ഒരു സിനിമ കണ്ടിട്ട് ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ടോ ?
രാഗീത് ആർ ബാലൻ
കുറച്ചു നാൾ മുൻപ് പട എന്ന സിനിമയുടെ റിലീസ് സമയത്ത് ആ സിനിമയുടെ ഗാനരചയിതാവും ഗായകനുമായ വിനു കിടച്ചുലൻ ദ ക്യൂ അഭിമുഖത്തിൽ പറഞ്ഞിരുന്നു
“ഞാൻ സിനിമയോട് അത്ര താത്പര്യം ഉള്ള ആളല്ല… കാരണം സിനിമ എന്നെയും എൻ്റെ കുലത്തെയും എല്ലാം അവഹേളിക്കുകയും, നശിപ്പിക്കുകയും ചെയ്തിരുന്ന മാധ്യമമാണ്”
“ബാംബൂ ബോയ്‌സ് എന്ന സിനിമ കണ്ടിട്ട് ആത്മഹത്യയുടെ മാനസികാവസ്ഥയിലാണ് ഞങ്ങൾ കുറേപ്പേർ എത്തി പെട്ടത്…ബാക്കി ഉള്ള ആളുകൾ അത് എൻജോയ് ചെയ്യുമെങ്കിലും, സമുദായത്തെ കുറിച്ചെല്ലാം ചിന്തിക്കുന്നവർക്ക് അത് ഉൾക്കൊള്ളാൻ കഴിയില്ല…അതുപോലെ ഫോട്ടോഗ്രാഫർ പോലുള്ള സിനിമകൾ നമുക്ക് തന്നത് വേറൊരു ലൈഫാണ് ”

ദേശാഭിമാനി വാരികക്ക് നല്‍കിയ അഭിമുഖത്തിൽ നടൻ സലീം കുമാര്‍ പറയുകയുണ്ടായി അദ്ദേഹം അഭിനയിച്ച ബാംബു ബോയ്സ് ആദിവാസികളെ അപമാനിക്കുന്ന സിനിമയായിരുന്നുവെന്നും അതിന്‍റെ സെറ്റില്‍ നിന്നും ഇറങ്ങി പോയിട്ടുണ്ടെന്നും. ഇന്നായിരുന്നെങ്കിൽ അത്തരം ഒരു സിനിമ ചെയ്യില്ലായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.2002ൽ പുറത്തിറങ്ങിയ സിനിമയാണ് ബാംബൂ ബോയ്സ്. കലാഭവൻ മണി, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, സലിം കുമാർ തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചവർ.ആദിവാസി മനുഷ്യരെ എത്രത്തോളം പരിഹാസ രൂപേണേ മോശമായി ചിത്രീകരിക്കാമോ അതിന്റെ എക്സ്ട്രീം തലത്തിൽ അവതരിപ്പിച്ച ഒരു സിനിമ ആയിരുന്നു ബാംബൂ ബോയ്സ്.
ബാംബൂ ബോയ്‌സ് എന്ന സിനിമ കണ്ടിട്ട് ആത്മഹത്യ ചെയ്യാൻ വരെ തോന്നി എന്ന് വിനു കിടച്ചുലൻ പറയുമ്പോൾ ആ വാക്കുകളുടെ വ്യാപ്തി.. അവരുടെ മാനസികാവസ്ഥ ചിന്തിക്കാവുന്നതിലും അപ്പുറം ആണ്.
ബോഡി ഷെമിങ് മൂലം എന്നിലെ പ്രേക്ഷകന് ആരോചകമായി തോന്നിയൊരു സിനിമ ആയിരുന്നു ബാംബൂ ബോയ്സ്..സിനിമ കണ്ട അന്ന് ഞാൻ കരുതിയിരുന്നത് ആദിവാസികൾ ഇങ്ങനെ ഒക്കെ ചെയ്യുമോ എന്നൊരു സംശയത്തിലാണ്. ഒറ്റ തവണ മാത്രമാണ് ഞാൻ ആ സിനിമ കണ്ടിട്ടുള്ളു.കാല ക്രമേണ ഞാൻ വളർന്നു വന്ന സമൂഹത്തിൽ അതൊക്കെ വലിയൊരു തമാശ തന്നേ ആണെന്ന സത്യം ഞാൻ മനസിലാക്കി.
കുറച്ചു കാലം മുൻപ് കൊച്ചിയിൽ എത്തിയ ആദിവാസി സംഘം കൊച്ചി മെട്രോ കണ്ടപ്പോൾ വലിയ അട്ട കടിക്കാൻ വരുന്നു ഓടിക്കോ എന്ന് പറഞ്ഞുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.സിനിമകളിലെ ഹാസ്യരംഗങ്ങള്‍ക്കും നൃത്തങ്ങള്‍ക്കും ടെലിവിഷന്‍ കോമഡി സ്‌കിറ്റുകളിലും ആദിവാസികളെയും ഗോത്രജീവിതത്തെയും മോശമായി തന്നെ അവഹേളിക്കുന്നുണ്ട് എല്ലാ കാലത്തും. ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും ബോഡി ഷെയിമിങ്ങിന് ഇരയാവാത്തവര്‍ ആരുമുണ്ടാവില്ല എന്നാണു എന്റെ അഭിപ്രായം. തടിച്ചത് മെലിഞ്ഞത് പൊക്കം കൂടിയത് പൊക്കം കുറഞ്ഞത് കറുത്തത് വെളുത്തത് പല്ലു പൊങ്ങിയത്പല്ലു താഴ്ന്നത് മുടിയില്ലാത്തത് സമുദായത്തെ വെച്ച് വരെ പല തരത്തിൽ ഉള്ള ബോഡി ഷെയിമിങ്ങുകൾ.
ഇത്തരം തരംതാണ തമാശകള്‍ക്ക് ചിലപ്പോള്‍ ഒരാളുടെ ഒരു ദിവസമോ കുറെ ദിവസങ്ങളോ ഇല്ലാതാക്കാന്‍ കഴിയും എന്നുള്ളതാണ് സത്യം.വെളുത്ത നിറം മാത്രം ആണ് നിറം എന്ന ചിന്താഗതി ഉള്ള ആളുകൾ നമുക്കിടയിൽ ഇപ്പോഴും അപ്പോഴും എപ്പോഴും ഉണ്ട്. കാണുന്ന നിറവും രൂപഭാവങ്ങളുമൊക്കെ വ്യത്യസ്തമായിട്ടുള്ള ആളുകൾക്കിടയിൽ അപകര്‍ഷതാ ബോധം കൂടുകയേ ഉള്ളു.അവരെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ???ഇങ്ങനെ ഉള്ള സിനിമകളും രംഗങ്ങളും കാണുമ്പോൾ അവരുടെ മനസ്സിൽ എന്തായിരിക്കും??അവരും മനുഷ്യർ ആണ്. എല്ലാവരും ഒരുപോലെയാണ്..
കറുത്ത പല്ല് പൊങ്ങിയ എന്തെങ്കിലുമൊക്കെ വൈകല്യങ്ങൾ ഉള്ള ആളുകൾ കറുത്ത് ഇരിക്കുന്നവർ എല്ലാം മറ്റുള്ളവർക്ക് എന്തോ ഒരു പരിഹാസ കഥാപാത്രമാണ് പലപ്പോഴും. നമ്മളൊക്കെ ജനിച്ചു വളർന്നത് വലിയൊരു പേര് കേട്ട സമുദായത്തിൽ ആണ് കുടുംബത്തിൽ ആണ് എന്ന് വിശ്വാസിച്ചു ഇത്തരം തമാശകൾ ആസ്വദിക്കുമ്പോൾ ഓർക്കുക നമ്മുടെയൊക്കെ മനസ്സുകളിൽ എത്രത്തോളം വൈകല്യം ഉണ്ടെന്നു.
നമ്മൾ ബിഗ് സ്ക്രീനിലോ തരം താഴ്‌ന്ന കോമഡി ഷോ കളിലോ മറ്റും കാണുന്ന ബോഡി ഷെമിങ് തമാശകൾ അത് എത്രത്തോളം ആസ്വദിച്ചു കണ്ടാലും അത് എഴുതി അത് പ്രേക്ഷകർക്കു മുൻപിൽ കാണിക്കുന്ന ആരാണെങ്കിലും അവർക്കു ഒരു നേരത്തേക്കുള്ള അല്ലെങ്കിൽ പല കാലത്തേക്കുള്ള ഐഡന്റിറ്റി ആയിരിക്കാം അത്. പക്ഷെ അത് നമുക്കിടയിൽ ഉള്ള ചിലരെ എങ്കിലും ആസ്വസ്ഥരാക്കുന്നുണ്ട് ഉറപ്പാണ്.ആദിവാസിയുടെ അതിജീവന പ്രശ്നങ്ങൾ…പട്ടിണി മരണങ്ങൾ ഒന്നും ഇവിടെ ചർച്ച വിഷയം ആകുന്നില്ല.. അതിലും നൂറ് ഇരട്ടി സ്വീകാര്യത ഉണ്ട് ആ മനുഷ്യരെ പരിഹസിച്ച് രസിക്കുന്ന തമാശകൾക്കു.