നായാട്ട്
രാഗീത് ആർ ബാലൻ
പലതരം പോലീസ് കഥകൾ പറഞ്ഞ സിനിമകൾ ഈകാലയളവിൽ മലയാളത്തിലും തമിഴിലും ഹിന്ദിയിലും എല്ലാം ആയി ഒരുപാട് ഇറങ്ങി നമ്മൾ കണ്ടതാണ്.നെടുനീളൻ ഡയലോഗ് പറയുന്ന നായകനായ പോലീസ് കഥാപാത്രങ്ങൾ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ചെയ്യുന്ന പോലീസ് കഥാപാത്രങ്ങൾ നായികക്കൊപ്പം ആടി പാടി നടക്കുന്ന നായകനായ പോലീസ് കഥാപാത്രങ്ങൾ. ഏതു ശക്തനായ വില്ലനെയും ക്ലൈമാക്സിൽ തീപാറുന്ന ഡയലോഗുകൾ കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും കീഴ്പെടുത്തുന്ന നായകനായ പോലീസ് കഥാപാത്രങ്ങൾ.എന്നാൽ നായാട്ട് എന്ന സിനിമ കാലാ കാലങ്ങളായി പറഞ്ഞു പഴകിയ പോലീസ് കഥ അല്ല പറയുന്നത്.പൊലീസ് സംവിധാനത്തെ അതിനകത്തുള്ള വെറും മനുഷ്യരായ പൊലീസുകാരെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ എല്ലാം ഒരു പരിധി വരെ റിലീസ്റ്റിക് ആയി അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ്.
ജോജുവിന്റെ മണിയപ്പനും കുഞ്ചാക്കോ ബോബന്റെ പ്രവീണും നിമിഷയുടെ സുനിതയും എല്ലാം സിനിമ കണ്ടിറങ്ങുമ്പോഴും പ്രേക്ഷനെ പിന്തുടരുന്ന ജീവനുള്ള കഥാപാത്രങ്ങൾ ആയിരുന്നു .ജോജുവിന്റെ മണിയൻ അടുത്ത് കണ്ട സിനിമകളിൽ ഏറ്റവും കൂടുതൽ നൊമ്പരപ്പെടുത്തിയ മനസിന്റെ ഉള്ളിൽ കയറിക്കൂടുന്ന കഥാപാത്രം.മലയാള സിനിമകളിൽ കണ്ടുവരുന്നതും ഒട്ടുമിക്ക പോലീസ് കഥകൾ പറഞ്ഞ സിനിമകളിൽ കണ്ടു വരുന്നതുമായ ഒരു ക്ലൈമാക്സ് അല്ല സിനിമയുടേത്.അവസാന നിമിഷം മാത്രം വില്ലനെ മനസിലാകുന്ന വില്ലനെ കൊന്നു സ്ലോ മോഷനിൽ വരുന്ന പോലീസും അല്ല നായാട്ടിലുള്ളത്. ക്ലൈമാക്സ് മോശമായി പോയി.. അങ്ങനെ അല്ലായിരുന്നു വേണ്ടി ഇരുന്നത് എന്നൊക്കെ അഭിപ്രായം ഉള്ളവരാണ് പലരും .. ക്ലൈമാക്സിൽ പ്രവീണും സുനിതയും രക്ഷപ്പെടണം ആയിരുന്നോ??
മണിയന്റെ മരണമൊഴിയിൽ പറയുന്നുണ്ട്
“ഇതെന്റെ മരണ മൊഴിയാണ്..ആ വണ്ടി എന്റെയാണ്.. വണ്ടി ഓടിച്ചത് ഞാനല്ല പെങ്ങളുടെ മോൻ ആണ്..ആ പാവങ്ങൾ എന്റെ കൂടെ വെറുതെ കേറിയതാണ്..എന്റെ മോൾ ഒരു കൊലപാതകിയുടെ മകളായി ജീവിക്കണ്ട..ഇതെന്റെ മരണ മൊഴി ആയി കണക്കാക്കി സത്യസന്ധമായി കേസ് അന്വേഷിക്കണം..ആ പാവങ്ങളെ വെറുതെ വിടണം ഞാൻ അവസാനിപ്പിക്കുകയാണ്…
ഇത്തരം ഒരു രംഗം ഈ സിനിമയിൽ ഉണ്ടാകുകയും.. വീഡിയോ ഷൂട്ട് ചെയ്ത ഫോൺ പ്രവീണിന് ലഭിക്കുകയും ചെയ്യുന്നുണ്ട്.. പ്രവീൺ ആ തെളിവ് മാധ്യമങ്ങൾക്കും നൽകി കോടതിയിൽ സമർപ്പിച്ചു അവർ രക്ഷപെടുകയും ചെയ്യണമായിരുന്നോ അതോ പ്രവീണും സുനിതയും അന്വേഷിച്ചു വന്ന പോലീസ്‌കാരിൽ നിന്ന് അതി സഹസികമായി രക്ഷപ്പെടുകയും അതിനൊപ്പം പോലീസ് സിനിമകളിൽ കാണുന്ന പോലെയുള്ള നല്ല ഒരു സംഘട്ടനവും ആവശ്യം ഉണ്ടായിരുന്നോ.. ഇങ്ങനെയുള്ള ഒരു കഥഗതി ആണല്ലോ സാധാരണ സിനിമകളിൽ കണ്ടുവരുന്നത്. ക്ലൈമാക്സിൽ പ്രവീണിനെയും സുനിതയും ചോദ്യം ചെയ്യുമ്പോൾ പോലും പോലീസ്‌കാരൻ ആവശ്യപ്പെടുന്നുണ്ട് മണിയനെ പ്രതിയാക്കി നമുക്കെല്ലാർക്കും സേഫ് ആകാം എന്ന്.. അതിനു സുനിത നൽകുന്നൊരു മറുപടി ഉണ്ട്..
“ഞാൻ സമ്മതിക്കില്ല സാറേ.. ഇതിന്റെ പേരിൽ തൂക്കി കൊന്നാലും ഞാൻ സമ്മതിക്കില്ല. മരിക്കുന്നതിനു തൊട്ടു മുൻപും സർ മോളെ കുറിച്ചാണ് പറഞ്ഞത്..സർ ജീവിച്ചത് തന്നെ മോൾക്ക് വേണ്ടിട്ടാണ്..ആ കൊച്ചു ഒരു കൊലപാതകിയുടെ മകളായിട്ടു ജീവിക്കുന്നതിൽ കാര്യമില്ല ഞാൻ സമ്മതിക്കില്ല ”
ഇതേ അഭിപ്രായം തന്നെയായിരുന്നു പ്രവീണിനും.. തുടർന്ന് അവരെ കോടതിയിലേക്ക് കൊണ്ടുപോകുമ്പോൾ പോലീസ് ബസിൽ അവർ നിസ്സഹായകാരായി ഇരിക്കുകയാണ്.. ഒന്നും ചെയ്യാൻ ഇല്ലാതെ.. അവർക്കു രക്ഷപ്പെടാൻ പഴുത്തുകൾ ഉണ്ടായിട്ടും അവർ അത് ചെയ്യുന്നില്ല. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും റിയലിസ്റ്റിക് ക്ലൈമാക്സ് ആണ് ഈ സിനിമയുടേത്.. യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു അവസാനം
കഥന്ത്യത്തിൽ കലങ്ങി തെളിയുകയും നായകൻ ജയിക്കുകയും കണ്ണീർ മാറി കളിചിരികൾ കൊണ്ടോ അല്ലെങ്കിൽ ഒരു പുഞ്ചിരിയോടെയോ ഈ സിനിമ എങ്ങനെ അവസാനിപ്പിക്കും??അങ്ങനെ ചെയ്താൽ ഈ സിനിമ എല്ലാ സിനിമകൾ പോലെ ഒന്നായി തീരുകയില്ലായിരുന്നോ…
ഒരു ഗംഭീര സിനിമ അനുഭവമാണ് നായാട്ട്