പോലീസ് സേനയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ കുറ്റാന്വേഷണത്തിന് മാത്രമായി അവരോധിക്കുന്നത് കതിരിൽ വളം വെക്കുന്ന ഏർപ്പാടാണ്

0
180

Rafeeque Mohamed

നമ്മുടെ പോലീസ് സേനയുടെ അടിസ്ഥാന പ്രശ്നങ്ങൾ എന്താണ്. പോലീസിന്റെ പ്രാഥമികായ ജോലി കുറ്റാന്വേഷണമാണ് എന്നാണോ ധാരണ. കുറ്റകൃത്യങ്ങൾ ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കുക എന്നതല്ലേ, ലോ ആൻഡ്‌ ഓർഡർ അവസ്ഥ കൃത്യമായി പരിപാലിക്കുകയല്ലേ സേനയുടെ പ്രഥമ ദൗത്യം. അങ്ങനെയൊരു സ്ഥിതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കാനുള്ള അവസ്ഥയിലാണോ ഇന്ത്യയിലെ പോലീസ് സംവിധാനം. അതിനുള്ള ഭൗതിക സാഹചര്യങ്ങൾ സർക്കാരുകൾ പൊലീസിന് നൽകുന്നുണ്ടോ. പോലീസിനെക്കുറിച്ചു കുറച്ചു വാസ്തവങ്ങൾ അറിയാം.

രാജ്യത്ത് വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്ക് വിപുലമായ മാധ്യമശ്രദ്ധയും ലഭിക്കുകയും തന്മൂലം പൊതുജന പ്രധിഷേധം ഉയരുമ്പോഴും അതിന്റെ അടിസ്ഥാനപരമായ കാരണങ്ങൾ പലപ്പോഴും വിസ്മരിക്കപ്പെടുന്നു. തങ്ങളുടെ ജോലി നിറവേറ്റുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെയാണ് ഇന്ത്യ മഹാരാജ്യത്തെ പല സംസ്ഥാനങ്ങളിലും പോലീസ് ഡിപ്പാർട്മെന്റ് ബുദ്ധിമുട്ടുന്നത്. ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് (BPRD)യുടെ
2017ലെ കണക്കനുസരിച്ച് രാജ്യത്ത് 15, 555 പോലീസ് സ്റ്റേഷനുകളും 22,80,691 പോലീസ് ഉദ്യോഗസ്ഥരുമുണ്ട്. ഇവയിൽ പല പോലീസ് സ്റ്റേഷനുകളിലും വാഹനങ്ങളും ഫോണുകളും വയർലെസും ഇല്ലെന്നതാണ് യാഥാർഥ്യം. പല സംസ്ഥാനങ്ങളും തീവ്രവാദ നക്സൽ ഭീഷണിയുള്ള ഇടങ്ങളാണെന്നത് അതീവ ഗുരുതരമായ സ്ഥിതിയാണ്.

ഔദ്യോഗികാവശ്യങ്ങൾക്ക് ഒരു വാഹനം പോലുമില്ലാതെ 188 പോലീസ് സ്റ്റേഷനുകളുണ്ട്, 402 സ്റ്റേഷനുകളിൽ ടെലിഫോൺ പോലുമില്ല. 134 എണ്ണം വയർലെസ് സെറ്റുകളും 65 എണ്ണം ടെലിഫോൺ ലൈനോ വയർലെസ് സെറ്റുകളോ ഇല്ല.

Image result for indian police cartoon"നക്സൽ ഭീഷണി നേരിടുന്ന ഛത്തീസ്ഗഡിൽ വാഹനങ്ങളില്ലാത്ത 161 പോലീസ് സ്റ്റേഷനുകളുണ്ട്. വിഘടന വാദവും അതിർത്തി സുരക്ഷയും ഭീഷണിയുയർത്തുന്ന മണിപ്പൂരിൽ മാത്രം ഫോണുകളോ വയർലെസ് സെറ്റുകളോ ഇല്ലാതെ 43 പോലീസ് സ്റ്റേഷനുകൾ. മധ്യപ്രദേശിൽ ടെലിഫോൺ ലൈനില്ലാത്ത 111 പോലീസ് സ്റ്റേഷനുകളും മേഘാലയയിലും മണിപ്പൂരിലും 67 വീതം സ്റ്റേഷനുകളുമുണ്ട്. ഉത്തർപ്രദേശിലാകട്ടെ ടെലിഫോൺ ഇല്ലാത്ത 51ഉം വയർലെസ് ഇല്ലാത്ത 17 പോലീസ് സ്റ്റേഷനുകൾ ഇപ്പോഴുമുണ്ട്.

കലാപ ബാധിതമായ മണിപ്പൂർ പോലെയുള്ള സംസ്ഥാനങ്ങളിലെ അപര്യാപ്തമായ സൗകര്യങ്ങളുള്ള നിരവധി പോലീസ് സ്റ്റേഷനുകൾ ഉണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ തന്നെ സമ്മതിക്കുന്നു. ക്രമസമാധാന പാലനത്തിന് അടിയന്തിരമായി അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കേണ്ടത് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണ്.

Image result for indian poor police station"മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളായ ഛത്തീസ്ഗഡിലെയും മധ്യപ്രദേശിലേയും മിക്ക പോലീസ് സ്റ്റേഷനുകളും അസൗകര്യങ്ങളുടെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നു. പലപ്പോഴും പോലീസ് സേനയുടെ വയർലെസ് സെറ്റുകളും വാഹനങ്ങളും നക്‌സലൈറ്റുകൾ തട്ടിയെടുക്കുന്ന സംഭവങ്ങളും ആവർത്തിക്കപ്പെടുന്നു.

കണക്കനുസരിച്ച് രാജ്യമൊട്ടാകെയുള്ള 22,80,691 ഉദ്യോഗസ്ഥന്മാരിൽ ഭൂരിഭാഗത്തിനും വീട്, ക്വാർട്ടേഴ്‌സ് പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിൽ പോലും ഭരണകൂടങ്ങൾ പരാജയപ്പെട്ടു. 5,56,539 പോലീസുകാർക്ക് മാത്രമാണ് താമസ സൗകര്യം ഉള്ളത്. മിക്ക പോലീസ് ഉദ്യോഗസ്ഥരും അമിത ജോലി ജോലിഭാരം അനുഭവിക്കുന്നു.

ഇന്ത്യയിലെ പോലീസ്-ടു-പോപ്പുലേഷൻ അനുപാതം മിക്ക രാജ്യങ്ങളുടെയും പുറകിലാണ്. സൈബർ കുറ്റകൃത്യങ്ങളും തീവ്രവാദ ഭീഷണികളും സാമുദായിക അക്രമവും നക്സലിസവും പോലുള്ള വെല്ലുവിളികൾക്കിടയിലും കണക്കുകൾ പ്രകാരം രാജ്യത്ത് ഓരോ 100,000 പൗരന്മാർക്കും 144 പോലീസ് ഓഫീസർമാർ മാത്രമേയുള്ളൂ. ഇത് ഇന്ത്യയിലെ പോലീസ് സേനയെ ലോകത്തിലെ ഏറ്റവും ദുർബലമായ സേനകളിൽ ഒന്നാക്കുന്നു. ഐക്യരാഷ്ട്രസഭ ശുപാർശ ചെയ്യുന്ന അനുപാതം 222 ആണ്. ഇതിൽ നിന്ന് തന്നെ ഓരോ പോലീസ് ഉദ്യോഗസ്ഥരുടെയും ജോലിഭാരവും മാനസിക സമ്മർദ്ദവും ഊഹിക്കാവുന്നതാണ്.

വ്യക്തിപരമോ രാഷ്ട്രീയമോ ആയ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി രാഷ്ട്രീയക്കാർ പോലീസ് ഉദ്യോഗസ്ഥരെ അനാവശ്യമായി സ്വാധീനിക്കുന്നുണ്ട്. പൊലീസിന്മേലുള്ള രാഷ്ട്രീയ എക്സിക്യൂട്ടീവിന്റെ നിയന്ത്രണം പരിമിതപ്പെടുത്തുക എന്നതാണ് ഇതിനുള്ള വ്യക്തമായ പരിഹാരം. രാഷ്ട്രീയത്തിലെ വർദ്ധിച്ചുവരുന്ന ക്രിമിനലൈസേഷനുമായി പോലീസ് സേനയെ സ്വാധീനിക്കുന്നതും പ്രതിരോധത്തിലാക്കുന്നതും ആശാസ്യമല്ല.

ഇതൊക്കെ പോലീസ് സേനയുടെയും പോലീസ് ഉദ്യോഗസ്ഥർ നേരിടുന്ന പ്രശ്നങ്ങളുടെയും വളരെ ചെറിയൊരു അംശം മാത്രമാണ്. ഇതിനൊക്കെ പരിഹാരം ഉണ്ടാക്കേണ്ടത് സർക്കാരും ആഭ്യന്തര വകുപ്പുമാണ്. കുറ്റമറ്റ ഒരു പോലീസ് സേനയും അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തിയാൽ തന്നെ ക്രമസമാധാന പരിപാലനം മെച്ചപ്പെടും. ക്രമസമാധാന പാലനം മെച്ചപ്പെട്ടാൽ കുറ്റകൃത്യങ്ങൾ കുറയും. കുറ്റകൃത്യങ്ങൾ കുറഞ്ഞാൽ രാജ്യത്ത് ജീവിതം സുന്ദരമാകും.

ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ പോലീസ് സേനയെ കുറ്റാന്വേഷണത്തിന് മാത്രമായി അവരോധിക്കുന്നത് കതിരിൽ വളം വെക്കുന്ന ഏർപ്പാടാണ്, നമ്മെ സംബന്ധിച്ച് അത് പുതുമയുള്ള കാര്യമല്ലെങ്കിൽ കൂടി. എല്ലാ സാമൂഹിക പ്രശ്നങ്ങൾക്കും നമ്മൾ ആഴത്തിലുള്ള പരിഹാര ക്രിയകളല്ലല്ലോ ചെയ്യാറുള്ളത്. തൊലിപ്പുറത്തെ ചികിത്സ മാത്രം ശീലിച്ചവർക്ക് ഇതൊന്നും വിഷയമായിരിക്കാൻ ഇടയില്ല.