രാഗീത് ആർ ബാലൻ
ആശുപത്രിയിൽ കൂട്ടിരിക്കാൻ പോയിട്ടുള്ളവർ ആണ് നമ്മൾ എല്ലാവരും.. പക്ഷെ അതിന്റെ ഏറ്റവും വലിയ എക്സ്ട്രീം ലെവലിൽ പോയി തിരിച്ചു വന്ന ഒരാൾ ആണ് ഞാൻ..6മാസത്തോളം അച്ഛൻ ആശുപത്രിയിൽ കിടന്നപ്പോൾ വരാന്തയിലും icu ന്റെ മുൻപിലും മോർച്ചറിയുടെ മുൻപിൽ വരെ ഇരുന്ന് നേരം വെളുപ്പിച്ചിട്ടുണ്ട്..വെളുപിനെ 4.30മണിക്ക് എണീറ്റു ESA ഡിസ്പെൻസിറിയുടെ ക്യുവിൽ പോയി നിന്നു ഉച്ചക്ക് 2മണി വരെ അതെ ക്യുവിൽ നിന്നു മെഡിക്കൽ സുപ്രണ്ടിന്റെ ഒരു ഒപ്പിന് വേണ്ടി.കാശിനു വേണ്ടി രക്തത്തിന് വേണ്ടി… അങ്ങനെ.. ഒരുപാട് .
മനുഷ്യൻ പല ഭാവത്തിൽ പല ദിക്കിൽ നിന്നും വന്നു പരസ്പരം അറിയാതെ മുഖത്തോട് മുഖം നോക്കിയിരിക്കുന്ന ഒരു സ്ഥലമാണ് ആശുപത്രി വരാന്തകളും icu യും മോർച്ചറിയും എല്ലാം. ചിലർ സന്തോഷത്തോടെയും ചിലർ നിരാശയോടെയും ആശുപത്രിയിൽ നിന്നും പോകുന്നതും വരുന്നതും കണ്ടിട്ടുണ്ട്. പുതിയൊരു ജീവൻ പിറക്കുന്നതും മറ്റൊരു ജീവിതം ഇല്ലാതെ ആകുന്നതും കണ്ടിട്ടുണ്ട്.ആശുപത്രിയിൽ അപരിചിതരായ മനുഷ്യർ ഒത്തുകൂടി പിന്നീട് അവർ തമ്മിൽ സംസാരിച്ചാൽ അവർക്കിടയിൽ ഒരു ആത്മബന്ധം ഉണ്ടാകും എന്നതു വളരെ സത്യമായിട്ടുള്ള കാര്യമാണ്..
അവസാനം അച്ഛന്റെ തണുത്തു വിറങ്ങലിച്ച ചീർത്ത ശരീരം മോർച്ചറിയിൽ നിന്നും ഞാൻ വാങ്ങുമ്പോൾ.. മരിച്ചിട്ടും ഇൻഫെക്ഷൻ ആയി ശരീരത്തിൽ നിന്നു രക്തം വന്നപ്പോൾ മോർച്ചറിയിൽ കയറ്റി ശരീരം വൃത്തിയാക്കാൻ ആശുപത്രിയിൽ ഉള്ളവരോട് പറഞ്ഞപ്പോൾ അവർക്കു ആളില്ല അത് ചെയ്യാൻ എന്ന് പറഞ്ഞപ്പോൾ ഞാൻ അത് ചെയ്യാൻ മോർച്ചറിയിൽ കയറിയപ്പോൾ എനിക്കൊപ്പവും കൂട്ടിനു ഉണ്ടായിരുന്നു സാബുവിനെ പോലെ ഒരാൾ..
നഷ്ടപ്പെടാൻ ഇനി ഒന്നും ബാക്കി ഇല്ലാതെ ജീവിതം തന്നെ കൈ വിട്ടു പോയി ഞാൻ നിൽക്കുമ്പോഴും ” നീ സമാധാനമായി ഇരിക്കെടാ എല്ലാം ശെരി ആകും “എന്ന് പറഞ്ഞ ആശ്വസിപ്പിച്ച ഒരുപാട് സാബുമാരെ ആ കാലത്തു കാണാൻ എനിക്കും സാധിച്ചിട്ടുണ്ട് ….മധുരം എന്ന സിനിമ നമ്മൾ ഒരിക്കൽ എങ്കിലും അനുഭവിച്ചിട്ടുതും മറ്റുള്ളവരുടെ ജീവിതത്തിൽ സംഭവിച്ചതും നമ്മൾ കണ്ടതും കേട്ടതുമായ നമ്മളൊക്കെ മറക്കാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുടെ നേർ കാഴ്ചയാണ്.. എന്നെ സംബന്ധിച്ചിടത്തോളം എന്നിലെ പ്രേക്ഷനു ഏറ്റവും നന്നായി കണക്ട് ചെയ്യാൻ പറ്റുന്ന സിനിമ ആണ് മധുരം..
“കാശ് വരും പോകും പിന്നെ ഒരൊറ്റ പോക്ക് പോകും പിന്നെ വരുകേല “