രാഗീത് ആർ ബാലൻ
കുഞ്ചാക്കോ ബോബന്റെ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് കസ്തുരിമാൻ.. സിനിമയിൽ ഒരു രംഗമുണ്ട് കോളേജിലെ ഒരു രംഗം..മീര ജാസ്മിന്റെ കഥാപാത്രമായ പ്രിയംവത കുഞ്ചാക്കോ ബോബന്റെ സാജൻ ജോസഫിന്റെ ചോറും പാത്രം തുറന്നു നോക്കാൻ ശ്രമിക്കുന്ന രംഗം.. സിനിമ ഇറങ്ങിയ കാലത്തു ഞാൻ എന്ന പത്തു വയസ്സുകാരന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയ രംഗം..
കോളേജിൽ ഒരു ഉച്ച സമയം എല്ലാവരും കൂട്ടം കൂടി ഇരുന്നു ഭക്ഷണം പങ്കിട്ടു കഴിക്കുമ്പോൾ സാജൻ മാത്രം ഒറ്റയ്ക്ക് മാറി ഇരുന്നു ഭക്ഷണം കഴിക്കുന്നു.. ഇതു കാണുന്ന പ്രിയംവത അതിനു കാരണം അന്വേഷിച്ചു സാജന് അടുത്ത് ചെല്ലുന്നു.. ഇവർ വരുന്നത് കണ്ടിട്ട് സാജൻ പാത്രം അടച്ചു വെക്കുന്നു.. എന്നാൽ പ്രിയ അത് തുറക്കാൻ ശ്രമിക്കുകയും പാത്രം തുറന്നു ഭക്ഷണം പുറത്തു പോകുകയും ചെയ്യുന്നു..
താഴെ വീണ ഭക്ഷണം പാത്രത്തിൽ തിരിച്ചു വാരി എടുത്ത് ഇട്ടതിനു ശേഷം സാജൻ അവിടെ കൂടി നിന്ന എല്ലാവരോടും ആയി പറയും “ദാ കണ്ടോ ബ്രെഡും കടല കറിയും ആണ്.. അതും ഇന്നലത്തെ..സാജൻ ജോസഫ് ആലൂക്കായിക്ക് ഇതെങ്കിലും എന്നും ഉണ്ടായാൽ മതി എന്ന ഇപ്പൊ “…. ഇതുപോലെ ഉള്ള സാജന്മാർ എല്ലാം എല്ലാ കാലത്തും ഉണ്ട്.. പല രൂപത്തിൽ പല ഭാവത്തിൽ..
പണ്ടൊക്കെ ഞാൻ സ്കൂളിൽ പോകുമ്പോൾ ഒരു അച്ചാറും പച്ച ചോറും മാത്രമായിരിക്കും ഉണ്ടാകുക കഴിക്കാൻ.. അന്നൊക്കെ കൂട്ടുകാർക്കിടയിൽ ഇടയിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ ഭയങ്കര മടി ആയിരുന്നു.. അതിലുപരി വിഷമവും… അങ്ങനെ ഉള്ള കാലത്തു കണ്ടതാണ് ഈ സിനിമ.. മനസ്സിൽ വല്ലാതെ അങ്ങ് ആഴത്തിൽ പതിഞ്ഞു പോയി.പട്ടിണിയും വിശപ്പും എന്ത് എന്നറിഞ്ഞവന് ഇതു കേവലം ഒരു സിനിമയിലെ രംഗം അല്ല, അത് അവന്റെ ജീവിതത്തിന്റെ ഒരു പകർപ്പ് ആണ്..എന്നും ഓർമിക്കപെടുന്ന ഒരു വേദന…