ബ്ലെസ്സി സംവിധാനം ചെയ്ത സിനിമയാണ് പളുങ്ക്. അഭിനേതാക്കള്‍ : മമ്മൂട്ടി, ലക്ഷ്മി ശര്‍മ്മ, ബേബി നസ്രീന്‍, ബേബി നിവേദിത. നിര്‍മ്മാണം : ഡ്രീം ടീം പ്രോഡക്ഷന്‍സ്/ ഹൌളി പൊത്തൂര്‍. സംഗീതം : മോഹന്‍ സിത്താര
വരികള്‍: കൈതപ്രം
കാഴ്ച, തന്മാത്ര എന്നീ സിനിമകള്‍ക്ക് ശേഷം സംവിധായകന്‍ ബ്ലെസ്സി അണിയിച്ചൊരുക്കിയ സിനിമയാണ് പളുങ്ക്. ആദ്യ രണ്ട് സിനികളും ഗംഭീര വിജയം നേടിയതിനാല്‍ സ്വാഭാവികമായും വന്‍ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക് ഈ സിനിമയില്‍ നിന്നും ഉണ്ടാകുക. മലയാളത്തിലെ കഴിവുറ്റ സംവിധായകന്‍ എന്ന പേര് ബ്ലസ്സി ഇതിനോടകം നേടിക്കഴിയുകയും ചെയ്തിരിക്കുന്നതിനാല്‍ പ്രത്യേകിച്ചും. എന്നാല്‍ ഈ മുന്‍വിധികളുമായി ചെല്ലുന്നവരെ തീര്‍ത്തും നിരാശനാക്കുന്ന വിധമാണ് ഈ സിനിമയുടെ ബോക്സോഫീസ് പ്രകടനം . കാഴ്ച, തന്മാത്ര എന്നീ സിനിമകളില്‍ വലിയൊരു ആശയവും, ചെറിയ ഒരു സന്ദേശവും ഉണ്ടായിരുന്നതും ആ സിനിമകളിലെ കഥയും സംഭാഷണവും മനസ്സില്‍ തട്ടുംവിധമായിരുന്നതുമാണ് ആ സിനിമകളുടെ വിജയരഹസ്യം എന്ന് സംവിധായകന്‍ മനസ്സിലാക്കിയില്ലെന്ന് തോന്നുന്നു. അല്ലെങ്കില്‍ അത് വീണ്ടും ആവര്‍ത്തിക്കുന്നതില്‍ സംവിധായകന്‍ പരാജയപ്പെടുന്നു. എങ്കിലും സമൂഹത്തിൽ നമ്മുടെ കുഞ്ഞുങ്ങൾ എത്രമാത്രം സുരക്ഷിതർ ആണെന്ന ചോദ്യം ഈ സിനിമ നൽകുന്നുണ്ട്. എന്നും അത്തരം നിർഭാഗ്യകരമായ ഒരു വാർത്തയെങ്കിലും കാണാതെ പോകാൻ സാധിക്കാത്ത നമ്മുടെ സമൂഹം ഈ സിനിമയെ തിയേറ്ററുകളിൽ പക്ഷെ തഴഞ്ഞു . എങ്കിലും ചില രംഗങ്ങൾ എന്നും മനസ്സിൽ സ്പർശിക്കുന്നതാണ്. രജിത് ആർ ബാലന്റെ കുറിപ്പ് വായിക്കാം
****
Rageeth R Balan
“കുറ്റം ആരോപിക്കപ്പെടുന്ന ആളുടെ പ്രായം പരിഗണിച്ചു.. ഈ കുട്ടിയെ മാതാപിതാക്കളുടെ സംരക്ഷണയിൽ മൂന്ന് വർഷം നല്ല നടപ്പിനും.. പതിനായിരം രൂപ വിതമുള്ള മാതാപിതാക്കളുടെ ജാമ്യത്തിലോ ആൾ ജാമ്യത്തിലോ വിടുവാനും ജുവനൈൽ ജസ്റ്റിസ് ബോർഡ് ഇതിനാൽ ഉത്തരവ് ആകുന്നു ”
തന്റെ മകളുടെ മരണത്തിനു കാരണക്കാരനായ ആളുടെ കോടതി വിധി കേട്ടു മരവിച്ച മനസ്സുമായി മോനിച്ചൻ നിൽക്കുകയാണ്…എന്ത് ചെയ്യണം അറിയില്ല അയാൾക്ക്.. സാധാരണക്കാരനിൽ സാധാരണകാരനായ അയാൾ വിചാരിച്ചാൽ എന്ത് നടക്കാൻ ആണ് ഇവിടെ…അയാളുടെ മനസ്സിൽ മകൾ മാത്രമേ ഉള്ളു.. വാദിച്ചു ജയിക്കാനോ ആരെയും തോൽപിക്കാനോ അയാൾക്ക് കഴിയില്ല….
വിധി കേട്ടു കോടതിയിൽ നിന്നു ഇറങ്ങുന്ന അയാൾക്ക് എങ്ങോട്ട് പോകണം എന്ന് അറിയില്ല.. ഒരു പ്രാന്തനെ പോലെ അയാൾ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്.
“അമ്മയും ഭാര്യയും പെങ്ങളും കുഞ്ഞുമെല്ലാം പെണ്ണാ.. ഒരുത്തനും അറിയത്തില്ല.. ഒരുത്തനും അറിയത്തില്ല ” മോനിച്ചൻ അലഞ്ഞു തിരിഞ്ഞു നടക്കുമ്പോഴും അയാൾ പറഞ്ഞു നടക്കുന്നത് ഇതാണ്… നിസഹായതകൾക്കും തിരിച്ചറിവുകൾക്കു മുൻപിലും കരയുന്ന സാധാരണ മനുഷ്യൻ മാത്രമാണ് മോനിച്ചൻ.ആർക്കും ഒന്നിനും ഇവിടെ കാണാനും കേൾക്കാനും പറയാനും ഒന്നും സമയം ഇല്ലാത്ത ലോകത്തു… സാധാരണകാരന്റെ പ്രധിനിധി ആണ് മോനിച്ചൻ… ഇവിടെ നമുക്ക് ചുറ്റിനും പല രൂപത്തിൽ പല ഭാവത്തിൽ മോനിച്ചൻമാർ ഉണ്ട്.. ഒന്ന് കണ്ണോടിച്ചാൽ കാണാൻ സാധിക്കും.
“എന്റെ ചങ്ക് പറിച്ചു കൊണ്ട് പോയില്ലേ…” പതിനാറു വർഷമായി ബ്ലസിയുടെ പളുങ്ക് എന്ന സിനിമ റിലീസ് ആയിട്ടു… അന്നും ഇന്നും എന്നെ വല്ലാതെ ആസ്വസ്തമാക്കുന്ന ഒരു ക്ലൈമാക്സ് ആണ് പളുങ്കിന്റെ…ഒരുപാട് ചിന്തിപ്പിക്കുന്ന അതിലുപരി ഒരു ഓർമ്മപെടുത്തൽ ആണ് മോനിച്ചനും പളുങ്ക് എന്ന സിനിമയും. അവസാനം ഒരു മഴയത്തു ഒരു മിണ്ടാപ്രാണിയുമായി എങ്ങോട്ടെന്നില്ലാതെ അയാൾ നടന്നു നീങ്ങുകയാണ്… കാതിൽ ഇപ്പോഴും മുഴങ്ങുകയാണ്. “എന്റെ ചങ്ക് പറിച്ചു കൊണ്ട് പോയില്ലേ.”