രാഗീത് ആർ ബാലൻ
കോരിച്ചൊരിയുന്ന മഴ…ഒരു കൂട്ടം ആളുകൾ പള്ളിക്കു മുൻപിൽ ഒത്തു കൂടിയിട്ടുണ്ട്..സ്റ്റീഫൻ ഉപയോഗിക്കുന്ന 666 എന്ന നമ്പർ കറുത്ത ലാന്റ് മാസ്റ്റർ കാർ മഴ നനഞ്ഞു കാത്തു കിടക്കുകയാണ്..
“എസ്തപ്പനെ നീ പോയി രാം ദാസിനെ കാണണം..മരിച്ചു പോയവരുടെ കാഴ്ച്ചക്ക് അടക്കം ചെയ്യുന്നത് വരെ ആയുസ്സ് ഉണ്ടെന്ന..കാണേണ്ടവരെ കണ്ടിട്ടേ അവരെ യാത്രയാക്കാൻ പാടുള്ളു ”
സ്റ്റീഫൻ നെടുമ്പള്ളിയുടെ കണ്ണാണ് ഓരോ പ്രേക്ഷകനും ആദ്യം കാണുന്നത്. എല്ലാം കാണുന്ന കണ്ണ്..
“പോ എസ്തപ്പനെ പോ “സ്റ്റീഫൻ ഫാദർ നെടുമ്പിള്ളിയെ നോക്കി പതുക്കെ പള്ളി മുറ്റത്തേക്ക് ഇറങ്ങുമ്പോൾ.. റാഹേലും റോബിയും അയാളുടെ അടുക്കൽ ഓടി ചെല്ലുന്നു..കുട്ടികൾക്ക് അയാൾ എസ്തച്ഛൻ ആണ്..ആശ്രയത്തിലെ കുട്ടികൾക്ക് രാത്രികളിൽ കഥ പറഞ്ഞു കൊടുക്കുന്ന എസ്തച്ഛൻ..കുട്ടികളുടെ പ്രിയപ്പെട്ട എസ്തച്ഛൻ.
“ഒരിടത്തൊരിടത്തൊരു ദൈവം ജീവിച്ചിരുന്നു…എല്ലാവർക്കും എല്ലാവരോടും സ്നേഹം മാത്രമുണ്ടായിരുന്ന ഒരു ദൈവം. ആ ദൈവത്തിന് മക്കളുണ്ടായിരുന്നു…വലിയ സൈന്യമുണ്ടായിരുന്നു…സ്തുതി പാടാൻ ഒരു മാലാഖക്കൂട്ടവുമുണ്ടായിരുന്നു. ദൈവം ഒരു വലിയ രാജ്യത്തിന്റെ രാജാവായിരുന്നതുകൊണ്ട് കുറെ കള്ളന്മാർ മാലാഖമാരായി ചമഞ്ഞ് ദൈവത്തിന്റെ മാളികയിൽ കയറിക്കൂടി. ദൈവത്തിന്റെ മന്ത്രിമാർ ഒന്നിനൊന്ന് അത്യാഗ്രഹികളായിരുന്നു. ദൈവത്തിനെ എല്ലാവർക്കും ഇഷ്ടമായിരുന്നതുകൊണ്ട് ആരും ഒന്നും പറഞ്ഞില്ല. അങ്ങനെ ഒരു ദിവസം ദൈവം മരിച്ചു. മാലാഖമാരായി അത്രയും കാലം വേഷമിട്ട കള്ളന്മാരുടെ കൈയ്യിലായി ഭരണം. അങ്ങനെ ആ നാട്…ദൈവത്തിനെ കൊന്ന…ദൈവത്തിന്റെ സ്വന്തം നാടായി.”
എസ്ത… സ്റ്റീഫൻ..സ്റ്റീഫച്ചായൻ. എസ്‌തപ്പാൻ..എസ്തച്ഛൻ… ലൂസിഫർ..അബ്രാം ഖുറേഷി…പല പേരുകൾ ഉണ്ട് അയാൾക്ക്.. ഓരോ പേരിലും പ്രവർത്തിയിലും പല മുഖമാണ് അയാൾക്ക്.The Most Celebrated Upstart Of Contemporary Politics..ഹിന്ദുക്കൾക്ക് അവൻ മഹി രാവണൻ ഇസ്ലാമിൽ അവനെ ഇബലീസ് എന്ന് പറയും ക്രിസ്ത്യാനികൾക്ക് ഇടയിൽ ഇവനു ഒരു പേരെ ഉള്ളു ലൂസിഫർ..പി കെ രാം ദാസ് എന്ന രാഷ്ട്രീയക്കാരന്റെ വളർത്തു മകൻ,ആശ്രയം എന്ന സ്ഥാപനത്തിലൂടെ ആരുമില്ലാത്തവരെ സംരക്ഷിക്കുന്നവൻ…രാഷ്ട്രീയക്കാരൻ ആരുമില്ലാത്തവരെ സംരക്ഷിക്കുന്നവൻ.. മയക്കു മരുന്നിനെ എതിർക്കുന്നവൻ..
ആശ്രയത്തിലെ അന്തേവാസിയായ അപർണയുടെ കുഞ്ഞിന് പേരിടുന്നത് പോലും അവരുടെ എല്ലാം ആയ സ്റ്റീഫച്ചായൻ ആണ്..അതെ മനുഷ്യൻ തന്നെയാണ് ആ കുഞ്ഞിന്റെ അച്ഛൻ അലോഷിക്ക് കൂടെ നിന്നു ചതിച്ചതിനു പ്രതിഫലം ആയി മരണ ശിക്ഷ വിധിച്ചത് അവിടെ അയാൾ സ്റ്റീഫൻ ആണ്.
സ്റ്റീഫനോട് അടങ്ങാത്ത പകയുമായി നടന്ന പ്രിയദർശനിക്ക് ആപത്തു ഘട്ടത്തിൽ തുണ ആയതു സ്റ്റീഫൻ ആണ്.സ്റ്റീഫന്റെ രഹസ്യങ്ങൾ ലോകത്തോട് വിളിച്ചു പറയാൻ ശ്രമിക്കുന്ന ഗോവർദ്ധനെ സംരക്ഷിക്കുന്ന ലൂസിഫർ തന്നേ ആണ് മയിൽ വാഹനത്തെയും ബോബിയേയും കൊലപെടുത്തുന്ന സ്റ്റീഫൻ.
പതിനഞ്ചു വയസ്സ് ഉള്ളപ്പോൾ ഫാദർ നെടുമ്പിള്ളിയുടെ എസ്‌തപ്പാൻ കാണാതെ ആയി പിന്നീട് ഇരുപത്തി ആറു വർഷങ്ങൾ അയാൾ എവിടെ ആയിരുന്നു എന്ന് ഫാദറിന് അറിയില്ല. അതിനെ കുറിച്ച് ഫാദർ ചോദിക്കുമ്പോൾ അയാൾ നൽകുന്ന മറുപടി
” ഇശോ മിശിഹാ ഗലിലിയയിൽ നിന്നു കാണാതായ ശേഷം പിന്നീട് ഉള്ള പതിനെട്ടു വർഷക്കാലം എവിടെ ആയിരുന്നു എന്ന് കർത്താവിന്റെ വിനീത ഇടയനായ അവിടുന്ന് അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ടോ.. അതിനു ഉത്തരം കിട്ടുമ്പോൾ ഞാൻ ഇതിനു ഉത്തരം തരാം “എന്നാണ്.
ഇരുപത്തി ആറു വർഷങ്ങൾ എസ്‌തപ്പാൻ എവിടെ ആയിരുന്നു… എന്തായിരുന്നു അയാൾ.. ഇതിനെല്ലാം ഇനിയും ഉത്തരങ്ങൾ ലഭിക്കേണ്ടി ഇരിക്കുന്നു..
നിഗൂഢതകളുടെ താഴ് വാരത്തിൽ വസിക്കുന്ന ഒരേ ഒരു രാജാവ് ആണ് അയാൾ.. പല പേരുകളിൽ പല വേഷത്തിൽ ഒരേ സമയം ഒരുപാടുപേരുടെ രക്ഷകൻ ആകുമ്പോൾ മറു വശത്ത് അയാൾ ഒരു അഗ്നിപാർവ്വതം എരിയുമ്പോഴും ഒരു മഞ്ഞു മലയായി വർത്തിക്കുന്നവൻ ആണ്.
പ്രിയദർശിനി സ്റ്റീഫൻ നെടുമ്പള്ളിയെ കാണാനായി എത്തുന്ന ഒരു രംഗമുണ്ട് സിനിമയിൽ.ആ കൂടിക്കാഴ്ച നടക്കുന്നത് ഒരു തകർന്ന പള്ളിയിൽ വെച്ചാണ്. യേശുവിന്റെ മുറിഞ്ഞ ശിരസും അതിലൂടെ ഇഴയുന്ന പാമ്പും ആ രംഗത്തിലുണ്ട്. അതിൽ സ്റ്റീഫൻ പറയുന്നുണ്ട് “നമ്മുടെ കൂടിക്കാഴ്ചയ്ക്ക് വേണ്ടിയാണ് ഞാൻ ഈ ഇടം കരുതിവെച്ചതെന്ന്.” സ്റ്റീഫൻ തകർന്ന പോയവ എല്ലാം സംരക്ഷിക്കുന്നവൻ ആണ്.സ്റ്റീഫൻ ഉപയോഗിക്കുന്ന കറുത്ത ലാന്റ് മാസ്റ്റർ കാറും അതിന്റെ 666 എന്ന നമ്പർ ചെകുത്താന്റെ നമ്പരാണ്.. അയാൾ ചെകുത്താൻ ആണോ..
ഇരുപത്തി ആറു വർഷങ്ങൾ അയാളെ എങ്ങനെ ആണ് അബ്രാം ഖുറേഷി ആക്കി മാറ്റിയത്…
തന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനിപാതം പോലെ അയാൾ പ്രഹരം ഏൽപിക്കും.. അയാളുടെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവർ അറിയും സ്റ്റീഫനും…എസ്തയും …സ്റ്റീഫച്ചായനും… എസ്‌തപ്പാനും ….എസ്തച്ഛനും … ലൂസിഫറും.. ..അബ്രാം ഖുറേഷിയും എല്ലാം ഒരാൾ തന്നെ ആയിരുന്നു എന്ന് ഒരേയൊരു രക്ഷകൻ ആയിരുന്നു എന്ന്… ഒരേയൊരു രാജാവ്..