വട്ട് ജയൻ💥
രാഗീത് ആർ ബാലൻ
പലതരം പോലീസ് കഥാപാത്രങ്ങളെ നമ്മൾ പല കുറി പല ഭാഷകളിൽ കണ്ടിട്ടുണ്ട്…പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന ഇൻട്രോ സീൻ ഇല്ല തീപ്പാറുന്ന ആക്ഷൻ രംഗങ്ങൾ കൊണ്ടും ത്രസിപ്പിക്കുന്ന നെടുനീളൻ ഡയലോഗുകൾ കൊണ്ടും അതിനെല്ലാം അകമ്പടിയായി ബാക്ക് ഗ്രൗണ്ട് സ്കോറും നൽകി ആദ്യവസാനം നിറഞ്ഞാടിയ എത്ര പോലീസ് കഥാപാത്രങ്ങൾ ആണ് പിറവി കൊണ്ടിട്ടുള്ളത്. ഏതു ശക്തനായ വില്ലനെയും ക്ലൈമാക്സിൽ തീപാറുന്ന ഡയലോഗുകൾ കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും കീഴ്പെടുത്തുന്ന സിനിമയുടെ കഥഗതി തന്നെ മാറ്റുന്ന ട്വിസ്റ്റുകൾ കണ്ടെത്തി പ്രേക്ഷകർക്കു മുൻപിൽ അവതരിപ്പിച്ച പോലീസ് കഥാപാത്രങ്ങൾ.
എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ മലയാള സിനിമകളിൽ ഇന്ന് വരെ അവതരിപ്പിച്ചിട്ടുള്ള പോലീസ് കഥാപാത്രങ്ങളുടെ ഒരു പൊളിച്ചെഴുത്തു തന്നെ ആയിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലെ ഇന്ദ്രജിത് അവതരിപ്പിച്ച വട്ട് ജയൻ.പ്രണയവും പകയും ഭ്രാന്തും നിസഹായതകൾക്കു മുൻപിൽ തളർന്നു പോകുകയും ചെയ്യുന്ന ഒരു പോലീസുകാരൻ. ഒരൊറ്റ കഥാപാത്രത്തിലൂടെ നന്മയുടെയും തിന്മയുടെയും ഷെഡുകളും മാനറിസങ്ങളും കൊണ്ട് പകർന്നാടിയ ഗംഭീര പ്രകടനം.
മുരളി ഗോപിയുടെ തുലികയിൽ പിറന്ന വട്ട് ജയന് ആ എഴുത്തിനു മുകളിൽ ചിന്തക്കാവുന്നതിലും അപ്പുറം ഒരു കഥാപാത്ര നിർമിതി ഇന്ദ്രജിത് നൽകിയിട്ടുണ്ട്.ഒരു ക്ലാസിക്കൽ ടച്ച്.സ്വന്തം ജീവനും ജോലിയും നഷ്ടപ്പെടുമെന്ന് അറിഞ്ഞിട്ടു കൂടി ആരുടേയും മുന്നിൽ തലതാഴ്ത്താൻ തയ്യാറാകാത്ത ഒന്നും നഷ്ടപ്പെടാൻ ഇല്ലാതാവന്റെ തന്റേടവും എന്നാൽ നിസഹായതകൾക്കു മുൻപിൽ തളർന്നു പോകുകയും ചെയ്യുന്ന ഒട്ടനവധി layers ഉള്ള ഒരു കഥാപാത്രം.
ബാത്ത് റൂമിനകത്തു ഇരുന്നുള്ള ചങ്ക് പൊട്ടിയുള്ള കരച്ചിലിലും..മാപ്പു പറയില്ലെന്നു പാർട്ടിക്കാരോട് പറയുന്ന രംഗവും തന്റെ എല്ലാം എന്ന് ജയൻ കരുതിയ ജെന്നി അയാളെ പറ്റിച്ചു അമേരിക്കയിൽ പോകുമ്പോൾ എയർ പോർട്ടിൽ പോയി ജെന്നിയെ കണ്ട് നന്നായി വരുമെന്ന ആശീർവദിക്കലിലും അവസാനം പൊലീസ് വാനിൽ നിന്നുമിറങ്ങുമ്പോഴുള്ള ആ ചിരിയും എല്ലാം ശെരിക്കും ഒരു ക്ലാസ്സിക് ഐറ്റംസ് ആണ്..
“നിങ്ങളെ തല്ലിയത് എന്റെ അറിവില്ലായ്മ കൊണ്ടാണ്.. അല്ലെങ്കിൽ വേണ്ട…എന്റെ വീടിന്റെ ചുവരില് ഒരുപാട് പേരുടെ പടം ഒന്നുമില്ല.. ഒരാളുടെ പടമേ ഉള്ളു..എന്റെ തന്തയുടെ.. മാപ്പ്.. ജയൻ പറയുല.. കേട്ട..അഴിയെങ്കിൽ അഴി കയർ എങ്കിൽ കയർ..”
” ഇത് ഇന്ത്യ ആണ്…ഇന്ത്യ…കൊതുക് വിചാരിക്കും…വരും…കടിക്കും…പണി തരേം ചെയ്യും. നിന്നെ ആദ്യം കണ്ടപ്പം മൊതല് എന്റെ അമ്മ പറഞ്ഞതാണ് നീ കൊള്ളൂല്ലന്ന്…കേട്ടില്ല. ജയിലീന്ന് എറങ്ങീട്ട് നേരെ അവരെ കാണാനല്ല പോയത്…നിന്നെ കാണാനാണ് ! ജയൻ ഒന്ന് ഇരുത്തി മനസ്സ് വച്ചാ…പെണ്ണേ… ഇരുചെവിയറിയാതെ നിന്നെ എനിക്കിവിടുന്ന് പൊക്കാൻ പറ്റും…ആ സെൽവാക്ക് ഒള്ളോണ്ടാണ് ഇതിനകത്ത് കയറിപ്പറ്റിയത്…നിന്റെ അവനെ കൊന്നതെന്തിനാണെന്ന് വക്കീലും നമ്മടെ പിള്ളേരും മാറിമാറി ചോദിച്ചപ്പം നിന്റെ പേര് എനിക്ക് പറയാരുന്ന്…പക്ഷേ, അത് ഞാൻ ചെയ്യൂല്ല…അത് ചെയ്തിട്ട് എനിക്ക് എന്റെ ഉള്ളിലോട്ട് നോക്കാൻ പറ്റൂല. പിന്നെ ഇത്രേം പാടുപെട്ട് ഈ ഓട്ടം ഒക്കെ ഓടി ‘മൂന്നാംപിറ’യിലെ കമലഹാസനെപ്പോലെ വന്ന് നിന്നതെന്തിനാണെന്ന് ചോദിച്ചാ…പറയാം…എന്നെ പറ്റിച്ചിട്ടാണ് പോണതെന്ന് നീ വിചാരിക്കരുത്… അങ്ങനെ വിചാരിച്ചാ അതെനിക്ക് കൊറച്ചിലാണ്, കേട്ടാ…പോയിട്ട് വാ…നന്നായി വരും..!”
പയ്യന്മാർ നാലഞ്ചു ഇംഗ്ലീഷ് വാക്കും പഠിച്ചു കൊണ്ട് പ്രധിഷേധങ്ങളും ആയി റോഡിലേക്ക് ഇറങ്ങുമ്പോൾ .. ഇത്തിരി മിട്ടാ പാൻ അടിച്ചു .. ഞരമ്പിലു മസിലു വരാൻ കുറച്ചു പുക ഊതി കയറ്റി .നെഞ്ചത്ത് കാറ്റു തട്ടാൻ ബട്ടൻസും ഊരി ഇട്ടു തിരോന്തരത്തിന്റെ വഴികളിൽ അയാൾ നിൽക്കും.. വട്ട് ജയൻ..ജനിതകവിത്തുകളാലും അജ്ഞാതമായ എന്തോ ഒന്നിന്റെ ഇടപെടൽകൊണ്ടും കുട്ടിക്കാലത്തെ കാഴ്ചകളാലും ഉണ്ടാക്കപ്പെട്ട മുറിവുകൾ കൊണ്ട് നീറി നീറി പകയും ഭ്രാന്തും ആയി ഇന്നും അയാൾ ജീവിക്കുന്നുണ്ട് ഓരോ പ്രേക്ഷകന്റെ മനസ്സിലും..