മലയാള സിനിമയുടെ മാറ്റത്തിന്റെ വിപ്ലവം

  0
  375

  രാഗീത് ആർ ബാലൻ

  മലയാള സിനിമയുടെ മാറ്റത്തിന്റെ വിപ്ലവം 🎬

  മലയാള സിനിമ മാറ്റത്തിന്റെ പാതയിൽ ആയിട്ടു ഏകദേശം 12 വർഷമായിട്ടുണ്ട്. എന്റെ കാഴ്ചപ്പാടിൽ 2009 മെയ്‌ 09 നു റിലീസ് ആയ രഞ്ജിത്ത് ശങ്കർ സിനിമ ‘പാസഞ്ചർ ‘ അതെ വർഷം തന്നെ ഓഗസ്റ്റ് 14നു റിലീസ് ആയ ശ്യാമപ്രസാദ് സിനിമ ‘ഋതു ‘ എന്നിവയാണ് മലയാള സിനിമക്ക് മാറ്റത്തിന്റെ സൂചനകൾ നൽകിയ സിനിമകൾ.തുടർന്ന് പിറ്റേ വർഷം 2010ൽ മാർച്ച്‌ 19നു ലിജോ ജോസ് പെല്ലിശേരിയുടെ ‘നായകൻ ‘ അതെ വർഷം ഒക്ടോബറിൽ അരുൺ കുമാർ അരവിന്ദന്റെ ‘ ‘കോക്ക്ടയില്‍’ എന്നി സിനിമകൾ മലയാള സിനിമക്ക് പുതിയൊരു മുഖം നൽകി.

  ജനുവരി 7 2011ൽ രാജേഷ് പിള്ളയുടെ ‘ട്രാഫിക് ‘ വന്നപ്പോൾ മലയാള സിനിമ മാറ്റത്തിന്റെ ട്രാക്കിലേക്ക് ഓടിയെത്തിയിരുന്നു .എന്നാലും ട്രാഫിക് എന്ന സിനിമയാണ് മലയാള സിനിമയ്ക്കു മാറ്റം കൊണ്ടുവന്നതെന്നു അഭിപ്രായങ്ങൾ ഉണ്ട്.

  വിഷയങ്ങളിലെ മികവ് കൊണ്ട് നവാഗത സംവിധായകർ അടക്കമുള്ള യുവ സംവിധായകർ മലയാള സിനിമക്ക് പുതിയ കാഴ്ചകൾ സമ്മാനിച്ചത് ഈ 12 വർഷങ്ങൾ ആണ്.അഭിനയതിനപ്പുറം സിനിമയിലെ മറ്റു മേഖലകളിൽ സ്ത്രീകളുടെ കടന്നു വരവും ഇതേ കാലയളവിൽ ആണ് പ്രത്യേകിച്ച് സംവിധാന രംഗത്ത്.
  പൊതു ഇടങ്ങളിൽ ആളുകൾ തുറന്നു ചർച്ച ചെയ്യാൻ പോലും മടിക്കുന്ന വിഷയങ്ങൾ മലയാള സിനിമകൾ സംസാരിച്ചത് വളരെ അത്ഭുതത്തോടെ തന്നെ നോക്കി കാണുന്ന ഒരാളാണ് ഞാൻ.ജാതിവിവേചനം,മാരിറ്റൽ റേപ്പ്, പുരുഷധിപത്യം,ബോഡി ഷൈമിങ്, ലൈംഗിക ദാരിദ്ര്യം, കപട സദാചാരം, സ്വവർഗ ലൈംഗികത തുടങ്ങി ഒട്ടുമിക്ക കാര്യങ്ങളും സിനിമകൾ ചർച്ച ചെയ്തു എന്നത് വലിയൊരു വിപ്ലവം ആണ്.പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ വില കുറച്ചു കണ്ടിരുന്ന ഒരു പ്രവണതയിൽ നിന്നുള്ള ഒരു മോചനം ആയിരുന്നു ഇത്തരത്തിൽ ഉള്ളൊരു വിപ്ലവം.

  സിനിമയെ കുറിച്ച് പദ്മരാജൻ സാറിന്റെ വാക്കുകൾ “പകലന്തിയോളം പണിയെടുത്തു ക്ഷീണിച്ചു വരുന്നവന് കണ്ടു ആസ്വദിച്ചു പോകുന്ന ഒരു കല രൂപം ആണ് സിനിമ എന്ന് ഞാൻ വിശ്വസിക്കുന്നില്ല. സിനിമയുടെ ഉദ്ദേശങ്ങളിൽ ഒന്നുമാത്രമാണത്.

  എന്റെ സിനിമകൾ അത്തരത്തിൽ ഉള്ളതല്ല. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് എന്തെങ്കിലുമൊന്നു കൂടെ കൊണ്ടുപോകാൻ കഴിയണം. ചിലപ്പോൾ അതൊരു സന്ദേശമായിരിക്കാം, അല്ലെങ്കിൽ ഒരു വികാരം, മറ്റു ചിലപ്പോൾ പ്രേക്ഷകന്റെ വികാരങ്ങളെ ഉദ്ദിപിപ്പിച്ചു വീണ്ടും അവനെ ഒരു നല്ല മനുഷ്യനാക്കിയേക്കാം ” എന്നാണ്.ഭയങ്കര ഇഷ്ടമാണ് ഈ വരികളോട്..

  ഇനിയും മാറ്റങ്ങൾ സംഭവിക്കട്ടെ പുതിയ കഴിവുള്ള സംവിധായകർ ആൺ എന്നോ പെണ്ണ് എന്നോ വേർതിരിവില്ലാതെ പുതിയ ആശയങ്ങളും വിഷയങ്ങും കാഴ്ചകളുമായി പ്രേക്ഷകരെ ത്രസിപ്പിക്കാനും വിസ്മയിപ്പിക്കാനും ഉണ്ടാകട്ടെ. ഏതൊരു സിനിമയും എനിക്ക് മറ്റൊരു സിനിമ കാണാൻ ഉള്ള ഊർജമാണ് അന്നും ഇന്നും എന്നും നൽകുന്നത് നൽകികൊണ്ടിരിക്കുന്നത് നൽകാൻ പോകുന്നതും………..

  രാഗീത് ആർ ബാലൻ