Entertainment
എന്തായിരിക്കും പ്രേമം എന്ന സിനിമയുടെ അമ്പരപ്പിക്കുന്ന വിജയത്തിന് പിന്നിൽ… ? (പ്രേമത്തിന്റെ 7 വർഷങ്ങൾ)

രാഗീത് ആർ ബാലൻ
പ്രേമത്തിന്റെ 7 വർഷങ്ങൾ ❣️
“പ്രേമം എന്ന ചലച്ചിത്രത്തിന്റെ ചിത്രസംയോജനം മിനിഞ്ഞാന്നോടെ ഏതാണ്ട് ഒരു നിലയായി. ഈ പടത്തിന്റെ നീളം 2മണിക്കൂറും 45മിനിറ്റുകളും ആണ്.. കാണികളുടെ ശ്രദ്ധക്കു.. ചെറുതും വലുതുമായ 17പുതുമുഖങ്ങൾ ഈ പടത്തിലുണ്ട്..അതല്ലാതെ വയറ് നിറച്ചു പാട്ടുണ്ട്.. പിന്നെ 2ചെറിയ തല്ലും..പ്രേമത്തിൽ കുറച്ചു പ്രേമവും തമാശയും മാത്രമേ ഉണ്ടാവു.. യുദ്ധം പ്രതിക്ഷിച്ചു ആരും ആ വഴി വരരുത് ”
സംവിധായകൻ അൽഫോൻസ് പുത്രൻ സിനിമ ഇറങ്ങുന്നതിനു കുറച്ചു ദിവസങ്ങൾക്കു മുൻപ് ഫേസ്ബുക്കിൽ കുറിച്ച വരികൾ ആണ് ഇതു.ഇതു കണ്ടാണ് ഞാനും എന്റെ സുഹൃത്തും എറണാകുളം ശ്രീധർ തീയേറ്ററിൽ ആദ്യ ദിവസം തന്നെ സിനിമ കാണാൻ പോയത്.ഒരു ട്രെയിലറോ ടീസറോ ഇല്ലാതെ പുറത്തിറങ്ങിയ സിനിമ.സംവിധാനത്തിന് പുറമെ കഥ തിരക്കഥ ചിത്രസംയോജനം ഇവയെല്ലാം നിര്‍വഹിച്ചതും അല്‍ഫോന്‍സ് പുത്രൻ ആയിരുന്നു.
ഒരാളുടെ ജീവിതത്തില്‍ മൂന്നു കാലഘട്ടങ്ങളിലായി സംഭവിക്കുന്ന പ്രണയമാണ് പ്രേമത്തിലൂടെ അല്‍ഫോണ്‍സ് പുത്രന് പറഞ്ഞത്. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ പ്രണയിച്ച പെണ്‍കുട്ടിയെ തന്റെ തന്നെ പേരുള്ള മറ്റൊരു പയ്യൻ സ്വന്തമാക്കുന്നതിനു കാഴ്ചക്കാരനായി മാത്രം നിന്ന ജോർജ് എന്ന ചെറുപ്പക്കാരൻ. പിന്നീട് ഡിഗ്രി പഠന കാലത്തു കോളേജിൽ ഗസ്റ്റ് ലക്ചറർ ആയി വരുന്ന അധ്യാപികയോടു ആ ചെറുപ്പക്കാരനു ഉണ്ടാകുന്ന പ്രണയം. എന്നാൽ അതും നഷ്ടപ്രണയമായി മാറി വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യത്തെ പ്രണയിനി മേരിയുടെ അനിയത്തിയുമായുളള പ്രണയം വിജയിക്കുന്നു. വളരെ സാധാരണമായ യാതൊരു വിധ പ്രത്യേകതകളോ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു വിഷയമായിരുന്നു പ്രേമം എന്ന സിനിമയുടേത്.പക്ഷെ മലയാള സിനിമ ചരിത്രത്തിലെ ഒരു നാഴിക കല്ലായി മാറാൻ ആയിരുന്നു ആ സിനിമയുടെ വിധി.
എന്തായിരിക്കും പ്രേമം എന്ന സിനിമയുടെ അമ്പരപ്പിക്കുന്ന വിജയത്തിന് പിന്നിൽ…സിനിമക്കായി സംവിധായകൻ ചേർത്ത ചേരുവകൾ തന്നെയായിരുന്നു എന്നത് ഒരു പ്രധാന ഘടകം ആയിരുന്നു..കലാലയ ജീവിതം..അക്കാലത്തെ തമാശകൾ, യുവജനോത്സവ വേദികൾ..ഓണാഘോഷം തുടങ്ങിയ നൊസ്റ്റാൾജിയ ഉണർത്തുന്ന പല കൂട്ടുകൾ ചേർത്ത ഒന്നായിരുന്നു പ്രേമം എന്ന സിനിമ.
അതു വരെയുണ്ടായിരുന്ന നായികാ സൗന്ദര്യ സങ്കല്പ്പത്തിനു ഒരൽപം മാറ്റം കൊണ്ടുവന്ന സിനിമ..പ്രേമം എന്ന സിനിമയുടെ വിജയത്തിന്റെ മുഖ്യ കാരണം എന്ന് ഞാൻ വിശ്വസിക്കുന്നത് മലർ എന്ന കഥാപാത്രം ആണ്.. മുഖം നിറയെ മുഖക്കുരുവും അലസമായി കിടക്കുന്ന നീളൻ മുടിയും ചിരിയുമായി സായ് പല്ലവി എന്ന നടി കയറിവന്നത് മലയാളികളുടെ മനസ്സിലേക്കു കൂടിയായിരുന്നു. സാരിയിൽ സുന്ദരിയായി തനി നാടൻപെൺകുട്ടിയായി വന്നു ജീൻസും ഷർട്ടും ഡപ്പാംകൂത്ത് ഡാൻസ് സ്റ്റെപ്പുകളുമായി ഞെട്ടിച്ചു കളഞ്ഞ നായിക.മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും സെൻസെഷണൽ ആയ സിനിമകളിൽ ഒന്ന് തന്നെയാണ് അൽഫോൻസ് പുത്രന്റെ പ്രേമം… പ്രേമം എന്ന സിനിമ അതൊരു വികാരമാണ്…
386 total views, 4 views today