മലൈക്കോട്ടൈ വാലിബൻ

Raghu Damodaran

സിനിമ കണ്ടു, നാട്ടിൽ ആണെങ്കിൽ ആദ്യ ഷോ തന്നെ കാണുമായിരുന്നു.എന്നാൽ ഫാൻസ് ഷോ കാണാൻ പറ്റാത്തതിൻ്റെ വിഷമം മാറിയത് സിനിമ ഇറങ്ങിയതിന് ശേഷം വന്ന പല അഭിപ്രായങ്ങളും മറ്റും കേട്ടപ്പോഴാണ്.അത് സിനിമ മോശമായി എന്ന് കേട്ടത്തിൻ്റെ സന്തോഷമല്ല , മറിച്ച് അങ്ങനെ ഒരു അന്തരീക്ഷത്തിൽ ഇരുന്ന് കാണേണ്ട ഒരു സിനിമയല്ല ഇത് എന്ന ഉത്തമ ബോധ്യമുള്ളത് കൊണ്ടാണ്. ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന ഒരു സിനിമയായിരുന്നു മലൈക്കോട്ടൈ വാലിബൻ. അതിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിലൊരാളായ മോഹൻലാലിൻ്റേ മലയാളത്തിലെ മറ്റൊരു വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഇത് എന്നതും, മറ്റൊന്ന് എന്നും തൻ്റേതായ രീതിയിൽ വ്യത്യസ്തതകൾ മലയാളിക്ക് സമ്മാനിച്ച ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഈ ചിത്രത്തിൻ്റെ സംവിധായകൻ എന്നതുമാണ്.

  എന്നാൽ ടീസറും ചില പോസ്റ്റുകളും കണ്ടപ്പോൾ മുതൽ ഊഹിച്ചിരുന്നു ഇത് ഏത് തരത്തിൽ ഉള്ള ഒരു സിനിമയാകുമെന്ന്.പക്ഷേ ആദ്യ ഷോ കഴിഞ്ഞത് മുതൽ കേൾക്കാൻ തുടങ്ങിയതിൽ ഭൂരിഭാഗവും ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണങ്ങൾ ആയിരുന്നൂ ഇത് സത്യത്തിൽ ഒരുപാട് നിരാശപ്പെടുത്തി.എൻ്റെ അഭിപ്രായത്തിൽ സിനിമ ഇഷ്ടപ്പെടുന്നതും അല്ലാത്തതും ഓരോരുത്തരുടെ ചോയ്സ് ആണ്.
എന്ന് കരുതി ഒരാൾക്ക് ഇഷ്ടപ്പെട്ടില്ല അതുകൊണ്ടു ആർക്കും ഇഷ്ടപ്പെടരുത്, അതുപോലെ എനിക്ക് ഇഷ്ടപ്പെട്ടു അതുകൊണ്ടു എല്ലാർക്കും ഇഷ്ടപ്പെടണം എന്ന് പറയുന്നതും ശരിയല്ല.സിനിമ കണ്ട് അഭിപ്രായം പറയുക എന്നതാണു എൻ്റെ രീതി.ഇനി പറയുന്നത് തീർത്തും എൻ്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.

സിനിമയിലേക്ക് വരികയാണെങ്കിൽ, പല കാര്യങ്ങളും പറഞ്ഞാൽ അത് സിനിമ കാണാത്തവരുടെ ആസ്വാദനത്തെ ബാധിക്കും എന്നതിനാൽ സിനിമയുടെ കഥയെ കുറിച്ചോ മറ്റ് കാര്യങ്ങളെ കുറിച്ചോ കൂടുതൽ വിശദമായി പറയുന്നില്ല.സിനിമയുടെ റിലീസിന് മുമ്പേ കൊടുത്ത ഇൻ്റർവ്യൂകളിൽ ലിജോയും ലാലേട്ടനും മറ്റും പറഞ്ഞ പോലേ ഏത് കാലഘട്ടത്തിൽ ആണ് സിനിമ നടക്കുന്നത് എന്ന് വ്യക്തമായി പറയാതെ തന്നെയാണ് സിനിമ പുരോഗമിക്കുന്നത്.എന്നിരുന്നാലും ചിത്രത്തിൽ വന്നു പോവുന്ന പല സന്ദഭങ്ങളിൽ നിന്നും, ചില കഥാപാത്രങ്ങളിൽ നിന്നും മനസ്സിലാക്കാവുന്നത് നൂറ്റാണ്ടുകൾക്ക് മുന്നേ നടന്ന കഥ എന്ന രീതിയിൽ ആണ്.പണ്ടെന്നോ കേട്ട ഒരു നാടോടി കഥപ്പോലെയാണ് ഈ സിനിമ സംവിധായകൻ തയ്യാറാക്കിയിട്ടുള്ളത് . ഒരിക്കൽ ഒരിടത്ത് മലൈക്കോട്ടൈ വാലിബൻ എന്നൊരു യോദ്ധാവുണ്ടായിരുന്നു എന്ന് തുടങ്ങുന്ന രീതിയിൽ , നമ്മൾ പണ്ട് പറഞ്ഞു കേട്ട ഒരു മുത്തശ്ശി കഥപ്പോലെയാണ് സിനിമയെ ട്രീറ്റ് ചെയ്തിട്ടുള്ളത്.

പല ദേശങ്ങൾ താണ്ടി അടിവാരത്തൂർ എന്ന ഗ്രാമത്തിൽ എത്തുന്ന വാലിബനെയും , അയ്യനാരാശാനെയും, ചിന്നനെയുമാണ് ആദ്യം പരിജയപ്പെടുത്തുന്നത്.പിന്നിട്ട ദേശങ്ങളിലെല്ലാം എതിരാളികളെ മലർത്തിയടിച്ച് വെന്നിക്കൊടി പാറിക്കുന്ന തികഞ്ഞ ഒരു യോദ്ധാവാണ് മലൈക്കോട്ടൈ വാലിബൻ.ആറാം തമ്പുരാനിൽ ജഗൻനാഥൻ പറയുന്ന പോലേ ഈ ആകാശത്തിനു ചുവട്ടിലെ ഏതൊരു മണ്ണും വാലിബന് സമമാണ്.വാലിബൻ പറയുന്ന പോലെയാണെങ്കിൽ പ്രത്യേകിച്ച് എവിടെയും വേരുറപ്പിക്കാത്ത ഒരു പ്രകൃതം.അങ്ങനെ തുടരുന്ന വാലിബൻ്റെ യാത്രയും, യാത്രക്കിടയിൽ ചെന്നെത്തുന്ന സ്ഥലങ്ങളും, അവിടെയുണ്ടാവുന്ന സംഭവങ്ങളും എല്ലാം ചേർന്ന കാഴ്ചകളെ ഒരു അമർ ചിത്ര കഥ വായിക്കുന്ന രീതിയിൽ ആണ് അണിയറ പ്രവർത്തകർ കാഴ്ച്ചക്കാരുടെ മുന്നിലേക്ക് എത്തിക്കുന്നത്.

“കണ്ടതെല്ലാം പൊയ്, ഇനി കാണ പോകിറത് നിജ്ജം” എന്ന് സിനിമയിൽ വാലിബൻ പറയുന്ന പോലെ കാണുന്നത് സത്യമാണോ, മിഥ്യയാണോ എന്ന് പ്രേക്ഷകനെ സംശയത്തിലാക്കുന്ന രീതിയിൽ ആണ് കഥ പലപ്പൊഴും മുന്നോട്ട് പോവുന്നത്. മലയാളികൾക്ക് കൂടുതൽ കണ്ട് പരിചയമില്ലാത്ത ഒരു കഥ പറച്ചിൽ രീതിയാണ് ഇതിലുപയോഗിച്ചിട്ടുള്ളത്.മലൈക്കോട്ടൈ വാലിബനായി മോഹൻലാൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. മഹാഭാരത്തിലെ ഭീമൻ എന്ന കഥാപാത്രത്തെ ഓർമിപ്പിക്കുന്ന രീതിയിലുള്ള ശരീര പ്രകൃതിയും ആകാരവും.അതുപോലെ തന്നെ സംഘട്ടന രംഗങ്ങൾ ഉൾപ്പടെ നിരവധി രംഗങ്ങളിൽ അദ്ദേഹത്തിൻ്റെ അഭിനയ മികവ് എടുത്ത് പറയേണ്ടതാണ്.സാമുറായ് സിനിമകളിലെ പല കഥാപാത്രങ്ങളോടും കിട പിടിക്കാവുന്ന രീതിയിൽ വാലിബനെ തിരശ്ശീലയിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

വാലിബൻ്റേതായ രീതിയിൽ പല സമയങ്ങളിലും അദ്ധേഹം സിനിമയെ ഒറ്റയ്ക്ക് ചുമലിലേറ്റി.മറ്റ് കഥാപാത്രങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ വ്യക്തിപരമായി പിന്നീട് കൂടുതൽ ഇഷ്ടപ്പെട്ടത് ചമതകൻ ആയി അഭിനയിച്ച ഡാനിഷ് സെയ്തിൻ്റെ പ്രകടനമാണ്.മാധങ്ങിയായി വന്ന സുജിത്രയും കുറച്ച് നേരത്തെ വേഷമാണെങ്കിലും നന്നായി കൈകാര്യം ചെയ്തതായി തോന്നി.അയ്യനാരായി ഹരീഷ് പേരടി, അടിമയായി മണികണ്ഠൻ ആചാരി , ചിന്നനായി മനോജ് മോസസ്, ജമന്തിയായി കഥ നന്ദി, രാഗ റാണി യായി സോനാലി കുൽക്കർണി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.പിന്നീട് പല സന്ധർഭങ്ങളിലായിവരുന്ന വ്യത്യസ്ത കഥാപാത്രങ്ങളായ കേളു മല്ലൻ, വീരമ്മ, തേനമ്മ, മാങ്ങോട്ട് മല്ലൻ, മെക്കാളെ രാജാവ്, ലേഡി മെക്കാളെ, തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ.എന്നാൽ ഇതിൽ പലരുടെയും പ്രകടനങ്ങൾ പലപ്പൊഴും ഒരുപാട് നാടകീയമായി പോയപ്പോലെയും ശരാശരിക്ക് താഴെ നിൽക്കുന്നതായും തോന്നി.ചിത്രത്തിൽ പിന്നീട് എടുത്ത് പറയേണ്ട ഒന്നാണ് ഇതിൻ്റെ സാങ്കേതിക തികവ്.

ഈ സിനിമയെ മികച്ച നിലവാരത്തിലേക്ക് ഉയർത്താൻ ഛായാഗ്രഹണവും, ശബ്ദ മിശ്രണവും, ചിത്രസംയോജനവുമ്മെല്ലാം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ച മധു നീലകണ്ഠൻ പ്രത്യേക പ്രശംസ അർഹിക്കുന്നു.ഇതിനോടകം തന്നെ ഒരുപാട് ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ഇദ്ദേഹത്തിൻ്റെ ഫിൽമോഗ്രഫിയിലെ ഏറ്റവും മികച്ച ഒരു ക്രാഫ്റ്റ് ആണ് മലൈക്കോട്ടൈ വാലിബൻ എന്നതിൽ സംശയമില്ല.ചില സന്ദർഭങ്ങളിൽ പ്രേക്ഷകർ കഥയിൽ നിന്നും അകന്നു നിൽക്കുന്ന സാഹചര്യങ്ങൾ വരുമ്പോഴും അവരെ കൂടുതൽ സിനിമയിലേക്ക് അടുപ്പിക്കുന്നത് ഈ സിനിമയിലെ മികച്ച ഫ്രെയിമുകളാണ്.ലോകോത്തര നിലവാരത്തിലുള്ള വിഷ്വലുകൾ ആണ് ഈ സിനിമയിൽ പലയിടത്തായി നമുക്ക് കാണാനാവുക.ഇതിൽ എൽ ജെ പി എന്ന പ്രധിഭാധനനായ ഫിലിം മേക്കറുടെ ചിന്തകളെയും ആശയങ്ങളെയും അതിൻ്റെ പ്രാധാന്യം ചോർന്ന് പോവാതെ ദൃശ്യങ്ങളായി ഒപ്പിയെടുത്ത് കാണികളിലേക്ക് എത്തിക്കാൻ മധു നീലണ്ഠനു കഴിഞ്ഞു.ഇതിനു മുൻപ് തന്നെ മികച്ച ക്യാമറമാനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം രണ്ട് തവണ നേടിയിട്ടുള്ള വ്യക്തിയാണ് മധു.പ്രശാന്ത് പിള്ള നിർവഹിച്ച ചിത്രത്തിലെ പശ്ചാത്തല സംഗീതവും അതുപോലെ തന്നെ വളരെ മികച്ചതായിരുന്നു. ചുരുങ്ങിയ ചില സ്ഥലങ്ങളിൽ ചെറിയ ചേർച്ച കുറവ് തോന്നിയെങ്കിലും സിനിമയിലേക്ക് പലപ്പൊഴും കൂടുതൽ വ്യാപൃതരാകാൻ പ്രേക്ഷകരെ സഹായിച്ചു. പല രംഗങ്ങളിലും സ്ഥിരം രീതികളിൽ നിന്നും മാറി പശ്ചാത്തല സംഗീതം നൽകിയത് പുത്തനനുഭവമായി തോന്നി.

അതുപോലെ ദീപു ജോസഫിൻ്റെ എഡിറ്റിങ്ങ് വളരെ മികച്ചതായി അനുഭവപ്പെട്ടു. ഫൈറ്റ് സീനുകൾ ഉൾപ്പടെയുള്ള പല സീനുകളിലേയും കളർ ഗ്രേഡിങ് മലയാളത്തിൽ ഇന്ന് വരെ കാണാത്ത രീതിയിൽ നടപ്പിലാക്കിയിട്ടുണ്ട്.സിനിമയുടെ ഒരു പ്രധാന പോരായ്മയായി തോന്നിയത് നല്ലൊരു തിരക്കഥയുടെ അഭാവമാണ് .വ്യത്യസ്തമായ ആഖ്യാന ശൈലി ആയതുകൊണ്ട് തന്നെ ചുരുങ്ങിയ ചില സന്ദർഭങ്ങളിൽ പ്രേക്ഷകനും സിനിമയും തമ്മിലുള്ള വൈകാരിക തലം എവിടെയൊക്കെയോ നഷ്ടപ്പെടുന്നതായി തോന്നി.
അതുപോലെ തന്നെ ചില സ്ഥലങ്ങളിൽ സംഭാഷണങ്ങൾ കൂടുതൽ നാടകീയത നിറഞ്ഞതായും തോന്നിയിരുന്നു.മാത്രമല്ലാ ചില സീനുകളിൽ അനാവശ്യമായി സ്ലോ മോഷനുകൾ ഉൾപ്പെടുത്തിയതും, ചില വലിച്ചു നീട്ടലുകളും ഒഴിവാക്കാമായിരുന്നു എന്നും തോന്നി..നേരത്തെ സൂചിപ്പിച്ച പോലെ ചില കഥാ പാത്രങ്ങളുടെ പ്ലേസ്മെൻ്റും പ്രകടനവും മറ്റൊരു പോരായ്മയായി തോന്നി.ചിത്രത്തിലെ ഗാനങ്ങൾ പലതും ഇമ്പമുള്ളതയി തോന്നിയില്ല.

എന്നാൽ ഇത്തരത്തിൽ നായക കഥാപാത്രത്തിനോടടക്കം വന്നു പോയ പല സംശയങ്ങളും ദൂലീകരിച്ചത് പടത്തിൻ്റേ ക്ലൈമാക്സിൽ വെളിപ്പെടുത്തുന്ന ചില സംഭവങ്ങളാണ്.എന്നാൽ ഇവയൊന്നും തന്നെ സിനിമയുടെ ആസ്വാദനത്തെ ബാധിച്ചിട്ടില്ല എന്ന് വേണം പറയാൻ.ഇത്തരം ചില പ്രശ്നങ്ങൾ മാറ്റി നിർത്തിയാൽ തീർച്ചയായും മലയാള സിനിമയെ വേറൊരു തലത്തിലേക്ക് ഉയർത്തുന്ന ഒരു സിനിമ തന്നെയാണ് മലൈക്കോട്ടൈ വാലിബൻ.മലയാളത്തിലെ ഇന്നത്തെ മികച്ച ഫിലിം മേക്കറിൽ ഒരാളായ ലിജോ ജോസ് പെല്ലിശ്ശേരിയും ഇന്ത്യൻ സിനിമയിൽ എന്നും തൻ്റെ സ്വാഭാവിക അഭിനയം കൊണ്ട് വ്യക്തി മുദ്ര പതിപ്പിച്ച മോഹൻലാലും ചേർന്ന കൂട്ടായ്മ നമുക്ക് മുന്നിലേക്ക് തന്നിരിക്കുന്നത് ഒരു തികഞ്ഞ ദൃശ്യാനുഭവമാണ് എന്നതിൽ യാതൊരു വിധ സംശയവുമില്ല.മലയാളത്തിൽ ഇന്ന് വരെ ഇറങ്ങിയത്തിൽ വെച്ച് മികച്ചൊരു പരീക്ഷണ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.

ഒരു മാസ് സിനിമ കാണാം എന്ന ലക്ഷ്യം മാത്രം വച്ചു തീയറ്ററിൽ പോയവരെ ഈ സിനിമ ഒരിക്കലും തൃപ്തിപ്പെടുത്തില്ല.വളരെ പതിയെ പ്രോഗ്രസ് ചെയ്യുന്ന ഒരു കഥാവസ്ഥയാണ് മലൈക്കോട്ടൈ വാലിബൻ്റെത്.ലിജോ പറഞ്ഞ പോലെ കുട്ടിക്കാലത്ത് മുത്തശ്ശി കഥകൾ കേട്ടും, ഫാൻ്റസി കഥകൾ വായിച്ചും വളർന്ന തലമുറയ്ക്ക് ഈ സിനിമ കൂടുതൽ ഉൾക്കൊള്ളാൻ കഴിയാനുള്ള സാധ്യതകളുണ്ട് .അതുപോലെ തന്നെ നാടകങ്ങൾ കണ്ട് കണ്ടുശീലിച്ചവർക്കും, ഇഷ്ടപ്പെടുന്നവർക്കും ഈ സിനിമ ആസ്വാദ്യകരമാവും.

ഈ സിനിമ അതിൻ്റെതായ രീതിയിൽ ആസ്വദിക്കാൻ കഴിയാത്തവർ ഒരിക്കലും മോശക്കാരല്ല. ഇത് അവർ ഇഷ്ട്ടപ്പെടുന്ന തരത്തിലുള്ള ഒരു ചിത്രമായിക്കാണില്ല.എന്നാൽ ഒരുപാട് മാസ്മരിക കഥാപാത്രങ്ങളിലൂടെ ഇതിനോടകം തന്നെ നമ്മെ വിസ്മയിപ്പിച്ച,വ്യത്യസ്തതകൾ തന്മയത്വത്തോടെ അവതരിപ്പിക്കാൻ കെല്പുള്ള ഒരു നടൻ സിനിമയിൽ ഇനിയങ്ങോട്ട് സ്റ്റീരിയോടൈപ്പ് വേഷങ്ങൾ മാത്രം ചെയ്യണം എന്ന് വാശി പിടിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഈ സിനിമയെ പിന്നോട്ടടുപിച്ചതിൽ മുഖ്യ പങ്ക് വഹിച്ചത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

മാത്രമല്ലാ അണിയറ പ്രവർത്തകരിൽ ചിലർ നടത്തിയ പരാമർശങ്ങളും പ്രതീക്ഷയുടെ അമിത ഭാരം സിനിമയിൽ കെട്ടി വച്ചു.ഇതിൻ്റെ അർത്ഥം എല്ലാ സിനിമകളും നമ്മൾ സ്വീകരിക്കണം എന്നല്ല തുടക്കത്തിൽ പറഞ്ഞ പോലെ ഏത് സിനിമ കാണണം, ഇഷ്ടപ്പെടണം എന്നുള്ളത് തീർത്തും വ്യക്തിപരമാണ്.എന്നാൽ സാമൂഹ മാധ്യമങ്ങളിൽ വരുന്ന ചില അഭിപ്രായങ്ങൾ മാത്രം കേട്ട് മലയാളത്തിൽ ഇന്നു വരെ സംഭവിച്ചതിൽ വെച്ച് മികച്ച ക്രാഫ്റ്റുകളിൽ ഒന്നായ മലൈക്കോട്ടൈ വാലിബൻ പോലത്തെ ഒരു സിനിമ ഇത്തരം വിമർശനങ്ങൾ നേരിടേണ്ടി വരിക എന്നത് വളരെ മോശം പ്രവണതയായിട്ടാണ് വ്യക്തി പരമായി എനിക്കു തോന്നിയത്.മനപൂർവ്വം ചിലർ സിനിമയെ തകർക്കാൻ ശ്രമിക്കുന്ന പോലെ.അവസാനമായി ഒന്നു കൂടെ, ഈ സിനിമ ഒരിക്കലെങ്കിലും തീയേറ്ററിൽ പോയി കണ്ടില്ലെങ്കിൽ നിങ്ങൾക്ക് നഷ്ടമാവുന്നത് മികച്ചൊരു ദൃശ്യാനുഭവമായിരിക്കും എന്നതിൽ യാതൊരുവിധ സംശയവുമില്ല.ഒരുപക്ഷേ കുറച്ച് കാലങ്ങൾ കഴിഞ്ഞാൽ മലയാളത്തിലെ മീകച്ച സിനിമകളിൽ ഒന്നായി അടയാളപ്പെടുത്താൻ സാധ്യതയുള്ള ഒരു സിനിമയാണ് *മലൈക്കോട്ടൈ വാലിബൻ*. അങ്ങനെയാവട്ടെ എന്ന ശുഭ പ്രതീക്ഷയിൽ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

 

You May Also Like

ചീറിപാഞ്ഞടുക്കുന്ന ട്രെയിൻ ഇന്ദ്രജാലക്കാരനെ ഇടിച്ചു തെറിപ്പിക്കുന്നു, പിന്നെ നടന്നത് ഹോ.. !

തികച്ചും ശാസ്ത്രീയമായ രീതിയിൽ, പ്രേക്ഷകനിൽ മിഥ്യാധാരണകൾ സൃഷ്ടിച്ചുകൊണ്ട് അമാനുഷികമായ പ്രവൃത്തികൾ ചെയ്ത് പ്രേക്ഷകവൃന്ദത്തെ ആസ്വദിപ്പിക്കുന്ന ഒരു…

ആ സിനിമയാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ തവണ കണ്ടതെന്ന് പ്രഭാസ്

തെലുങ്കിൽ ഒന്നുമില്ലാതിരുന്ന ഒരുതരമാണ് പ്രഭാസ്. അദ്ദേഹത്തെ ഇന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന താരമാക്കി വളർത്തിയതിൽ ബാഹുബലിക്കും…

സാറ്റർഡേ നൈറ്റിലെ മനോഹരമായൊരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍

പുതുതലമുറയിലെ യുവാക്കളുടെ സൌഹൃദത്തിന്‍റെ കഥ പറയുന്ന ആഘോഷ ചിത്രം ആണ് സാറ്റര്‍ഡേ നൈറ്റ്. കായംകുളം കൊച്ചുണ്ണിക്കു…

സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “ചാള്‍സ് എന്‍റര്‍പ്രൈസസ് ” എന്ന ചിത്രത്തിന്റെ സെക്കന്റ് പോസ്റ്റർ

“ചാള്‍സ് എന്‍റര്‍പ്രൈസസ് ” രണ്ടാമത്തെ പോസ്റ്റർ. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന…