Entertainment
“എന്റെ തട്ടാൻ ഭാസ്കരൻ ഇതും തട്ടും, ആരോഗ്യവാനായി അടുത്ത മാല പണിയും”

ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് മലയാളത്തിന്റെ പ്രിയ താരം ശ്രീനിവാസൻ. അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നവർ ആണ് എവിടെയും. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആശംസിച്ചിരിക്കുകയാണ് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും ഒക്കെയായ രഘുനാഥ് പലേരി. “എന്റെ തട്ടാൻ ഭാസ്കരൻ ഇതും തട്ടും, ആരോഗ്യവാനായി അടുത്ത മാല പണിയും” എന്നാണു അദ്ദേഹം കുറിച്ചത്.
1988 ൽ റിലീസ് ചെയ്ത പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയുടെ തിരക്കഥ രചിച്ചത് രഘുനാഥ് പലേരി ആയിരുന്നു. സത്യൻ അന്തിക്കാട് ആണ് സംവിധാനം . സിനിമ സൂപ്പർഹിറ്റായിരുന്നു. ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രം ആണ് തട്ടാൻ ഭാസ്കരൻ.
തന്റെ ആത്മാർത്ഥ പ്രണയത്തെ വഞ്ചിച്ചുകൊണ്ടു ഗൾഫുകാരനെ വിവാഹം കഴിച്ച നായികയോട് തട്ടാൻ ഭാസ്കരൻ പകരം വീട്ടുന്നത് വളരെ നർമ്മത്തോടെയും കൗതുകത്തോടെയും ആകാംഷയോടുമാണ് മലയാളികൾ കണ്ടത്. ഭാസ്കരൻ തന്റെ പ്രണയകാലത്ത് നായികയ്ക്ക് സമ്മാനിച്ച പത്തുപവന്റെ മാല വെറും ചെമ്പായിരുന്നു എന്നറിഞ്ഞപ്പോൾ ആ ഗ്രാമം തന്നെയാണ് കലാപ കലുഷിതമായത്. അത്യാഗ്രഹത്തിനും വഞ്ചനയ്ക്കും കൊടുത്ത ഉചിതമായ മറുപടി തന്നെ ആയിരുന്നു തട്ടാൻ ഭാസ്കരന്റേത്.
589 total views, 8 views today