രാഗനാഥൻ വയക്കാട്ടിൽ
മ്യാവൂ : എന്താണ് ഈ പേര് കൊടുക്കാൻ കാരണം ?
നായകൻ്റെ പൂച്ചപ്പേടിയാണെന്ന് നമ്മൾ കരുതും.എന്നാൽ അത് മാത്രമാണോ കാരണം അല്ല.പൂച്ചകൾ കടിപിടികൂടുന്നത് കണ്ടിട്ടില്ലേ.. കടിയും ആക്രമണവും കാണുമ്പോൾ ഏതെങ്കിലും ഒരെണ്ണം ചാവും എന്ന് കരുതും.എന്നാൽ ഒന്നും സംഭവിക്കില്ല. കുറച്ചു നാൾ കഴിയുമ്പോൾ ചക്കിപ്പൂച്ച കുഞ്ഞുങ്ങളെ കഴുത്തിൽ കടിച്ചു കൊണ്ടുവരുന്നത് കാണാം.അതേപോലെയുള്ള കടി പിടികൾ ഈ ചിത്രത്തിലും ഉണ്ട്. കുടുംബ ജീവിതത്തിലെ കശപിശകൾ: നായകൻ സൗബിൻ, നായിക മമ്ത മോഹൻ ദാസ്.സലിം കുമാർ തുടങ്ങിയ താരനിരകൾ ഉണ്ട്.ലാൽ ജോസിൻ്റെ ഈ സിനിമ കഴിഞ്ഞ വർഷം റിലീസ് ആയതാണ്. OTT യിലൂടെ ഫെബ്രുവരിയിൽ തന്നെ TV യിൽ കാണാൻ സാധിച്ചിരുന്നു. ഒരു മറവത്തൂർ കനവ്, അച്ഛനുങ്ങാത്ത വീട്, അറബിക്കഥ, അയാളും ഞാനും തമ്മിൽ, ഡയമണ്ട് നെക്ലേസ്, ചാന്തുപൊട്ട്,’ ക്ലാസ് മേറ്റ്, സ്പാനിഷ് മസാല തുടങ്ങിയ നല്ല സിനിമകൾ സിനിമകൾ സംവിധാനം ചെയ്ത ലാൽ ജോസിൻ്റെ മ്യാവൂ:
വർഷങ്ങൾക്ക് മുമ്പ് തിയേറ്ററിൽ പോയി കണ്ട അദ്ദേഹത്തിൻ്റെ സംവിധാനത്തിലുള്ള മുല്ല, വെളിപാടിൻ്റെ പുസ്തകം: തട്ടിൻപുറത്ത് അച്യുതൻ പോലെ അപൂർവ്വം സിനിമകൾ ഒട്ടും ഇഷ്ടമായില്ല. അറബിക്കഥയുടേയും, ഡയമണ്ട് നെക്ളേസിൻ്റേയും ഗ്രാമഫോണിൻ്റേയും തിരക്കഥാകൃത്ത് ഇക്ബാൽ കുറ്റിപ്പുറമാണ് മ്യാവൂവിൻ്റെ തിരക്കഥ രചിച്ചത്.ഒരു ശരാശരി തിരക്കഥയാണ്. എങ്കിലും സ്പർദ്ധയുടെ ഈ കാലഘട്ടത്തിൽ മതസൗഹാർദ്ദത്തിൻ്റേയും ചില മൂല്യങ്ങളുടേയും സത്ത അന്തർലീനമായി ഇതിൽ നമുക്ക് കാണാം. സിനിമ ഓരോ പ്രേക്ഷകൻ്റേയും അഭിരുചിക്ക് ഇണങ്ങുന്ന ആസ്വാദനത്തിലൂടെ കണ്ടവർ ഇതിനകം വിലയിരുത്തിക്കാണും. വൻ വിജയമായില്ലെങ്കിലും പ്രേക്ഷകർക്ക് ഇഷ്ടപ്പെടാതിരിക്കില്ല. അതിനു ശേഷം വന്ന സോളമൻ്റെ തേനീച്ചകൾ കാര്യമായ ചലനം ഉണ്ടാക്കാതെ കടന്നുപോയി.ലാൽ ജോസിൻ്റെ റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന പുതുമുഖ താരങ്ങളിയിരുന്നു മുഖ്യവേഷത്തിൽ.
മ്യാവൂ എന്ന സിനിമയിലെ ചന്ദ്രേനെ കണ്ടപ്പോൾ ഗൾഫ് മലയാളിയായ പുതുമുഖമാണെന്ന് കരുതി. .പിന്നീട് സോഷ്യൽ മീഡിയയിൽ മ്യാവൂവിലെ ഹരിശ്രീ യൂസഫിനെപ്പറ്റി ചിലർ എഴുതിയത് കണ്ടപ്പോഴാണ് ഏത് റോളാണ് എന്ന് ചിന്തിച്ചത് മനസ്സിലാക്കിയത്…ശ്രീ അച്യുതാനന്ദൻ്റെ ശരീര സംസാരഭാഷകൾ കൃത്യമായി അവതരിപ്പിച്ചിരുന്ന മിമിക്രി ആർട്ടിസ്റ്റ് ഹരിശ്രീ യൂസഫിൻ്റെ മാറ്റം അമ്പരിപ്പിക്കുന്നതാണ്.മുമ്പ് പല സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്രയും പ്രാധാന്യമുള്ള റോൾ കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്. കൂടുതൽ അവസരങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
പതിനഞ്ചു വർഷം മുമ്പ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ ജൂറിയുടെ മുന്നിൽ അവാർഡ് നിർണ്ണയത്തിന് എത്തിയപ്പോൾ കലാഭവൻ മണി അഭിനയിക്കുകയല്ല മിമിക്രി കാണിക്കുകയാണ് എന്ന് ഒരു മലയാള സംവിധായകൻ്റെ അഭിപ്രായം മൂലം അവാർഡ് കമ്മിററി തഴഞ്ഞ കാര്യം ഓർത്തു പോയി .ശ്രീ.മണി സ്ട്രീറ്റ് മിമിക്രി ആർട്ടിസ്റ്റ് ആണെന്ന് പറഞ്ഞാണ് ഇടങ്കോലിട്ടത്. ആ സിനിമയിൽ ഒരു പാട് പാളിച്ചകൾ ഉണ്ടായെങ്കിലും മണി അഭിനയത്തിൻ്റെ അവാർഡിന് അർഹനായിരുന്നു. അവാർഡ് നിരസിച്ചതറിഞ്ഞ് മോഹാലസ്യം ഉണ്ടായി എന്നതും വാർത്തയായിരുന്നു. മിമിക്രിയിലൂടെ തന്നെ സിനിമയിലെത്തിയ സലിം കുമാറും സുരാജ് വെഞ്ഞാറമ്മൂടും ഈയിടെ ദേശീയ പുരസ്കാരം നേടി എന്നതും ശ്രദ്ധിക്കേണ്ടതാണ്.കൂടാതെ ഇന്ദ്രൻസും അന്താരാഷ്ട്ര സംസ്ഥാന അംഗീകാരങ്ങൾ നേടി. പഴയ കാല ഹാസ്യനടൻമാരായ ശങ്കരാടിയും ഒടുവിൽ ഉണ്ണികൃഷ്ണനും എത്ര തന്മയത്വമായാണ് സ്വഭാവ റോളുകൾ കൈകാര്യം ചെയ്തിരുന്നത്. അഭിനയിക്കുകയാണെന്ന് തോന്നില്ല.
ഹാസ്യം അഭിനയിച്ചു പ്രതിഫലിപ്പിക്കാനാണ് ഏറ്റവും പ്രയാസം. മിമിക്രി കലാകാരനാണെന്ന് പറഞ്ഞ് അവരെ തഴയേണ്ട കാര്യമുണ്ടോ. എല്ലാ അഭിനേതാക്കളും ഭാവനയിലെ കഥാപാത്രമായി അഭിനയിക്കുന്നതും ഹാസ്യമോ ഹാസ്യേതരമോ ആയ മിമിക്രി തന്നെയല്ലേ. മിമിക്രി കലാകാരൻമാർക്ക് സ്വഭാവ റോൾ അഭിനയിക്കാൻ കാര്യമായ ബുദ്ധിമുട്ട് വരുന്നില്ല എന്നതാണ് വാസ്തവം.സ്ഥിരമായി അനുകരിക്കുന്ന നടൻ മാരിൽ നിന്നും മോചനമില്ലാത്തവരും ഉണ്ട്. അവർക്ക് ഹാസ്യാനുകരണം വിനയായി മാറും. ജാഫർ ഇടുക്കിയും സാബുവും (ജല്ലിക്കട്ട്) ഹാസ്യതാരത്തിൽ നിന്നും സ്വഭാവനടൻമാരായി എത്ര ഗംഭീരമായാണ് അഭിനയിക്കുന്നത്.മിമിക്രി ഒരു അയോഗ്യതയായി കൽപ്പിക്കുന്നത് ശരിയല്ല എന്ന് അവരെല്ലാം തെളിയിക്കുന്നു. മ്യാവൂവിൽ ഹരിശ്രീ യൂസഫിൻ്റെ അഭിനയം എടുത്തു പറയേണ്ടതാണ്.വളരെ ഒതുക്കത്തോടെയുള്ള തന്മയത്തമാർന്ന കഥാപാത്രസന്നിവേശം.ദസ്കറിൻ്റെ (സൗബിൻ) കുടുംബകാര്യങ്ങളും ബിസിനസ്സും നോക്കി നടത്തുന്ന മനസ്സാക്ഷി സൂക്ഷിപ്പുകാരൻ സ്വന്തം സഹോദരൻ തന്നെയല്ലേ ചന്ദ്രട്ടൻ.ഇനിയും മികച്ച വേഷങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.