രാഗീത് ആർ ബാലൻ
ദാസൻ ❣️
നാടോടിക്കാറ്റ് എന്ന സിനിമ ഓരോ പ്രാവശ്യവും കാണുമ്പോഴും ഏറ്റവും അധികം ചിന്തിക്കുന്നതും വല്ലാത്ത ഒരു മാനസിക അവസ്ഥയിലേക്ക് കൊണ്ട് പോയിട്ടുള്ളതും ദാസൻ എന്ന കഥാപാത്രം ആണ് .പട്ടിണിയും കഷ്ടപ്പാടും ദുരിതങ്ങളും തൊഴിലായ്മയും എല്ലാം അനുഭവിച്ച മനുഷ്യൻ.. എത്ര മനോഹരമായായിട്ടാണ് മോഹൻലാൽ അഭിനയിച്ചിട്ടുള്ളത് എന്ന് പറയാൻ പറ്റില്ല..എത്ര മനോഹരം ആയിട്ടാണ് അദ്ദേഹം ആ കഥാപാത്രത്തിലൂടെ ജീവിച്ചത് എന്ന് വേണം പറയാൻ… കേവലം ഒരു തമാശ സിനിമ അല്ല നാടോടികാറ്റ്..
ആഹാരം വെക്കാൻ ആയി വീട്ടിൽ ഒന്നും ഇല്ലാത്ത ഒരു അവസ്ഥ വരുമ്പോൾ രാധയുടെ വീട്ടിൽ ചെന്നു അരിയും മണ്ണെണ്ണയും വാങ്ങാൻ നിൽക്കുന്ന ദാസൻ .. “ഇവിടെ അരിയുണ്ടോ.. രാവിലെ കട തുറന്നാൽ ഉടനെ തിരിച്ചു തരാം “എന്നും പറഞ്ഞു രാധയുടെ വീട്ടിൽ ചെന്നു നിൽക്കുമ്പോൾ അയാളിൽ ഒരു കുസൃതി നിറഞ്ഞ ഒരു ചമ്മൽ ഉണ്ട് അതിലുപരി ഒരു ചെറു പുഞ്ചിരി ഉണ്ട്..അതുപോലെ ഇന്നസെന്റ്ന്റെ ബാലേട്ടൻ എന്ന കഥാപാത്രത്തെ കാണുമ്പോൾ റോഡു അരികിൽ നിന്ന് ദാസൻ പറയുന്നുണ്ട് “സത്യം പറയാലോ ബാലേട്ടാ.. പട്ടിണിയിലാണ്..മുഴു പട്ടിണിയിൽ “അത് പറയുമ്പോൾ മോഹൻലാലിന്റെ ചലനങ്ങളിൽ പോലും നിസ്സഹായാവസ്ഥ പ്രകടമാണ്..
അമ്മയുടെ മരണ വാർത്ത അറിയിച്ചു കൊണ്ടുള്ള ഒരു കത്ത് ദാസൻ വായിക്കുന്ന ഒരു രംഗമുണ്ട്.. ഒരുപാട് തവണ റിപീറ്റ് അടിച്ചു കണ്ട ഒരു രംഗം.”ഒരു ചെറിയ വിശേഷം ഉണ്ട് എന്റെ അമ്മ മരിച്ചു പോയി “താങ്ങാവുന്നതിലും അപ്പുറം ആണ് ആ ഒരു വാർത്ത അയാളിൽ ഉണ്ടാകുന്ന ഒരു അവസ്ഥ.. ഒരു തരം മരവിപ്പ്.. അത് കൊണ്ടാകണം അയാൾ ഒരു കൈ കൊണ്ട് ഭിത്തിയിൽ തന്റെ ശരീരത്തെ താങ്ങി നിർത്തുന്നത്…വല്ലാതെ മനസ്സു പിടഞ്ഞു പോകും കാണുന്ന പ്രേക്ഷകന്റെ..
എല്ലാം നഷ്ടപ്പെട്ടു ഇനി എന്ത് എന്ന അറിയാതെ മനസ്സു പിടഞ്ഞു നിൽക്കുമ്പോൾ ദാസൻ പറയുന്നത് “Inferior to every body…സത്യത്തിൽ കോംപ്ലക്സ് അല്ല അത് വെറും പരമാർത്ഥം..ആർക്കു വേണ്ടി ഞാൻ ഇനി ജീവിക്കണം..എന്തിന് വേണ്ടി ജീവിക്കണം.. അറിയില്ല.. ആ ഒരു അവസ്ഥ വല്ലാത്ത ഒന്നാണ് ”
നിസ്സഹായതകൾക്ക് മുൻപിൽ തളർന്നു പോകാതെ ചെറു പുഞ്ചിരിയോടെ എല്ലാം നേരിടുന്നവൻ ആണ് ദാസൻ .അന്നും ഇന്നും ഇനി എന്നും ദാസൻമാർ നമുക്കിടയിൽ തന്നെ ജീവിക്കുന്നുണ്ട് നമ്മളിൽ ഒരാൾ ആയി ഞാൻ ആയി നിങ്ങൾ ഓരോരുത്തരും ആയി…വല്ലാത്ത ഒരു പ്രചോദനം തന്നെ ആണ് ദാസനും നാടോടികാറ്റും….പട്ടിണിയും കഷ്ടപ്പാടും ദുരിതങ്ങളും തൊഴിലായ്മയും എല്ലാം ഉള്ള ഒരു നാടോടി കാറ്റിൽ അല്ലെ നമ്മുടെ എല്ലാം ജീവിതങ്ങളും… അതെ.. അതെ