രാഗീത് ആർ ബാലൻ
പലപ്പോഴും ഭൂരിഭാഗം പ്രേക്ഷകർക്കും ഇഷ്ടമായ ചില സിനിമകൾ എനിക്ക് ഇഷ്ടപെടാത്തത് ആയിട്ടുണ്ട്.. എനിക്ക് ഇഷ്ട്ടം അല്ല എന്നതു കൊണ്ട് മറ്റുള്ളവർ കാണരുത് എന്ന് ഞാൻ ഒരിക്കലും പറയുകയില്ല എഴുതാറുമില്ല..ഒരുപാട് പ്രേക്ഷകർക്കു ഇഷ്ടമല്ലാത്ത ചില സിനിമകൾ എനിക്ക് പ്രിയപെട്ടവയുമാണ്.. അത്തരത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമ ആണ് 9. 2019 ഫെബ്രുവരി മാസം ഏഴാം തിയതി ഒരു മലയാള സിനിമ റിലീസ് ചെയ്യുക ഉണ്ടായി.പൃഥ്വിരാജ് പ്രൊഡക്‌ഷൻസും സോണി പിക്ച്ചേർസും ചേർന്ന് നിർമിച്ച സിനിമയുടെ പേര് 9.സിനിമയുടെ തിരക്കഥയും സംവിധാനവും കമലിന്റെ മകൻ ജെനുസ് മൊഹമ്മദ് ആയിരുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ കഴിഞ്ഞ 10വർഷത്തിനിടയിൽ ഏറ്റവും മികച്ച പ്രൊഡക്ഷൻ ക്വാളിറ്റി യോടെ പുറത്തിറങ്ങിയ മലയാള സിനിമക്ക് അഭിമാനിക്കാൻ കഴിയുന്ന ഒരു സിനിമ ആയിരുന്നു 9.സയൻസ് ഫിക്ഷനും മിസ്റ്ററിയും ഫാന്റെസിയും ഹൊററും എല്ലാം അടങ്ങിയ ഒരു മികച്ച സിനിമ അനുഭവം.
സ്വന്തമായി സിനിമ നിർമ്മിക്കുമ്പോഴാണ് താൻ സിനിമയുടെ ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നു പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്.അദ്ദേഹം സ്വന്തം ബാനറിൽ പുറത്തിറക്കിയ ആദ്യ സിനിമയാണ് 9. ഒരു ശതമാനം പോലും പ്രൊഡക്ഷൻ ക്വാളിറ്റിയിൽ കുറവ് വരുത്താത്ത സിനിമ .വി.എഫ്.എക്‌സിനും മറ്റു കാര്യങ്ങൾക്കും കൂടുതൽ സമയം വേണമെന്ന് മനസ്സിലാക്കി റിലീസ് തിയ്യതി വരെ നീട്ടി വെച്ചൊരു സിനിമ. ഏറെ ഔട്ട് ഡോർഷൂട്ടിംങ്ങുകളും രാത്രികാല രംഗങ്ങളും ഉണ്ടായിരുന്ന സിനിമ ആയിരുന്നു 9.ലോ ലൈറ്റ് ഫോട്ടോഗ്രഫിക്ക് ഏറെ പ്രാധാന്യമുള്ള സിനിമ. ഇന്ത്യയിൽ ആദ്യമായി റെഡ് ജെമിനി 5 കെ കാമറ ഉപയോഗിക്കുന്നത് ഈ സിനിമയിലാണ്.ഇതിന്‍റെ ലോ ലൈറ്റ് എക്സ്പോഷർ വളരെ ഹൈ ആണ്. ഒരു പന്തത്തിന്‍റെ വെളിച്ചത്തിൽ ഹീറോ ഫോറസ്റ്റിലൂടെ നടക്കുന്ന ഒരു ഷോട്ടിൽ സാധാരണ ചെയ്യുന്നതുപോലെ പ്ലാൻ ചെയ്താൽ ആ ഫോറസ്റ്റ് ലൈറ്റപ്പ് ചെയ്യണം.അതിനു വേണ്ടി നല്ലൊരു സമയം വേണം ചിലപ്പോൾ നല്ല ഒരു ഔട്ട് പുട്ട് കിട്ടണം എന്നില്ല.. പക്ഷെ ഈ കാമറയ്ക്ക് അതിന്‍റെ ആവശ്യമില്ല ഹീറോയുടെ കയ്യിലുള്ള പന്തത്തിന്‍റെ വെളിച്ചം മാത്രം മതി.
മലയാള സിനിമ അതുവരെ കാണാത്ത തരം ഫ്രെയിമുകളാണ് 9 നിൽ ഉണ്ടായിരുന്നത്. മണാലിയുടെയും സ്പിത്തി വാലിയുടെയും എല്ലാം Visuals അഭിനന്ദ് രാമാനുജത്തിന്‍റെ സിനിമട്ടോഗ്രാഫിയിൽ ഒപ്പിയെടുത്തപ്പോൾ ഇതൊരു മലയാള സിനിമ തന്നെ ആയിരുന്നോ എന്ന് പോലും അത്ഭുതപെട്ട് പോയിട്ടുണ്ട്. 9 ദിവസങ്ങൾ ഒരുപാട് ചോദ്യങ്ങൾ.ഒടുവിൽ ഒരു ഉത്തരംപക്ഷെ നിർത്തരുത് നിങ്ങൾ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുക.മലയാള സിനിമക്ക് 9 ഒരു ഓർമപ്പെടുത്തൽ ആയിരുന്നു ഇവിടെയും എന്ത് കൊണ്ടും ഉന്നത നിലവാരത്തിലുള്ള സിനിമകൾ സൃഷ്ടിക്കാൻ സാധിക്കും എന്നുള്ള ഒരു ഓർമപ്പെടുത്തൽ.
ഒരു വാൽനക്ഷത്രം ഭൂമിയിൽ പതിക്കുന്നതും അടുത്ത 9 ദിവസത്തേക്കു വൈദ്യുതിയോ ഇലക്ട്രോ മാഗ്നെറ്റിക് ഉപകരണങ്ങളോ പ്രവർത്തിക്കില്ല എന്നുള്ളതും ഇതിനെ കുറിച്ച് അറിയാൻ ഹിമാലയത്തിലേക്ക് പോകുന്ന ശാസ്ത്രജ്ഞനായ ആൽബർടിന്റെയും മകന്റെയും ഒൻപത് ദിവസങ്ങൾക്കിടയിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും ആണ് സിനിമ പറഞ്ഞത്. സിനിമയുടെ ആദ്യപകുതിയിൽ വാൽനക്ഷത്രം എത്തുമ്പോൾ ഭൂമി ഇരുട്ടിലാകുന്ന ഒരു രംഗമുണ്ട്.ആ ഒരൊറ്റ രംഗം മാത്രം മതി മലയാള സിനിമ എത്രത്തോളം ക്വാളിറ്റിയിൽ ലോക സിനിമകളോട് കിടപിടിക്കാൻ സാധിക്കുന്ന ഒന്നാണ് എന്ന് തിരിച്ചറിയാൻ. ‘9’ തീയേറ്ററിൽ പരാജയപെട്ട ഒരു സിനിമ ആയിരിക്കാം..പക്ഷെ തള്ളിക്കളയേണ്ടതോ സ്വികരിക്കപ്പെടാതെ പോകേണ്ടതുമായ ആയ സിനിമ ആയിരുന്നില്ല . പരീക്ഷണമെന്ന നിലയില്‍ കയ്യടിക്കേണ്ടതും ഇത് ഒരു മലയാള സിനിമ ആണെന്നും പറഞ്ഞു ലോക സിനിമകൾക്ക് ഒപ്പം ഉയർത്തി കാണിക്കേണ്ട ഒന്നായിരുന്നു.