നവാഗതരെ മൂലക്കിരുത്തുന്നത് മലയാള സിനിമയിൽ പുതിയ സംഭവമൊന്നുമല്ല

154

Rafi Mash

1987 ൽ പ്രഖ്യ സ്റ്റുഡിയോയുടെ ഉദ്ഘാടനത്തിന് അന്നത്തെ പ്രമുഖ നടൻ നഹാസിനെ ക്ഷണിക്കാൻ പോയപ്പോൾ നഹാസാണ് അബിയെ പരിചയപ്പെടുത്തിയത്, കുറച്ച് നാളുകൾക്ക് ശേഷം അബിയോട് കൂട്ട് കൂടി നല്ല ബന്ധവും ആയി. സ്ക്രീൻ പ്രിൻറിംഗ് സാധനങ്ങൾ വാങ്ങാനായി എറണാകുളത്തേക്ക് പോകുന്നത് പോലും അബിയുടെ പ്രോഗ്രാമിന്റെ ഫ്രീ ടിക്കറ്റിന്റെ സമയം ക്രമീകരിച്ചായിരുന്നു.

പിന്നീട് ജോലിയും പ്രസ്സിലെ തിരക്കും കാരണം പഴയ ബന്ധം ഇല്ലാതിരിക്കുന്ന സമയത്താണ് അബിയുടെ ഒരു പ്രോഗ്രാമിന് കുടുംബത്തോടൊപ്പം പോകുന്നത്, പ്രോഗ്രാം കഴിഞ്ഞ് അബിയുടെ ചില അരുതാത്തത് ഞാൻ നേരിട്ട് സൂചിപ്പിച്ചപ്പോൾ, അതിന് തൊട്ട് മുൻപ് കെട്ടിപ്പിടിച്ച് പരിഭവം പറഞ്ഞ അബിയായിരുന്നില്ല പിന്നീട് സംസാരിച്ചത്. ഏറെ നാളുകൾക്ക് ശേഷം എറണാകുളം എലൈറ്റ് ഹോട്ടലിൽ വെച്ച് എന്നെക്കണ്ടപ്പോൾ എല്ലാം മറന്ന് കെട്ടിപ്പിടിച്ച കുറേ ക്ഷമയും വ്യസനവും വിഷമങ്ങളും പറഞ്ഞ് പിരിഞ്ഞു. പിന്നിട് നേരിട്ട് കാണാൻ പറ്റിയിട്ടില്ല. അബിക്ക് ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ലായിരുന്നു. അത് തന്നെയാണ് മകനും പറ്റിയത്.

പറഞ്ഞ് വരുന്നത് അബിയുടെ മകൻ ഷൈൻ നിഗമിനെക്കുറിച്ചാണ്, കൃത്യമായി അബിയുടെ പല ഗുണങ്ങളും അയാൾക്കുണ്ട്, ദോഷങ്ങൾ അറിയാൻ എനിക്ക് ആളെ നേരിട്ട് പരിചയമില്ല.
കണ്ടിട്ടുള്ള എല്ലാ സിനിമയിലും ഏറ്റവും നല്ല അഭിനയം കാഴ്ചവെച്ചതുകൊണ്ട് മാത്രമാണ് പ്രൊഡ്യൂസർ/ സംവിധായകർ പറയുന്ന ഈ ലക്ഷങ്ങൾ വാങ്ങിയിരുന്നത്.

നവാഗതരെ മൂലക്കിരുത്തുന്നത് മലയാള സിനിമയിൽ പുതിയ സംഭവമൊന്നുമല്ല, ജയറാം വന്നത് പത്മരാജനിലൂടെയായതുകൊണ്ടും, ദിലീപ് ചെറുവേഷങ്ങളിലൂടെ വന്നതുകൊണ്ടും, മുഴുവൻ സമയം നടനാവില്ലന്നത് കൊണ്ട് റഹ്മാനും, കുഞ്ചാക്കോയുടെ മകനായത് കൊണ്ട് കുഞ്ചാക്കോ ബോബനും ഇതിൽ നിന്ന് രക്ഷപ്പെട്ടവരാണ്.

എന്തിനധികം, പ്രിഥ്വിരാജും ഫഹദ് ഫാസിലും ഇവരുടെ കെണിയിൽ ആദ്യം വീണിരുന്നു എന്നത് ചരിത്രമാണ്, അന്ന് ഇതിനേക്കാൾ കൂടുതൽ എതിർപ്പ് പ്രിഥ്വിരാജും നേരിട്ടിരുന്നു,
അഭിനയകുലപതി തിലകനെപ്പോലും അകറ്റി നിർത്തി, കലാഭവൻ മണി, എൻ.എഫ്. വർഗ്ഗീസ്, വിനയൻ എന്നിവരെയൊക്കെ വിവിധ കാരണങ്ങളിൽ കുരുക്കി സിനിമയിൽ ഒരു പ്രത്യേക കോക്കസ് ഉണ്ടാക്കിയവർ തന്നെയാണ് ഇപ്പോഴും മലയാളസിനിമാ വ്യവസായം ഭരിക്കുന്നത്. ദിലീപ് വിഷയത്തിൽ വർഷങ്ങളോളം ഒരു വാക്ക് മിണ്ടാതിരുന്ന ഇവർ തന്നെയാണ് മണിക്കൂറുകൾക്ക് ഉള്ളിൽ മഞ്ജു വാര്യരുടെ കേസിൽ ഇടപെട്ടത്.

വർഷത്തിൽ 100-120 സിനിമകളിൽ സാമ്പത്തികമായി വിജയിക്കുന്നത് 10% മാത്രമാണ്, ഇതിൽ ഫാൻസോളികളുടെ കുത്തിക്കയറ്റമില്ലാതെ വിജയിച്ചത് ഷൈൻ നിഗമിന്റെ സിനിമ മാത്രമായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

അയാൾക്ക് 22-23 വയസേ ആയിട്ടുള്ളൂ. നല്ലൊരു കാമ്പസിൽ അടിച്ചു പൊളിച്ചു നടക്കേണ്ട പ്രായം.
ഇക്ക – ഏട്ടൻ – അച്ചായൻ – ബാബുട്ടൻ ടീമിന്റെ ഇച്ഛക്കൊത്ത് നടക്കാനും പഠിക്കാനും സമയം കിട്ടിയിട്ടുണ്ടാവില്ല, മാനസികമായി പരുവപ്പെട്ടിട്ടുണ്ടാവില്ല. അതല്ലങ്കിൽ സ്വന്തം പിതാവ് നേരിട്ട അനുഭങ്ങൾ വേട്ടയാടുന്നുണ്ടാവാം. കഞ്ചാവ് എന്നൊക്കെ പറഞ്ഞ് അയാളെ തള്ളിക്കളഞ്ഞാൽ അത് മലയാള സിനിമക്ക് നഷ്ടം തന്നെയാവും, മറു ഭാഷാ സിനിമക്ക് നേട്ടവും.