സുരാജ് വെഞ്ഞാറമൂട് എന്ന നടന്റെ ഇരുപത്തിയൊന്നു വർഷങ്ങൾ

Rageeth R Balan

ഹാസ്യ നടന്മാരാൽ സമ്പന്നം ആയിരുന്നു എക്കാലവും മലയാള സിനിമ.. ചില നടൻമാർ അവരുവരുടേതായ പ്രാദേശിക ഭാഷകൾ കൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടി മലയാള സിനിമയിൽ സ്ഥാനം കണ്ടെത്തി.. അത്തരത്തിൽ ഒരാൾ ആണ് തിരുവനന്തപുരം ഭാഷയുമായി വന്ന സുരാജ് വെഞ്ഞാറമൂട്.ഡിസംബർ 2001ൽ പുറത്തിറങ്ങിയ ജഗപൊഗ എന്ന സിനിമയിലെ ദാദ സാഹിബ്‌ പാച്ചു എന്നി ഇരട്ട റോളുകൾ ചെയ്തു കൊണ്ടാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ പ്രവേശനം എന്നാണ് എന്റെ അറിവ്..2002ൽ തുടങ്ങിയ ആ യാത്ര 2022ൽ എത്തി നിൽക്കുമ്പോൾ ഏകദേശം 250സിനിമകളിൽ അഭിനയിച്ച തഴക്കം വന്ന ഒരു നടനായി മാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട് എന്ന നടൻ.

തുടക്ക കാലം മുതൽ ചെറുതും വലുതുമായ ഒരു പാട് കോമഡി വേഷങ്ങളിൽ വരുകയും.. പിന്നീട് അങ്ങോട്ടു വർഷത്തിൽ 30സിനിമകൾ വന്നാൽ അതിൽ 25സിനിമകളിലും അദ്ദേഹത്തിന്റെ തായ ഒരു കഥാപാത്രം ഉണ്ടാകുകയും ചെയ്തു..2007ൽ പുറത്തിറങ്ങിയ മായാവി എന്ന മമ്മൂട്ടി ഷാഫി സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിനൊപ്പം ആദ്യവസാനം നിറഞ്ഞു നിന്ന ഗിരി എന്ന കഥാപാത്രം അദ്ദേഹത്തിന് നല്ലൊരു ബ്രേക്ക് നൽകി.. അതെ വർഷം തന്നെ അദ്ദേഹം അഭിനയിച്ച പത്തോമ്പതോളം സിനിമകൾ റിലീസ് ചെയ്തു. തൊട്ടടുത്ത വർഷം 2008ൽ പതിനാറു സിനിമകൾ.പിന്നീടാങ്ങോട്ട് ഓരോ വർഷം തോറും സിനിമകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി.. എന്നാൽ നാലു വർഷത്തോളം സ്ഥീരം പറ്റെർണിൽ പല വിധ കോമഡി കഥാപാത്രങ്ങൾ ചെയ്യുകയും ഡ്യൂപ്ലിക്കേറ്റ് എന്ന സിനിമയിൽ നായക സ്ഥാനം നേടുകയും ചെയ്തു

എന്നാൽ കൃത്യമായി പറഞ്ഞാൽ ജൂൺ 14 2012ൽ അദ്ദേഹം മലയാള സിനിമ ലോകത്തിനു ഒരു സൂചന നൽകി.. താൻ ഒരു കോമെഡിയൻ മാത്രമല്ല നല്ലൊരു നടനും കൂടെ ആണെന്ന്.. രഞ്ജിത്തിന്റെ സ്പിരിറ്റ്‌ എന്ന സിനിമയിലെ മുരളികൃഷ്ണൻ എന്ന മന്ത്രിയുടെ നെഗറ്റീവ് ഷെഡ് ഉള്ള കഥാപാത്രത്തെ അതി ഗംഭീരമായി അവതരിപ്പിച്ചു.പിന്നീട് വന്ന ഇരുപതോളം സിനിമകളിൽ പഴയ കോമഡി ട്രാക്കിൽ സഞ്ചരിച്ചു 2013 ജൂൺ 28നു പുറത്തിറങ്ങിയ ബാബു ജനർദനന്റെ ഗോഡ് ഫോർ സെയിൽ എന്ന സിനിമയിൽ കമല ഹാസന പിള്ളേയ് എന്ന കഥാപാത്രത്തിലൂടെ വീണ്ടും ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെക്കുന്നു.

മുന്ന് വർഷങ്ങൾക്കു ശേഷം 2016 ഫെബ്രുവരി 4 നു പുറത്തിറങ്ങിയ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലൂടെ തന്റെ അത്രെയും നാളത്തെ കോമെഡിയൻ എന്ന ലേബൽ അദ്ദേഹം അഴിച്ചു വെച്ച് നല്ലൊരു നടനിലേക്ക് ഉള്ള ഒരു പരകയാ പ്രവേശം നടത്തുകയുണ്ടായി..സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനെയും വിടാതെ പിന്തുടർന്ന ഒരു കഥാപാത്രം തന്നെ ആയിരുന്നു സുരാജിന്റെ പവിത്രൻ.പോലീസ് സ്റ്റേഷനിൽ വെച്ച് താൻ ജീവന് തുല്യം സ്നേഹിക്കുന്ന കുഞ്ഞു ഭാര്യയുടെ കാമുകന്റെ ആണെന്ന് അറിയുമ്പോൾ ഉള്ള പവിത്രന്റെ മാനസികാവസ്ഥ കണ്ടു ഞെട്ടി പോയിട്ടുണ്ട്…

” അവക്ക് അവന്റെ കൂടെ പോകുന്നത് ആണ് സന്തോഷമെങ്കിൽ കുഴപ്പമില്ല സാറേ.. പക്ഷെ എനിക്കെന്റെ മോളെ വേണം മോളില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല സാറേ…
(കുഞ്ഞു ഭാര്യയുടെ കാമുകന്റെ ആണെന്ന് ഭാര്യ തന്നെ പറയുമ്പോൾ)
കുഞ്ഞിനെ ഒരുപാട് ഉമ്മകൾ നൽകി വാരി പുണർന്നു എണിറ്റു പറയും “പറ്റിക്കാൻ വേണ്ടി പറയണതാ സാറേ.. അല്ലെ സനലേ.. പറ്റിക്കാൻ വേണ്ടിയിട്ടു ആണെങ്കിലും ആരോടും ഇങ്ങനെ പറയരുതെന്ന് പറയണം സർ “കാണുന്ന പ്രേക്ഷകന്റെ മനസ്സിനെ വേദനിപ്പിച്ച ഗംഭീര പ്രകടനം..

പിന്നീടാങ്ങോട്ട് കരിങ്കുന്നം സിക്സിലെ നെൽസൺ എന്ന പോലീസ് ഉദ്യോഗസ്ഥൻ, മുത്തശ്ശി ഗദയിലെ സിബി, തൊണ്ടിമുതലിലെ പ്രസാദ്,കുട്ടൻപിള്ളയുടെ ശിവരാത്രിയിലെ കുട്ടൻ പിള്ള , യമണ്ടൻ പ്രേമ കഥയിലെ ഫ്രാൻസിസ്,ഫൈനൽസിലെ വർഗീസ്, വികൃതിയിലെ എബി ആൻഡ്രോയിഡിലെ ഭാസ്കര പൊതുവാൾ,ഡ്രൈവിംഗ് ലൈസൻസിലെ കുരുവിള,ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചണിലെ ഭർത്താവ്,കാണെ കാണെ യിലെ പോൾ മത്തായി അവസാനമായി പുറത്തിറങ്ങിയ ജന ഗണ മനയിലെ സാജൻ കുമാർ… എത്ര എത്ര വ്യത്യസ്ത കഥാപാത്രങ്ങൾ ആണ് അദ്ദേഹത്തിലുടെ പിറവി എടുത്തത്..

2019 മലയാള സിനിമയിൽ സുരാജിന്റെ വർഷമായിരുന്നു. റിയലിസ്റ്റിക് നടന്മാരുടെ നിരയിലേക്ക് സുരാജും ഉണ്ട് ഉണ്ടാകും എന്ന് ഉറപ്പിച്ച വർഷം.. സംസ്ഥാന അവാർഡ് നൽകാൻ ജൂറി പരിഗണിച്ച ‘ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ , ‘ വികൃതി’ എന്നീ സിനിമകൾക്ക് പുറമേ ‘ ഫൈനൽസും’ ‘ ഡ്രൈവിങ് ലൈസൻസും’ സുരാജിന്റെ ഗ്രാഫ് ഉയർത്തിയ സിനിമകൾ ആയിരുന്നു..

ചെറുപ്പത്തിൽ സംഭവിച്ച അപകടം കാരണം വലതുകൈക്കുള്ള വൈകല്യവുമായാണ് സുരാജ് വെഞ്ഞാറമൂട് എന്ന നടൻ ഇക്കാലം അത്രെയും നമ്മളെ എല്ലാവരെയും വിസ്മയിപ്പിച്ചത്.ജീവിക്കുന്നതും അഭിനയിക്കുന്നതും. സിനിമ കാണുന്നവർക്ക് അത് ഒട്ടും തോന്നിപ്പിക്കാത്ത രീതിയിൽ അതിനു കഴിയുന്നുവെന്നത് സുരാജ് എന്ന നടന്റെ മികവാണ്.അതിനെ കുറിച്ച് അദ്ദേഹം പറയുകയുണ്ടായി

“പത്താംക്ലാസ് റിസൽട്ടു വന്ന അന്നാണ് സൈക്കിളിൽ നിന്ന് വീണ് കൈയൊടിയുന്നത്. അന്ന് മൂന്ന് സർജറി വേണ്ടിവന്നു. അതോടെ കൈ നിവർത്താനും മടക്കാനും പറ്റാത്ത പരുവത്തിലായി. കൈകൊണ്ട് ഭക്ഷണം കഴിക്കുമ്പോഴും മറ്റും പ്രയാസമുണ്ട്. കൈക്ക് ഇങ്ങനെയൊരു പ്രശ്നമുള്ളത് പെട്ടെന്ന് പ്രേക്ഷകർക്ക് മനസ്സിലാവാത്തരീതിയിൽ വേണമല്ലോ അഭിനയിക്കാൻ. സുരാജിനല്ലേ കൈക്ക് പ്രശ്നമുള്ളൂ.

ഞാനവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കില്ലല്ലോ? പിന്നെ പലപ്പോഴും മിമിക്രിക്കൊക്കെ പോവുന്ന സമയത്ത് ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഞാൻ ഇങ്ങനെ ചോറ് വാരിത്തിന്നുമ്പോൾ കാണുന്നവർ ചിരിക്കും -‘ ഓ, കോമഡി, കോമഡി’ എന്നവർ പറയും. ശരിക്കും സങ്കടം വരും. പക്ഷേ, ഞാനത് കാണിക്കാതെ ചിരിക്കും. മുതിർന്നതിനുശേഷം ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ പലരും പറയുന്നത് കേട്ടിട്ടുണ്ട്, ‘ കഴിവുള്ള പയ്യനാണ്. പക്ഷേ, പാഴായിപ്പോയി. കണ്ടില്ലേ. തല നേരെനിക്കുന്നില്ല അടിച്ചു ഫിറ്റാണ്’ – അപ്പോഴും ഞാൻ തിരുത്താനോ പ്രതികരിക്കാനോ പോവാറില്ല. അത് ശീലമായി”

അതുപോലെ ദേശിയ പുരസ്‌കാരം കിട്ടിയതിനെ കുറിച്ച് അദ്ദേഹം ഒരു ഇന്റർവ്യൂ ൽ പറയുകയുണ്ടായി
“എന്റെ അതെ പ്രായത്തിലുള്ള കൂട്ടുകാരുടെയൊക്കെ വീട്ടിൽ പോകുമ്പോൾ അവരുടെയൊക്കെ അച്ഛൻ ‘മോനെ’ എന്ന് വിളിക്കുന്നു അവർക്കു ഉമ്മ കൊടുക്കുന്നു.. പക്ഷെ എന്റെ ലൈഫിൽ ഇതുവരെ ഒരു ഉമ്മയോ അച്ഛൻ മോനെ എന്ന് വിളിക്കുന്നതോ ഇതുവരെ കേട്ടിട്ടില്ല..വേറെ ആരോടെങ്കിലുമൊക്കെ പറയും എന്റെ മോൻ ആണെന്ന്.. Straight ടാ കുട്ടാ എന്ന് വിളിക്കും അല്ലാതെ മോനെ എന്നൊന്നും വിളിച്ചിട്ടില്ല.. പക്ഷെ ഈ ദേശിയ പുരസ്‌കാരം വാങ്ങി വീട്ടിൽ ചെന്നപ്പോൾ എന്റെ നാട്ടുകാർ മുഴുവൻ കെട്ടിപിടിച്ചു ഉമ്മ വെച്ചപ്പോൾ കുട്ടത്തിൽ ദേശിയ പുരസ്‌കാരത്തെ ക്കാൾ മേലെ കിട്ടിയ ഒരു സന്തോഷം എന്റെ അച്ഛൻ കെട്ടിപിടിച്ചു ഉമ്മ തന്നു ”

വര്‍ഷങ്ങളോളം പല സിനിമകളിൽ കോമഡി എന്ന ലേബലിൽ വേഷങ്ങൾ ചെയ്യേണ്ടി വന്ന നടൻ.ഇപ്പോൾ ഇതാ എത്ര വലിയ ഉയരത്തിൽ ആണ്‌ എത്തി നിൽക്കുന്നത്. തിയേറ്ററുകളിലും ടെലിവിഷനിലും മിമിക്രി സ്റ്റേജുകളിലും ചിരിപ്പിച്ചുകൊണ്ടേയിരുന്ന ഒരു ഹാസ്യ നടൻ അല്ല സുരാജ് വെഞ്ഞാറമൂട് അദ്ദേഹം ഒരു മികച്ച നടൻ ആണ്.. ഓരോ എഴുത്തുകാരനിൽ നിന്നും സുരാജ് വെഞ്ഞാറമൂടിനു വേണ്ടി കഥാപാത്രങ്ങളും സിനിമകളും ജനിക്കുകയാണ്.

ഒരു ദേശീയ അവാർഡും നാല് സംസ്ഥാന അവാർഡുകളുമുള്ള നടൻ . മൂന്ന് സംസ്ഥാന അവാർഡുകൾ മികച്ച കൊമേഡിയന് കിട്ടിയതും ദേശീയ പുരസ്കാരം ഏറ്റവും മികച്ച നടനുള്ളത് തന്നെയാണ്.. പിന്നിട്ട വഴികളിൽ നിന്നും നേരിട്ട അവഗണകളിൽ നിന്ന് അനുഭവങ്ങളിൽ നിന്നും വന്ന സുരാജ് എന്ന നടൻ ഒരു ഇരുപത് വർഷങ്ങൾക്കു അപ്പുറവും അറിയപെടുക കോമെഡിയൻ എന്ന ലേബലിൽ അല്ല മികച്ച നടൻ എന്ന നിലയിൽ തന്നെ ആയിരിക്കും.. തീർച്ച

Leave a Reply
You May Also Like

ഭാവിയില്‍ ഗ്ലാസ്‌ കൊണ്ടുള്ള ഒരു ലോകം, എല്ലാം ഗ്ലാസ്‌ മയം [വീഡിയോ]

ഭാവിയിലെ ഒരു കാലത്തേ കുറിച്ചാണ് താഴെ കൊടുത്തിരിക്കുന്ന 2 വീഡിയോകള്‍ നമ്മള്‍ക്ക് പറഞ്ഞു തരുന്നത്. നമ്മുടെ മൊബൈലും ടിവിയും അങ്ങിനെ എന്തും നമ്മള്‍ നടക്കുന്നിടത്ത് തെളിഞ്ഞു വരുന്ന ആ കാലം. ഒന്ന് ചിന്തിച്ചു നോക്കൂ.

അവതാരിക – അമ്മീമ്മകഥകൾ – എച്ചുമുക്കുട്ടി

ആത്മജ്ഞാനം പ്രധാനം ചെയ്യുന്ന ഉത്തമ ഗ്രന്ഥങ്ങള്‍ മനസിലാക്കുവാന്‍ എപ്പോഴും ഭാഷ പ്രതിബന്ധമാണ്.വ്യവഹാരഭാഷ ദ്വൈതഭാഷയാണ്.അതായത് അത് ഭേദത്തെ ഉണ്ടാക്കുന്നതാണ്. ഈ ഭാഷ ഉപയോഗപ്പെടുത്തി അദ്വൈത തത്വങ്ങള്‍ മനസിലാക്കുവാന്‍ പ്രയാസമാണ്.അതിനാല്‍ ജ്ഞാനമാര്‍ഗ്ഗഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള നമ്മുടെ ശാസ്ത്രകാരന്മാര്‍ രണ്ട് വിധമുള്ള ഭാഷകള്‍ ഉപയോഗിച്ചിരിക്കുന്നൂ.

മതവികാരവും സിനിമയും – ഒരു ചെറിയ അപഗ്രഥനം

ആദ്യമേ പറയട്ടെ : ഇവിടെ ഞാന്‍ കുത്തിക്കുറിക്കുന്നതു എന്റെ മാത്രം അഭിപ്രായം ആണ്. ആരുടേയും വികാരവിചാരങ്ങളെ ചോദ്യം ചെയ്യണം എന്നെനിക്കൊരു ഉദ്ദേശവുമില്ല. ഈ വിഷയത്തെക്കുറിച്ച് വളരെ ആധികാരികമായി എഴുതാനുള്ള കഴിവൊന്നും ഇന്നലെ കുരുത്ത എനിക്ക് ആയിട്ടില്ല എന്നറിയാം. എന്നാലും ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയ്ക്ക് എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞോട്ടെ. ഇത്രയും ഒരു അവതാരിക അവതരിപ്പിച്ചത് ഇനിപ്പറയുന്നതിന്റെ ഉള്ളടക്കം തൊട്ടാല്‍ പൊള്ളും, പൊള്ളിയാല്‍ ഒരിക്കലും കരിയാതെ നീറി നീറി നീണ്ടുപോകുന്ന ഒരു കാര്യം ആയതു കൊണ്ടാണ്. സംഭവം മറ്റൊന്നുമല്ല, ‘വളരുന്നലോകത്തെ മതവെറി’.

സാഡിസ്റ്റ് ആയവളെ വിവാഹംകഴിച്ച ഗ്രാമവാസിയുടെ ദുര്യോഗകഥ

Raghu Balan വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളിലിട്ടാൽ എങ്ങനെയിരിക്കും!! ദേ, ഇതുപോലെയിരിക്കും Under the…