രാഗനാഥൻ വയക്കാട്ടിൽ
മൂന്നാംപക്കം:പി.പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1988 ൽ തിയേറ്ററുകളിൽ എത്തിയ ഹൃദയസ്പർശിയായ സിനിമ.ഗാന്ധി മതി ഫിലിംസിൻ്റെ ബാനറിൽ ശ്രീ. ബാലകൃഷ്ണൻ നിർമ്മിച്ച ചിത്രം.ഗാനങ്ങൾ ശ്രീകുമാരൻ തമ്പി: സംഗീതം ഇളയരാജ.. ഗായകർ :വേണുഗോപാൽ, ചിത്ര, എം.ജി.ശ്രീകുമാർ .ക്യാമറമാൻ: വേണു. എഡിറ്റിംഗ്: ലെനിൻ സംവിധാന സഹായികൾ: സുരേഷ് ഉണ്ണിത്താൻ, ബ്ലസ്സി, വേണുഗോപൻ:വസ്ത്രാലങ്കാരം :ഇന്ദ്രൻസ്, തിലകൻ കേന്ദ്ര കഥാപാത്രമായി ഇതിൽ അഭിനയിച്ചു. ജയറാമാണ് നായകൻ. നായകൻ്റെ ബാല്യകാല സഖിയും കാമുകിയുമായ ഭദ്രയായി കീർത്തി സിംഗും, സഹപാഠിയും സുഹുത്തുമായി അശോകൻ, റഹ്മാൻ, അജയൻ, തുടങ്ങിയവരും. അപ്പൂപ്പനായി അഭിനയത്തിൻ്റെ ഏറ്റവും മികച്ച ഭാവങ്ങളിൽ തിലകനും :തിലകൻ്റെ മകൻ ജയനായി വേണു നാഗവള്ളിയും. ജഗതി NK ആചാരി, ജഗതി ശ്രീകുമാർ , സോമൻ, ജയഭാരതി, സുരാസു തുടങ്ങിയവരും അഭിനയിച്ചു.
ആമുഖം:
ഏത് മരണവും നമ്മളെ ദുഃഖത്തിലാഴ്ത്തും. ഏറ്റവും വലിയ ഹൃദയവേദന അനുഭവപ്പെട്ട വേർപാട് നമ്മുടെ ജീവിതത്തിൽ ഒന്നിലധികം ഉണ്ടായിട്ടുണ്ടാകാം. അത് ഒരു പക്ഷേ അച്ഛനാകാം അമ്മയാകാം’ ജീവിത പങ്കാളിയുടെ വേർപാടാകാം’ അല്ലെങ്കിൽ കൂടപ്പിറപ്പുകളാകാം . മക്കളാകാം. മറ്റു ബന്ധുക്കളാകാം എറ്റവും അടുത്ത സുഹൃത്തിൻ്റെ മരണമാകാം. നമ്മൾ അറിയാത്ത വാർത്തകളിലൂടെ മാത്രം അറിഞ്ഞ മരണങ്ങളിലും നമ്മൾ ഏറെ ദുഖിച്ചിട്ടുണ്ട്. പ്രകൃതി ദുരന്ത വാർത്തയായാലും തീവ്രവാദ ആക്രമണ വാർത്തയായാലും ഏത് ദേശക്കാർ മരണപ്പെട്ടാലും അപകടത്തിൽ പെട്ടാലുംനമുക്ക് ദുഖം ഉണ്ടാകും. സിനിമയിലെ കഥാപാത്രങ്ങളുടെ മരണവും ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്. അത്തരം വേദനയുളവാക്കുന്ന ഒട്ടേറെ സിനിമകൾ മലയാളത്തിൽ തന്നെ ഇറങ്ങിയിട്ടുണ്ട്. അതിൽ നിന്നും വിഭിന്നമായ തിയേറ്റർ വിട്ടിറങ്ങിയിട്ടും മനസ്സിൻ്റെ വിങ്ങൽ മറാത്ത ചിത്രത്തെ കുറിച്ച് വായനക്കാർക്ക് വേണ്ടി എഴുതുന്നു. ഓർമ്മപ്പിശകിൽ പ്രധാന ഭാഗങ്ങൾ വിട്ടുപോയിട്ടുണ്ടെങ്കിൽ ചിത്രം കണ്ടവർ സദയം ക്ഷമിക്കുക. കാണാത്തവർ കാണാൻ ശ്രമിക്കുക.
കഥയുടെ പ്രചോദനം:
ശ്രീ പത്മരാജൻ ആകാശവാണിയിൽ ജോലി ചെയ്യുന്ന സമയത്ത് തൃശൂരിൽ ഉണ്ടായ സംഭവത്തിൽ നിന്നും ആശയമുൾക്കൊണ്ട് രചിച്ച തിരക്കഥയിലൂടെ രൂപം കൊണ്ട സിനിമ തൃശൂർ നഗരത്തിൽ നിന്നും ഏറ്റവും അടുത്ത വാടാനപ്പള്ളി ബീച്ചു കാണാൻ വേണ്ടി ടൗണിൽ നിന്നും വന്ന മൂന്നു യുവാക്കൾ മുങ്ങി മരിച്ച ഹൃദയഭേദകമായ വാർത്തയിൽ നിന്നും പത്മരാജൻ മോചിതനാവാൻ ഏറെ നാൾ എടുത്തു. കടലിൽ അകപ്പെട്ട് മരണപ്പെട്ടാൽ മൂന്നാം നാൾ മൃതശരീരം കരയിൽ അടിയും എന്നാണ് നാട്ടു ചൊല്ല്. മൂന്നാംപക്കം എന്ന പേര് അതു കൊണ്ടാണ് ഈ ചിത്രത്തിന് നൽകിയത്.ഇനി കഥയിലേക്ക്.
ഇന്ത്യൻ റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്ന തമ്പി (തിലകൻ) ഭാര്യ കാർത്ത്യായനിയുടേയും ഏക മകൻ ജയൻ്റെ (വേണു നാഗവള്ളി) വാഹനാപകട മരണത്തെ തുടർന്ന് കന്യാകുമാരി ജില്ലയിലെ കടലോര ഗ്രാമത്തിലെ തറവാട്ടുവീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ്. സ്വന്തമായി ഉപ്പുപാടവും ഉപ്പ് ഉൽപ്പാദനവും വിശ്രമ ജീവിതത്തിനിടയിലെ വരുമാന മാർഗ്ഗമാണ്. ബാംഗ്ലൂരിൽ MBBS ന് പഠിക്കുന്ന തമ്പിയുടെ ചെറുമകനായ പാച്ചു എന്ന ഭാസ്കറിലാണ് (ജയറാം) അദ്ദേഹത്തിൻ്റെ പ്രതീക്ഷകളും സ്വപ്നങ്ങളും. പാച്ചു ഓരോ തവണ അവധിക്ക് വരുമ്പോഴും അവിടെ ഉത്സവ പ്രതീതിയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പാച്ചു അവധിക്ക് വന്നിരുന്നില്ല. അവധിക്കാലം ചെലവഴിക്കാൻ ആറുവർഷത്തെ ഇടവേളയ്ക്കു ശേഷം പാച്ചു എത്തുന്നു എന്ന വിവരം മുത്തച്ഛനെ ഏറെയൊന്നുമല്ല സന്തോഷിപ്പിച്ചത്.
ഒപ്പം കൂട്ടുകാരും കൂടിയുണ്ട് എന്ന് പറഞ്ഞപ്പോൾ അവർക്ക് വേണ്ട കട്ടിലും പ്രഭാതകൃത്യങ്ങൾക്ക് വേണ്ടിയുള്ള സൗകര്യങ്ങളും അപ്പൂപ്പൻ്റ സഹായിയും കുട്ടികൾ കവല എന്ന് കളിയാക്കി വിളിക്കുന്ന പാരമ്പര്യ നാട്ടുവൈദ്യനോടൊപ്പം ( ജഗതി ശ്രീകുമാർ)തകൃതിയായി ഒരുക്കി അപ്പൂപ്പൻ കാത്തിരുന്നു. കൂട്ടുകാരായായ ലോപസ് (റഹ്‌മാൻ), രഞ്ജിത്ത് മേനോൻ (അശോകൻ), കൃഷ്ണൻകുട്ടി (അജയൻ) എന്നിവരേയും കൂട്ടി പാച്ചു അവിടെ എത്തി.
വീട്ടിൽ ഉത്സവമേളം:
ബാല്യകാല സഖിയും തമ്പിയുടെ കൂട്ടുകാരനായ ഡോക്ടറുടെ (സുരാസു )ചെറുമകളുമായി പാച്ചു പ്രണയത്തിലാണ്. അവരുടെ പ്രേമ സല്ലാപങ്ങളും കൊച്ചു കുസൃതികളും തമാശകളും കലപിലകളുമായി രസകരമായ ദിനരാത്രങ്ങൾ: അതിനിടെ ഇവരുടെ വിവാഹം ഉറപ്പിക്കുകയും തമ്പിയുടെ സ്വത്തുക്കൾ പാച്ചുവന്റെ പേരിലേക്ക് മാറ്റുകയും ചെയ്തു.
അങ്ങനെ സന്തോഷകരമായി എല്ലാവരും ഒത്തുചേർന്നുള്ള അത്താഴ വിരുന്നുകൾ . കൂട്ടുകാരുമായി ഒത്തുചേർന്ന് അവധി ദിനം തീരാറായി. സുഹൃത്തുക്കളെ കടലിൽ കുളിക്കാൻ കൊണ്ടുപോകാമെന്ന വാക്ക് പാലിക്കാൻ അവരോടൊപ്പം പാച്ചുവും കടലിൽ നീന്താൻ പോയി .എന്നാൽ കൂട്ടുകാർ മാത്രം തിരികെയെത്തി. ശക്തമായ തിരയിൽ പെട്ട് പാച്ചുവിനെ കാണാതായി.ആകെ ദു:ഖമയമായി. കൂട്ടുകാർ കരയിൽ നിന്ന് ഉച്ചത്തിൽ കരഞ്ഞു വിളിക്കുന്നു- ഒരു മറുപടിയും ഇല്ല. തിരികെയെത്താതപ്പോൾ വിവരം കൂട്ടുകാരിൽ ഒരാൾ പോലീസിൽ പോയി അറിയിക്കുന്നു കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞ സ്‌റ്റേഷൻ എസ് ഐ അവരുടെ കൂടെ വന്ന് വിവരം വളരെ പ്രയാസപ്പെട്ട് അപ്പൂപ്പനെ അറിയിക്കുന്നു . അതീവ ദുഃഖിതനായ ഹൃദയം തകരുന്ന വാർത്ത കേട്ട അപ്പൂപ്പൻ പാച്ചു തിരിച്ചുവരുമെന്നു ശുഭ പ്രതീക്ഷയോടെ കടലിലേക്ക് കണ്ണും നട്ട് കാത്തിരുന്നു. ബോംബേയിൽ നിന്ന് എത്തിയ ‘പാച്ചുവിൻ്റെ അമ്മയെ (ജയഭാരതി) ദു:ഖം കടിച്ചമർത്തി ആശ്വാസവാക്കുകൾ ശുഭപ്രതീക്ഷകൾ നൽകുന്നു. എൻ്റെ മോൻ പോയി എന്ന് പറഞ്ഞ് ഭർതൃപിതാവായ തമ്പിയെ കെട്ടിപ്പിടിച്ച് പാച്ചുവിൻ്റെ അമ്മ തേങ്ങിക്കരഞ്ഞു.
എന്നും കടപ്പുറത്ത് പോയി പാച്ചുവിൻ്റെ കൂട്ടുകാർ പാച്ചു തിരിച്ചുവരുമെന്ന ചെറിയ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ നാട്ടുകാർ വന്ന് ബോഡി കിട്ടിയോ എന്ന് നിരന്തരമായി ചോദിക്കുന്നതിൽ അവർ തീവ്ര ദു:ഖത്തിലായി.മൂന്നാംപക്കം കിട്ടും എന്ന് ചില ഗ്രാമീണർ പറഞ്ഞു. അതിനിടയിൽ മറ്റാരും അപകടത്തിൽ പെടാതിരിക്കാൻ ഈ കടൽത്തീരത്ത് ഇറങ്ങരുത്. അപകടത്തിൽപെടും എന്ന മുന്നറിയിപ്പ് ബോർഡ് അപ്പൂപ്പനും കവലയും കൂടി കടൽത്തീരത്ത് സ്ഥാപിച്ചു.കാണാതായതിൻ്റെ മൂന്നാം ദിവസം എത്തി. എല്ലാ പ്രതീക്ഷകളേയും തകർത്തു കൊണ്ട് പാച്ചുവിൻ്റെ മൃതശരീരം തീരത്ത് അടിയുന്നു.
ആ വിവരം അപ്പുപ്പനെ അറിയിക്കാൻ കവല?? ഓടിയെത്തുന്നു. കടലിൽ കാണാതായാൽ മരണപ്പെട്ടാൽ മൂന്നാംപക്കം മൃതശരീരം കരയിലടിയുമെന്ന ചൊല്ല് ഇവിടേയും അന്വർത്ഥമാകുന്നു..എല്ലാ പ്രതീക്ഷകളും അസ്തമിച്ച മരണം സ്ഥിരീകരിച്ച വാർത്ത സങ്കടക്കടലായി മാറി.
ആംബുലൻസ് കിട്ടുമോ എന്നറിയാൻ അപ്പൂപ്പൻ ഭദ്രയെ ഫോണിൽ വിളിക്കുമ്പോൾ വാക്കുകൾ പുറത്തേക്ക് വരാതായി. ഭദ്രയ്ക്കും വിരഹവാർത്ത താങ്ങാൻ കഴിയാതെയായി. തീരത്തടിഞ്ഞ പാച്ചുവിൻ്റെ മൃതദേഹം ആചാരപ്രകാരം സംസ്ക്കരിച്ചു . പിറ്റേന്ന് രാവിലെ മരണാനന്തര ചടങ്ങുകൾ കടപ്പുറത്ത് ചെയ്ത ശേഷം ബലിച്ചോറുമായി കടലിലേക്ക് ഇറങ്ങുന്ന അപ്പൂപ്പൻ ആത്മനിയന്ത്രണം വിട്ട് കൂടുതൽ ആഴങ്ങളിലേക്ക് പോകുകയും മകനും പേരക്കുട്ടിയുമില്ലാത്ത ജീവിതം തനിക്കും വേണ്ട എന്ന് സ്വയം തീരുമാനിച്ച് അതേ വഴിയിലേക്ക് അഗാധതയിലേക്ക് പാച്ചുവിൻ്റെ ജീവൻ കവർന്നെടുത്ത തിരകളോടൊപ്പം ചേർന്ന് മരണത്തിൻ്റെ തമോഗർത്തത്തിലേക്കുള്ള യാത്ര:
കരയിൽ നിന്ന് കവല ഉൾപ്പെടെയുള്ളവരുടെ നിലവിളികൾ അരുതേ എന്ന വാക്കുകൾ ബന്ധുക്കളുടെ ആവർത്തിച്ചുള്ള അപേക്ഷകൾ പാച്ചുവിൻ്റെ കൂട്ടുകാരുടെ അഭ്യർത്ഥനകൾ എല്ലാം വൃഥാവിലായപ്പോൾ എല്ലാവരും കടലിലേക്ക് ഇറങ്ങി അത്യുച്ചത്തിൽ വിളിച്ചിട്ടും അതൊന്നും ചെവിക്കൊള്ളാതെ പാച്ചുവിൻ്റെ അരികിലേക്ക്.മറ്റൊരു മൂന്നാംപക്കം .അതുല്യപ്രതിഭയായിരുന്ന സംവിധായകൻ പി.പദ്മരാജന് പ്രണാമമർപ്പിച്ചു കൊണ്ട്..