മാഞ്ഞു പോയ ലളിത വിസ്മയം
രാഗനാഥൻ വയക്കാട്ടിൽ
മലയാളി സിനിമാസ്വാദകർക്ക് മറക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നല്കിയ കെ.പി എ സി ലളിതയുടെ വേർപാടിന് ഒരാണ്ട് തികഞ്ഞു..സ്റ്റേജ് നാടകങ്ങളിലൂടെ അഭിനയ രംഗത്ത് എത്തിയ മഹേശ്വരിയമ്മ എന്ന ലളിത സിനിമയിൽ കരുത്തുറ്റ അനേകം കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിട്ടുള്ളത്. അഭിനയിക്കുകയാണെന്ന് തോന്നാത്ത വിധത്തിലുള്ള കഥാപാത്ര സന്നിവേശമാണ് എല്ലാ സിനിമകളിലും ” നാടകത്തിലായാലും പഴയ കാല ബ്ലാക്ക് ആൻറ് വൈറ്റ് ചലച്ചിത്രത്തിലായാലും അവസാന കാലഘട്ടം വരെ അഭിനയിച്ചിരുന്ന “തട്ടീം മുട്ടീം “എന്ന ഹാസ്യ പരമ്പരയിലായാലും അഭിനയകലയുടെ പ്രഭാവം ഒട്ടും ചോർന്നു പോയിരുന്നില്ല. തൻ്റെ ഭർത്താവായ ഭരതൻ സംവിധാനം ചെയ്ത “അമരത്തിൽ ചന്തയിലെ മീൻ വിൽപ്പനകാരിയുടെ വേഷം കണ്ടാൽ അത് നടിയല്ല യഥാർത്ഥ മീൻ വിൽപ്പനക്കാരിയാണെന്ന് തന്നെയാണ് അഭിനയമല്ല എന്ന് തോന്നുമായിരുന്നു. കാട്ടുകുതിരയിലെ കല്യാണിയുടെ വേഷവും എടുത്തു പറയേണ്ടതാണ്. നാട്ടിലെ പ്രമാണിയായ കള്ളുവ്യവസായിയായ കൊച്ചു വാവയെ ഭയമില്ലാത്ത ഡീം എന്ന് പറഞ്ഞാൽ തിരിച്ച് രണ്ട് ഡീം പറയുന്ന വേഷം.
രാഷ്ട്രീയ കൊലപാതക അശാന്തിയുടെ കഥ പറഞ്ഞ “ശാന്ത “ത്തിലെ അഭിനയവും അതുപോലെ തന്നെ അമരം സിനിമയിലേയും അഭിനയം ദേശീയ പുരസ്കാരത്തിന് അവരെ അർഹയാക്കി . ഓട്ടുപാത്ര നിർമ്മാണം തൊഴിലാക്കിയവരുടെ കഥ പറഞ്ഞ ഭരതൻ്റെ “വെങ്കല ” ത്തിലെ അഭിനയവും ഇപ്പോഴും സ്മൃതിയിൽ തങ്ങിനിൽക്കുന്നു.ഏതാണ് മോശം കഥാപാത്രം അങ്ങനെ ഒന്നുമില്ല. അത് ” ഗോഡ്ഫാദറി “ലെ അമ്മിണി ടീച്ചറായാലും “മണിച്ചിത്രത്താഴി”ലെ സുഭദ്രയായാലും “മാടമ്പിയിലെ “അമ്മ മഴക്കാറായാലും മാറ്റമില്ല.തൻ്റെ ഭർത്താവായ ശ്രീ ഭരതൻ്റെ വേർപാടിനു ശേഷം അഭിനയ ലോകത്തു നിന്നും മാറി നിന്ന ശ്രീമതി ലളിത സത്യൻ അന്തിക്കാടിൻ്റെ വീണ്ടും ” ചില വീട്ടുകാര്യങ്ങളിൽ ” ശക്തമായ കഥാപാത്രമായ മേരിപ്പെണ്ണിനെ അവതരിപ്പിച്ച് തിരിച്ചുവരവ് നടത്തി. അഭിനയ നടനകലയുടെ പെരുന്തച്ചനായ തിലകനോടൊപ്പം മാറ്റുരയ്ക്കുന്ന പ്രകടനമായിരുന്നു.സത്യൻ അന്തിക്കാടിൻ്റെ തന്നെ കൊച്ചു കൊച്ചു സന്തോഷങ്ങളിലും മനസ്സിനക്കരെയിലും ഭാഗ്യദേവതയിലും കഥ തുടരുന്നു എന്നീ സിനിമകളിലും മികച്ച വേഷങ്ങൾ ചെയ്തു. സത്യൻ അന്തിക്കാട് സിനിമയിലെ നാട്ടിൻപുറ കഥാപാത്രങ്ങൾക്ക് അനുയോജ്യമായ വേഷം ചെയ്യാൻ ലളിതയില്ലാതെ ചിന്തിക്കാൻ കഴിയില്ല. മുൻ കാലത്തെ സന്ദേശത്തിലെയും സസ്നേഹത്തിലെയും വേഷങ്ങൾ മറക്കാൻ ഒരിക്കലും. കഴിയില്ല. ഇന്നസെൻ്റിനോടൊപ്പം ജോഡിയായി അഭിനയിച്ച വേഷങ്ങൾ പ്രേക്ഷകരെ എത്രയോ ചിരിപ്പിച്ചിരിക്കുന്നു.
അമ്മ വേഷമായാലും അമ്മായിയമ്മയായും മരുമകളായാലും കുശുമ്പി കഥാപാത്രമായാലും ക്രൂര വേഷമായാലും അത്രയും തന്മയത്വമായാണ് അഭിനയിക്കുന്നത്.1947 മാർച്ച് പത്തിന് ഇടയാറന്മുളയിൽ ജനിച്ച മഹേശ്വരി എന്ന ലളിതയുടെ മാതാപിതാക്കൾ ഭാർഗവിയമ്മയും അനന്തൻ നായരുമാണ്. ചെങ്ങന്നൂർ അമ്പലത്തിൽ അവർ ഭജനമിരുന്ന് പിറന്നതിനാലാണത്രേ മഹേശ്വരിയെന്ന് പേരിട്ടത്. സ്കൂൾ കാലം മുതൽ നൃത്തത്തിലായിരുന്നു ലളിതയ്ക്ക് താത്പര്യം. രാമപുരത്തെ സ്കൂളിൽ വച്ചാണ് ആദ്യമായി നൃത്തവേദിയിൽ കയറിയത്. എക്കാലത്തെയും മികച്ച വിപ്ലവഗാനമായ ‘പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളെ എന്ന ഗാനത്തിന് ചുവടുവച്ചായിരുന്നു കാണികൾക്ക് മുന്നിൽ നൃത്ത വൈഭവം പ്രകടിപ്പിച്ചത്. പത്താംവയസ്സിൽ ചങ്ങനാശ്ശേരി ഗീഥയുടെ ‘ബലി’യെന്ന നാടകത്തിലൂടെ അരങ്ങേറ്റം. കെ.പി.എ.സിയിൽ എത്തിയതിന് ശേഷമാണ് മഹേശ്വരിയമ്മ എന്ന നാമം ഉപേക്ഷിച്ചത്: വളരെ കുറഞ്ഞ കാലയവിൽ തന്നെ ലളിത ശ്രദ്ധനേടി നാടകാസ്വാദകരുടെ ഹൃദയം കീഴടക്കി
തോപ്പിൽഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ൽ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോഴാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകൻ, വാഴ് വേ മായം, ത്രിവേണി, അനുഭവങ്ങൾ പാളിച്ചകൾ, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും പ്രേംനസീറുനുമൊപ്പമുള്ള ചിത്രങ്ങങ്ങളിലെ കഥാപാത്രങ്ങളായി ‘സഹനായിക വേഷങ്ങളിലായിരുന്നു അധികവും. സുകുമാരിയെപ്പോലെ ഹാസ്യവേഷങ്ങളെ അതിഗംഭീരമായി അവതരിപ്പിക്കാനുള്ള കഴിവാണ് ലളിതയെ ജനപ്രിയയാക്കിയത്.
ഹാസ്യരംഗങ്ങളിലെ സംഭാഷണങ്ങളിൽ ശബ്ദവിന്യാസം കൊണ്ട് ലളിത തീർക്കുന്ന മായാജാലം മറ്റൊരു അഭിനേതാവിനും അവകാശപ്പെടാൻ സാധിക്കില്ലായിരുന്നു. സുകുമാരി ചെയ്തതിൽനിന്ന് വ്യത്യസ്തമായി നാടൻ വേഷങ്ങളിലായിരുന്നു ലളിത കൂടുതലും പ്രത്യക്ഷപ്പെട്ടത്. കുശുമ്പും കൗശലവും കുശാഗ്രബുദ്ധിയും പരദൂഷണവും വിടുവായിത്തരവുമുള്ള അമ്മ-ഭാര്യ വേഷങ്ങൾ, ദാരിദ്ര്യത്തിന്റെയും ജീവിത പ്രാരാബ്ധത്തിന്റെയും പ്രതീകങ്ങളായമായ വേഷങ്ങൾ. വിയറ്റ്നാം കോളനിയിലെ പട്ടാളം മാധവിയും കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മയും പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, ഐസ്ക്രീമിലെ എലിസബത്ത്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്സിലെ അല്ലു, സി.ഐ.ഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, ഇഞ്ചക്കാടൻ മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊൻമുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലത, ആദ്യത്തെ കൺമണിയിലെ മാളവിക അങ്ങനെ സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ അറുനൂറിലേറെ സിനിമയിൽ അഭിനയവിസ്മയം കാഴ്ചവച്ചു
അഭിനയ മികവിന്റെ അംഗീകാരങ്ങളായി മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം രണ്ടുതവണ കരസ്ഥമാക്കി. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്കാരം. നീല പൊൻമാൻ, ആരവം, അമരം, കടിഞ്ഞൂൽകല്യാണം- ഗോഡ്ഫാദർ-സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നാലുതവണ സംസ്ഥാന പുരസ്കാരവും നേടി.1978ലായിരുന്നു സംവിധായകൻ ഭരതനെ കെ.പി.എ.സി ലളിത ജീവിത പങ്കാളിയാക്കിയത് ചലച്ചിത്ര കലാസംവിധായകനായിരുന്ന ഭരതൻ മാധവിക്കുട്ടി, ചക്രവാകം, നീലകണ്ണുകൾ എന്നീ ചിത്രങ്ങളിൽ പ്രവർത്തിക്കുമ്പോഴുണ്ടായ സൗഹൃദമാണ് ജീവിതത്തിൽ ഒന്നിക്കാനുണ്ടായ കാരണം. അതിനു ശേഷം ഭരതന്റെ എല്ലാചിത്രങ്ങളിലും ലളിത പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1998 ൽ ഭരതൻ്റെ വിയോഗശേഷം വർഷങ്ങളുടെ ഇടവേള:
ഭരതന്റെ വേർപാട് ലളിതയ്ക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. കടബാധ്യകൾ കുന്നുകൂടിയപ്പോളാണ് 1999-ൽ സത്യൻ അന്തിക്കാടിന്റെ സ്നേഹ നിർബന്ധങ്ങൾക്ക് വഴങ്ങി “വീണ്ടും ചില വീട്ടൂകാര്യങ്ങളി”ലൂടെ അഭിനയ രംഗത്ത് സജീവമാകാൻ കാരണം.കാതലുക്ക് മര്യാദൈ, മണിരത്നത്തിന്റെ അലൈപായുതേ, കാട്രുവെളിയിടെ തുടങ്ങിയവയാണ് ശ്രദ്ധേയ തമിഴ്ചിത്രങ്ങൾ. മാമനിതൻ, ഒരുത്തി, പാരിസ് പയ്യൻസ്, ഡയറി മിൽക്ക്, പെറ്റമ്മ, ലാസറിന്റെ ലോകം അവസാന ചിത്രങ്ങൾ. കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷയായിരിക്കേയാണ് വേർപാട് .സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ, ശ്രീക്കുട്ടി എന്നിവരാണ് മക്കൾ:ചന്ദ്രേട്ടൻ എവിടെയാ? നിദ്ര( ഭരതൻ സംവിധാനം ചെയ്ത സിനിമയുടെ റീമേക്ക്) വർണ്യത്തിൽ ആശങ്ക എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത സിദ്ധാർത്ഥ് നല്ല ഒരു അഭിനേതാവും കൂടിയാണ്. (അമ്മേ ഒന്നു കാണാൻ .., കമലിൻ്റെ നമ്മൾ ). മലയാളത്തിലും തമിഴിലും ആയി 600-ലധികം ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ അനശ്വര കലാകാരിക്ക് ഓർമ്മപ്പൂക്കൾ