Ragesh
ഒരു സിനിമയ്ക്ക് മൂന്നു മണിക്കൂറിനടുത്ത് നീളം വന്നാൽ ആ ചിത്രത്തോടുള്ള താൽപര്യം കുറയും. എന്തിനാണ് ഇങ്ങനെ വലിച്ചുവാരി കഥ പറയുന്നത്? തിയേറ്ററിൽ കാണുമ്പോൾ ഗത്യന്തരമില്ലാതെ പ്രേക്ഷകർക്ക് പടം മൂന്ന് മണിക്കൂർ ആയാലും നാലുമണിക്കൂർ ആയാലും കാണേണ്ടി വരുന്നു.
അന്താരാഷ്ട്ര സിനിമകളിൽ പലതും രണ്ടുമണിക്കൂറിൽ മാത്രം ദൈർഘ്യമുള്ളവയാണ്. പക്ഷേ ഇന്ത്യൻ സിനിമകളിൽ രണ്ടുമണിക്കൂറിൽ കുറവുള്ള ചിത്രങ്ങളാണ് കുറവ്. ഈയിടെ ഇറങ്ങിയ എല്ലാ പ്രമുഖ സിനിമകൾക്കും ദൈർഘ്യം മൂന്നു മണിക്കൂറിനടുത്ത്. ഹൃദയം സിനിമയുടെ എഡിറ്റർ പറയുന്നത് കേട്ടു ആറുമണിക്കൂറോളം ആ സിനിമയുടെ ഫൂട്ടേജ് ഉണ്ടായിരുന്നു എന്ന്. കൃത്യമായ കഥയും തിരക്കഥയും കയ്യിലുണ്ടെങ്കിൽ എന്തിനാണ് ആറും പത്തും മണിക്കൂർ ഒരു സിനിമ എടുത്തുവെച്ച് എഡിറ്റർമാരെയും ബുദ്ധിമുട്ടിക്കുന്നത്? ആവശ്യത്തിന് മാത്രം ഷൂട്ട് ചെയ്താൽ എഡിറ്റർമാർക്കും പണിയെളുപ്പം, കാണുന്ന പ്രേക്ഷകനും തൃപ്തി. 150 രൂപ മടക്കുന്ന പ്രേക്ഷകന് കോടികൾ മുടക്കുന്ന നിർമ്മാതാക്കളുടെയും അണിയറ പ്രവർത്തകരുടെയും ബുദ്ധിമുട്ടറിയില്ല എന്നൊക്കെ പറഞ്ഞ് വിമർശിക്കുന്ന പ്രമുഖ സിനിമാ പ്രവർത്തകരോട് ഒരു കാര്യം പറയാനുണ്ട്, ഈ 150 രൂപയ്ക്കൊപ്പം മൂന്നു മണിക്കൂർ സമയമൊക്കെ ഒരു സാധാരണ പ്രേക്ഷകൻ ഇൻവെസ്റ്റ് ചെയ്യുക എന്ന് പറയുന്നത്, അയാൾക്ക് സിനിമയോടുള്ള പ്രണയം കൊണ്ടാണ്. അവൻറെ സമയത്തിന് വിലയുണ്ട്.ഇല്ലെങ്കിൽ ഇനി ഒരു തലമുറ വരും, അപ്പോൾ -“എത്ര വലിയ സൂപ്പർസ്റ്റാറിന്റെ ആണെങ്കിലും എത്ര ഗംഭീര പടം ആണെങ്കിലും കഥ വലിച്ച് നീട്ടാതെ ചുരുക്കി പറയാൻ പഠിക്കണം സിനിമക്കാരെ, അല്ലെങ്കിൽ തിയേറ്റർ ആണ്-അന്ന് ആളുകൾ കൂവും!”
*ഹൃദയം കാണാൻ പോയി ലാസ്റ്റ് ബസ് മിസ്സ് ചെയ്ത് രാത്രി ബസ്റ്റോപ്പിൽ കുത്തിയിരുന്ന ഒരു സാധാരണ പ്രേക്ഷകന്റെ ഈ അഭിപ്രായം തികച്ചും വ്യക്തിപരം*