മനസ്സിനെ കൊത്തിനുറുക്കുന്ന ഒരുപാട് സംഭാഷണങ്ങൾ ഉണ്ട് ഈ സിനിമയിൽ, ലോഹിതദാസിന് മാത്രം സാധിക്കുന്നത്

0
220

രാഗീത് ആർ ബാലൻ

നഷ്ടങ്ങളുടെ രാജകുമാരൻ സേതുമാധവൻ ❣️

മോഹൻലാൽ അഭിനയിച്ച ഏറ്റവും ഇഷ്ടപെട്ട സിനിമ ഏതാണ് എന്ന് ചോദിച്ചാൽ എനിക്ക് പറയാൻ ഒറ്റ ഉത്തരം ഉള്ളു അത് ‘ചെങ്കോൽ ‘ആണ്. പ്രേക്ഷകനെ ഇത്രയേറെ സംഘർഷം അനുഭവിപ്പിക്കുന്ന ഒരു സിനിമയില്ല. പ്രേക്ഷക മനസ്സിനെ അസ്വാസ്ഥമാക്കും.എത്ര തവണ ഈ സിനിമ ഞാൻ കണ്ടു എന്ന് ചോദിച്ചാൽ ഉത്തരമില്ല. പക്ഷേ ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ കണ്ട സിനിമ ചെങ്കോൽ ആണ്.

May be an image of 1 person and textദുരന്തങ്ങളിൽ നിന്നും ദുരന്തങ്ങളിലേക്ക് തന്നെ പോയ സേതുമാധവനും അയാൾക്ക്‌ ചുറ്റുമുള്ളവരും എന്നെ വളരെ ഏറെ വേട്ടയാടിയിട്ടുണ്ട് .ജീവിതത്തിൽ തനിക്കു നഷ്ടപ്പെട്ടു പോയതൊന്നും സേതുമാധവനു തിരിച്ചെടുക്കാൻ സാധിച്ചിട്ടില്ല. ലോഹിതദാസ് എന്ന അതുല്യ പ്രതിഭയെ എനിക്ക് ഏറ്റവും ഇഷ്ടപ്പെടാൻ കാരണം അദ്ദേഹത്തിന്റെ കഥാപാത്ര നിർമിതിയും അദ്ദേഹത്തിന്റെ തൂലികയിൽ പിറന്ന സംഭാഷണങ്ങളും ആണ്.

സേതുമാധവനും അച്യുതൻ നായരും ഹൈദ്രോസും അങ്ങനെ ഏറെ കുറെ കഥാപാത്രങ്ങൾ എല്ലാം തന്നെ വലിയൊരു അഗ്നിപർവതം മനസ്സിൽ കൊണ്ട് നടക്കുന്നവർ ആണ്..ഒരുപാട് മനസ്സിനെ കൊത്തിനുറുക്കുന്ന സംഭാഷണങ്ങൾ ഉണ്ട് ഈ സിനിമയിൽ.ജയിലിൽ നിന്നും ഇറങ്ങി സുഹൃത്തായ കേശുവിന്റെ വീട്ടിൽ ചെന്ന് രാത്രിയിലുള്ള സേതുമാധവന്റെ സംഭാഷണം

May be an image of 1 person and beard“ഇല്ല പോയതൊന്നും തിരിച്ചു പിടിക്കാൻ പറ്റുമെന്നു തോന്നുന്നില്ല..ഞാൻ ഒരുത്തൻ മൂലം എത്ര ജീവിതങ്ങൾ ആണ് പാളി പോയത്.. ജോസിനെ കൊന്നത് കുറ്റമല്ലേ..ഒന്നും എനിക്ക് ഓർമയില്ല..പക്ഷെ ചോരയുടെ പച്ച മണം ഇപ്പോഴും മൂക്കിന്ന് പോയിട്ടില്ല..പിന്നെ അയാളുടെ കരച്ചിലും.. അയാൾക്കുമില്ലേ അച്ഛനും അമ്മയും ഭാര്യയും മക്കളും..”

അച്ഛനായ അച്യുതൻ നായർക്കൊപ്പം പെങ്ങൾ നാടകത്തിനായി വീട്ടിൽ നിന്നും പോകുമ്പോൾ സേതുമാധവൻ പറയുന്നുണ്ട്

“എവിടുന്ന് കിട്ടി അമ്മേ ഇവൾക്ക് ഈ ധൈര്യം.. ധൈര്യം ഉണ്ടാകും നഷ്ടപ്പെടാൻ ഒന്നുമില്ല എന്ന് തോന്നുമ്പോൾ..നേടാൻ ഒരുപാട് ഉണ്ട് എന്ന് തോന്നുമ്പോൾ ധൈര്യം ഉണ്ടാകും..”

അതിനു ശേഷം ജോൺസൺ മാഷിന്റെ 🎶ചേതോ വികാരമേ നീറയു വീണ്ടുമെൻ ലോലമാം സന്ധ്യയിൽ 🎶എന്ന ഗാനവും
ജയിലിൽ ഇട്ടു എസ് ഐ ജോൺ മാത്യു സേതുമാധവനെ തല്ലുമ്പോൾ.. സേതുമാധവൻ തല്ലു തടഞ്ഞു കൊണ്ട് പറയുന്നുണ്ട്

“എന്നെ ഇനി അടിക്കരുത് സർ.. അടിച്ച പിന്നെ എന്നെ കൊന്നേക്കണം..അണം മുട്ടിയ പാമ്പാണ് സർ ഞാൻ..കൊല്ലാൻ വന്നപ്പോഴും ഒഴിഞ്ഞു മാറി ഓടി മാറി വിട്ടില്ല.. പിന്നെയും വന്ന പറ ഞാൻ എന്ത് ചെയ്യണം കൈ കെട്ടി നിന്ന് കൊടുക്കണോ..പണ്ടാണെങ്കിൽ കഴുത്തു നീട്ടി കൊടുത്തിട്ടുണ്ട്.. ഇന്ന് എനിക്ക് വയ്യ എനിക്ക് ജീവിച്ചേ പറ്റു”

കീരികാടൻ ജോസിന്റെ കുടുംബക്കാർ സേതുമാധവനെ ആക്രമിക്കുകയും അതിനെ തുടർന്ന് ഉണ്ടാകുന്ന മുറിവുകളുമായി സേതു ലോഡ്ജിൽ താമസിക്കുമ്പോൾ സുഹൃത്തായ കേശു കാണാൻ വരുകയും ചെയ്യുന്നു. അപ്പോൾ സേതു കേശുവിനോട് തനിക്കു എല്ലാം നഷ്ടപ്പെടുത്തിയ തെരുവിലേക്കു നോക്കി പറയുന്നത്

“ദാ കണ്ടോ ആ തെരുവിലാണ് സേതുമാധവന് എല്ലാം നഷ്ടപ്പെട്ടത് സ്വപ്‌നങ്ങളും ജീവിതങ്ങളും എല്ലാം. എന്നിട്ടൊരു കിരീടം വച്ച് തന്നു…ഇപ്പൊ ദാ മുഖത്ത് കണ്ടില്ലേ ആരെയും പറഞ്ഞു മനസിലാക്കേണ്ട.. കൊള്ളാം ഭംഗി ഉണ്ടല്ലേ..സേതുമാധവന്റെ കീരിടത്തിൽ ഇതൊരു തൂവൽ..ഒരു മനുഷ്യന് എത്രത്തോളം താഴാൻ പറ്റും? ഭൂമിയോളം അല്ലെ.. പിന്നെയും ചവിട്ടുകയാണ് തലയിൽ..എങ്ങോട്ട് താഴും.. പാതാളത്തിലേക്കു താഴാൻ മഹാബലി അല്ല..വെറും മനുഷ്യൻ സേതുമാധവൻ ആണ്..ഇനി ഒരിക്കലെങ്കിലും ഒരു പ്രാവശ്യം എങ്കിലും എനിക്ക് ജയിക്കണമെടാ.. ഒരു പ്രാവശ്യം എങ്കിലും..

May be an image of one or more people, beard and textശരിയാകും അത്രേ.. കേട്ടു തുരുമ്പിച്ചു..ജീവിതത്തിൽ ഒരായിരം വട്ടം എന്റെ മനസ്സ് എന്നോട് പറഞ്ഞിട്ടുണ്ട് ശെരിയാവും.. എന്റെ അമ്മ അച്ഛൻ പെങ്ങന്മാർ അനിയൻ ദേവി നീ അങ്ങനെ എല്ലാവരും പല വട്ടം പറഞ്ഞു..ശെരിയാവും എവിടെ.. എവിടെ ശെരിയായി ശെരിയാകുല.. സേതുമാധവൻ ഒരിക്കലും ശെരി ആകുല”

“കൊല്ലുന്നത് വെറും ഒരു തമാശ.. ഇതുവരെ കാണുക പോലും ചെയ്യാത്ത ആളുകളെ കഴുത്തു വെട്ടണം അല്ലെങ്കിൽ കാഠാരാ കയറ്റണം.. കൊന്നലെ നമുക്ക് പേരുള്ളൂ അതിനു പണം വേറെ..കൂടുതൽ കൊന്നാൽ കൂടുതൽ പണം പ്രശസ്തി.”

സ്വന്തം പെങ്ങൾ ലോഡ്ജിൽ അനശ്യസത്തിനു വരുമ്പോൾ അവളെ കൊണ്ടുവന്നത് തന്റെ അച്ഛൻ ആണെന്ന് കാണുമ്പോഴും അറിയുമ്പോഴും സേതുമാധവനും അച്യുതൻനായരും നേർ ക്ക് നേർ കാണുമ്പോഴും സേതുമാധവൻ ചോദിക്കുന്നത്

“അച്ഛൻ….നിങ്ങളാണോ ഞങ്ങളുടെ അച്ഛൻ.. നിങ്ങളെ ആണോ ഞാൻ അച്ഛാ എന്ന് വിളിച്ചത്..സ്നേഹിച്ചത്.. മാനിച്ചത്..ആരാധിച്ചത് ”

നിസഹായതകൾക്കും തിരിച്ചറിവുകൾക്കു മുൻപിൽ സേതുമാധവൻ പൊട്ടി കരഞ്ഞു കൊണ്ട് അച്ഛനോട് ചോദിക്കുന്നത് കാണുമ്പോൾ എന്റെ മനസ്സു പിടയും..

“നെഞ്ചിലെ തീ കത്തുകയാണ്..ഈശ്വര ഇതിനും മാത്രം എന്ത് പാപം ആണ് ഞാൻ ചെയ്തത്..”എന്ന് സേതു ഹൈദ്രോസിനോട് പറയുമ്പോൾ ഹൈദ്രോസ് പറയുന്നത്

“വിഷമിക്കേണ്ട ആശാനേ.. എല്ലാവരുടെ ഉള്ളിലും ഉണ്ട് തീ..എന്റെ ഉമ്മ ആരാണെന്നു അറിയമോ?കൊല്ലത്തു ചിന്ന കടയില് ഒരു ലോറി ബീവാതു ഉണ്ട്..

ലോറികാർക്കെല്ലാം അറിയാം.. ആ ഉമ്മയുടെ മോനാ.. കൊല്ലത്തു പോകാൻ എനിക്ക് പേടിയാ..ഇപ്പോഴും ഉണ്ട് എന്റെ ഉമ്മ വയസായിട്ടും..എന്നെ കാണുമ്പോൾ എല്ലാവർക്കും ഒരു തമാശയാ..പക്ഷെ എന്റെ ഉള്ളു…. (അയാൾ ഒഴിച്ച് വെച്ച മദ്യം എടുത്തു കുടിച്ചു വിതുമ്പുന്നു )ബാപ്പയുണ്ട് വടക്കു എങ്ങാണ്ട് സുഖമായിട്ട് കഴിയുന്നു..

ഇതു കഴിഞ്ഞാൽ അടുത്ത രംഗത്തിൽ അച്യുതൻ നായർ തൂങ്ങി മരിച്ചതായി സേതുമാധവൻ അറിയുകയും.. “ഈശ്വരാ “എന്ന് വിളിച്ചു കണ്ണ് പൊത്തി ഇരിക്കുന്ന സേതുമാധവനും കൂടെ ജോൺസൺ മാഷിന്റെ 🎶ചേതോ വികാരമേ നീറയു വീണ്ടുമെൻ ലോലമാം സന്ധ്യയിൽ 🎶എന്ന ഗാനവും.

May be an image of 1 person and beardകീരികാടന്റെ അച്ഛൻ ന്റെ ഉള്ളിൽ പോലും ഉണ്ട് ഒരു പൂകയുന്ന അഗ്നിപർവ്വതം..” ഈ കട്ടിലിൽ നിന്നും ഒന്ന് എണിറ്റു നിന്നിരുന്നെങ്കിൽ കൊന്നവന്റെ കൊടലെടുത്തു ഞാൻ മലയിട്ടേനെ..അവന്റെ ചോര പറ്റിയ കൈ കൊണ്ട് ഒരുപിടി ചോറ് വാരിത്തരണമെടാ അപ്പന് ”

ആദർശ ധീരനായ അച്യുതൻ നായർ മദ്യപാനി ആയി മാറുന്നു സേതുമാധവന്റെ പെങ്ങൾ അനാശ്യസ്യം ചെയ്യാൻ നിർബന്ധിതയാകുന്നു..അതിനു കൂട്ട് നിൽക്കുന്ന അച്ഛൻ.. ഗുണ്ടയാകാൻ വിധിക്കപെടുന്ന സേതുമാധവൻ.. അവസാനം മരിച്ചു വീഴുന്ന സേതുമാധവൻ അങ്ങനെ ഏറ്റവും വലിയ തകർച്ചയിലൂടെ പോകുന്ന കഥയും കഥാപാത്രങ്ങളും.

ലോഹിതാദാസ് എന്ന വ്യക്തിക്കു മാത്രമേ ഇതുപോലെ അതിവൈകാരികമായ ദുരന്തങ്ങൾ വേട്ടയാടപെടുന്ന കഥകളും കഥാപാത്രങ്ങളും സംഭാഷങ്ങളും സൃഷ്ടിക്കാൻ സാധിക്കുകയുള്ളു…..അദ്ദേഹത്തിന് മാത്രം ❣️❣️