രാഗീത് ആർ ബാലൻ
സുരേഷ് ഗോപി എന്ന നടൻ ഇനി സിനിമയിലേക്കില്ല എന്ന മട്ടിൽ മലയാള സിനിമയിൽ നിന്നും പലപ്പോഴായി പിൻവാങ്ങിയിട്ടുണ്ട്..ദീർഘ കാലം സിനിമയിൽ ഇല്ല എന്ന് തോന്നിക്കും വിധം എന്നാൽ ഇനി മലയാള സിനിമയിലേക്ക് ഇനിയിങ്ങോട്ട് ഇല്ല എന്ന് നമുക്ക് തോന്നുന്ന തരത്തിൽ വിട്ടുപോയിട്ടുണ്ട്.അതുപോലെ ശക്തമായി തിരിച്ചു വന്നിട്ടുമുണ്ട്.
2001ൽ രണ്ടാം ഭാവം എന്ന അദ്ദേഹത്തിന്റെ സിനിമ പരാജയപ്പെട്ടപ്പോൾ ഇനി സിനിമയില്‍ അഭിനയിക്കേണ്ട എന്നതിന്റെ സൂചനയാണോ ആ സിനിമയുടെ പരാജയമെന്ന് പോലും അദ്ദേഹം ചിന്തിച്ചു.പലപ്പോഴും ഞാൻ എന്ന പ്രേക്ഷകൻ അത്ഭുതപെട്ടു പോയിട്ടുണ്ട് രണ്ടാം ഭാവം എന്ന സിനിമ കാണുമ്പോൾ എല്ലാം. എങ്ങനെ ആണ് ഈ സിനിമ പരാജയപെട്ടു പോയതെന്ന് ഓർത്തു. അത്രയും മികച്ച ഒരു തിരക്കഥയും മികച്ച താരാ നിരയും ഉണ്ടായ ഒരു സിനിമ ആയിരുന്നു രണ്ടാം ഭാവം. ലാൽ ജോസ് എന്ന സംവിധായകന്റെ ഏറ്റവും വ്യത്യസ്തമായ ഒരു സിനിമ.പലപ്പോഴായി പല ഇന്റർവ്യൂകളിൽ ലാൽജോസ് തന്നെ പറഞ്ഞിട്ടുണ്ട്
അദ്ദേഹത്തിന് വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള ഒരു സിനിമ ആയിരുന്നു രണ്ടാം ഭാവം എന്നത്.ഒരു സംവിധായകൻ എന്ന നിലയിൽ തന്നിലെ കഴിവുകളെ പരമാവധി പുറത്തെടുത്ത സിനിമ. രണ്ടാം ഭാവം എന്ന സിനിമയുടെ പരാജയം മൂലം മാനസികമായി തളർന്ന ലാൽജോസിന്റെ വലിയൊരു തിരിച്ചു വരവ് അല്ലെങ്കിൽ അദ്ദേഹത്തിലെ സംവിധായകൻ പരാജയപ്പെട്ടതിൽ നിന്നുള്ള വാശിയിൽ നിന്നു കൊണ്ടാകാം പിറ്റേ വർഷം മീശ മാധവൻ എന്ന ബ്ലോക്ക് ബസ്റ്ററും ആയി തിരിച്ചു വന്നത്.
ലാൽ ജോസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി,ബിജു മേനോൻ, തിലകൻ, പൂർണ്ണിമ, ലെന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001ൽ തീയേറ്ററുകളിൽ റിലീസ് ആയ സിനിമ ആയിരുന്നു രണ്ടാം ഭാവം. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രഞ്ജൻ പ്രമോദ് ആയിരുന്നു.
“2001ൽ ഉണ്ടായിട്ടുണ്ട്.അതിനു ഒരുപാട് കാര്യങ്ങൾ ഉണ്ട്.അതിൽ പ്രധാനപെട്ട കാരണം എന്റെ മനസ്സു വല്ലാതെ നൊന്ത് പോയ ഒരു സിനിമയുടെ റിസൾട്ട് ആണ് രണ്ടാം ഭാവം.ഇനി എനിക്കിതു വേണ്ട എന്ന് തോന്നിപോയി.ഞാന്‍ ഇനി സിനിമയില്‍ അഭിനയിക്കേണ്ട എന്നതിന്റെ സൂചനയാണോ ആ സിനിമയുടെ പരാജയമെന്ന് പോലും ഞാന്‍ ചിന്തിച്ചു. അതെല്ലാം വന്നത് കൊണ്ടാണ് മാറി നില്‍ക്കാന്‍ തീരുമാനിച്ചത്”
സംവിധായകന് ഉണ്ടായ അതെ മാനസികമായ വിഷമം ആണ് സിനിമയിലെ നായകനായിരുന്ന സുരേഷ് ഗോപിക്കും സംഭവിച്ചത്. സിനിമ ചിലപ്പോഴൊക്കെ അങ്ങനെ ആണ് ഒരുപാട് പ്രതീക്ഷികളുമായി ഒരു വെള്ളിയാഴ്ച പ്രേക്ഷകനു മുൻപിലേക്ക് വരും വലിയൊരു വിജയം ആകാൻ എല്ലാ ചേരുവുകൾ ഉണ്ടായിട്ടു പോലും ചില സിനിമകൾ തകർന്നു പോകാറുണ്ട്. ചില സിനിമകൾ യാതൊരു വിധ പ്രതീക്ഷകളും ഇല്ലാതെ വന്നു വലിയ വിജയം ആയി മാറുന്നു.