കൊല്ലാനും ചാവാതിരിക്കാനും ഏറ്റുമുട്ടിയവർ💥
Rageeth R Balan
കാക്കി ഇട്ട ഒരുത്തനും പിടിച്ചു മാറ്റാൻ വരാത്ത അയ്യപ്പനും കോശിക്കും യാതൊരു വിധ പിടിപാടും ഇല്ലാത്ത ആനകട്ടി ചന്തയിൽ അയ്യപ്പനും കോശിയും നേർക്കു നേരെ വരാൻ തീരുമാനിക്കുന്നു.ചന്തയിൽ ആദ്യം എത്തുന്നത് അയ്യപ്പൻ ആണ്.. ബുള്ളറ്റ് സെൻട്രൽ സ്റ്റാൻഡിൽ ഇട്ടു കയ്യിലെ വാച്ചിൽ സമയം നോക്കി അയാൾ അതു ഊരി വണ്ടിയിൽ വെക്കുന്നു… കാത്തിരിക്കാൻ ഉള്ള ക്ഷമ അയ്യപ്പൻ ഇല്ല.. ഇരയെ കാത്തിരിക്കുന്ന വേട്ടക്കാരന്റെ മനസ്സുമായി അയാൾ ഒരുങ്ങി കഴിഞ്ഞു.ജീവിതത്തിൽ നേരിടെണ്ടി വരാവുന്ന എക്സ്ട്രീം സിറ്റുവേഷനിൽ നിൽക്കുന്ന രണ്ടുപേരാണ് അയ്യപ്പനും കോശിയും…കോശി കുമാരനെയും കൂട്ടാളികളുമായി ചന്തയിലേക്ക് നടന്നു നീങ്ങുന്നു.. പോകുന്ന വഴിയേ ലോഡ്ജിന്റെ താഴെ കെട്ടിയിരുന്ന കയർ എടുത്ത് കോശി അരയിൽ ഉറപ്പിക്കുന്നു…അയ്യപ്പനും കോശിയും ചന്തയുടെ നടുവിൽ നേർക്കു നേർ കാണുന്നു..
കോശി : നീ പറഞ്ഞ പോലെ ഒറ്റയ്ക്ക് മണ്ണിൽ ചവിട്ടി
അയ്യപ്പൻ : അതിന് നീ ഒറ്റയ്ക്ക് അല്ലല്ലോ
കോശി : പരിചയം ഉള്ള ആരെങ്കിലും വേണ്ടേ കാഴ്ചകർ ആയിട്ടു.. നിന്റെ കെട്ട്യോളും കൊച്ചും അകത്തായിട്ടും നിന്റെ എരിച്ചിൽ തീർന്നിട്ടില്ല അല്ലെ
അയ്യപ്പൻ : എന്ന തീർക്കട എന്റെ എരിച്ചിൽ…
കോശി ആദ്യത്തെ ചുവടിൽ തന്നെ അയ്യപ്പനെ മലർത്തി അടിക്കുന്നു..പിന്നീട് അങ്ങോട്ട് ഓരോ ചുവടും കോശി ശ്രദ്ധിച്ചാണ് നീങ്ങുന്നത്… അയ്യപ്പന്റെ മനസ്സിൽ എവിടെയോ കണക്കു കൂട്ടലുകൾ തെറ്റിയതായി തോന്നുന്നു അവിടുന്നങ്ങോട്ട് അയാൾ പ്രതിരോധം ആരംഭിക്കുന്നു..
അയ്യപ്പൻ നായരുടെ പിന്നിൽ നിന്നുള്ള പൂട്ട് വിദ്യ മനസിലാക്കിയിട്ടുള്ള കോശി തന്ത്രപരമായി നീങ്ങുന്നുണ്ട്..
അത് മനസിലാക്കി എടുക്കാൻ വേണ്ടി അടിയുടെ ഇടയിൽ കോശി അയ്യപ്പനെ പിന്നിൽ നിന്ന് പൂട്ടുന്നു.. എന്നാൽ അതിൽ നിന്നും ഊരാൻ അയ്യപ്പൻ ശ്രമിക്കുന്നു..കോശി അയ്യപ്പനെ പൂട്ടുമ്പോൾ അയ്യപ്പൻ കോശിയെ ഇടംകാലിട്ട് വീഴ്ത്തി അതിൽ നിന്നും ഊരി പോരുന്നു . കോശി അത് മനസിലാക്കി അടുത്ത ഊഴത്തിൽ അയ്യപ്പനെ പൂട്ടുമ്പോൾ അത് ഉപയോഗിക്കുന്നുണ്ട്…അവരുടെ തമ്മിൽ ഉള്ള പകയുടെ ഈഗോയുടെ എക്സ്ട്രീം ലെവൽ അവരുടെ സംഘട്ടനത്തിൽ പ്രകടമാണ്..കൊല്ലാനും ചാവാതിരിക്കാനും പര്സപരം ഉറപ്പിച്ച മനസ്സുമായി അവർ ഏറ്റു മുട്ടുന്നത് .അവസാനം ആരു ജയിച്ചു എന്ന് പറയാൻ പറ്റാത്ത വിധം സംഘട്ടനം അവസാനിക്കുന്നു..
രണ്ടുപേരുടെ ഉള്ളിലെയും കനൽ കെട്ടു അടങ്ങിയിട്ടില്ല..മനസ്സു ഒന്ന് തണുക്കുവാൻ വേണ്ടി ആകണം ദേഹമാസകലം അയ്യപ്പനും കോശിയും വെള്ളം ഒഴിക്കുന്നു..
കോശി : ഇനി റിട്ടയർ ചെയ്തു യൂണിഫോമിൽ നിന്നു ഇറങ്ങിയാൽ എന്റെ പുറകെ വരുമോ
അയ്യപ്പൻ നായർ : നീ നിന്റെ പിടിപാടും ആയിട്ടു ഈ വഴിക്കു വരാതെ ഇരുന്നാൽ മതി
ഞാൻ തീയേറ്ററിൽ സാക്ഷ്യം വഹിച്ച മലയാള സിനിമയിലെ മികച്ച ഒരു ക്ലൈമാക്സ് ആക്ഷൻ രംഗമാണ് അയ്യപ്പനും കോശിയിലെ..വളരെ റോ ആയിട്ടു പക്കാ റിയലിസ്റ്റിക് മൂഡിൽ..സ്ലോ മോഷനുകൾ ഒന്നും തന്നെ ഇല്ലാതെ തന്നെ കാണുന്ന പ്രേക്ഷകനെ പിടിച്ചിരുത്തിയ ആക്ഷൻ കൊറിയോഗ്രാഫി..യാതൊരുവിധ ഗിമിക്കോ ഉപയോഗിക്കാതെ തന്നെ നല്ലൊരു നാടൻ തല്ലു കണ്ട ഫീൽ ആണ്..
സച്ചി എന്ന സംവിധായകനും തിരക്കഥാകൃത്തും കൈയൊതുക്കം കൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്തിയ സിനിമ.രണ്ട് നായകതാരങ്ങളെ ടൈറ്റില്‍ റോളില്‍ അവതരിപ്പിച്ച് മാസ് ഡയലോഗും സ്ഥീരം ഫോര്‍മുലകളും തിരുകാതെ വിശ്വസനീയമായ രംഗങ്ങളും പൃഥ്വിരാജിലെയും ബിജു മേനോനിലെയും താരത്തെ താല്‍ക്കാലികമായി താഴെ നിര്‍ത്തിയുള്ള കാരക്ടര്‍ സൃഷ്ടിയും സച്ചി എന്ന ക്രാഫ്റ്റ്മാന്റെ മിടുക്കായിരുന്നു.
ഒരു സെമി-വില്ലൻ സ്വഭാവം അയ്യപ്പൻ നായരിലും കോശി കുര്യനിലും പ്രകടമായിരുന്നു.തങ്ങൾ തമ്മിലുള്ള മത്സരത്തിൽ നിന്നും പിന്മാറാൻ കഴിയാത്ത വിധം പെട്ടു പോകുകയാണ് ഈ രണ്ടു കഥാപാത്രങ്ങളും. ഓരോ മനുഷ്യന്റെയും ഉള്ളിലെ ഈഗോയുടെ സത്യസന്ധമായ ആവിഷ്കാരം തന്നെ ആയിരുന്നു അയ്യപ്പനും കോശിയും.മൂന്നു മണിക്കൂർ അടുത്ത് ദൈർഘ്യം ഉണ്ടായിട്ടും ഒരിടത്തു പോലും പ്രേക്ഷകനെ മുഷിപ്പിച്ചില്ല എന്നത് ആണ് ഈ സിനിമയുടെ വിജയം.എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ മാസ്റ്റർപീസ് ആണ് അയ്യപ്പനും കോശിയും സിനിമയുടെ ആക്ഷൻ കൊറിയോ ഗ്രാഫിയും.