ചേട്ടൻ സൂപ്പറാ….❣️
രാഗീത് ആർ ബാലൻ
മഹേഷ് അയാളുടെ ചെരുപ്പ് നന്നായി കഴുകി വൃത്തിയാക്കി എടുക്കുകയാണ്.. പാറപ്പുറത്തു അയാൾ അത് വെച്ച് പതുക്കെ കുളിക്കുവാനായി ഇറങ്ങുന്നു.. നരസിംഹം സിനിമയിലെ “ധാന്യം ധെയം നരസിംഹം “പാട്ടൊക്കെ പാടിയാണ് കുളിക്കുന്നത്.. കുളി കഴിഞ്ഞു പോകുമ്പോൾ പാറപ്പുറത്തു വെച്ച ചെരുപ്പ് അയാൾ എടുത്ത് നടന്നു നീങ്ങുന്നു.. അടുത്ത രംഗം മഹേഷിന്റെ വീട് കാണിച്ചു കൊണ്ട്
🎶മല മേലെ തിരി വെച്ച് പെരിയാറിൻ തളയിട്ട്… ചിരി തൂകും പെണ്ണല്ലേ ഇടുക്കി… ഇവളാണിവളാണ് മിടു മിടുക്കി….
ഇവിടുത്തെ കാറ്റാണ് കാറ്റ്…മല മൂടും മഞ്ഞാണ് മഞ്ഞു 🎶 എന്ന ഗാനം വരുന്നു…അവിടുന്നു അങ്ങോട്ട് മഹേഷും ചാച്ചനും ക്രിസ്പിനും ആർട്ടിസ്റ്റ് ബേബിയും കുഞ്ഞുമോനും സൗമ്യയും ജിമ്സിയും ജിംസണും സോണിയയും ഒരൊറ്റ രംഗത്തിൽ വന്നു പോയ പ്ലാവിൽ നിന്നും വീണു മരിക്കുന്ന അപ്പാപ്പനും അങ്ങനെ സിനിമയിലെ എല്ലാവരും എന്റെ മനസ്സിൽ അങ്ങ് കയറി കൂടി..
ഞാൻ എന്ന പ്രേക്ഷനെ റിയലിസ്റ്റിക് പ്രതികാരം കാണിച്ചു അത്ഭുതപെടുത്തിയ സിനിമ ആയിരുന്നു മഹേഷിന്റെ പ്രതികാരം.ഒരുപാട് മനോഹരമായ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണ് മഹേഷിന്റെ പ്രതികാരം..മഹേഷിന്റെ കാമുകി സൗമ്യയുടെ കല്യാണത്തിന്റെ അന്ന് അവളെ അവസാനമായി പള്ളിയിൽ പോയി മഹേഷ് കാണുന്ന ഒരു രംഗം ഉണ്ട്.. മഹേഷും സൗമ്യയും തമ്മിൽ കാണുമ്പോൾ മഹേഷിന്റെ മുഖത്തു ഒരു ചിരി ഉണ്ട്.. അത് വെറും ഒരു ചിരി അല്ല ഉള്ളിലെ സങ്കടം ചിരി ആയി വരുന്നതാണ്.. വീട്ടിൽ എത്തുന്ന മഹേഷ് തന്റെ മുറിയിലെ കണ്ണാടിയുടെ മുന്നിൽ നിന്ന് പൊട്ടിക്കരയുകയാണ്. കരച്ചിൽ നിർത്തി പുറത്തേക്കു ഇറങ്ങാൻ പോകുമ്പോൾ മഴ തകർത്തു പെയ്യുക ആണ്..
ചാച്ചൻ : എവിടേക്കാ?
മഹേഷ് : കടയിലേക്ക്
ചാച്ചൻ : മഴ തോർന്നിട്ടു പോകാം
തകർത്തു പെയ്യുന്ന മഴയല്ല മഹേഷിന്റെ ഉള്ളിൽ പെയ്യുന്ന സങ്കടത്തിന്റെ മഴയാണ് ചാച്ചൻ ഉദ്ദേശിച്ചത്. മഴ കുറയാൻ കാത്തിരിക്കുന്ന മഹേഷിനോട് ചാച്ചൻ ഓർമപ്പെടുത്തുന്നു “കടയല്ല ….സ്റ്റുഡിയോ ….”
മഴ നോക്കി മഹേഷ് ഇരിക്കുമ്പോൾ മനസ്സിലേക്ക് ഒരു മഴ കാലത്തെ സൗമ്യയുടെയും മഹേഷിന്റെയും ഒരു ദിവസം ഓർത്തുപോകുന്നു..കോരിച്ചൊരിയുന്ന മഴയത്തു ചാച്ചനും ആയി മഹേഷ് പള്ളിയുടെ കല്പടവുകൾ ഇറങ്ങുമ്പോൾ സൗമ്യ പള്ളിയിലേക്ക് വരുന്ന ഒരു രംഗം.അതെ സമയം അതുപോലെ ഒരു മഴയത് തന്റെ എല്ലാം എന്ന് വിശ്വസിച്ചിരുന്ന സൗമ്യ മറ്റൊരാൾക്കൊപ്പം പുതിയ ജീവിതം ആരംഭിക്കുക ആയിരുന്നു
മഴ തോർന്നു വീട്ടിൽ നിന്നു പുറത്തേക്കു ഇറങ്ങുമ്പോൾ ചാച്ചൻ മഹേഷിനോട് ചോദിക്കും- “മഹേഷേ ആ കൊച്ച് നിന്നെ പറ്റിച്ചു കളഞ്ഞല്ലേ ”
മഹേഷ് : ശോ.. അത് ഞാനായിട്ട് വേണ്ടാന്ന് വെച്ചതല്ലേ.. ഒരു വിഷമവും ഇല്ല.. (ഇതു പറയുന്നതും മഹേഷിന്റെ കൈ ഉമ്മറത്തെ ഗ്രില്ലിൽ കൊണ്ട് അയാളുടെ റൈൻ കോട്ട് താഴെ പോകുന്നതും ഒരുമിച്ചാണ്… മനസ്സു പിടഞ്ഞു ഇരുന്നാൽ പിന്നെ നമ്മുടെ ശരീരം നമ്മുടെ നിയന്ത്രണത്തിൽ വരുക ഇല്ല )വളരെ ലളിതവും സരസവുമായ ഒരു പ്രതികാര കഥയിലൂടെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു സിനിമാ അനുഭവം ആണ് ദിലീഷ് പോത്തന്‍ മഹേഷിന്റെ പ്രതികാരത്തിലൂടെ ഓരോ പ്രേക്ഷകനും നൽകിയത്.മഹേഷിന്‍റെ പ്രതികാരം കാണുന്ന ഓരോ പ്രേക്ഷകനും കുറച്ചു ദിവസം ഇടുക്കിയില്‍ പോയി താമസിക്കുന്നതായി തോന്നും. അവിടത്തെ കാഴ്ചകള്‍ അവിടത്തെ സംസാരം അവിടത്തെ രുചി എല്ലാം അനുഭവിക്കുന്നതായി തോന്നാം.
ആഷിക് അബുവിന്റെ സംവിധാന സഹായിയായിരുന്ന ദിലീഷ് പോത്തന്‍ ആദ്യമായി സംവിധാനം നിര്‍വഹിച്ച സിനിമയാണെന്ന് മഹേഷിന്റെ പ്രതികാരം കണ്ടാൽ പറയുകയില്ല.തുടക്കാരന്റെ യാതൊരു പതർച്ചയും ഇല്ലാതെ അത്രയ്ക്ക് സൂക്ഷ്മതയോടെ മുഷിപ്പിക്കാതെ ലളിതമായ രീതിയില്‍ തന്നെയാണ് ദിലീഷ് പോത്തൻ സിനിമയെ അവതരിപ്പിച്ചിട്ടുള്ളത്.ഇടുക്കിയുടെ സൗന്ദര്യത്തെ ഒപ്പിയെടുത്ത ഷൈജു ഖാലിദിന്റെ ഛായാഗ്രഹണ മികവ് അതിഭാവുകത്വമോ നാടകീയതയോ ഒട്ടുമില്ലാതെ ശ്യാം പുഷ്ക്കരന്റെ മികച്ച തിരക്കഥ സൈജു ശ്രീധറിന്റെ എഡിറ്റിങും റഫീഖ് അഹമ്മദിന്റെ സുന്ദരമായ വരിള്‍ക്കൊപ്പം ബിജിബാലിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും ഇവയെല്ലാം ചേർന്നപ്പോൾ മലയാളി പ്രേക്ഷകർക്കു എന്നും ഓർമ്മിക്കാൻ സാധിക്കുന്ന ഒരു സിനിമ ആയി മാറി മഹേഷിന്റെ പ്രതികാരം…
മഹേഷ് ഒരു ഫോട്ടോഗ്രാഫർ ആണ്. മുണ്ടും അയഞ്ഞ തരത്തിൽ ഉള്ള ഷർട്ടുകളും ഇട്ടാണ് അയാളുടെ നടപ്പ്. തനി നാട്ടുംപുറത്ത്കാരൻ..ഫോട്ടോഗ്രാഫർ എന്നത് അയാളെ സംബന്ധിച്ചിടത്തോളം ചാച്ചനിൽ നിന്നും ലഭിച്ച ഒരു സ്റ്റുഡിയോ നടത്തിപ്പ് മാത്രമാണ്. അത് വ്യക്തമായി മഹേഷിന്റെ മാനറിസങ്ങളിലൂടെ പ്രേക്ഷകനിലേക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെടുന്നുണ്ട്..ജിംസിയുടെ കഥാപാത്രം മഹേഷിന്റെ സ്റ്റുഡിയോയിൽ വരുകയും ഫോട്ടോ എടുക്കുകയും തുടർന്ന് “ചേട്ടന് ഇതിനെപ്പറ്റി വലിയ ധാരണ ഒന്നും ഇല്ലല്ലേ ” എന്ന ജിംസിയുടെ ഡയലോഗിലൂടെ മഹേഷ് ഫോട്ടോഗ്രാഫിയെ തികച്ചും പ്രൊഫഷണൽ ആയി കണ്ടു തുടങ്ങുന്നു..
മഹേഷ് ആദ്യമായി അയാളെ വിമർശിച്ച ജിംസിയുടെ തന്നെ ഒരു മനോഹരമായ ഫോട്ടോ അയാളുടെ ക്യാമറ കണ്ണിൽ പതിപ്പിച്ചു മഞ്ചാടി എന്ന പുസ്തകത്തിന് അയച്ചു കൊടുക്കുകയും ചെയ്യുന്നു..തുടർന്ന് മഞ്ചാടിയിൽ ആ ഫോട്ടോ അച്ചടിച്ചു വരുകയും ജിംസി മഹേഷിന്റെ വീട്ടിൽ അതുമായി ചെല്ലുന്നുണ്ട്
ജിംസി : എന്തായാലും ഫോട്ടോ മഞ്ചാടിയിൽ അടിച്ചു വന്നിട്ടുണ്ട്..എന്റെ ഫോട്ടോ ആയതു കൊണ്ട് മാത്രം പറയുവല്ല.. സംഭവം കിടുക്കിട്ടുണ്ട് സൂപ്പർ
മഹേഷ് : താങ്ക്യു…അന്ന് അങ്ങനെ പറഞ്ഞപ്പോ ഞാനും ഒന്ന് ലൈറ്റ് ആയിട്ടു പതറി പോയായിരുന്നേ.. സ്നേഹം കൊണ്ട് ആൾക്കാരാരും സത്യം പറയില്ലന്നെ..
ജിംസി : ചേട്ടൻ സൂപ്പറാ…
ക്ലൈമാക്സിൽ മഹേഷ് ജിംസണനെ തല്ലി തോൽപിച്ചു ആശുപത്രിയിൽ ആക്കുന്നു…മഹേഷ് അയാളെ കാണാൻ ആശുപത്രിയിൽ ചെന്നിട്ടു പറയും
ഞാനും ജിംസിയും തമ്മിൽ അടുപ്പത്തിലാണ്.. എനിക്ക് ഇവളെ കെട്ടിയാൽ കൊള്ളാമെന്നുണ്ട്..എന്താ ജിംസന്റെ അഭിപ്രായം…
ടൈറ്റിൽ കാർഡ് തെളിഞ്ഞു വരുന്നു
“മഹേഷിന്റെപ്രതികാരം ”
കാണുന്ന ഓരോ പ്രേക്ഷകനും മനസ്സിൽ പറയും “ചേട്ടൻ സൂപ്പറാ ”
എപ്പോൾ കണ്ടാലും ഒരു പ്രത്യേക സന്തോഷം നൽകുന്ന ഒരു സിനിമ ആണ് എനിക്ക് മഹേഷിന്റെ പ്രതികാരം….
**