ്യർത്ഥനകൾക്ക് മുഖം തിരിക്കാതെ മറുത്തൊന്നും പറയാതെ സ്വയം സഹിച്ചും കൈവായ്പ വാങ്ങിയും നാട്ടിലെ സാമൂഹിക ആവശ്യങ്ങൾക്ക് സഹായം ചെയ്യുന്ന പലരെയും നേരിട്ട് അറിയാവുന്നത് കൊണ്ടാണിത് പറയുന്നത്. ഇനിയെങ്കിലും അവരെയൊക്കെ ഞെക്കി പിഴിയുമ്പോൾ കുറച്ചു കാരുണ്യം കാണിക്കണം. മറക്കരുത്, ഓരോ അരിമണിയും ആരുടെയൊക്കെയോ അധ്വാനമാണ്.
-റഫീഖ് മുഹമ്മദ്