രാഗീത് ആർ ബാലൻ
നായകന് മുകളിൽ കയ്യടി ലഭിക്കാൻ ഉള്ള ഒരു കഴിവ് ഉള്ള നടൻ
വലിയ താരനിര ഇല്ലാതെ കെട്ടുറപ്പുള്ള തിരക്കഥയുടെയും കയ്യടക്കത്തോടെയുള്ള അഭിനേതാക്കളുടെ പ്രകടനം കൊണ്ടും റിയലിസ്റ്റിക് അവതരണം കൊണ്ടും രണ്ടു മണിക്കൂർ 26മിനിറ്റ് ദൈർഘ്യമുള്ള ഓപ്പറേഷൻ ജാവ എന്നിലെ പ്രേക്ഷകന് പൂർണ സംതൃപ്തി നൽകിയ ഒരു തിയറ്റർ എക്സ്പീരിയൻസ് ആണ് നൽകിയത്. നവാഗത സംവിധായകന്റെ കുറവുകളൊന്നുമില്ലാതെ തരുൺ മൂർത്തി തന്റെ ആദ്യസംരംഭം അതിഗംഭീരമാക്കിയിട്ടുണ്ടായിരുന്നു. തീയേറ്ററിൽ ഈ സിനിമ കണ്ടപ്പോൾ എനിക്ക് തോന്നിയ ഏറ്റവും വലിയ സന്തോഷം മലയാള സിനിമകളിൽ പല വേഷങ്ങളിലൂടെ കഴിവ് തെളിയിച്ചവരും എന്നാല് വേണ്ടത്ര അംഗീകാരം ലഭിക്കാത്തവരുമായ ഒരുപിടി അഭിനേതാക്കളുടെ അഭിനയ സാധ്യതകളെ പരമാവധി ഉപയോഗിച്ചു കണ്ടപ്പോൾ ആയിരുന്നു.അത്തരത്തിൽ ഒരാൾ ആയിരുന്നു ലുക്മാൻ.
സിനിമയിലെ ലുക്മാൻ അവതരിപ്പിച്ച വിനയ ദാസൻ തന്റെ ചേച്ചിയെ കുറിച്ച് പറയുന്ന ഒരു രംഗമുണ്ട്. ലുക്മാൻ എന്ന നടന്റെ അഭിനയ സാധ്യതകളെ പരമാവധി ഉപയോഗിച്ച രംഗം. “ഒരു മിനിറ്റ് മോളെ ഒരു കാര്യം പറഞ്ഞോട്ടെ.. കുറച്ചു വർഷങ്ങൾക്ക് മുൻപാണ് St Tresas കോളേജിൽ നിന്ന് കുറച്ചു പെൺകുട്ടികൾ ഊട്ടിയിലേക്ക് ടൂർ പോയി.. അവിടെ വെച്ച് ഒരുത്തൻ ഒരു റൂം ബോയ് ഒരുത്തൻ.. മൊബൈലിൽ ഒളി ക്യാമറ വെച്ച് ഒരു കൊച്ചു കുളിക്കുന്നതിന്റെ വീഡിയോ എടുത്ത് വൈറൽ ആക്കി. അന്ന് ഇതുപോലെ വാട്സ്ആപ്പും ഫേസ് ബുക്കും ഒന്നുമില്ല.. എന്നാലും എല്ലാവരും ഈ ചെറിയ ഫോണിലൊക്കെ കണ്ടു അതങ്ങു വൈറൽ ആയി..2010ലു എല്ലാവരും വായിച്ചു കാണും ആ കൊച്ചു കോളേജിന്റെ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി… മരിച്ചു പോയി.. അതെന്റെ പെങ്ങള..എന്റെ ചേച്ചി…ഒറ്റപെടുമ്പോൾ ഉള്ള വേദന എനിക്ക് നന്നായിട്ടു അറിയാം ”
എടുത്തുപറയേണ്ട ഒരു പ്രകടനം തന്നെ ആയിരുന്നു ലുക്മാന്റെ സിനിമയിലെ ഈ രംഗം. മരിച്ചു പോയ തന്റെ ചേച്ചിയുടെ കഥ ഫ്ലാഷ്ബാക്ക് ഒരു സീൻ പോലും കാണിക്കാതെ തന്നെ സംഭാഷണത്തിലൂടെ അതിന്റെ തീവ്രത ഒട്ടും ചോരാതെ തന്നെ കാണുന്ന പ്രേക്ഷകനിലേക്ക് അനുഭവിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.നമ്മളെ ഒന്ന് ഇരുത്തി ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുന്നതുമായ ഒരു രംഗം.എത്ര പെൺകുട്ടികൾ ആയിരിക്കാം അല്ലെ നമുക്ക് ചുറ്റും ഇതുപോലെ ആത്മഹത്യ ചെയ്തിട്ട് ഉണ്ടാകുക. ഇതുപോലെയുള്ള അവസ്ഥകൾ ഉണ്ടാകുകയും പുറത്തു പറയാൻ പറ്റാതെ നീറി ജീവിക്കുന്നതുമായ എത്ര വിനയ ദാസന്മാർ ഉണ്ടാകാം നമുക്ക് ചുറ്റും. അഭിനയിച്ച സിനിമകളിൽ ലുക്മാൻ നായകൻ ആയിരിക്കില്ല.. പക്ഷെ നായകനോപ്പം നായകന് മുകളിൽ കയ്യടി ലഭിക്കാൻ ഉള്ള ഒരു കഴിവ് ഈ നടനിൽ ഉണ്ട്.. അത് ഉറപ്പാണ്.