പേരന്പ്💔
രാഗീത് ആർ ബാലൻ
മമ്മൂട്ടി എന്ന നടൻ തന്റെ താരപരിവേഷം അനായാസം അഴിച്ചു വച്ച് വെല്ലുവിളി നിറഞ്ഞ ഒരു തിരക്കഥയിലേക്ക് ഇറങ്ങിച്ചെന്ന സിനിമ.എന്നിലെ പ്രേക്ഷകനെ ഏറ്റവുമധികം ആസ്വസ്ഥനാക്കിയ ഒരു രംഗമാണ് മകള്‍ക്കു വേണ്ടി ഒരു മെയില്‍ പ്രോസ്റ്റിറ്റിയൂട്ടിനെ കിട്ടുമോ എന്നന്വേഷിക്കാന്‍ വരെ മമ്മൂട്ടിയുടെ കഥാപാത്രമായ അമുദന് പോകുന്ന രംഗം. അവിടെ വെച്ചു അമുദൻ തന്റെ ആവശ്യം ഒരു സ്ത്രീയോട് പറയുകയും അവർ അമുദന്റെ മുഖത്തു അടിക്കുകയും ചെയ്യുന്നു.അപ്പോൾ അമുദന് പറയുന്ന ഒരു ഡയലോഗ് ഉണ്ട്.
“എല്ലാ അച്ഛൻമാരും എന്തിനാ മക്കൾക്ക് ചെറുക്കാൻമാരെ നോക്കുന്നത്, കല്യാണം കഴിപ്പിക്കുന്നത് ഇതിനും കൂടെ അല്ലെ.എന്റെ മകൾക്കു കയ്യും അനങ്ങില്ല കാലും അനങ്ങില്ല. കല്യാണം കഴിക്കാൻ ആരും വരില്ല.എന്നാലും അവൾക്കും ഉണ്ട് ആഗ്രഹങ്ങൾ. ആരു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും മരിച്ചു പോകാം. ഞാൻ മാത്രമേ ഉള്ളു അവൾക്കു.ഞാൻ മരിക്കുന്നതിനു മുൻപ് എന്റെ മകളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കണം”
മുഖത്തേറ്റ അടിയുടെ വേദനയിലല്ല തന്റെ നിസ്സഹായതയിലാവണം അയാള്‍ അങ്ങനെ പറയുന്നത്….
സെറിബ്രൽ പാള്‍സി മൂലം ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്ന പാപ്പാ എന്ന പെൺകുട്ടിയുടെ അച്ഛനാണ് അമുദൻ എന്ന മമ്മൂട്ടിയുടെ കഥാപാത്രം.ദുബായിൽ ഒരുപാട് വർഷം ജോലി ചെയ്തു തിരിച്ചെത്തുന്നു അമുദൻ. മകളെയും അമുദനെയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനൊപ്പം പോകുന്നു.തന്നെയും കുഞ്ഞിനേയും ഉപേക്ഷിച്ചു ഭാര്യ പോകുന്നതോടെ നാടും വീടുമുപേക്ഷിക്കുന്നു അമുദൻ.മകളുടെ സംരക്ഷണം പൂർണമായി അയാൾ ഏറ്റെടുക്കുന്ന സാഹചര്യമാണ് പിന്നീട് ഉണ്ടാകുന്നത്.ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്ന മകളുടെ ഒരേ ഒരു രക്ഷാകർത്താവ് എന്ന നിലയിൽ അമുദൻ നേരിടുന്ന മാനസിക സംഘർഷമാണ് പേരൻപ് ചർച്ച ചെയ്യുന്നത്.
ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്ന കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടേയും ജീവിതം പച്ചയായി തന്നെ അവതരിപ്പിച്ച സിനിമ. ആര്‍ത്തവത്തിലേക്ക് കടക്കുന്ന പാപ്പായ്ക്ക് പാഡ് വെച്ചു കൊടുക്കാന്‍ ആളെ അന്വേഷിച്ചോടുന്ന അമുദന്. പിന്നെപ്പിന്നെ അതയാള്‍ തന്നെ ചെയ്യുകയാണ്. വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ പാപ്പയത് തടയുന്നു. കരഞ്ഞുകൊണ്ട് അച്ഛനെയവള് ചവിട്ടി മാറ്റുന്നു.ടിവിയില്‍ കാണുന്ന സൂര്യ എന്ന നടനെ സ്ക്രീനില്‍ മുഖം ചേര്‍ത്ത് ഉമ്മ കൊടുക്കുന്നുണ്ട് പാപ്പ. റോഡിലൂടെ നടന്നുപോകുന്ന ആണ്‍കുട്ടിയെ പാപ്പാ കൊതിയോടെ നോക്കുന്നുണ്ട്.
പാപ്പായുടെ ശാരീരിക വൈകല്യം സ്വയം അനുകരിച്ചറിയാൻ ശ്രമിക്കുന്ന അമുദൻ. മകൾ കാണാതെ വാതിലിനു പിന്നിൽ വിതുമ്പലടക്കുന്ന അമുദൻ. മകള്‍ക്കു വേണ്ടി മെയില്‍ പ്രോസ്റ്റിറ്റിയൂട്ടിനെ തേടുന്ന അമുദൻ. അങ്ങനെ ഒരു സൂപ്പര്‍സ്റ്റാര്‍ തന്റെ താരപരിവേഷം അനായാസം അഴിച്ചു വച്ച് വെല്ലുവിളി നിറഞ്ഞ ഒരു തിരക്കഥയിലേക്ക് ഇറങ്ങിച്ചെന്ന സിനിമ.