Ragesh
റിയാ സെനിനെ കുറിച്ചു പറഞ്ഞാൽ മുഴുവൻ സെൻ കുടുംബത്തെക്കുറിച്ച് പറയണം, മൂന്ന് തലമുറകളിലായി നാല് സുന്ദരിമാർ
റിയാ സെൻ
പ്രശസ്ത നടി മൂൺ മൂൺ സെന്നിന്റെ രണ്ടാമത്തെ മകളാണ് റിയ. റിയയുടെ ഭാമ എന്ന കഥാപാത്രത്തെ കുറിച്ച് ‘അനന്തഭദ്രം’ സിനിമയെ പറ്റി പറയുന്നവർ അധികമാരും പറഞ്ഞു കേട്ടിട്ടില്ല. നോവലിൽ നായികാപ്രാധാന്യമുള്ള കഥാപാത്രമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. നോവൽ വായിച്ചിട്ടില്ല. അതുകൊണ്ട് കൃത്യമായി അറിയില്ല. എന്തായാലും സിനിമയിൽ ആ കഥാപാത്രം ഒതുക്കപ്പെട്ടു എന്ന് തോന്നി.ബിജുമേനോന്റെ ശിവറാമും അങ്ങനെ ഒതുക്കപ്പെട്ട വേഷമാണ്. ഒരു അതിഥി വേഷം പോലെ. സിനിമയുടെ ചിത്രീകരണ സമയത്ത് ബോളിവുഡ് നടി റിയാ സെൻ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്നൊക്കെ കേട്ടപ്പോൾ റിയയുടെ കഥാപാത്രത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. ‘സൊട്ട ചൊട്ടു നനയുത് താജ്മഹാൽ…’പാട്ടും, പിന്നെ എണ്ണാൻ ആവാത്തത്ര ഹിന്ദി പോപ്പ് ആൽബങ്ങളും കണ്ടു റിയ സെൻ മിക്കവാറും എല്ലാ മലയാളികൾക്കും പരിചിത ആയിരുന്നു. റിയ അവതരിപ്പിച്ച ഭാമയുടെ മറ്റൊരു പ്രത്യേകത, ആ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് ഭാഗ്യലക്ഷ്മി ആണ്. അലർച്ചകളും, ‘വിടാൻ’ ‘വിടൂ’ എന്നീ ശബ്ദങ്ങളും മാത്രമേ ഉള്ളൂ ഭാമയ്ക്ക്. ആകെയുള്ളത് അവസാനം പറയുന്ന ഒരേ ഒരു ഡയലോഗ് മാത്രം.!
“എന്റെ ജന്മം നീ നശിപ്പിച്ചു, ഇനി എത്ര ജന്മം എടുത്താലും ഇണചേരാൻ ആവാതെ ഒരു ഭ്രാന്തനെപ്പോലെ നീ അലഞ്ഞു നടക്കും!” ഡയലോഗ് കുറവായതുകൊണ്ട് തന്നെ ആയിരിക്കുമല്ലോ ഈ കഥാപാത്രം റിയയെ പോലെ ഒരു ബോളിവുഡ് താരത്തെ ഏൽപ്പിച്ചതും.
റിയ പതിനാറാമത്തെ വയസ്സിൽ “യാദ് പിയാ കി ആനേ ലഗി..” (1998) എന്ന ഫാൽഗുനി പഥക്കിന്റെ സൂപ്പർ ഹിറ്റ് ഹിന്ദി ആൽബത്തിലൂടെ പ്രശസ്തയായ നടിയാണ്. ആ പാട്ട് സൃഷ്ടിച്ച ഓളം പറഞ്ഞറിയിക്കാനാവാത്തതാണ്.തമിഴിൽ പ്രശാന്തിന്റെ നായികയായി ‘ഗുഡ്ലക്ക്’, ഭാരതിരാജ സംവിധാനം ചെയ്ത ‘താജ്മഹലി’ലും അഭിനയിച്ചിട്ടുണ്ട്. എ.ആർ റഹ്മാൻറെ താജ്മഹലിലെ ഗാനങ്ങൾ മറക്കാനാകുമോ. സ്റ്റൈൽ, ഝങ്കാർ ബീറ്റ്സ്, ശാദി നമ്പർവൺ, എന്നിവ പ്രമുഖ ചിത്രങ്ങൾ.
ചേച്ചി: റിയയുടെ ചേച്ചി റെയ്മാ സെൻ മലയാളത്തിൽ പി. ടി. കുഞ്ഞുമുഹമ്മദിന്റെ ‘വീരപുത്രൻ’ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നരേയ്നിന്റെ നായികയായി. അതിലെ ശ്രേയ ഘോഷാൽ പാടിയ ‘കണ്ണോട് കണ്ണോരം’ എന്ന ഗാനം പ്രശസ്തമാണല്ലോ. ഋതുപർണോ ഘോഷിന്റെ ചോക്കർ ബാലി, കൂടാതെ പരിനീത, ദസ്, മനോരമ ദ സിക്സ് ഫീറ്റ് അണ്ടർ, വോഡ്ക ഡയറീസ് പോലെയുള്ള പ്രശസ്തമായ ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, ബംഗാളി ഭാഷകളിലെ അറിയപ്പെടുന്ന നടി ആണ് റെയ്മ.
അമ്മ മൂൺ മൂൺ സെൻ മലയാളത്തിൽ മമ്മൂട്ടിയുടെ നായികയായി 1986ൽ ‘അവൾ കാത്തിരുന്നു അവനും’, കൂടാതെ 1994ലെ ഇറോട്ടിക് ത്രില്ലർ ചിത്രമായ ‘ജെൻറിൽമാൻ സെക്യൂരിറ്റി’ എന്നിവയിലും, പിന്നെ തെലുങ്കിലെ പ്രശസ്തമായ ‘സിരിവെണ്ണല’ യുടെ മലയാള ഡബ്ബിങ് പതിപ്പ് ‘സ്വരലയ’ത്തിലും അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന് ആന്ധ്ര സർക്കാരിന്റെ നന്ദി അവാർഡും ലഭിച്ചു. എൺപതുകളിൽ ഹിന്ദി, ബംഗാളി, മലയാളം, കന്നട തെലുങ്ക് തമിഴ് ഭാഷകളിൽ ആയി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. അന്തർ ബാഹർ,ഹൺഡ്രഡ് ഡേയ്സ് ഉൾപ്പെടെ പ്രശസ്തമായ ഹിന്ദി ചിത്രങ്ങളിൽ തിളങ്ങി. തൃണമൂൽ കോൺഗ്രസിന്റെ എംപിയും ആയിരുന്നു.
അമ്മൂമ്മ: മൂൺ മൂൺ സെനിന്റെ അമ്മ സുചിത്ര സെന്നും പത്മശ്രീ ഉൾപ്പെടെ ഒരുപാട് പുരസ്കാരങ്ങൾ നേടിയ പ്രശസ്ത അഭിനേത്രിയാണ്, കൂട്ടത്തിൽ ഏറ്റവും പ്രശസ്ത.! സഞ്ജീവ് കുമാറിനൊപ്പം സുചിത്രാസെൻ അഭിനയിച്ച ‘ആന്ധി’യിലെ “തേരെ ബിനാ സിന്ദഗി സെ കോയി..” ഗാനം, ഇന്ത്യൻ സിനിമയിലെ ക്ലാസിക് പാട്ടുകളിൽ ഒന്നാണ്. 1963ൽ മോസ്കോ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിനേത്രി ആയി തിരഞ്ഞെടുത്തതോടെ ഒരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്കാരം നേടിയ ഇന്ത്യയിലെ ആദ്യത്തെ നടിയായി സുചിത്രാ സെൻ മാറി. ബംഗാളി സിനിമയിലെ ‘മഹാനായിക’ എന്ന പേരിൽ ആണ് സുചിത്ര സെൻ അറിയപ്പെടുന്നത്.
N.b *സുസ്മിതാസെന്നും മിന്നലെ ഫെയിം റീമാ സെന്നും ഈ കുടുംബവുമായി ഒരു ബന്ധവുമില്ല*