രാഗീത് ആർ ബാലൻ
ഉദയനാണ് താരം എന്ന സിനിമയിൽ ഉദയഭാനുവിന്റെ രണ്ട് വ്യത്യസ്ത സാഹചര്യങ്ങൾ കാണിച്ചു തരുന്ന രംഗങ്ങൾ ഉണ്ട്.. ഒന്ന് സിനിമ സ്വപ്നം കണ്ടു നടക്കുന്ന ഒരു മനുഷ്യന്റെ വിചാര വികാരങ്ങൾ പ്രകടമാക്കുന്ന സംഭാഷണങ്ങൾ അടങ്ങിയ രംഗങ്ങൾ.. അത്തരത്തിൽ ഒന്നാണ് ഉദയഭാനു കൂട്ടുകാരായ രാജപ്പനോടും റഫീഖ്നോടും പറയുന്നത്
“ക്ലൈമാക്സ് എഴുതി കഴിഞ്ഞതിനു ശേഷം കാലത്തു അഞ്ചു മണിക്കാണ് ഞാൻ എഴുന്നേൽക്കുന്നത്..ഈ ക്യാമറയും ആയിട്ടു അങ്ങ് ഇറങ്ങും പല പല ലൊക്കേഷൻസും വിഷ്വൽസും ഒക്കെ ഷൂട്ട് ചെയ്യും.. കോമ്പൊസിഷനും ആംഗിൾസും ഒക്കെ മനസ്സിൽ ഫിക്സ് ചെയ്യാൻ…ഉദയഭാനുവിന് ഒരു കാമുകിയെ ഉള്ളു സിനിമ.. ഒരു ഭാര്യയെ ഉള്ളു സിനിമ ”
സിനിമയുടെ മറ്റൊരു ഭാഗത്തു പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെട്ടു ഇനി എന്ത് എന്ന ചോദ്യത്തിന് ഉത്തരം ഇല്ലാതെ വരുമ്പോൾ ഉദയൻ പറയുന്നതാണ്
“സാമ്രാജ്യങ്ങൾ കീഴടക്കാൻ പുറപ്പെട്ടു.. പക്ഷെ അയാൾക്ക് വഴി മദ്ധ്യേ പടയാളികളെ നഷ്ടപ്പെട്ടു ആയുധങ്ങൾ നഷ്ടപെട്ടു… ജീവിതത്തിന്റെ മുൻപിൽ തുറിച്ചു നോക്കി നിൽക്കുകയാണ് അയാൾ.. സാമ്രാജ്യം വേണോ വിശപ്പടക്കാൻ ഭക്ഷണം വേണോ… അതാണ് ഇപ്പോഴത്തെ ചോദ്യം.. സാമ്രാജ്യം ഒരു വിദൂര സ്വപ്നവും ഭക്ഷണം നില നിൽപ്പിന്റെ പ്രശ്നവും ആയാൽ ”
ഓരോ തവണ ഈ സിനിമ കാണുമ്പോഴും ഇവിടെയുള്ള സാധാരണക്കാരിൽ സാധാരണക്കാരനായ സിനിമ സ്വപ്നം കണ്ടു നടക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രധിനിധി ആണ് ഉദയൻ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.നമ്മുടെ ഇടയിൽ അല്ലെങ്കിൽ നമ്മളിൽ തന്നെ ഒരു ഉദയൻ ഉണ്ട്.. മനസ്സിൽ സിനിമ മാത്രം കൊണ്ട് നടന്നു മാസങ്ങളോളം വർഷങ്ങളോളം അലഞ്ഞും കഷ്ടപ്പെട്ടും നമ്മൾ രൂപപ്പെടുത്തിയ കഥയിലൂടെയും കഥാപാത്രങ്ങളിലൂടെ ജീവിക്കുന്നവർ..തന്റെ തൂലികയിൽ പിറന്ന കഥയും കഥാപാത്രങ്ങളെയും ഏതെങ്കിലും ഒരു വെള്ളിയാഴ്ച പ്രേക്ഷകർക്കു മുൻപിലേക്കു നൽകി അവർക്കൊപ്പം ഇരുന്ന് അത് ഒന്ന് കാണുവാൻ ആയി ആഗ്രഹിക്കുന്ന ഒരുപാട് ഉദയൻ മാർ..സാഹചര്യങ്ങൾ മറ്റു പല ജോലികൾ ചെയ്യുവാൻ നിർബന്ധിതർ ആക്കുന്നവർ..
ചില ഉദയൻ മാർ ജയിച്ചു കയറി.. പക്ഷെ സിനിമയുടെ ലോകത്തിനു പുറത്തു അപ്പോഴും ഇപ്പോഴും എപ്പോഴും അലയുന്ന ഒരുപാട് ഉദയൻ മാരെ എനിക്കറിയാം.. ജീവിത സാഹചര്യങ്ങൾ മൂലം സ്വന്തം സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ഒതുക്കി വെക്കാൻ നിർബന്ധിതർ ആയവർ.. എന്നാൽ അവരുടെ എല്ലാം കയ്യിൽ ഉണ്ടാകും കടലാസ്സ്കളുടെ വലിയൊരു കെട്ട് അതിൽ എഴുതുകളിലൂടെ അക്ഷരങ്ങളുടെ രൂപത്തിൽ നായകനും നായികയും കഥയും ക്ലൈമാക്സും എല്ലാം തയ്യാർ ആയി ഏതെങ്കിലും ഒരു ബേബി കുട്ടന്മാരെ കാത്തിരിക്കുന്നുണ്ട്.
പല പല വേഷങ്ങൾ കെട്ടിയാടി കുടുംബം നോക്കുന്ന ജീവിതത്തിൽ സ്ട്രഗ്ഗ്‌ലിംഗ് മാത്രം കൈമുതലായിട്ടുള്ള ഒരുപാട് മനുഷ്യരുടെ കയ്യികളിലും ഉണ്ട് മയിൽപീലി പോലെ വിടരാൻ കൊതിക്കുന്ന ഒരു തിരക്കഥ… അവൻ അല്ലെങ്കിൽ അവൾ എഴുതി പൂർത്തിയാക്കിയ ഒരു സിനിമ..
നടക്കുമ്പോൾ ഉറങ്ങുമ്പോൾ വണ്ടി ഓടിക്കുമ്പോൾ എല്ലാം മനസ്സിൽ സിനിമ എന്ന് മാത്രം ഓർത്തു ജീവിക്കുന്നവർക്കിടയിൽ നിന്നും എനിക്ക് അറിയാവുന്ന ഒരാൾ എങ്കിൽ ഒരാൾ സിനിമയിൽ എത്തിയാൽ അതിൽ പരം സന്തോഷം മറ്റൊന്നുമില്ല… പ്രശ്നങ്ങൾ വരി വരിയായി നിൽക്കുമ്പോൾ പോലും “എന്റെ സിനിമ ഒന്ന് തീയേറ്ററിൽ കാണണം “എന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്..
തന്റെ ഉള്ളിലെ കഥയും കഥാപാത്രങ്ങളെയും മറ്റൊരാൾക്ക് മുൻപിൽ അവതരിപ്പിക്കുമ്പോൾ അവരുടെ കണ്ണിലെ തിളക്കവും ആത്മവിശ്വാസവും എല്ലാം പ്രകടമായിരിക്കും.. മനസ്സു കൊണ്ട് ആഗ്രഹിക്കുന്നുണ്ട് ഏതെങ്കിലും ഒരു വെള്ളിയാഴ്ച വലിയൊരു കൂട്ടം പ്രേക്ഷകർക്കൊപ്പം സിനിമ കാണുവാനായി…
കടലാസ്സുകളിൽ ഒതുങ്ങിപോകേണ്ടതല്ല മനസ്സിൽ രൂപപ്പെട്ട സിനിമയും കഥാപാത്രങ്ങളും.. വലിയൊരു സ്‌ക്രീനിൽ പ്രേക്ഷകരുടെ കയ്യടികളിലൂടെ മുന്നേറേണ്ടതാണ് സിനിമയും കഥാപാത്രങ്ങളും.. ഞാൻ ഇതു എഴുതി നിർത്തുമ്പോൾ മറ്റൊരു ഇടത് ഒരു കഥയും കഥാപാത്രങ്ങളും ജനിച്ചിട്ടുണ്ട്.. ചിലർ അലഞ്ഞു കൊണ്ടും ഇരിക്കുന്നുണ്ടാകും.. ചിലർ സ്ട്രഗ്ഗിൾ ചെയ്യുന്നുണ്ടാകും.. അവരെ എല്ലാം തേടി ബേബി കുട്ടൻ വരും.. തീർച്ചയാണ്..
“സാമ്രാജ്യങ്ങൾ കീഴടക്കാൻ പുറപ്പെട്ടു.. പക്ഷെ അയാൾക്ക് വഴി മദ്ധ്യേ പടയാളികളെ നഷ്ടപ്പെട്ടു ആയുധങ്ങൾ നഷ്ടപെട്ടു… ജീവിതത്തിന്റെ മുൻപിൽ തുറിച്ചു നോക്കി നിൽക്കുകയാണ് അയാൾ.. സാമ്രാജ്യം വേണോ വിശപ്പടക്കാൻ ഭക്ഷണം വേണോ… അതാണ് ഇപ്പോഴത്തെ ചോദ്യം.. സാമ്രാജ്യം ഒരു വിദൂര സ്വപ്നവും ഭക്ഷണം നില നിൽപ്പിന്റെ പ്രശ്നവും ആയാൽ ”
എന്തിനോടെങ്കിലും ഒരുപാട് ഇഷ്ടം വന്നാൽ അതും പ്രാന്താ… അതെ സിനിമ പ്രാന്ത്… ഉദയന്മാർ വരട്ടെ സാമ്രാജ്യങ്ങൾ കീഴടക്കി പടയാളികളും ആയുധങ്ങളും ആയി മുന്നേറട്ടേ..
“ഉദയഭാനുവിന് ഒരു കാമുകിയെ ഉള്ളു സിനിമ.. ഒരു ഭാര്യയെ ഉള്ളു സിനിമ “