Entertainment
സെക്സ് ഈസ് നോട്ട് എ പ്രോമിസ്’ എന്നവൾ പറയുമ്പോൾ നമുക്ക് മുഖം ചുളിക്കാൻ തോന്നാത്തതും ആ കഥാപാത്രം അത്ര മനോഹരമായത് കൊണ്ടാണ്

Rageeth R Balan
കണ്ടു കഴിയുമ്പോൾ ഞാൻ എന്ന പ്രേക്ഷകനെ കുത്തിനോവിക്കുകയും സ്വയം ഉള്ളിലിട്ട് ആലോചിപ്പിക്കുകയും ഇതൊന്നുമല്ലെങ്കിൽ പോലും മനസ്സിൽ ഒരു ചെറിയ വേദനയെങ്കിലും സമ്മാനിച്ചാട്ടിയായിരിക്കും ചില സിനിമകൾ അവസാനിക്കുന്നത്.ഒരു നീറ്റലായി അത് നമ്മുടെ കൂടെ എന്നും ഉണ്ടാവും.അത്തരം ഒരു സിനിമ അനുഭവം ആണ് എനിക്ക് മായാനദി.തൃപ്പൂണിത്തറ സെൻട്രൽ ടാക്കീസിൽ 2017 ഡിസംബർ 24നു രാത്രിയിൽ കണ്ട സിനിമ. കണ്ടു കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു മരവിപ്പ് സമ്മാനിച്ച സിനിമ.
ശരീരത്തിൽ തൊട്ടും തൊടാതെയുമുള്ള പ്രണയകഥകൾ മലയാളത്തിൽ ഇതിനു മുമ്പും വന്നിട്ടുണ്ടെങ്കിലും മായാനദിയിലെ പ്രണയം വ്യത്യസ്തമാവുന്നത് അപ്പു എന്ന കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകൾ കൊണ്ടാണ്. ‘സെക്സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന അവൾ പറയുമ്പോൾ നമുക്ക് മുഖം ചുളിക്കാൻ തോന്നാത്തതും ആ കഥാപാത്രം അത്ര മനോഹരമായത് കൊണ്ടാണ്.ഇരുവരും ഇഴുകിച്ചേർന്നഭിനയിച്ച രംഗങ്ങളിൽ പോലും ആസ്വാദകന് ആശ്ലീലതയല്ല മറിച്ച് അവരുടെ ഉള്ളിലെ പ്രണയത്തിന്റെ തീവ്രതയാണ് മനസ്സിലാക്കാനാവുക.
ജയേഷ് മോഹന്റെ ഛായാഗ്രഹണവും റെക്സ് വിജയന്റെ സംഗീതവും മായാനദിയെ കൂടുതൽ മനോഹരമാക്കിയവയാണ് . സിനിമ സമ്മാനിക്കുന്ന ഫീൽ ആസ്വാദകനിൽ എത്തിക്കുന്നതിൽ ഇവ രണ്ടും പുലർത്തിയ പങ്ക് വലുതാണ്. ഷഹബാസ് അമന്റെ ശബ്ദം പാട്ടുകളുടെ മനോഹാരിത വർധിപ്പിക്കുന്നു. ആഷിക്ക് അബു എന്ന സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ സിനിമയാണ് മായാനദി. സിനിമ എന്ന കലയെ അതിന്റെ മൂല്യങ്ങൾ ചോർന്നു പോകാതെ കൊമേഴ്സ്യൽ ചേരുവകകൾ കുത്തിക്കേറ്റാതെ അവതരിപ്പിക്കാൻ അദ്ദേഹത്തിനായി. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച സിനിമ തന്നെ ആണ് മായാനദി.
സിനിമയുടെ അവസാന ഭാഗം ഒരുപക്ഷേ എല്ലാ പ്രേക്ഷകനെയും തൃപ്തിപ്പെടുത്താൻ സാധ്യതയില്ലെങ്കിലും ചിരിപ്പിച്ചില്ലെങ്കിലും ചിന്തിപ്പിച്ചില്ലെങ്കിലും കാണുന്ന പ്രേക്ഷകനെ വിടാതെ പിന്തുടരുന്ന അനുഭവമാകും. മായാനദിയെ കുറിച്ച് നല്ലതും ചീത്തയുമായ ഒരുപാട് അഭിപ്രായങ്ങൾ പലർക്കുമുണ്ട്. പക്ഷെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ സിനിമയോട്.വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന സിനിമ..സ്വഭാവികതയുടെ മികച്ച ഒരു ആസ്വാദനമാണു മായാനദി എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.മലയാള സിനിമയില്‍ പലപ്പോഴായി പറഞ്ഞിട്ടുള്ള ഒരു കഥ തന്നെയാണ് മായാനദിയും പറഞ്ഞത്. എന്നാല്‍ അതിന്റെ അവതരണ ശൈലി എന്നിലെ പ്രേക്ഷകനെ അത്ഭുതപെടുത്തുകയാണ് വീണ്ടും വീണ്ടും കാണുമ്പോഴും.
588 total views, 3 views today