പ്രകാശൻ ❣️
Rageeth R Balan
ഒരു കല്യാണം നടക്കുക ആണ് എല്ലാവരെയും പോലെ പ്രകാശനും കല്യാണം കണ്ടു ചെറിയൊരു ചിരിയൊക്കെ നൽകി ആൾക്കൂട്ടത്തിനിടയിൽ ഇരിക്കുക ആണ്..കെട്ടു കഴിഞ്ഞതും പ്രകാശൻ ചുറ്റുപാടേക്കും ഒന്ന് കണ്ണുകൾ ഓടിക്കും.. കുറച്ചു ആളുകൾ അവിടുന്നും ഇവിടുന്നുമായി പതുക്കെ എണിറ്റു സദ്യ നടക്കുന്ന ഹാൾ ലക്ഷ്യമാക്കി പോകുന്നുണ്ട്..അവർക്കൊപ്പം പ്രകാശനും സദ്യ നടക്കുന്ന ഹാളിന്റെ മുൻവശത്തു പോയി നിൽക്കുന്നു..അയാൾ ആകെ ആസ്വസ്ഥൻ ആണ് ആളുകൾക്കിടയിലൂടെ നുഴഞ്ഞു അയാൾ മുൻവശത്തെക്ക് എത്തുന്നു ഒരു പന്തിക്കുള്ള ആളുകൾ കഴിച്ചു ഇറങ്ങിയപ്പോൾ ഹാളിന്റെ ഗ്രിൽ പതുക്കെ തുറക്കുന്നു..
തലങ്ങും വിലങ്ങും ആളുകൾ ഓടി ഇരിപ്പിടം കണ്ടെത്തുന്നു.. എന്നാൽ പ്രകാശന് അത് സാധിക്കാതെ വരുമ്പോൾ മറ്റൊരാൾക്ക് കിട്ടിയ കസേരയിൽ പിടിച്ചു കൊണ്ട് പ്രകാശൻ പറയും “ഉണ്ടിട്ടു ചെന്നൈ മെയിൽ പിടിക്കാൻ ഉള്ളതാണ് “.. അങ്ങനെ അയാൾ ഇരിക്കുന്നു സദ്യ കഴിക്കുവാനായി.വളരെ ഏറെ ആസ്വദിച്ചു അയാൾ ആ സദ്യ കഴിച്ചു കൊണ്ടിരിക്കുമ്പോൾ വീഡിയോക്കാർ കഴിച്ചു കൊണ്ടിരിക്കുന്ന ആളുകളെ ഷൂട്ട് ചെയ്യുവാനായി വരുന്നു.. അത്രയും നേരം ഒരു താളത്തിൽ കയ്യൊക്കെ കുത്തി സദ്യ കഴിച്ചു കൊണ്ടിരുന്ന പ്രകാശൻ വിഡിയോക്കാരെ കാണുമ്പോൾ പതുക്കെ വളരെ സാവധാനത്തിൽ കഴിക്കുന്നു.. അവർ പോയി എന്ന് ഉറപ്പിക്കാൻ വേണ്ടി പതുക്കെ തല ഒന്ന് ചരിച്ചു നോക്കി വീണ്ടും പഴയ രീതിയിൽ അയാൾ സദ്യ കഴിക്കുന്നു..
കഴിച്ചു കയ്യൊക്കെ കഴുകി പരിചയക്കാരൻ ഒരാളെ അവടെ വെച്ച് കാണുമ്പോൾ പ്രകാശൻ പറയും “വലിയ തറവാട്ടുകാരാ എന്ത് കാര്യം സദ്യ പോരാ..സാമ്പാറിന് എല്ലാ കഷ്ണങ്ങളും ഉണ്ടോ.. കൂട്ടു കറിക്കണേ പുക മണം.. പായസത്തിനു ആണെങ്കിൽ മധുരം പോരാ “ഇതും പറഞ്ഞു അയാൾ അവിടെ വെച്ചിരുന്ന നാരങ്ങ ഒരെണ്ണം എടുത്ത് കയ്യിൽ പിടിച്ചു ഒരു ചിരിയോടെ പറയും “അടുത്താഴ്ച രാഘവൻ മാഷിന്റെ മോളുടെ കല്യാണത്തിന് കാണാം “നാരങ്ങയും മണത്തു കൊണ്ട് അയാൾ അവിടുന്ന് പുറത്തേക്ക് ഇറങ്ങും..
അലസനായ ഉടായിപ്പ് വഴികളിലൂടെ രക്ഷപെടാൻ ശ്രമിക്കുന്ന നാട്ടിൻപുറത്തെ ഒരാളായ പി ആർ ആകാശിന്റെ കഥ ആയിരുന്നു ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെ സത്യൻ അന്തിക്കാടും ശ്രീനിവാസനും പ്രേക്ഷകർക്കു സമ്മാനിച്ചത്.കണ്ട അന്ന് മുതൽ ഞാൻ പ്രകാശനും അതിലെ പ്രകാശൻ എന്ന കഥാപാത്രവും ഒരുപാട് പ്രിയപ്പെട്ടത് ആയി മാറിയവയാണ് .വിളിക്കാത്ത ഒരു കല്യാണത്തിന് കയറി ഇരുന്നു കല്യാണം കണ്ടു അവരുടെയൊക്കെ ബന്ധുക്കൾക്ക് ഇടയിൽ ഇരുന്നു സദ്യയും കഴിച്ചു..ആ വീട്ടുകാരെയും കഴിച്ച സദ്യയും കുറ്റപ്പെടുത്തി പോകുന്ന നമുക്കിടയിൽ കണ്ടിട്ടുള്ള ഒരുപാട് ആളുകളുടെ ഒരു പ്രധിനിധി ആണ് പ്രകാശനും.വളരെ ഏറെ ഇഷ്ടപെട്ട ഒരു രംഗമാണ് ഞാൻ പ്രകാശനിലെ ഈ സദ്യ രംഗം.
മാനറിസം അത് ശരീരം കൊണ്ടുള്ളതോ കണ്ണുകൾ കൊണ്ട് ഉള്ളതോ എന്തുമാകട്ടെ അതിനെ അതിന്റെ ഏറ്റവും നല്ല റിസൾട്ട് നൽകി പ്രേക്ഷകനിലേക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ഫഹദ് ഫാസിലിനു പ്രകാശനിലൂടെ സാധിച്ചിട്ടുണ്ട്.വിളിക്കാതെ ഒരു കല്യാണത്തിന് കയറി ചെല്ലുമ്പോൾ പോലും അയാളുടെ മനസ്സിന്റെ ഉള്ളിൽ യാതൊരു വിധ ചമ്മലോ ഇല്ല എന്നുള്ളത് ആ രംഗങ്ങളിൽ വ്യക്തമാണ്… എല്ലാത്തിനെയും തമാശയായി കാണുന്ന പ്രകാശനിൽ തുടങ്ങി സിനിമ അവസാനിക്കുന്നത് ഹൃദയം തകർന്ന് കരയുന്ന പ്രകാശനിലുടെ ആണ്.രണ്ട് തവണയാണ് പ്രകാശൻ സിനിമയിൽ കരയുന്നത്. ആദ്യം കാമുകിയെ വളയ്ക്കാനാണെങ്കിൽ രണ്ടാം തവണ ഹൃദയം തകർന്നാണ്. രണ്ട് സന്ദർഭങ്ങളിലും കരയുന്നതിൽവരെ വ്യത്യസ്തത പുലർത്താൻ ഫഹദിലെ നടന് സാധിച്ചിട്ടുണ്ട് .
തന്നിലെ നടനെ അടയാളപ്പെടുത്തുക മാത്രമല്ല ഒരു താരമാകാൻ ശ്രമിക്കാതെ വീണ്ടും വീണ്ടും മികച്ചൊരു നടനാകാനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ ഓരോ സിനിമകളുംസാക്ഷ്യപ്പെടുത്തുകയാണ്.യാതൊരു പതർച്ചയും ഇല്ലാതെ അത്രയ്ക്ക് സൂക്ഷ്‌മതയോടെ മുഷിപ്പിക്കാതെ ലളിതമായ രീതിയിൽ തന്നെ ആണ് ഫഹദ് എന്ന നടൻ ഓരോ സിനിമയും ചെയ്തിട്ടുള്ളത് എന്നാണ് എന്റെ നീരിക്ഷണവും എന്റെ വ്യക്തിപരമായ അഭിപ്രായവും.