Rageeth R Balan
കള്ളൻ പ്രസാദ് ❣️
“നമ്മളൊക്കെ ഒരു പണിക്കു ഇറങ്ങുമ്പോ.. കട്ടരോണ്ട്.. സോഫ്റ്റായിട്ട്… സ്കിനിലൊന്നു ടച്ച് ചെയ്തു നോക്കും.. ആൾ അനങ്ങിയില്ലെങ്കിൽ മാത്രം.. ആ മാല കട്ട് ചെയ്യും..എന്നിട്ടു മാലയുടെ ഒരറ്റമെടുത്തു ക്ലോത്തിന്റെ മേലേക്ക് ഇടും..എന്നിട്ടു പതുക്കെ അതിന്റെ ലയത്തില്.. ചുറ്റി… ചുറ്റി.. ഒറ്റവലി..ഐവ..ഈ ബൈക്കിൽ നടന്നു മൊട്ടിക്കുന്നവന്മാർക്കൊന്നും ഇത് പറഞ്ഞ മനസിലാവാതില്ല..ഈ സിംഗപ്പുർ കട്ടിങ് മാലായൊക്കെ ഉണ്ട്.. കാണാൻ നല്ലതാ.. പക്ഷെ ഭയങ്കര ഷാർപ്പാ..ഒറ്റ വലിക്കു തൊണ്ടയൊക്കെ കീറി.. ആള് ചത്ത് പോകും.. അതാണ് റോബറി.. ഇതു സിമ്പിൾ തേഫ്റ്റ് ”
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമ തീയേറ്ററിൽ കണ്ടപ്പോഴും അതിനു ശേഷം പലതവണ കണ്ടപ്പോഴും എന്നെ കൂടുതൽ ആകർഷിക്കുകയും അത്ഭുതപെടുത്തുകയും ചെയത ഒരു കഥാപാത്രമാണ് ഫഹദ് അവതരിപ്പിച്ച പ്രസാദ് എന്ന കള്ളൻ.കള്ളനെ പറ്റി സിനിമയിൽ വിശദമായി ഒന്നും പറയാൻ ശ്രേമിച്ചിട്ടില്ല.അയാളെ പറ്റി അയാൾ തന്നെ പറയുന്നത് കാണുന്ന പ്രേക്ഷകർക്കു പോലും വിശ്വസിനീയമല്ല.
മജിസ്ട്രെറ്റിന്റെ വീട്ടിൽ അയാളെ ഹാജരാക്കാൻ പോലീസ് കൊണ്ട് ചെല്ലുമ്പോൾ ഉമ്മറത്തു ഇരുന്നു ഒരു കൊച്ചു കുട്ടി ഭക്ഷണം കഴിക്കുന്നത് കണ്ടു പോലീസകാരിൽ ഒരാൾ പറയുന്നുണ്ട് “അൽത്താഫെ ചെക്കൻ നല്ല തട്ട് ആണല്ലോ ” എന്ന് അതിനു പ്രസാദ് പറയുന്ന ഒരു മറുപടി ഉണ്ട്
“കളിയാക്കല്ലേ സാറേ ഈ പ്രായത്തിൽ നല്ല വിശപ്പാണ് ” ആ ഒരൊറ്റ സംഭാഷണത്തിൽ ഒളിഞ്ഞു കിടപ്പുണ്ട് പ്രസാദ് എന്ന കള്ളന്റെ ജീവിതം എന്താണ് എന്തായിരുന്നു ഇപ്പോൾ ഇങ്ങനെ ആയതു എങ്ങനെ എന്ന് പറയാതെ പറഞ്ഞ് പോയ വിവരണം.. വിശപ്പ് ആകാം അയാളെ ഒരു കള്ളൻ ആക്കിയത്.തെരുവിൽ വളർന്ന അനാഥൻ ആയിരിക്കണം പ്രസാദ്.ക്ലൈമാക്സിൽ അയാൾ നിമിഷയുടെ ശ്രീജ എന്ന കഥാപാത്രത്തിനു അയക്കുന്ന കത്ത് പോലും അയാൾ മറ്റൊരാളെ കൊണ്ട് ആണ് എഴുതിക്കുന്നത്..എഴുത്തും വായനയും അറിയാത്ത മനുഷ്യൻ. പക്ഷെ തേഫ്റ്റും റോബറിയും തമ്മിലുള്ള വ്യത്യാസങ്ങൾ നന്നായി അറിയുന്ന ഒരാൾ..
ആരെയും വിശ്വസിപ്പിക്കാൻ പറ്റുന്ന കള്ളങ്ങൾ തന്നിലെ നോട്ടങ്ങളിൽ പോലും പിഴവുകളില്ലാതെ അവതരിപ്പിക്കുന്ന കടം കൊള്ളുന്ന മറ്റൊരാളുടെ പേരും വിലാസവും അവസാന നിമിഷം വരെ മുറുകി പിടിച്ചു ഒരു കൂട്ടം പോലീസ്കരെ മുഴുവൻ കബളിപ്പിക്കുന്ന മനുഷ്യൻ.അയാളുടെ കണ്ണുകളിൽ ഒരുപാട് ദുരുഹതകൾ ഒളിപ്പിച്ചു ആർക്കും പിടി തരാത്ത ഒരു കഥാപാത്രം.
🎶വരും വരും ഓരോ നാളുകൾ മായും ഓളമായി.. തരും തരും ഓരോ നേരുകൾ നോവിൻ ധാനമായി ഇനി വരും നിമിഷങ്ങളും അവയിലെ കനലാഴിയും അറിഞ്ഞതരാണാവോ 🎶എന്ന ഗാനത്തിലൂടെ സിനിമ അവസാനിക്കുമ്പോൾ പ്രസാദ് പല വേഷങ്ങളിൽ പല ദേശങ്ങളിൽ സഞ്ചരിക്കുമ്പോഴും എന്നിലെ പ്രേക്ഷകനെ വിസ്മയിപ്പിക്കുകയാണ് പ്രസാദ് എന്ന കള്ളൻ….