മറക്കാനാവാത്ത മലയാള സിനിമകൾ – വടക്കുനോക്കിയെന്ത്രം
രാഗനാഥൻ വയക്കാട്ടിൽ
വായനക്കാർക്ക് വേണ്ടി ഈ ആഴ്ച അവലോകനം നടത്തുന്നത് കാവ്യകലാ ഫിലിം യൂണിറ്റിൻ്റെ ബാനറിൽ ശ്രീ .വിന്ധ്യൻ നിർമ്മിച്ച വടക്കു ‘നോക്കിയന്ത്രം’ എന്ന സിനിമയെ കുറിച്ചാണ്. പ്രശസ്ത തിരക്കഥാകൃത്തും അഭിനേതാവുമായ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം: ഇത് ഒരു ഹാസ്യ സിനിമയാണെങ്കിലും ഒരു മന:ശ്ശാസ്ത്ര മൂവിയായി മാത്രമേ കാണാൻ കഴിയൂ. ശ്രീനിവാസൻ്റെ പതിവു ശൈലിയായ നർമ്മ രൂപത്തിൽ അവതരിപ്പിക്കുന്നത് പ്രേക്ഷകർക്ക് വേഗം സംവദിയ്ക്കാനും ആസ്വദിക്കാനും വേണ്ടി മാത്രമാണ് .സന്ദേശം സിനിമയ്ക്ക് തിരക്കഥ എഴുതിയതും ഇതേ രീതിയിൽ തന്നെയാണ്. വടക്കു നോക്കി യന്ത്രത്തിലെ ദിനേശൻ നമ്മുടെ ചുറ്റുപാടിലുമുണ്ട്;കൺവെട്ടത്തു തന്നെയുണ്ട്.ശ്രീനിവാസന് നല്ല പരിചയമുള്ള ഒരാളുടെ ജീവിതം തന്നെയാണ് തിരക്കഥയും സിനിമയും ആക്കിയത്. എന്നാൽ അത് തിരിച്ചറിയാൻ യഥാർത്ഥ ദിനേശന് മാത്രം കഴിഞ്ഞില്ല എന്ന് ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.എങ്കിലും ദിനേശൻ്റെ സ്വഭാവ വിശേഷങ്ങൾ ഉണ്ടായിരുന്ന ഒട്ടേറെ പേർക്ക് ഈ സിനിമ കണ്ട് മനംമാറ്റം ഉണ്ടായിട്ടുണ്ട്;തിരിച്ചറിവുമുണ്ടായിട്ടുണ്ട്.
ഉയരമില്ല നിറമില്ല;കലാ കായിക മേഖലയിൽ കഴിവില്ല പാടാനറിയില്ല. ആരോടും നേരിൽ സംസാരിക്കാൻ ധൈര്യമില്ല എന്ന കാര്യം ഉള്ളിൽ വച്ച് അപകർഷതാബോധമായി നടക്കുന്ന നായകനാണ് ദിനേശൻ’. ഭാര്യയ്ക്ക് തന്നേക്കാൾ സൗന്ദര്യമുള്ളത് കൊണ്ടുള്ള സംശയരോഗം ക്രമേണെ മനോരോഗമായി മാറുന്നത് നാം കാണുന്നു. സ്വന്തം തിരക്കഥയിലൂടെ സംവിധാനത്തിലൂടെ സരസമായി ശ്രീനിവാസൻ ചിത്രീകരിച്ചിട്ടുണ്ട്.ഇതിലെ പ്രധാന കഥാപാത്രമായ തളത്തിൽ ദിനേശനായി ശ്രീനിവാസൻ തന്നെ യാതൊരു സങ്കോചവുമില്ലാതെ അപാകതയുമില്ലാതെ അഭിനയിച്ചിട്ടുണ്ട്.ദിനേശൻ്റെ ഭാര്യ ശോഭയായി പാർവ്വതി ജയറാമും അമ്മയായി കെ.പി എ സി ലളിതയും ഉജ്ജ്വലമായി അഭിനയിച്ചു.കൂടാതെ അമ്മാവനായി ശങ്കരാടി, അനുജനായി ബൈജു. അനിയത്തിയായി തങ്കമണിയായി ഉഷ എന്നിവരും.
ശോഭയുടെ അച്ഛനായി CI പോളും, അമ്മയായി സുകുമാരിയും പ്രസിലെ ജീവനക്കാരൻ സഹദേവനായി ബോബി കൊട്ടാരക്കരയും കൂടാതെ ദിനേശൻ്റെ സുഹൃത്തും തളത്തിൽ പ്രസ്സിൻ്റെ സഹായത്താൽ അച്ചടിക്കുന്ന സായാഹ്ന പത്രത്തിൻ്റെ പത്രാധിപർ തലക്കുളം സാർ ആയി ഇന്നസെൻ്റും ദിനേശൻ്റെ വീടിനടുത്ത് വാടകക്ക് താമസിക്കുന്ന തൊഴിൽ രഹിതനായ വിനോദ് കുമാർ ആലപ്പിയായി ജഗദീഷും വേഷമിട്ടു.കൂടാതെ ലാലു അലക്സും ലിസിയും മാമുക്കോയയും നെടുമുടി വേണുവും ചെറിയ വേഷങ്ങളിലും.
കൈതപ്രത്തിൻ്റെ വരികൾക്ക് ജോൺസൻ്റെ സംഗീതം: മായാമയൂരം പീലി നീർത്തിയോ…. എന്ന ഗാനം എം ജി ശ്രീകുമാർ ആലപിച്ചു.1989 മെയ് 19നാണ് പ്രദർശനശാലകളിൽ എത്തിയത്.ജോൺസൺ മാഷുടെ മനോഹരമായ ടൈറ്റിൽ മ്യൂസിക്കോടെ ചിത്രം തുടങ്ങുന്നു.
കഥയിലൂടെ:
വിവാഹ നാൾ അടുക്കും തോറും ദിനേശൻ്റെ ആശങ്കകളും കൂടി വന്നു.ഉറക്കമുണർന്ന ഉടൻ തന്നെ വാരികയിലെ മനശ്ശാസ്ത്രജ്ഞന് കത്ത് എഴുത്ത് തുടങ്ങി.തനിക്ക് മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും ഇല്ലാത്തതിനാലാണ് പെൺ’വീട്ടുകാർക്ക് ഇഷ്ടപ്പെട്ടതെന്നും വിവാഹിതയാകുന്ന പെൺകുട്ടിക്ക് ഇഷ്ടപ്പെടാൻ തൻ്റെ ഉയരക്കുറവും കറുപ്പു നിറവും മാറ്റാൻ മരുന്നുണ്ടോ എന്ന് ചോദിച്ചു കൊണ്ടാണ് കത്തെഴുത്ത്.ഒരു സുഹൃത്തിനോട് ചോദിക്കുന്നത് പോലെയാണ് ഡോക്ടറോട് ചോദിക്കുന്നത് ‘വിക്കോ ടെർമറിക്കിനെ കുറിച്ച് എന്താണ് അഭിപ്രായം എന്ന്.
വിക്കോ ടെർമറിക് തേച്ചാൽ വെളുക്കുമോ എന്നാണ് വീണ്ടും എഴുതുന്നത്.(അക്കാലത്ത് വിഡിയോ കാസറ്റിലൂടെ സിനിമ കാണുമ്പോൾ വിക്കോയുടെ പരസ്യം തുടരെ തുടരെ വന്നിരുന്നു.)കത്ത് പൂർത്തിയാകും മുമ്പ് അമ്മ വന്ന് വിളിച്ചു.അമ്മാവൻ കാത്തിരിക്കുന്ന വിവരം പറഞ്ഞപ്പോൾ പൂമുഖത്തേക്ക് വന്നു..വിവാഹക്ഷണക്കത്തിൽ അമ്മാവൻ്റെ പേര് വയ്ക്കുന്നില്ലേ എന്നതാണ് അദ്ദേഹത്തിൻ്റെ ഉത്കണ്ഠ.ചന്തു നായരുടെ മരുമകനുമായ എന്ന് പ്രത്യേകം ചേർക്കാൻ പറഞ്ഞു.വാരികയിലെ മനശ്ശാസ്ത്രജ്ഞന് എഴുതി വച്ച കത്ത് സഹോദരി തങ്കമണി വായിച്ചു തീർക്കുമ്പോഴേക്കും ദിനേശൻ പിടിച്ചു വാങ്ങി.പ്രസിലേക്ക് പോകും വഴി അടുത്ത വീട്ടിൽ വാടകക്ക് താമസിക്കുന്ന ചെറുപ്പക്കാരോട് കയർത്തു സംസാരിച്ചു. അവർ പരിചയക്കാരിയായ സ്ത്രീയോട് സംസാരിച്ചത് സംശയദൃഷ്ടിയോടെയാണ് ദിനേശൻ കണ്ടത്.. എല്ലാ സ്ത്രീകളേയും സഹോദരിമാരായി കാണണമെന്ന ഉപദേശവും: താൻ വിവാഹം കഴിച്ചു കഴിഞ്ഞാൽ അയൽക്കാരായ ഈ ചെറുപ്പക്കാർ ഭാര്യയോട് മാന്യമായി പെരുമാറാനുള്ള മുൻകൂർ സൂത്രം.മനശ്ശാസ്ത്രജ്ഞനുള്ള കത്ത് പോസ്റ്റ് ചെയ്തു.
പ്രസിലെത്തിയപ്പോൾ ജീവനക്കാരൻ സഹദേവൻ പറഞ്ഞു രണ്ടായിരം വിവാഹക്ഷണക്കത്തുകളും പ്രിൻ്റ് ചെയ്തു കഴിഞ്ഞു എന്ന്.വായിച്ചു നോക്കിയപ്പോൾ ചന്തു നായർ എന്ന തിന് ചന്ത നായരുടെ മരുമകൻ എന്നാണ് തെറ്റി പ്രിൻ്റ് ചെയ്തതായി ശ്രദ്ധയിൽ പെട്ടത്.തലക്കുളം സാർ വന്നപ്പോൾ കാണിച്ചു കൊടുത്തപ്പോൾ അദ്ദേഹം പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. അക്ഷരാഭ്യാസമില്ലാത്ത ആളെ ജോലിക്ക് വച്ചാൽ ഇങ്ങനെയൊക്കെ ഉണ്ടാകും എന്ന് തലക്കുളം. വിവാഹത്തിന് തലക്കുളം തയ്യാറാക്കിയ മംഗളപത്രം വായിച്ചു കേൾപ്പിച്ചു.
ആ മംഗളപത്ര കാവ്യം കേട്ടപ്പോൾ ദിനേശൻ സ്വപ്ന ലോകത്ത് എത്തി.മായാമയൂരം പീലി നീർത്തിയോ എന്ന വരികളിലൂടെ ഗാനരംഗങ്ങളിലൂടെ അവർ ഒന്നായി.
ദിനേശനും ശോഭയുമായുള്ള വിവാഹം അടുത്ത ദിവസങ്ങൾക്കുള്ളിൽ ശുഭമുഹൂർത്തത്തിൽ തന്നെ നടന്നു..
തൻ്റെ കൂടപ്പിറപ്പായ ഭയവും സങ്കോചവും മൂലം.ആദ്യരാത്രിയിൽ ശോഭയക്ക് ആകർഷണമുണ്ടാകാൻ എന്തു ചെയ്യണമെന്ന് ‘ തലക്കുളം സാറിൻ്റെ ഉപദേശം തേടി.മറുപടി തരാതെ മനശ്ശാസ്ത്രജ്ഞൻ ചതിച്ചു എന്നും പറഞ്ഞപ്പോൾ തലക്കുളം സാർ പ്രയോഗികമല്ലാത്ത തലതിരിഞ്ഞ പല ഉപദേശങ്ങളും കൊടുക്കുന്നു. പാട്ടു പാടാൻ ഉൾപ്പെടെ.പ്രേക്ഷകർ ചിരിച്ചു ചിരിച്ചു അവശരാകുന്ന രംഗങ്ങളാണ് ആദ്യരാത്രിയിൽ അരങ്ങേറുന്നത്.രാവിലെ അടുക്കളയിൽ കയറിയ ശോഭയെ ഒന്നു കണ്ടുകിട്ടാനുള്ള അടവുകളുമായി ദിനേശൻ.കർക്കശക്കാരിയായ അമ്മ അടുക്കളയിൽ കയറാൻ സമ്മതിക്കുന്നില്ല.
ഇന്ന് പ്രസ്സിൽ പോകുന്നില്ല എന്ന് ദിനേശൻ പറഞ്ഞപ്പോൾ പോകണം എന്ന് അമ്മ വാശിയോടെ പറഞ്ഞു. അങ്ങനെ വിവാഹ പിറ്റേന്നും പ്രസ്സിൽ പോയി.ശോഭയെ കാണാൻ കഴിയാത്ത സങ്കടം തലക്കുളം സാറിനോട് പറഞ്ഞു. സ്വന്തം ഭാര്യയോട് സംസാരിക്കാൻ എന്തിനാണ് ഭയം എന്ന് ചോദിച്ചിട്ടും ഉത്കണ്ഠയ്ക്ക് ഒരു കുറവുമില്ല.എങ്കിൽ ഒരു കാര്യം ചെയ്യൂ. നല്ല ആരോഗ്യമുള്ള അഞ്ചാറ് പേരുമായി പോയി ശോഭയെ തട്ടിക്കൊണ്ടു വന്ന് റജിസ്ട്രർ വിവാഹം കഴിച്ച് വേറെ എവിടെയെങ്കിലും പോയി സുഖമായി താമസിക്കൂ എന്ന് പറഞ്ഞു. (പക്വതയാകാതെ വിവാഹം കഴിച്ച് അച്ഛനമ്മമാരെ ഭയന്ന് ജീവിക്കുന്ന എല്ലാ പുരുഷൻമാർക്കും വേണ്ടി ഡെഡിക്കേറ്റ് ചെയ്ത ഡയലോഗ് .)
അത് കേട്ടപാടേ പ്രസ്സിൽ നിന്നും വീട്ടിലേക്ക് പതുങ്ങി പതുങ്ങി വന്നു. വാതിൽ തുറക്കുന്ന ശബ്ദം കേട്ട ദിനേശൻ്റെ അമ്മ ആരാണ് എന്ന് ചോദിച്ചപ്പോൾ ദിനേശൻ അലമാരയ്ക്കകത്ത് കയറി ഒളിച്ചിരുന്നു’ മുറിയിൽ വന്ന അമ്മ കണ്ടത് പൂർണ്ണമായും അടയ്ക്കാത്ത അലമാരയാണ്..അമ്മ ആ അലമാര അടച്ച് താക്കോൽ കൊണ്ട് പൂട്ടി.അലമാരയിൽ അകപ്പെട്ട ദിനേശന് ശ്വാസം കിട്ടാതായപ്പാൾ ‘അകം ഭാഗത്ത് ഇടിച്ച് തുറക്കാൻ ശ്രമിച്ചു.അലമാര താഴെ വീണു. ഈ സമയം അവിടെയെത്തിയ ശോഭ നിലവിളിച്ചു കൊണ്ട് അലമാരയിൽ കള്ളൻ കയറി എന്ന് നിലവിളിച്ചു കൊണ്ട് അമ്മയെ അറിയിക്കുകയും ഉടനെ തന്നെ നാട്ടുകാരെ വിളിച്ചു കൂട്ടുകയും ചെയ്തു..വടിയുമായെത്തിയവരിൽ ഒരാൾ അലമാര തുറന്ന അതേ നിമിഷത്തിൽ തന്നെ തലയ്ക്ക് അടിയ്ക്കുകയും ചെയ്തു. അയ്യോ തല്ലല്ലേ എന്ന നിലവിളിച്ച് അപേക്ഷിക്കുകയും ചെയ്തു. ശബ്ദത്തിൽ നിന്നും അത് ദിനേശനാണെന്ന് വീട്ടുകാർക്ക് മനസ്സിലായി.എന്തിനാണ് അലമാരയിൽ കയറിയ തെന്ന ചോദ്യത്തിന് നിങ്ങളെയൊക്കെ ഒന്ന് പറ്റിച്ചതാ എന്ന് ചമ്മിക്കൊണ്ട് വിഡ്ഡിച്ചിരിയോടെ മറുപടി: ദിനേശൻ്റെ രോഗത്തിൻ്റെ തുടക്കമാണ് യഥാർത്ഥത്തിൽ അവിടെ അരങ്ങേറിയത്.. (അതൊരു തമാശ പറയൽ മാത്രമായി കാണാൻ കഴിയില്ല.)
ശോഭയുമായി അടുത്ത് പെരുമാറാനുള്ള ദിനേശൻ്റെ എല്ലാ ശ്രമങ്ങളും പാളിപ്പോയി. അഥവാ അമ്മയിൽ നിന്നും മാറി തനിച്ചൊന്ന് കിട്ടുക പ്രയാസമായി.തൻ്റെ ഏക ഉപദേശി തലക്കുളം സാറിനോട് തന്നെ സങ്കടം അറിയിച്ചു. തുടർന്ന് തലക്കുളം സാറിൻ്റെ മണ്ടൻ ഉപദേശങ്ങളാണ് ലഭിച്ചത്. സ്റ്റുഡിയോയിൽ പോയി രണ്ടു പേരും ചേർന്നുള്ള ഫോട്ടോയെടുക്കാൻ പ്രത്യേകം നിർദ്ദേശിച്ചു.മുഖം മുഴുവൻ പൗഡർ വാരിത്തേച്ച് ഒരു വിരുന്നുണ്ട് എന്ന് അമ്മയോട് കള്ളം പറഞ്ഞ് പുറത്ത് ഇറങ്ങുമ്പോൾ അമ്മ അനിയത്തിയേയും കൂടെ കൂട്ടാൻ പറഞ്ഞെങ്കിലും മറ്റൊരു സൂത്രം പറഞ്ഞ് തടി തപ്പി.യാത്രാമധ്യേ തൊട്ടയൽ വീട്ടിൽ വാടകക്ക് താമസിക്കുന്നവർ പാട്ടു പാടുന്നത് കേട്ട ദിനേശൻ കള്ളുകുടിയൻമാരായ വഷളൻമാരാണ് അവിടെ താമസിക്കുന്നത് അങ്ങോട്ടു നോക്കേണ്ട എന്ന് പറഞ്ഞു.താനൊഴികെ എല്ലാവരും മോശമാണ് എന്ന് ശോഭയ്ക്ക് തോന്നാനുള്ള അടവുകൾ ഓരോന്നായി പുറത്തെടുക്കുന്നു.
സ്റ്റുഡിയോയിൽ ഫോട്ടോ എടുത്ത ശേഷം സിനിമയ്ക്ക് കയറി.മോഹൻലാലിൻ്റെ ചിത്രം എന്ന സിനിമയിൽ ശോഭ ലയിച്ചിരിക്കുന്നത് ഇഷ്ടപ്പെടാതിരുന്ന ദിനേശൻ പുറകിൽ നിന്നും ഒരാൾ ശോഭയെ ചവിട്ടി എന്ന് പറഞ്ഞ് തിയേറ്ററിൽ വഴക്കുണ്ടാക്കി ഇറങ്ങിപ്പോന്നു. ദിനേശൻ്റെ സ്വാർത്ഥതയുടെ അഥവാ സംശയ രോഗത്തിൻ്റെ രണ്ടാം ഭാഗമാണ് അവിടെ അരങ്ങേറിയത്.സിനിമ കാണാൻ കഴിയാതെ ഇറങ്ങിപ്പോന്നതിൽ സങ്കടം വന്ന ശോഭ എന്തു നല്ല സിനിമയായിരുന്നു: മോഹൻലാലിനെ കാണാൻ എന്തു ഭംഗിയാണ് എന്ന് പറഞ്ഞപ്പോൾ: അതെല്ലാം മെയ്ക്കപ്പ് ആണ് എന്ന് ദിനേശൻ മറുപടി പറഞ്ഞു. ആരു മെയ്ക്കപ്പ് ചെയ്താലും ഭംഗി വരുമെന്ന് ശോഭയോട് .
സിനിമാ താരങ്ങൾ മുഴുവൻ കള്ളുകുടിയൻമാർ ആണെന്ന് തുടർന്ന് പറഞ്ഞു. കള്ള് കുടി അത്ര വലിയ തെറ്റല്ല എന്ന് ശോഭ. ശോഭയക്ക് ഇഷ്ടമാണെന്ന ധാരണയിൽ പിറ്റേ ദിവസം മദ്യപിക്കാൻ ബാറിൽ പോയി. പെഗ് എന്ന മദ്യത്തിൻ്റെ അളവ് കേട്ടിട്ടു പോലുമില്ലാത്ത ദിനേശൻ ഒരു ഗ്ലാസ് മദ്യമാണ് ആവശ്യപ്പെട്ടത്. ആദ്യമായി മദ്യപിച്ച ദിനേശൻ ലക്കുകെട്ട് നടക്കാൻ കഴിയാതായപ്പോൾ ബാറിൽ എത്തിയ സ്ഥിര മദ്യപാനിയായ തലക്കുളം സാർ വീട്ടിൽ കൊണ്ടു വിട്ടു. എട്ടും പൊട്ടും തിരിയാത്ത മകനെ കൊണ്ടുപോയി കുടിപ്പിച്ചു എന്ന് പറഞ്ഞ് ദിനേശിൻ്റെ അമ്മ തലക്കുളത്തെ ആടിയോടിച്ചു.ദിനേശൻ മുറി മുഴുവൻ ഛർദിച്ച് അലങ്കോലമാക്കി. പിറ്റേ ദിവസം ഉണർന്നെണീറ്റ ദിനേശിൻ്റെ അടുക്കൽ ശോഭ കരഞ്ഞ് പറഞ്ഞു.ശോഭയാണ് മദ്യപാന ശീലത്തിൻ്റെ കാരണക്കാരി എന്ന് അമ്മ കുറ്റപ്പെടുത്തിയ കാര്യം . ചർച്ചിൽ കുടിച്ചിരുന്നു, കെന്നഡി കുടിച്ചിരുന്നു എന്ന് ശോഭ പറഞ്ഞതല്ലേ എന്ന് പറഞ്ഞപ്പോൾ കുടിക്കുന്നവർ കുടിയ്ക്കട്ടെ ഇല്ലാത്ത ശീലം ഉണ്ടാക്കേണ്ട എന്ന് ശോഭയും.
ദിനേശൻ പ്രസ്സിൽ പോയ സമയത്താണ് അനുജൻ പ്രകാശൻ ജോലി ഉപേക്ഷിച്ച് വടക്കേ ഇന്ത്യയിൽ നിന്ന് തിരിച്ചെത്തിയത്. ‘ചേട്ടൻ്റെ കല്യാണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ചേട്ടത്തിയെ തമാശകൾ പറഞ്ഞ് ഏറെ നേരം ചിരിപ്പിച്ചിച്ചു. അത് കണ്ടു കൊണ്ട് ദിനേശൻ വന്നു. കത്ത് എഴുതുന്ന ശൈലിയിൽ അനുജനോട് വിശേഷം തിരക്കി .ഒരു അന്യനോടെന്ന പോലെ കാര്യമായി ഗൗനിയ്ക്കാതെ അകത്തേക്ക് പോയി. പ്രകാശൻ എന്തൊരു തമാശക്കാരനാണ് നേരം പോകുന്നത് അറിയില്ല എന്ന് ശോഭ പറഞ്ഞപ്പോൾ അവൻ്റെ തമാശകൾ എല്ലാം താൻ പറഞ്ഞ് കൊടുത്തിട്ടുള്ളതാണ് എന്ന് ദിനേശൻ ശോഭയോട് പറഞ്ഞു. തമാശ അത്രയും ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോൾ ആർക്കാണ് തമാശ ഇഷ്ടമില്ലാത്തത് എന്ന് ശോഭയുടെ മറുപടി. തലക്കുളത്തിൻ്റെ ഉപദേശത്തിൽ പഴയ വാരികയിലെ നിലവാരം കുറഞ്ഞ തമാശകൾ കൊണ്ടുവന്ന് ശോഭയെ വാഴത്തോട്ടത്തിലേക്ക് വിളിച്ച് കേൾപ്പിച്ച് ദിനേശൻ തന്നെ ഉറക്കെ പൊട്ടിച്ചിരിച്ചു. ശോഭ ആ മുഖത്തേക്ക് തന്നെ ഏറെ നേരം നോക്കി നിന്നു. തൻ്റെ ഭർത്താവിൽ മനോരോഗത്തിൻ്റെ ലക്ഷണങ്ങൾ തുടങ്ങിയതായി അവൾ സംശയിച്ചു.
ആ സമയത്ത് അനുജൻ പ്രകാശൻ കറുത്ത പെണ്ണേ കരിങ്കുഴലി എന്ന പാട്ട് ഉറക്കെ പാടുന്നത് കേട്ട് ശോഭ പറഞ്ഞു എത്ര മനോഹരമായിട്ടാണ് അനുജൻ പാടുന്നതെന്ന്.ആ കഴിവുകൾ പാരമ്പര്യമായി കിട്ടിയതാണെന്ന് ദിനേശൻ്റെ ഉത്തരം.അച്ഛൻ പാടുമായിരുന്നു. ഞാനും പാടുമെന്ന് .ആ നുണ കേട്ട് ശോഭയ്ക്ക് ചിരി വന്നു. കുളിമുറിയിൽ പോലും ദിനേശേട്ടൻ പാടുന്നത് കേട്ടിട്ടില്ലല്ലോ എന്ന് ശോഭ.പാട്ടു പാടുന്ന അനുജനെ വന്ന് ചീത്ത വിളിച്ചു.. ആരാണ് കറുത്ത പെണ്ണ് കരിങ്കുഴലി എന്ന് ചോദിച്ചു കൊണ്ട്.പ്രസ്സിലേക്ക് ദിനേശൻ തിരിച്ചു ചെന്നു.തലക്കുളം സാർ ഒരു ചൂടു വാർത്ത പത്രത്തിൽ അടിക്കാൻ സഹദേവനെ ഏൽപ്പിക്കുന്നത് കണ്ടു കൊണ്ടാണ് എത്തിയത്. ചേട്ടൻ്റെ ഭാര്യ അനിയനോടൊപ്പം ഒളിച്ചോടിയ വാർത്ത’…
സംശയത്തിൻ്റെ തീപ്പൊരിയുമായി മനസ്സമാധാനമില്ലാതെ വീട്ടിലെത്തിയ ദിനേശൻ കണ്ടത് അനുജനോടൊപ്പം ചെസ് കളിക്കുകയും കള്ളക്കരുക്കൾ നീക്കിയ അനുജനെ കൈ പിടിച്ച് തടയുന്നതുമാണ്.പ്രകാശനോട് വീട് വിട്ട് പോകാൻ പറയുകയും രൂക്ഷമായ വഴക്കാകുയും ചെയ്തു. അനുജനെ തല്ലുന്നത് അമ്മയും ശോഭയും അനിയത്തിയും കൂടി തടഞ്ഞു.മോന് ഇത്തരം ശീലങ്ങൾ ഉണ്ടായിരുന്നില്ല തലയണമന്ത്രത്തിലൂടെ ആക്കിയെടുത്തതാണ് എന്ന് പറഞ്ഞ് അമ്മ ശോഭയെ കുറ്റപ്പെടുത്തി.
പുറത്ത് പോയി വന്ന ദിനേശനോട് അമ്മയും അനിയത്തിയും പ്രകാശനും വീട്ടിൽ നിന്ന് പോയി എന്ന കാര്യം പറഞ്ഞു.അമ്മയോട് മാപ്പ് പറഞ്ഞ് തിരിച്ചു കൊണ്ടു വരാം എന്ന് പറഞ്ഞ് പോയി. പ്രസ്സിലെത്തിയ ദിനേശൻ അനുജൻ പ്രകാശൻ തൻ്റെ സീറ്റിൽ ഇരിക്കുന്നതാണ് കണ്ടത്.
അച്ഛൻ വീട് ചേട്ടൻ്റെ പേരിലും പ്രസ് തൻ്റെ പേരിലും എഴുതി വച്ച കാര്യം പ്രകാശൻ ഓർമ്മിപ്പിച്ചു. ‘ തൻ്റെ ഉപജീവന മാർഗ്ഗം കൈവിട്ടു പോയതിനാൽ വർഷങ്ങളായി നടത്തിയിരുന്ന സ്വന്തം സ്ഥാപനം അനുജൻ കൈയേറിയതിനാൽ ദിനേശൻ നിരാശനായി വീട്ടിലേക്ക് തിരിച്ചു വന്നു – ആ സമയത്ത് അയൽ വീട്ടിൽ താമസിക്കുന്ന വിനോദ് കുമാർ ആലപ്പി സൈക്കിളിൽ കൊണ്ടു പോകുന്ന വിറക് താഴെ വീണതിനാൽ ശോഭയുടെ കൈയിൽ നിന്നും കയർ വാങ്ങി പോകുന്നതാണ് കണ്ടത്. ദിനേശൻ്റെ സംശയരോഗം കൂടുതൽ മൂർച്ഛിക്കുകയായിരുന്നു’ എന്തിനാണ് താൻ ഞാൻ വീട്ടിലില്ലാത്ത സമയത്ത് അവിടെ കയറിയതെന്ന് ചോദിച്ച് വഴക്കായി. താൻ അവളെ വശീകരിക്കാൻ വന്നതല്ലേ എന്ന ചോദ്യത്തിന് വേണ്ടി വന്നാൽ അവളെ തട്ടിക്കൊണ്ടുപോകാൻ മടിക്കില്ല എന്ന് വിനോദ് കുമാർ പറഞ്ഞു. ദിനേശൻ നേരേ പോലീസിൽ പറഞ്ഞു.പോലീസുകാർ തെളിവുമായി വരാൻ പറഞ്ഞു. അല്ലെങ്കിൽ തട്ടിക്കൊണ്ടുപോയ ശേഷം പരാതിയുമായി വരാൻ ..പോലീസുകാരെ കാവൽ നിർത്താമോ എന്ന് ചോദിച്ചെങ്കിലും അതിനും ദിനേശന് ധൈര്യമില്ല. പോലീസുകാർ ശോഭയുമായി അടുപ്പമാകുമാ എന്ന ചിന്തയായി.
ദിനേശൻ കോയമ്പത്തൂർക്ക് പോകുകയാണെന്ന് ശോഭയോട് കള്ളം പറഞ്ഞ് ബാഗും കൊണ്ട് പുറത്തിറങ്ങി. അയൽപക്കത്തെ വിനോദ് കുമാർ കേൾക്കാൻ വേണ്ടി വഴിപോക്കനോട് പറയുന്നത് പോലെ ഉറക്കെ വിളിച്ച് പറഞ്ഞു.ഞാൻ കോയമ്പത്തൂർക്ക് പോകയാണേ രണ്ടു ദിവസം കഴിഞ്ഞേ വരൂ എന്ന്.വീട് കാണാവുന്ന വിധത്തിലുള്ള സമീപത്തെ ലോഡ്ജിൽ മുറിയെടുത്തു. രാത്രിയിൽ വീട് നിരീക്ഷിച്ചു കൊണ്ടിരിക്കെ ഒരാൾ ശോഭയോട് സംസാരിച്ചു നിൽക്കുന്നത് കണ്ടു. ഓടി വന്ന് ഒരു ഉലക്ക കിട്ടുമോ എന്ന് റിസപ്ഷനിൽ ചോദിച്ചു.:ഉന്മാദത്തിൻ്റെ മൂർത്തമായ അവസ്ഥയായിരുന്നു അപ്പോൾ ‘.. വീട്ടിലേക്ക് ഓടിയെത്തി ഓട് പൊളിച്ച് താഴെ മുറിയിൽ ഇറങ്ങി മുട്ടൻ വടി കൊണ്ട് തലയ്ക്കടിച്ചു. ആ മുറിയിൽ ഉണ്ടായിരുന്നത് ശോഭയുടെ അച്ഛനാണെന്ന് ചിന്തിക്കാനുള്ള മാനസിക അവസ്ഥയിലായിരുന്നില്ല ദിനേശൻ.ഒറ്റക്ക് കഴിയാൻ ഭയമായി അച്ഛനെ വിളിച്ചു വരുത്തിയതായിരുന്നു ശോഭ. ‘പരിക്കേറ്റ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോയി മുറിവ് കെട്ടി അബദ്ധം പറ്റിയതാണെന്ന് പറഞ്ഞു.
തിരിച്ചു വീട്ടിൽ വന്നപ്പോൾ ശോഭയെ കാണാൻ സ്കൂൾ കാലഘട്ടത്തിലെ’ ക്ലാസ് മേറ്റ് സരള (ലിസ്സി ) എത്തി .പുറത്ത് കാർ കിടക്കുന്നത് കണ്ട ദിനേശൻ ഒളിച്ചു നിന്ന് അവരുടെ സംസാരം കേട്ടു . സരള പഴയ കാല ഓർമ്മകൾ പങ്കുവച്ചപ്പോൾ ജാതകം ഒത്തിരുന്നെങ്കിൽ ചേട്ടൻ ബാലചന്ദ്രൻ നിന്നെ വിവാഹം കഴിക്കേണ്ടതായിരുന്നില്ലേ എന്ന് പറഞ്ഞത് മനസ്സിൽ കയറ്റി വച്ചു. സംശയരോഗം ഇരട്ടിയായി – ബാലചന്ദ്രൻ്റെ നമ്പർ ശോഭയോട് പറയുന്നത് കേട്ട് ദിനേശൻ മനസ്സിൽ കുറിച്ചിട്ടു. ശോഭയുടെ ഓട്ടോഗ്രാഫിലെ ആശംസാ വാചകങ്ങൾ സംശയം കൂടുതൽ ബലപ്പെടുത്തി.അതിൽ ഒരു ബാലചന്ദ്രൻ്റെ ആശംസകണ്ട് ഈ ബാലചന്ദ്രൻ തന്നെ എന്ന് തീർച്ചപ്പെടുത്തി.. പത്രാധിപർ ജോസഫ് എന്ന പേരിൽ ബാലചന്ദ്രനെ (ലാലു അലക്സ് ) വിളിച്ച് ശല്യപ്പെടുത്തുകയും വീട്ടിൽ നേരിട്ട് പോയി താക്കീത് ചെയ്യുകയും ചെയ്തു. തൻ്റെ ഭാര്യയെ ആരെങ്കിലും തട്ടിക്കൊണ്ടു പോകുമെന്ന ചിന്ത ഊണിലും ഉറക്കത്തിലും ആയി .സ്വപ്നം കാണുന്നതെല്ലാം അതുമാത്രം. രാത്രിയിൽ ടോർച്ചടിച്ചു നോക്കി കാണുന്ന നിഴലെല്ലാം ബാലചന്ദ്രനാണെന്ന് ഉറപ്പിച്ചു.
രോഗം മൂർച്ഛിച്ച് ശോഭയെ വരെ ആക്രമിക്കാൻ ശ്രമിച്ചു അയൽക്കാർ എല്ലാം കൂടി മാനസികരോഗ ആശുപത്രിയിൽ ആക്കി .പുറത്ത് കാവലായി ശോഭ ദു:ഖത്തോടെ ഇരുന്നു .അച്ഛൻ ആശുപത്രിയിൽ എത്തി. തിരിച്ചുവിളിച്ചിട്ടും അവൾ പോകാൻ സമ്മതിച്ചില്ല. അച്ഛൻ നിർബന്ധിച്ച് പിടിച്ചു വലിച്ച് കൊണ്ടു പോയി.ചികിത്സ ഫലം കണ്ടു :ദിനേശൻ ഭ്രാന്തമായ ഓർമ്മകളിൽ നിന്ന് ഉണർന്നു..ഡോക്ടർ (നെടുമുടി ) യഥാർത്ഥ്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയതിൽ തിരിച്ചറിവ് ഉണ്ടായി. രോഗമുക്തനായ ദിനേശൻ ശോഭയെ വിളിക്കാൻ അവളുടെ വീട്ടിൽ പോയി. ഭയപ്പാടോടെ നോക്കിയ ശോഭയുടെ അമ്മയോട് ( സുകുമാരി ) തൻ്റെ രോഗം മാറി എന്ന് പറഞ്ഞു. അച്ഛനും അമ്മയും അവളെ കാണാൻ അനുവദിച്ചില്ല. ശോഭയ്ക്ക് ദിനേശൻ്റെ കൂടെ താമസിക്കാൻ താൽപര്യമില്ല എന്ന് അമ്മ പറഞ്ഞു. അച്ഛനും അമ്മയും ഒന്നിച്ച് ഇറങ്ങിപ്പോകാൻ പറഞ്ഞു.ശോഭയെ കണ്ടിട്ടേ പോകു എന്ന് വാശി പിടിച്ച് അകത്ത് കയറി കണ്ടു. ശോഭ അനുകൂലമായി സംസാരിക്കാതിരുന്നപ്പോൾ അച്ഛനും അമ്മയും ഇറക്കിവിട്ടു. പിന്നാലെ ദിനേശേട്ടാ എന്ന് വിളിച്ച് ശോഭ ഇറങ്ങി വന്നു.രണ്ടു പേരും കൂടി ദിനേശൻ്റെ വീട്ടിലേക്ക് എത്തി.
അന്നു രാത്രിയിൽ പുറത്ത് എന്തോ അനക്കം കേട്ടു .വീണ്ടും സമാധാനം വീണ്ടൂം നഷ്ടപ്പെട്ടു.വീട്ടിലുണ്ടായിരുന്ന നല്ല പ്രകാശമുള്ള ടോർച്ച് പുറത്തേക്ക് അടിച്ചു നോക്കുന്നതോടെ നമുക്ക് നേരേ അടിക്കുന്നതോടെ സമൂഹത്തിന് നേരെ അടിക്കുന്നതോടെ വടക്കുനോക്കിയന്ത്രം അവസാനിക്കുന്നു..യഥാർത്ഥത്തിൽ തളത്തിൽ ദിനേശൻ്റെ സംശയരോഗവും മനോരോഗവും മാറിയോ? സംവിധായകൻ അത് പ്രേക്ഷകർക്ക് വിട്ടുതരുന്നു. വടക്കുനോക്കിയന്ത്രം എന്ന ദിശയറിയാനുള്ള യന്ത്രം എങ്ങനെ വച്ചാലും ഏത് ഭാഗത്തേക്ക് തിരിച്ചാലും സൂചിമുന വടക്കോട്ടു തന്നെയിരിക്കും. ഈ രോഗം ഒരിക്കലും മാറില്ല.
NB :ഈ ചിത്രത്തിൽ പല അപാകതകളും ഉണ്ടാകാം. അത് തിരഞ്ഞു പിടിക്കുന്ന നിരൂപണപംക്തിയല്ല. സിനിമ റിലീസ് ആയ കാലത്തും പിന്നീട് ടെലിവിഷനിലൂടെയും കണ്ട് 90% പ്രേക്ഷകർക്കും ഇഷ്ടപ്പെട്ട സിനിമകളിലൂടെ ഒരു സഞ്ചാരം ഓർമ്മ പുതുക്കൽ മാത്രം.എല്ലാ സിനിമാസ്വാദകർക്കും നന്മകൾ നേർന്നു കൊണ്ട്.
രാഗനാഥൻ വയക്കാട്ടിൽ