സൂര്യൻ്റെ ശബ്ദം ഓംകാരമാണെന്നും നാസ റെക്കോഡ് ചെയ്തെന്നും കിരൺ ബേദി, സിവിൽ സർവീസുകാർ പെൻഷനായാൽ സ്ഥിരബുദ്ധി നഷ്ടപ്പെടുമോ ?

169
സൂര്യൻ്റെ ശബ്ദം നാസ റെക്കോഡ് ചെയ്തെന്നും സൂര്യൻ്റെ ശബ്ദം ഓംകാരമാണെന്നും മുൻ ഐപിഎസ് ഉദ്യോഗസ്ഥയും പുതുച്ചേരി ലഫ്റ്റനൻ്റ് ഗവര്‍ണ്ണറുമായ കിരൺ ബേദി വ്യാജവാർത്താ വീഡിയോ പങ്കുവെച്ചു. കിരൺ ബേദിയെ ട്രോളി സോഷ്യൽമീഡിയ .
Rafeeque Mohamed എഴുതുന്നു 
കിരൺ ബേദിജിയുടെ ഓം കഥ കേട്ട് ഞ്ഞെട്ടിയിരിക്കുകയാണോ? ഇന്ത്യയിലെ ഇപ്പോഴത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കോമൺ സെൻസിനെ കുറിച്ച് അന്ധാളിച്ചിട്ടുണ്ടോ? എന്നാൽ കേട്ടോളൂ, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇതാണ് വർത്തമാന കാല ഇന്ത്യൻ യാഥാർഥ്യം.
ഒരു ഹൈ പ്രൊഫൈൽ എക്സിക്യൂട്ടീവായ അടുത്ത സുഹൃത്തുണ്ട്. പത്തിരുപതു വർഷത്തെ സൗഹൃദം ഉണ്ട്. ദില്ലിയിലെ അധികാരകേന്ദ്രങ്ങളിലും രാഷ്ട്രീയത്തിലും വിവിഐപികളുടെ ഇടയിലും സൗഹൃദവും സ്വാധീനവുമുള്ള ആൾ. ഇരുന്ന ഇരുപ്പിൽ ഒരൊറ്റ ഫോൺ കോളിൽ അസാധ്യമെന്ന് കരുതിയിരുന്ന കാര്യങ്ങൾ പോലും ചെയ്തു പലപ്പോഴും ഞെട്ടിച്ചിട്ടുള്ള സുഹൃത്ത്.പത്തിരുപത് കൊല്ലം മുമ്പ് ഡൽഹിയിൽ വെച്ച് ഒരു കൗതുകത്തിന് ഇന്ത്യൻ രാഷ്ട്രീയത്തിലെ മുടിചൂടാ മന്നനായ ഒരു നേതാവിനെ കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ അപ്പൊഴാക്കപ്പോഴേക്ക് അപ്പോയ്ന്റ്മെന്റ് പോലും ഇല്ലാതെ അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ട് പോയി പരിചയപ്പെടുത്തി തരാൻ മാത്രം മെറ്റിൽ ഉള്ള ജന്മം. നാളുകളായി അദ്ദേഹം ഒരു എബോവ് ആവറേജ് മോദിജി ഫാനാണ്. നല്ലൊരു സൗഹൃദം ഉലയാൻ ആഗ്രഹമില്ലാത്തതിനാലും ആ ഓഫീസിൽ വരെ ബന്ധമുള്ള ആളെ പിണക്കേണ്ട എന്നതിനാലും രാഷ്ട്രീയ ചർച്ചകൾ മനഃപൂർവം ഒഴിവാക്കും.
ഇപ്പോഴും ഇടക്കിടെ കാണും, കുറേ നേരം സംസാരിക്കും. വായനയുടെ ആസക്തിയുള്ളയാൾ, പണ്ട് മുതലേ പല പുതിയ അറിവുകളും പകർന്നു തന്നിരുന്ന ആളാണ്. കുറച്ചു നാൾ മുമ്പുള്ള ഒരു സ്റ്റാർബക്സ് സായാഹ്‌നം. സംസാരിച്ചിരിക്കുന്നതിനിടക്ക് ആരോഗ്യസംരക്ഷണം വിഷയമായി. നിത്യവും രാവിലെ മുരിങ്ങയില തിളപ്പിച്ച്‌ വെള്ളം കുടിക്കുന്ന എന്റെ പുതിയ ശീലത്തെ കുറിച്ച് പറഞ്ഞു. അപ്പോഴാണ് അദ്ദേഹം തന്റെ പുതിയ വിജ്ഞാന സമ്പാദ്യം കോഫീ ടേബിളിൽ ചൊരിഞ്ഞത്.
ഭാരതീയതയിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് നാസയിൽ ശാസ്ത്രജ്ഞന്മാർക്കായി പുതിയ ഭക്ഷണ ക്രമം തുടങ്ങിയിട്ടുണ്ട്, മാംസഭക്ഷണം ഘട്ടം ഘട്ടമായി കുറച്ചു കൊണ്ട് വന്ന് അവരുടെ ഭക്ഷണത്തിൽ വെജിറ്റേറിയന് കൂടുതൽ പ്രാമുഖ്യം കൊടുത്തു തുടങ്ങിയിരിക്കുന്നു. തലച്ചോറും ബുദ്ധിയും വികസിക്കുന്നതിന് ഇലക്കറികളാണ് കൂടുതൽ വിളമ്പുന്നത്. അഗസ്ത്യ, ബ്രഹ്മി, ചീര എന്നിവയൊക്കെ ഇപ്പോ നാസ ശാസ്ത്രജ്ഞരുടെ ഇഷ്ടവിഭവമാണത്രെ. കൂടാതെ നാസ കാമ്പസിൽ നിറയെ ആൽമരങ്ങളും വെച്ച് പിടിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം മോദിജിയുടെ അന്താരാഷ്ട്ര സമ്പർക്കം കൊണ്ടുണ്ടാക്കിയ പുരോഗതിയാണ്. ഭാരതീയത പതിയെ പതിയെ ലോകം കീഴടക്കുന്നത് നീ കണ്ടോ. ഇനി ഇതുപോലെ സംസ്കൃതവും ലോകം കീഴടക്കും.
എല്ലാം നിർന്നിമേഷനായി കേട്ടിരുന്ന എന്റെ ക്ഷമാശക്തിയോട് എനിക്ക് തന്നെ അത്യധികം ബഹുമാനം തോന്നി. (ആ എന്നെക്കുറിച്ചാണ് ആളുകൾ അപവാദം പറഞ്ഞുണ്ടാക്കുന്നത്).
‘റഫീ, പിന്നെ സൂര്യനിൽ ഓംകാരം മുഴങ്ങുന്നത് നിനക്കറിയാല്ലോ ല്ലേ, നാസ വരെ അത് അംഗീകരിച്ചിട്ടുണ്ട്. പ്രപഞ്ചത്തിലെ പല ശബ്ദങ്ങളും നിരീക്ഷിച്ചാൽ നമുക്ക് ഓംകാരം ഫീൽ ചെയ്യും. നീ ശ്രദ്ധിച്ചിട്ടുണ്ടോ’.
ഞാ: ‘എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് റേസിങ് കാറുകളുടെയും ബൈക്കുകളുടെയും മുരൾച്ച കേൾക്കുമ്പോൾ എനിക്കും ഫീൽ ചെയ്യാറുണ്ട്. ഓരോരുത്തർക്കും താല്പര്യമുള്ളതിലല്ലേ നമ്മൾക്കിഷ്ടപെട്ടത് വരൂ. നിനക്കോർമ്മയില്ലേ, പണ്ട് നമ്മൾ ആലില പിളർത്തി ശ്രീകൃഷ്ണനെ കാണാറുള്ളത്. എനിക്കിപ്പോൾ കമ്പം റേസിങ് കാറുകളോടാണ്’. സ്റ്റാർബക്സിൽ അഡ്വാൻസ് പൈസ കൊടുക്കുന്നത് കൊണ്ട് പെട്ടെന്നിറങ്ങാൻ പറ്റി.
വോക്കെ, ബൈ.