ഇറാനെതിരെയുളള പാശ്ചാത്യരാജ്യങ്ങളുടെ നീക്കങ്ങൾക്ക് കാരണമെന്ത് ?

760

എഴുതിയത് : Rafi Cochin

എന്തുകൊണ്ട് റാൻ?

എക്കാലവും വാർത്തകളിൽ ഇടം പിടിക്കുന്ന ഒരു രാജ്യമാണ് ഇറാൻ. ഇറാനെതിരെയുളള പാശ്ചാത്യ രാജ്യങ്ങളുടെ നീക്കങ്ങൾക്ക് മുസ്ലീം രാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും കുടപിടിക്കുന്നതും നാം കാണാറുണ്ട്. അതിന്റെ കാരണങ്ങൾ വ്യത്യസ്തവും പലമേഖലകളേയും ചൂഴ്ന്നു നിൽക്കുന്നതുമാണ്. അതിലേക്ക് നമുക്കൊന്നു എത്തി നോക്കാം.

1908 – ൽ ബ്രിട്ടീഷ് ഗവേഷകരാണ് ആദ്യമായി ഇറാനിൽ (പേർഷ്യയിൽ) എണ്ണസമ്പത്ത് കണ്ടെത്തിയത്. ഇംഗ്ലീഷുകാരുടെ അധീനതയിലുള്ള ആംഗ്ലോ-ഇറാനിയൻ കമ്പനിയാണ് എണ്ണഖനനവും വിതരണവുമെല്ലാം നിയന്ത്രിച്ചിരുന്നത്.

Image result for iran and america1914 – ലെ ഒന്നാം ലോക മഹാ യുദ്ധത്തെ തുടർന്ന് ബ്രിട്ടനും റഷ്യയും ഇരുവശങ്ങളിലൂടെ ഇറാനിൽ അധിനിവേശം നടത്തി. 1917- ലെ കമ്മ്യൂണിസ്റ്റ് വിപ്ളവത്തെ തുടർന്ന് രൂപം കൊണ്ട സോവിയറ്റ് യൂണിയന്റെ രൂപീകരത്തോടെ 1921- ൽ റഷ്യ ഇറാനിൽ നിന്നും പിൻവാങ്ങുകയും ബ്രിട്ടീഷ് സർക്കാർ ഇറാനിൽ അവരുടെ നിയന്ത്രണം ശക്തമാക്കി.

1925 ൽ അന്ന് നിലവിലുണ്ടായിരുന്ന സർക്കാരിനെ ബ്രിട്ടീഷുകാരുടെ സഹായത്തോടെ പട്ടാള ഉദ്യോഗസ്ഥനായിരുന്ന റിസാഖാൻ അട്ടിമറിച്ചു കൊണ്ട് അധികാരം കൈക്കലാക്കുകയും റിസാഷാ പഹ്-ലവി എന്ന പേരു സ്വീകരിച്ചു കൊണ്ട് പഹ്-ലവി രാജവംശത്തിന് തുടക്കമിട്ടു. പഹ്-ലവി ഭരണത്തിലാണ് തുർക്കിയിലെ കമാൽ അത്താ തുർക്കിനെ മാതൃകയാക്കി ഇറാനിൽ ഇസ്ലാമിക വിരുദ്ധമായ പാശ്ചാത്യ പരിഷ്കാരങ്ങൾ നടപ്പിലാക്കിയത്. ഇസ്ലാമിക വസ്ത്രധാരണത്തിനും മത വിദ്യാഭ്യാസത്മെതിനുമെല്ലാം ഷാ പഹ്-ലവി നിയമങ്ങൾ മൂലം കൂച്ചുവിലങ്ങിട്ടു. ഇതിനെതിരെ ഇമാം ഖുമൈനി ശക്തമായി രംഗത്തു വന്നു. ഇതേ തുടർന്ന് ഇമാം ഖുമൈനിയെ ആദ്യം തുർക്കിയിലേക്കും തുടർന്ന് ഇറാഖിലേക്കും നാടു കടത്തപ്പെട്ടു. അവസാനം ഫ്രാൻസിലാണ് ഇമാം ഖുമൈനി എത്തപ്പെട്ടത്.

Image result for iran militaryഫ്രാൻസിലെ പ്രവാസജീവിതത്തിൽ നിന്നുകൊണ്ട് അദ്ദേഹത്തിന്റെ ധാരാളം പ്രഭാഷണങ്ങൾ ഷാ പഹ്-ലവിയുടെ രാജഭരണകൂടത്തിനെതിരെയുളള പോരാട്ടങ്ങൾക്ക് വീര്യം പകരുന്ന ഉണർത്തു പാട്ടുകളായി ഇറാനിയൻ ജനതയിൽ അലയടിച്ചു കൊണ്ടിരുന്നു. അങ്ങിനെ ഇറാനിയൻ ജനത ഏത് പോരാട്ടങ്ങൾക്കും സജ്ജമായ രീതിയിൽ പരിവർത്തിക്കപ്പെടുകയും ചെയ്തു.

1979- ഫെബ്രുവരി 1-ന് ഇമാം ഖുമൈനി ഫ്രാൻസിൽ നിന്നും സർക്കാരിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചു കൊണ്ട് ഇറാനിലേക്ക് യാത്ര തിരിക്കുകയും ഉദ്വേഗജനകമായ അന്തരീക്ഷത്തിൽ ഇറാനിൽ വിമാനമിറങ്ങുകയും ചെയ്തു. അതേയവസരത്തിൽ തന്നെ ചരിത്രത്തിന്റെ ഒരു പകവീട്ടൽ എന്ന പോലെ ഷാ പഹ്-ലവി അടുത്ത വിമാനത്തിൽ അമേരിക്കയിലേക്ക് പാലായനം ചെയ്യുകയും ചെയ്തു.

ഷാ പഹ്-ലവിക്ക് സംരക്ഷണം കൊടുത്ത അമേരിക്കയുടെ നടപടിയിൽ രോഷാകുലരായ ഒരു പറ്റം വിദ്യാർഥികൾ 79 നവംബറിൽ ടെഹ്റാനിലെ അമേരിക്കൻ എംബസി ഉപരോധിക്കുകയും 53 നയതന്ത്ര ഉദ്യോഗസ്ഥരേയും ഒരു സെക്ക്യൂരിറ്റി ജീവനക്കാരനേയും ബന്ദികളാക്കുകയും ചെയ്തു.

Image result for iran militaryഅവരെ മോചിപ്പിക്കാൻ അമേരിക്ക പതിനെട്ടടവും പയറ്റിയെങ്കിലും ഇറാനുമുന്നിൽ അവസാനം മുട്ടുമടക്കി ഒത്തുതീർപ്പു ചർച്ചകളിലൂടെയാണ് 444 ദിവസത്തെ ബന്ദി പ്രശ്നം അവസാനിപ്പിച്ചത്.

മാത്രമല്ല അമേരിക്കക്ക് ഇറാനിൽ എംബസി തുടരാനുള്ള അനുമതി നിഷേധിച്ചു കൊണ്ട് അമേരിക്കയുമായുളള എല്ലാ നയതന്ത്ര ബന്ധങ്ങളും ഇറാൻ അവസാനിപ്പിച്ചു. ഇറാനിലെ ഇമാം ഖുമൈനിയുടെ നേതൃത്വത്തിൽ നടന്ന ഇസ്ലാമിക വിപ്ളവത്തോടു കൂടി ഇറാൻ എല്ലാ അർത്ഥത്തിലും പാശ്ചാത്യ രാജ്യങ്ങളുടെ പ്രത്യേകിച്ച് അമേരിക്കയുടെ കണ്ണിലെ കരടായി മാറി.

ഇനി മുസ്ലീം രാജ്യങ്ങൾക്ക് ഇറാനോടുളള ശത്രുത എന്താണെന്ന് നോക്കാം.

ഇമാം ഖുമൈനി ഇറാനിൽ നടത്തിയ ഇസ്ലാമിക വിപ്ളവം തകർത്തെറിഞ്ഞത് അനേക വർഷങ്ങളുടെ പാരമ്പര്യമവകാശപ്പെട്ട ഒരു രാജവംശത്തിന്റെ രാജഭരണത്തെയാണ്.

ഈ വിപ്ളവം അറബ് രാജവംശങ്ങളുടെ ഉറക്കം കെടുത്തി. ഇറാൻ ഇസ്ലാമിക വിപ്ളവം അയൽ നാടുകളിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടാൽ അത് തങ്ങളുടെ രാജഭരണങ്ങളുടെ ശവക്കുഴി തോണ്ടലായിരിക്കുമെന്ന ഭയവും തിരിച്ചറിവുമാണ് അറബ് രാജ ഭരണകൂടങ്ങളെ എക്കാലവും ഇറാനെതിരെ അണിനിരക്കാൻ പ്രേരിപ്പിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ ഒന്നാമത്തെ കാരണം.
മാത്രമല്ല തങ്ങളുടെ രാജ്യത്തുളള ശിയാ വിഭാഗങ്ങളിലും ഇറാന്റെ നിലപാടുകൾ
സ്വാധീനിക്കപ്പെടാമെന്ന ഭയവും അവരെ അലട്ടുന്നു.

Image result for iran militaryഇനി എന്തുകൊണ്ടാണ് അമേരിക്കയുടെ ഏകപക്ഷീയമായ ഉപരോധങ്ങൾക്കോ തിട്ടൂരങ്ങൾക്കോ ഒന്നും തന്നെ ഇറാനെ മുട്ടുകുത്തിക്കാനോ മയപ്പെടുത്താനോ ഭയപ്പെടുത്താനോ കഴിയാത്തത് എന്ന് നോക്കാം.

സാധാരണ അമേരിക്ക ഉപരോധങ്ങൾ ഏർപ്പെടുത്തിയാൽ ഏതാണ്ടെല്ലാ രാജ്യങ്ങളും മുട്ടുമടക്കുകയും അമേരിക്കൻ താത്പര്യങ്ങൾക്കനുസൃതമായ നിലപാടുകൾ സ്വീകരിക്കും ചെയ്യും. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ രീതിയാണ് ഇറാൻ കൈക്കൊള്ളുന്നത്.

നിരവധി തവണ ഉപരോധങ്ങൾ കൊണ്ട് വേട്ടയാടിയപ്പോൾ ഇറാൻ സ്വന്തം രാജ്യത്ത് എല്ലാ മേഖലകളിലും സ്വയം പര്യാപ്തത കൈവരിക്കാനാണ് പ്രയത്നിച്ചത്. അത് കാർഷിക മേഖലയിൽ മുതൽ അത്യന്താധുനികമായ ആയുധങ്ങളുടെ നിർമ്മാണത്തിൽ വരെ.

അതുകൊണ്ടു തന്നെ ഉപരോധങ്ങൾ കൊണ്ട് ഇറാനെ സാമ്പത്തികമായി തളർത്താമെങ്കിലും മറ്റു രാജ്യങ്ങളെ പോലെ എളുപ്പം വരുതിയിലാക്കാൻ കഴിയില്ല.

അതുകൊണ്ടാണ് ഉപരോധ ഭീഷണികൾ ഇറാന്റെ മേൽ മറ്റുരാജ്യങ്ങളെ പോലെ എളുപ്പത്തിൽ ഫലപ്രദമാക്കാൻ പാശ്ചാത്യ ശക്തികൾക്ക് സാധിക്കാത്തതും ഒരു പരിധി വരെ ഉപരോധങ്ങളെ അതിജീവിക്കാൻ ഇറാന് സാധിക്കുന്നതും.

Image result for iran navyഇനി യുദ്ധത്തിന്റെ കാര്യമെടുത്താൽ, ഇറാനെ നിഷ്പ്രയാസം തകർക്കാമെന്ന വ്യാമോഹത്താൽ അമേരിക്കയുടെ ആശീർവാദത്തോടും പാശ്ചാത്യ ശക്തികളുടെ എല്ലാ വിധ പിന്തുണയും ഏതാണ്ടെല്ലാ അറബ് രാജ്യങ്ങളുടെ സഹായത്തോടും കൂടി ഇറാഖിലെ സദ്ദാം ഹുസൈനിനെ മറയാക്കി നടത്തിയ ഇറാൻ ഇറാഖ് യുദ്ധത്തെ, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ദീർഘമായ എട്ടുവർഷം നീണ്ട യുദ്ധത്തിലേക്കാണ് കൊണ്ടു ചെന്നെത്തിച്ചത്. 1980 സെപ്റ്റംബർ 2ന് ആരംഭിച്ച ഇറാൻ-ഇറാഖ് യുദ്ധം.1988 ഓഗസ്റ്റ് 20 -നാണ് അവസാനിച്ചത്.

ഇറാന്റെ കൈവശമുണ്ടായിരുന്ന ശാത്- ലറ്റ് അറബ് ജലപാതയിന്മേലുളള അവകാശവാദമുന്നയിച്ചാണ് സദ്ദാം ഹുസൈൻ ഇറാന്റെ മേൽ യുദ്ധം അടിച്ചേൽപിച്ചത്. യുദ്ധം രണ്ടു രാജ്യങ്ങളേയും എല്ലാ അർത്ഥത്തിലും തകർത്തുവെങ്കിലും ശാത്-ലറ്റ് അറബ് ജലപാത ഇറാനിൽ നിന്നും കൈവശപ്പെടുത്താൻ ഇറാഖിനു സാധിച്ചില്ല. അവസാനം ഗത്യന്തരമില്ലാതെ യുദ്ധം അവസാനിപ്പിക്കാൻ യുദ്ധം തുടങ്ങിയവർ തന്നെ നിർബന്ധിതരാവുകയാണ് ചെയ്തത്.

Image result for iran navyഇനി നമുക്ക് എന്തുകൊണ്ട് ഇറാനെതിരെ യുദ്ധം ചെയ്യണമെന്ന വിവിധ കോണുകളിൽ നിന്നുളള മുറവിളികളുടെ കാരണവും എന്നാൽ എന്തുകൊണ്ടാണ് ഇറാനെതിരെ യുദ്ധം ചെയ്യാൻ ഇറങ്ങി പുറപ്പെടാൻ മടിക്കുന്നതിന്റെ കാരണവും പരിശോധിക്കാം.

ഇസ്രായേൽ, തങ്ങൾക്ക് ഭീഷണിയായി കരുതുന്ന ലോകത്തിലെ ഏക രാജ്യമാണ് ഇറാൻ. അണുവായുധം കൈവശമുളള മുസ്ലിം രാഷ്ട്രമായ പാകിസ്ഥാനെ പോലും ഇസ്രയേൽ അല്പം പോലും ഭയപ്പെടുന്നില്ല എന്നിരിക്കെയാണ് ഇസ്രായേൽ ഇറാനെ ഇത്രയധികം ഭയപ്പെടുന്നത് എന്ന് മനസ്സിലാക്കുമ്പോഴാണ് ഇറാന്റെ ശക്തി എന്താണെന്ന് തിരിച്ചറിയപ്പെടുക.

തങ്ങളുടെ അസ്ഥിത്വത്തിനു തന്നെ ഭീഷണിയായ ഇറാനെ ഏത് വിധേനയും ഇല്ലായ്മ ചെയ്യാനാണ് ഇസ്രായേൽ ആഗ്രഹിക്കുന്നത്. അതിന്റെ ആദ്യ പടിയെന്ന നിലക്കാണ് ഇറാനെ ആക്രമിച്ചാൽ ഇറാനെ സഹായിക്കാൻ രംഗത്തു വരുന്ന ആദ്യ രാഷ്ട്രവും ഏക രാഷ്ട്രവുമായ സിറിയയെ തകർക്കുക എന്ന ലക്ഷ്യവുമായി അമേരിക്കയും ഇസ്രയേലും ഇറങ്ങി തിരിച്ചത്.

ലോക മുസ്ലീം മനസ്സാക്ഷി സിറിയക്കും അസദിനുമെതിരാക്കാൻ ഇവർ തന്നെയാണ് അസദിന്റെ ക്രൂരതകളുടെ വാർത്തകൾ പൊടിപ്പും തൊങ്ങലും വെച്ച് ലോകമെമ്പാടും പ്രചരിപ്പിച്ചത്. എന്നാൽ അപകടം തിരിച്ചറിയാൻ കഴിവുള്ള ഇറാൻ ശക്തമായി തന്നെ സിറിയക്ക് പിന്തുണ കൊടുക്കുകയും ചെയ്തു. അതുകൊണ്ട് മാത്രമാണ് ഇസ്രായേലിന്റെ മോഹങ്ങൾ സിറിയയുടെ മണ്ണിൽ ഉദ്ദേശിച്ചതു പോലെ പൂവണിയാതെ പോയത്.

മറ്റൊന്ന് ഇസ്രായേലിന് ഭയപ്പെടുത്താനോ കീഴ്പ്പെടുത്താനോ കഴിയാത്ത മൂന്നു സായുധ ഗ്രൂപ്പുകളാണ് ലോകത്തുളളത്. പലസ്തീനിലെ ഹമാസും, ഇസ്ലാമിക് ജിഹാദും ലെബനോണിലെ ഹിസ്ബൊളളയുമാണ് ആ മൂന്നു ഗ്രൂപ്പുകൾ. ഈ മൂന്നു ഗ്രൂപ്പുകളുടേയും പിന്നിലെ ചാലകശക്തി ഇറാന്റെ നെടും തൂണായ IRGC (ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്) എന്ന സംഘടനയാണ്.

ഇറാനെ തകർക്കുന്നതിലൂടെ മാത്രമാണ് ഇവരുടെ മേൽ അധീശത്വം സ്ഥാപിക്കാൻ കഴിയൂ എന്ന് ഇസ്രായേലിന് നന്നായി അറിയാം. അതുകൊണ്ടാണ് ഇസ്രായേൽ ഇറാനെ ആക്രമിക്കാൻ പാശ്ചാത്യ ശക്തികളിൽ സദാ സമ്മർദ്ദം ചെലുത്തി കൊണ്ടിരിക്കുന്നത്.

എന്നാൽ ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്ന തന്ത്രങ്ങളൊന്നും തന്നെ ഇറാന്റെ മുന്നിൽ വിലപ്പോകില്ലെന്നറിയാവുന്ന അമേരിക്ക പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ് ഇറാനുമായുളള യുദ്ധത്തിലേക്ക് എടുത്തു ചാടാൻ മടിക്കുന്നത്.

ഒന്ന്, ആയുധശക്തി കൊണ്ടുള്ള മേൽക്കോയ്മ കൊണ്ട് ഏകപക്ഷീയമായ യുദ്ധം ഇറാനുമായി നടത്താൻ സാധിക്കില്ല. കാരണം ആയുധ ശക്തിയെ വിശ്വാസ ശക്തികൊണ്ട് അതിജയിക്കാനുളള കഴിവുള്ളവരാണ് ഇറാൻ ജനത. അതോടൊപ്പം ഏകപക്ഷീയമായ നഷ്ടമായിരിക്കില്ല ഇറാനുമായുളള യുദ്ധത്തിൽ സംഭവിക്കുന്നത് എന്ന ഉറച്ച ബോധ്യം അമേരിക്കക്ക് നന്നായി അറിയാം.
ലോകമെമ്പാടുമുള്ള അമേരിക്കൻ താത്പര്യങ്ങൾക്കു നേരെ ഒളിപ്പോർ ആക്രമണങ്ങൾ നടക്കും. യുദ്ധത്തിൽ തകർത്താലും കീഴടങ്ങാൻ കൂട്ടാക്കാത്ത ഇസ്ലാമിക വിശ്വാസത്തിന്റെ പ്രതീകമാണ് ഇറാൻ.

മാത്രമല്ല, മുസ്ലീം ലോകത്തിന് കൈമോശം വന്ന ഖലീഫാ പദവിയുടെ മറ്റൊരു രൂപമായ ഇമാമത്ത് ഇന്നും ഇറാനിൽ നിലനിൽക്കുന്നുണ്ട്. അവിടത്തെ പരമാധികാരി ആത്മീയാചാര്യനായ ഇമാം തന്നെയാണ്. ആത്മീയാചാര്യന്റെ യുദ്ധത്തിനിറങ്ങാനുളള ഫത്-വ വന്നാൽ
എല്ലാം മറന്ന് ഇറാൻ ജനത പട്ടാളക്കാരോടൊപ്പം ഒറ്റക്കെട്ടായി യുദ്ധമുഖത്തേക്ക് പാഞ്ഞടുക്കും. അവരാരും തന്നെ ബങ്കറുകളേയും സുരക്ഷിത താവളങ്ങളേയും അന്വേഷിച്ചു പോവുകയല്ല ചെയ്യുക. കാരണം ആത്മീയാചാര്യന്റെ വാക്കുകൾക്ക് അത്രയേറെ പ്രാധാന്യമാണ് ഇറാൻ ജനത കല്പിക്കുന്നത്.

ഇതു കൂടാതെ രാഷ്ട്രീയമായ മറ്റൊരു കാരണം കൂടിയുണ്ട് അമേരിക്കക്ക്. അതായത് ഇറാന്റെ ഭീഷണിയെ മുൻനിർത്തിയും ചൂണ്ടിക്കാണിച്ചു കൊണ്ടുമാണ് യഥാർത്ഥത്തിൽ അമേരിക്കൻ ആയുധങ്ങൾ മധ്യേഷ്യയിൽ വിൽപ്പന നടത്തി കൊണ്ടിരിക്കുന്നത്. ഇറാനെ തകർത്താൽ ഈ ആയുധക്കച്ചവടത്തിനുളള സാധ്യതകളെ ഭാവിയിൽ പ്രതികൂലമായി ബാധിക്കുമെന്നും അമേരിക്ക ഭയപ്പെടുന്നുണ്ട്.

ചുരുക്കത്തിൽ ഇറാനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ധാരാളം വിഷയങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതുകൊണ്ട് തന്നെ പലവട്ടം തിരിച്ചും മറിച്ചും ആലോചിച്ചതിനു ശേഷമല്ലാതെ ഇറാനുമായുളള ഒരു യുദ്ധത്തിലേക്ക് അമേരിക്ക എടുത്തു ചാടുകയില്ല. ഇനി ചാടിയാൽ തന്നെ അതിൽ നിന്നും തലയൂരുക അത്ര എളുപ്പവുമല്ല. കാരണം മരിക്കാൻ ഭയമില്ലാത്ത ഒരു ജനതയെ തോൽപ്പിക്കാൻ ലോകത്തിലെ ഒരു ആയുധ ശക്തിക്കും കഴിയില്ല !!

(റാഫി കൊച്ചിൻ)

Advertisements
Previous articleകാപ്പാൻ – റിവ്യൂ
Next articleഎന്തുകൊണ്ട് ആളുകൾ ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുന്നു ?
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.