രാഗീത് ആർ ബാലൻ
രാജീവനും നന്ദിതയും ❣️
മേഘമൽഹാർ എന്ന സിനിമയെ കുറിച്ച് എങ്ങനെ ആണ് എഴുതുക.. അറിയില്ല.. പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു തരം അനുഭവമാണ് ഈ സിനിമ നൽകുന്നത്.അതു കൊണ്ട് തന്നെ ഞാൻ ഈ സിനിമയെപ്പറ്റി എഴുതുമ്പോൾ ഈ സിനിമ എന്റെ മനസ്സിലുണ്ടാക്കിയ സ്വാധിനം എത്രത്തോളം എന്ന് എനിക്ക് എഴുതി ഫലിപ്പിക്കാൻ പറ്റില്ല. പക്ഷെ മനസിലുണ്ട്… വ്യക്തിപരമായി ആഴത്തിൽ മനസ്സിൽ പതിഞ്ഞ സിനിമ..
ഓരോ തവണ ഈ സിനിമ കാണുമ്പോഴും രാജീവനും നന്ദിതയും എന്നെ വല്ലാതെ haunt ചെയ്യുന്നുണ്ട്..പ്രണയത്തെ പ്രമേയം ആക്കി എത്ര സിനിമകൾ ഈ കാലയളവിൽ നമ്മൾ ഓരോരുത്തരും കണ്ടിട്ടുണ്ട്..ചില സിനിമകൾ സന്തോഷത്തോടെ ഒന്നിച്ച കഥകളും കഥാപാത്രങ്ങളും ആയി വന്നു നമ്മളെ സന്തോഷിപ്പിച്ചപ്പോൾ മറ്റു ചില കഥകളും കഥാപാത്രങ്ങളും ഒന്നിക്കാൻ പറ്റാതെ ഒരു വേദനയായി കാണുന്ന പ്രേക്ഷകന്റെ മനസ്സിൽ നിൽക്കുന്ന തരത്തിൽ വന്നു…മനോഹരമായ വരികൾ കൊണ്ടും ഈണങ്ങൾ കൊണ്ടും സിനിമക്ക് ഒപ്പം സഞ്ചരിക്കുന്ന ഗാനങ്ങൾ.. ഇടക്ക് ഇടക്ക് വന്നു പോകുന്ന ഗസൽ സംഗീതങ്ങൾ ബിജുമേനോൻ സായുകത വർമ്മ എന്നിവരുടെ മത്സരിച്ചുള്ള അഭിനയം..അവർ ആ കഥാപാത്രങ്ങളായി ജീവിക്കുക ആയിരുന്നു..നമുക്ക് ചുറ്റുമുണ്ട് രാജീവനും നന്ദിതയും എല്ലാം.. മനസ്സിന്റെ ഉള്ളിൽ ഒരു വേദനയും ആയി സുഖമുള്ള കുറേ ഓർമകളുമായി ജീവിക്കുന്നവർ..
സിനിമയുടെ ക്ലൈമാക്സിൽ “വർഷങ്ങൾക്കു ശേഷം സംഭവിച്ചേക്കാവുന്ന കഥയുടെ പരിസമാപ്തി ” എന്ന് എഴുതി കാണിച്ചു കൊണ്ട് നമ്മളെ കൂട്ടികൊണ്ട് പോകുന്നത് നന്ദിതയുടെയും രാജീവന്റെയും വാർദ്ധക്യ കാലമാണ്..കന്യാകുമാരിയിൽ വെച്ച് അവർ തമ്മിൽ വീണ്ടും കാണുമ്പോൾ പരസ്പരം അറിയാത്ത രണ്ട് അപരിചിതരെ പോലെ ഹലോ പറഞ്ഞു മുഖത്തോട് മുഖം നോക്കി അവർ നിൽക്കുന്നു.. കഥ അവിടെ അവസാനിക്കുന്നു സ്ക്രീനിൽ A film By Kamal എന്ന് എഴുതി വന്നു ഗസലിന്റെ അകമ്പടിയോടെ അവസാനിക്കുന്നു…
സിനിമയിൽ നന്ദിതയും രാജീവനും ഒരു പുഴ കടക്കുമ്പോൾ നന്ദിത മനസ്സിൽ പറയുന്ന വരികൾ ഉണ്ട് “ഒരു വിസ്മയമാണ് ഈ യാത്ര..അല്ലെങ്കിൽ എന്നോ കണ്ടൊരു സ്വപ്നം.. സംഭവിക്കുകയാണ് ഇപ്പോൾ..എന്നെങ്കിലും പ്രതീക്ഷിച്ചിരുന്നോ.. ഇല്ല ഇങ്ങനെ ഒരു ആകസ്മിക മുഹൂർത്തം.. ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല.. അന്ന് കണ്ണിൽ നിന്ന് മറയുന്നത് വരെ കൽമണ്ഡപത്തിൽ നിന്ന് കരഞ്ഞ പെൺകുട്ടി ഈ ഞാൻ ആണെന്ന് രാജീവന് മനസിലായിട്ടുണ്ടാകില്ല.. ഉറപ്പ്..പിന്നെ എത്രയോ നാളുകൾ നിറഞ്ഞു തുളുമ്പിയ കണ്ണുകളുമായി പെൺകുട്ടി വെറുതെ ആ വഴിലേക്ക് നോക്കി നിന്നിട്ടുണ്ടെന്നു രാജീവന് അറിയില്ലല്ലോ..വേണ്ട അറിയണ്ട..തല്ക്കാലം ഇതൊരു സുഖമുള്ള രഹസ്യമായി കൊണ്ട് നടക്കാം ”
വിസ്മയകരമായ ചില യാത്രകൾ ചില ആകസ്മിക കണ്ടുമുട്ടലുകൾ സുഖമുള്ള ചില ഓർമ്മകൾ എല്ലാം എല്ലാവരുടെ ഉള്ളിലുടെയും കടന്നു പോകുന്ന ഒന്നാണ്… ചിലർ അതിനെ രഹസ്യമായി ഇന്നും കൊണ്ട് നടക്കുന്നു.. ഒരു സുഖമുള്ള നോവായി..അതുപോലെ ഒന്നാണ് മേഘ മൽഹാറും രാജീവനും നന്ദിതയും…