രാഗീത് ആർ ബാലൻ
ജോസൂട്ടിയുടെ കല്യാണ ദിവസം.. കല്യാണം കൂടാൻ ആയി എത്തിയ ആളുകൾ പള്ളിലേക്ക് പോകാൻ ഒരുങ്ങുമ്പോഴും… ജോസൂട്ടിയുടെ അമ്മാവൻ പള്ളിയിൽ പോകാൻ ആയി ജോസൂട്ടിയെ നിർബന്ധിക്കുമ്പോഴും ജോസൂട്ടി ആളുകൾക്കിടയിൽ അയാളുടെ ഉറ്റ സുഹൃത്തു ആയ ഗീവർഗീസ്സിനെ തിരയുകയായിരുന്നു..
അമ്മാവൻ : രമേശാ ചെറുക്കനെ കയറ്റി കാറ് വിടടാ…
ജോസൂട്ടി: അല്ല അമ്മാവാ ഗീവർഗീസും കൂടെ ഒന്ന് വന്നിട്ടു…
അമ്മാവൻ : ഗീവർഗീസ്സ് പുണ്യാളനും ഔസേപ്പ് പിതാവും ഒക്കെ പള്ളിയിൽ വന്നോളൂമെടാ.. എടാ വണ്ടി എടുക്കട നീ..
ഈ സമയം ഗീവർഗീസ് ജോസൂട്ടിയുടെ
അടുത്തേക്ക് ഓടി വരുന്നതിനൊപ്പം പറയുന്നു “രമേശാ വണ്ടി എടുക്കല്ലേ..വണ്ടി എടുക്കരുതെന്നു..
ഗീവർഗീസ് : രമേശാ നീയും ഗോപിയും കൂടെ ഇതു പെട്ടന്ന് ഫിറ്റ് ചെയ്തേ..(കയ്യിൽ ഇരുന്ന കടലാസ് മാറ്റി രണ്ടു നമ്പർ പ്ലേറ്റുകൾ രമേശനു നൽകികൊണ്ട് ഗീവർഗീസ് പറയുന്നു )
ജോസൂട്ടി നോക്കുമ്പോൾ ജോസൂട്ടിക്കു പോകാൻ ഉള്ള രമേശന്റെ ടാക്സി കാറിനു വെയ്ക്കാൻ വേണ്ടി ഗീവർഗീസ് രണ്ടു നമ്പർ പ്ലേറ്റുകൾ കൊണ്ടുവന്നേക്കുന്നു
ജോസൂട്ടി : എന്നാടാ ഇതു?
ഗീവർഗീസ് : ജോസൂട്ടി ഈ ഗീവർഗീസ് ജീവനോടെ ഇരിക്കുമ്പോ.. നിന്നെ ഈ ടാക്സി കാറിൽ കല്യാണത്തിന് പോകാൻ ഞാൻ സമ്മതിക്കില്ലെടാ.അത് എന്റെ അഭിമാനത്തിന്റെ പ്രശനമാ..
ജോസൂട്ടി അപ്പോൾ നിസ്സാഹയാകനായി ഗീവർഗീസിനെ ഒന്ന് നോക്കും അതിനൊപ്പം ഒരു ചെറിയ ബാക്ക്ഗ്രൗണ്ട് സ്കോറും…
എത്ര മനോഹരം ആയിട്ടാണ് ഈ ഒരു രംഗത്തിൽ സൗഹൃദത്തെ ദൃശ്യവത്കരിച്ചിരിക്കുന്നത്.. ഒരുപാട് ഇഷ്ടമാണ് എനിക്ക് ഈ രംഗം.. ഒരുപാട് തവണ വീണ്ടും വീണ്ടും കണ്ട ഒരു രംഗം… സ്വന്തം കൂട്ടുകാരൻ മറ്റുള്ളവരുടെ മുൻപിൽ വില കുറഞ്ഞവനായി പോകരുതെന്ന് ആഗ്രഹിക്കുന്ന നമ്മുടെയൊക്കെ നല്ലത് കാണാൻ ആയി മാത്രം കാത്തിരിക്കുന്ന ഒരുപാട് ഗീവർഗീസുമാർ നമുക്ക് ചുറ്റുമുണ്ട്.ചിലർക്ക് ഈ രംഗം കാണുമ്പോൾ ഇതിൽ എന്താണ് ഇതിനും മാത്രം ഉള്ളതെന്ന് തോന്നാം. പക്ഷെ ഞാൻ എന്ന പ്രേക്ഷകന് ഒത്തിരി ഇഷ്ടമാണ് ഈ രംഗം.