കേരള കഫെ -പുറം കാഴ്ചകൾ
രാഗീത് ആർ ബാലൻ
ഓർമയിലെ പഴയ വഴികളിലൂടെ ഒരു യാത്ര മാത്രമായിരുന്നു അയാളുടെ ലക്ഷ്യം.. ഒരുകാലത്തു ജീവിതത്തിന്റെ എല്ലാം ആയിരുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു അയാൾക്ക്.. അതിന്റെ സുഖമുള്ള വേദന മനസ്സിൽ നിറച്ചു മഴയും മഞ്ഞും ഉള്ള ഒരു പകലിൽ അയാൾ മല നിരകളിലൂടെ ഒരു ബസിൽ യാത്ര ആരംഭിക്കുന്നു..യാത്രയിൽ ഉടനീളം അയാൾക്കൊപ്പം പഴയ കാല ഓർമ്മകളും സഞ്ചരിക്കുന്നു…
“മലക്ക പാറ മലക്ക പാറ.. ഇവിടെ അഞ്ച് മിനിറ്റ് സ്റ്റോപ്പുണ്ട്.. ചായ കുടിക്കേണ്ടവർക്ക് ചായ കുടിക്കാം “കണ്ടക്ടറുടെ ഒച്ചത്തിൽ ഉള്ള വർത്തമാനം അയാളിലെ ഓർമകളിലൂടെ ഉള്ള യാത്രയെ തടസ്സപ്പെടുത്തുന്നു…അയാൾ പതുക്കെ ബസിൽ നിന്നും ഇറങ്ങി കൊടും തണുപ്പിൽ നിന്നുള്ള രക്ഷക്കായി അയാൾ ഒരു സിഗരറ്റ് എടുക്കുന്നു.. ഓരോ പുകക്ക് ഒപ്പവും വീണ്ടും ഓർമകളിലേക്ക് പതുക്കെ അയാൾ മനസ്സിനെ കൊണ്ട് പോകുന്നു ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തേക്ക്…
പെട്ടന്ന് ബസിന്റെ ഹോൺ നിർത്താതെ മുഴങ്ങുന്നു…ഡ്രൈവറുടെ സീറ്റിൽ നിന്നും കൊണ്ട് “ചുറ്റിനും വലം വെക്കാതെ ബസ് എടുക്കാൻ നോക്കടോ “… കാക്കി പാന്റും വെളുത്ത ഷർട്ടും ധരിച്ച ഒരാൾ ആയിരുന്നു ബസിന്റെ ഹോൺ മുഴക്കിയത്..അയാളുടെ കൈകളിൽ ഒരു കറുത്ത ബാഗും ഉണ്ട്..അങ്ങനെ അപരിചിതരായ രണ്ടുപേരും ഒരു സീറ്റിൽ യാത്ര ആരംഭിക്കുന്നു..
ഓർമകളിലൂടെ ഉള്ള യാത്ര അവസാനിപ്പിച്ചു അയാൾ തൊട്ടരികിൽ ഇരിക്കുന്ന അപരിചിതനും ആയി ചങ്ങാത്തം കൂടാൻ ശ്രേമിക്കുന്നു
“ഈ സ്ഥലത്തിന് എത്ര height ഉണ്ടാകും എബോവ് സീ ലെവൽ.. കടൽ നിരപ്പിൽ നിന്നു എത്ര ഉയരം കാണും ”
അപരിചിതൻ : എനിക്കറിയില്ല
“എങ്ങനെ ഉണ്ട് ഈ വർഷം സംഭരണിയിലെ വെള്ളത്തിന്റെ അളവ് ”
അപരിചിതൻ : ഇറങ്ങി നോക്കിയിട്ട് പോരായിരുന്നില്ലേ
പിന്നീട് അവർ തമ്മിൽ സംസാരിക്കുന്നില്ല യാത്രയിൽ ഉടനീളം അപരിചിതനായ വ്യക്തി വളരെ ആസ്വസ്ഥൻ ആയിരുന്നു..
“ഇതു എത്രാമത്തെ പ്രാവശ്യമാണ് വണ്ടി നിർത്തുന്നത്.. ഓരോരുത്തർക്കും ഓരോ സ്ഥലത്തു എത്താൻ ഉള്ളതാ..ഇങ്ങനെ പോയാൽ എപ്പോ എത്താനാ..
ബസ് വീണ്ടും യാത്ര ആരംഭിക്കുന്നു യാത്രക്കാരിൽ ചിലർ കണ്ടക്ടറോട് വെള്ള ചാട്ടം വരുമ്പോൾ ബസ് ഒന്ന് നിർത്തണം എന്ന് പറയുമ്പോൾ അപരിചിതൻ ഒച്ചത്തിൽ
“വെള്ള ചാട്ടം കാണാൻ പോകുന്നവർ ഒക്കെ ടാക്സി വിളിച്ചു പോകണം.. ഇതു ലൈൻ ബസ് ആണ് “.. യാത്രക്കാർ എല്ലാരും അയാളെ കളിയാക്കുന്നു..
ബസിലെ യാത്രക്കാരുടെ പാട്ടും ബഹളങ്ങളും എല്ലാം അയാളെ കൂടുതൽ ആസ്വസ്ഥൻ ആക്കുന്നു..
“കണ്ടക്ടർ ആ വളവിൽ ഒന്നു നിർത്തണം ”
കണ്ടക്ടർ : വലിയ നിയമം പറഞ്ഞ ആൾ അല്ലെ ഇവിടെ സ്റ്റോപ്പില്ല..(എല്ലാവരും ചിരിക്കുന്നു )
അപരിചിതൻ ഉറക്കെ പറഞ്ഞു “നിർത്തടോ “ബസ് നിർത്തിയതും അയാൾ റോഡിനരികിലെ ആളുകൾ തിങ്ങി നിന്ന ഒരു വീട്ടിലേക്കു ഓടി കയറുന്നു….
വീടിനു അകത്തു നിന്നും നിലവിളി ശബ്ദം ഉയരുന്നു..”ചേട്ടാ “.. ബസിനു അരികിലായി ഒരു ജീപ്പിൽ ഒരു കുഞ്ഞ് ശവപെട്ടിയുമായി നിർത്തുന്നു.. ബസിൽ ഉള്ള യാത്രക്കാർ ഒന്നടങ്കം ജനൽ വാതിലിലൂടെ ആ വീട്ടിലേക്കു നോക്കുന്നു…
ആരായിരുന്നു ആ അപരിചിതൻ..ഓർമയിലെ പഴയ വഴികളിലൂടെ ഒരു യാത്ര മാത്രമായിരുന്നു അയാൾക്ക് ഒപ്പം സഞ്ചരിച്ച സഹ യാത്രികന്റെ ലക്ഷ്യം..പക്ഷെ അയാളുടെ മനസ്സിൽ ഇപ്പോൾ പഴയ കാലം ഇല്ല അതിലെ നായിക ആയ പെൺകുട്ടി ഇല്ല..അപരിചിതനായ ആ വ്യക്തി ആരായിരുന്നു… മരണ പെട്ടത് അയാളുടെ മകനോ മകളോ ആയിരിക്കാം.. അറിയില്ല..
2009ൽ പത്തു സംവിധായകർ ഒരുക്കിയ പത്തു കഥകളുടെ ആന്തോളജി സിനിമ ആയിരുന്നു കേരള കഫെ.. അതിൽ ഒന്നായ ലാൽജോസ് അണിയിച്ചൊരുക്കിയ പുറം കാഴ്ചകൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്.പേരില്ലാത്ത യാത്രക്കാരുടെ കഥ..സഹ യാത്രികരുടെ തമാശകളോ അവരുടെ ഉല്ലാസമോ ഒന്നും മമ്മൂട്ടി അവതരിപ്പിച്ച അപരിചിതന് അംഗീകരിക്കാൻ പറ്റുന്ന ഒന്നല്ലായിരുന്നു..യാത്രക്കാർ ഒന്നടങ്കം അയാളെ വെറുക്കുന്നുണ്ട്.. അവസാനം അയാളുടെ ഒരു ഓട്ടമുണ്ട് എല്ലാം നഷ്ടപ്പെട്ടവന്റെ..
“ഓരോരുത്തർക്കും ഓരോ സ്ഥലത്തു എത്താൻ ഉള്ളതാ..ഇങ്ങനെ പോയാൽ എപ്പോ എത്താനാ..”അയാളുടെ ആ യാത്ര അത്രമേൽ പ്രിയപ്പെട്ട തന്റെ കുഞ്ഞിന്റെ മരണ വാർത്ത അറിഞ്ഞാണ് എന്നുള്ളത് അവസാനം അറിയുമ്പോൾ കാണുന്ന പ്രേക്ഷകന്റെ മനസ്സിനെ അത് വല്ലാതെ മുറിവേൽപ്പിക്കും..
ചില യാത്രകൾ അങ്ങനെ ആണ് മുന്നോട്ട് പോകുന്ന വണ്ടിക്കൊപ്പമോ പിറകോട്ട് പായുന്ന കാഴ്ചകൾക്കൊപ്പമോ ഓർമ്മകളെയും ചിന്തകളെയും തുറന്നു വിടുന്നവരാണ് ഞാനും നിങ്ങളും എല്ലാം .പല മനുഷ്യർ പല ഭാവത്തിൽ പല ദിക്കിൽ നിന്നും വന്നു പരസ്പരം അറിയാതെ അടുത്തിരുന്നു യാത്ര ചെയ്യുമ്പോൾ ചിലർ സന്തോഷത്തോടെയും ചിലർ നിരാശയോടെയും യാത്ര ചെയ്യുന്നുണ്ടാകാം..പൊരിവെയിലിൽ നിന്ന് തണുപ്പിലേക്ക്,പിന്നെ മഞ്ഞിലേക്ക് വീണ്ടും വെയിലിലേക്ക് അങ്ങനെയുള്ള യാത്രകൾ ഓരോ തിരിച്ചറിവുകളാണ് ജീവിതത്തിലേക്കു കൂട്ടിച്ചേർക്കുക.