ബി.എസ്.എൻ.എല്ലിന് കുതിക്കാൻ അഴിയണം കാലിലെ കെട്ട്

0
205
ബി.എസ്.എൻ.എല്ലിന് കുതിക്കാൻ അഴിയണം കാലിലെ കെട്ട്
Rahanas Madikai
ലാഭേച്ഛയില്ലാതെ ജനങ്ങളെ സേവിക്കുന്നതിനാൽ നഷ്ടം നികത്താൻ പൊതു സ്ഥാപനങ്ങൾക്ക് സർക്കാരുകളുടെ കൈത്താങ്ങ് ഉണ്ടാകാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്ഥമായ സ്ഥാപനമാണ് ബി.എസ്.എൻ.എൽ. ടെലികോം ഡിപ്പാർട്ട്മെന്റിൽ നിന്നും പുറത്തിറങ്ങി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന പേരിൽ പത്തൊൻപത് വർഷം തികയ്ക്കുന്നതിനിടെ ആസന്ന മരണത്തിലേക്കെത്തുകയാണ് ഇന്ത്യയുടെ ഈ സ്ഥാപനം.
സ്വകാര്യ രംഗത്തെ കമ്പനികളോട് ഇഞ്ചോടിഞ്ച് മത്സരിക്കുമ്പോഴും സാങ്കേതിക വിദ്യകൾ അനുവദിക്കാതെയാണ് ഇതിനോടുള്ള ക്രൂരത. സ്വകാര്യ കമ്പനികൾ ഫൈവ് ജിയിലേക്ക് കടക്കാൻ ഒരുങ്ങുമ്പോഴും ഫോർ ജി സംവിധാനം പോലും ഫലപ്രദമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ ഇവർക്ക് സാധിക്കുന്നില്ല. കേന്ദ്ര സർക്കാരുകളുടെ തെറ്രായ നയമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ജീവനക്കാരുടെ പക്ഷം.
കോടികൾ ചിലവഴിച്ച് സർവേ നടത്തി രാജ്യത്തെ 7000 സ്ഥലങ്ങളിൽ ബി.എസ്.എൻ.എൽ ടവറുകൾ സ്ഥാപിച്ചിരുന്നു. ഇതേ തുടർന്ന് ഇതിനെ കോപ്പിയടിച്ച് സ്വകാര്യ കമ്പനികളും സമീപത്ത് ടവറുകൾ സ്ഥാപിച്ചു. ഇവർ വേഗതയുള്ള ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമ്പോൾ കാഴ്ചക്കാരായി നോക്കിയിരിക്കുകയാണ് ബി.എസ്.എൻ.എൽ ജീവനക്കാർ. സാങ്കേതിക വിദ്യകളെല്ലാം അറിഞ്ഞിട്ടാണ് ഈ അവസ്ഥ.
44980 കോടി രൂപ പ്രതിവർഷ ലാഭത്തിൽ നിന്നും 7000 കോടി രൂപയോളം നഷ്ടത്തിലേക്ക് കൂപ്പു കുത്തിയത് പ്രതിമാസ വേതനത്തെയടക്കം ബാധിക്കുമെന്ന ആശങ്കയിലാണ് ജീവനക്കാർ. പെൻഷൻ ഫണ്ടിലേക്ക് അമിത തുക ഈടാക്കുന്നതും ഇൻകം ടാക്സിന്റെ പേരിൽ പിഴിയുന്നതും ഇവർക്കിടയിൽ വലിയ അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
ലാഭത്തിലാക്കാം വേണമെങ്കിൽ
കമ്പനികൾ തമ്മിലെ കിടമത്സരത്തിൽ രാജ്യത്തെ ടെലികോം കമ്പനികളെല്ലാം നഷ്ടത്തിൽ തന്നെയാണ്. സേവന രംഗത്തെ മന്ദത ബി.എസ്.എൻ.എല്ലിന് കൂടുതൽ തിരിച്ചടിയായി. എങ്കിലും പ്രതിവർഷം 10,000 കോടി രൂപയുടെ ലാഭത്തിലേക്കെങ്കിലും ഉയർത്താനാകുമെന്നാണ് ജീവനക്കാരുടെ പക്ഷം. ലാന്റ് മാനേജ്മെന്റ് പോളിസി എന്ന പേരിൽ നിർദ്ദേശം വെച്ചെങ്കിലും ഇതിൽ തീരുമാനമായില്ല. ബി.എസ്.എൻ.എല്ലിന് 2.5 ലക്ഷം കോടിയുടെ ആസ്ഥി ഉണ്ടെന്ന് എ.എഫ്.എസ് ഫർഗൂസൻ പഠനത്തിലൂടെ വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയിരുന്നു. നാമമാത്ര തുക മാനദണ്ഡമാക്കിയ കണക്കിലെ യഥാർത്ഥ മൂല്യം ഇത്രയോ ഇരട്ടിയാകും.
വെറുതേ കിടന്ന് സ്ഥലങ്ങൾ
കാഞ്ഞങ്ങാട് നഗര മദ്ധ്യത്തിൽ രാംനഗർ റോഡരികിൽ 1.43 ഏക്കർ ഭൂമി ബി.എസ്.എൻ.എല്ലിനുണ്ട്. ഇതിലാകെ ഒരു മൊബൈൽ ടവറും. നഗരം വികസിക്കാൻ സ്ഥലമില്ലാതെ വലയുമ്പോഴാണിത്. എയർപോർട്ട് സിറ്റിയായ മട്ടന്നൂരിലുമുണ്ട് ഒരേക്കർ സ്ഥലം. ഷോപ്പിംഗ് കോംപ്ലക്സോ മറ്റോ നിർമ്മിച്ചാൽ തന്നെ കോടികളുടെ വരുമാനമാകും ലഭിക്കുക. രാജ്യത്തെ മെട്രോ സിറ്റികളിലടക്കം ഇതാണ് അവസ്ഥ. ഫലപ്രദമായി വിനിയോഗിച്ചാൽ സ്വകാര്യ കമ്പനികൾക്ക് മുട്ടുമടക്കി ഓടേണ്ടി വരുമെന്ന് യൂണിയനുകൾ പറയുന്നു.
ചരിത്രവും സാമൂഹ്യ പ്രതിബദ്ധതയും
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമെന്ന നിലയിൽ വലിയ മുതൽ കൂട്ടാണ് ബി.എസ്.എൻ.എൽ. ലാൻഡ് ലൈനുകൾ മാത്രമുണ്ടായിരുന്ന കാലത്ത് ഗ്രാമീണ മേഖലകളിൽ നഷ്ടം സഹിച്ചായിരുന്നു കണക്ഷൻ നൽകിയിരുന്നത്. നഗരത്തിലെ വരുമാനം ഉപയോഗിച്ചായിരുന്നു നഷ്ടം നികത്തിയത്. വൈദ്യുതി വിതരണം ഇല്ലാത്തിടത്ത് ജനറേറ്റർ പ്രവർത്തിപ്പിച്ച് പോലും എക്സ്ചേഞ്ച് ഉണ്ടായിരുന്നതായി ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റായ മനോഹരൻ പറയുന്നു.
കാസർകോട് ജില്ലയുടെ വടക്കൻ ഭാഗത്തെ വിശാലമായ എക്സ്ചേഞ്ച് പരിധിയിൽ മൂന്ന് പുഴകൾ കുറുകേയുണ്ടായിരുന്നു. കടത്ത് വള്ളങ്ങളിൽ എത്തിയായിരുന്നു സാങ്കേതിക തകരാറുകൾ നീക്കിയത്. പ്രളയ ബാധിത മേഖലകളിലും സേവനത്തിന് ബി.എസ്.എൻ.എൽ മാത്രമാണ് എത്തുന്നത്. നഷ്ടം നികത്താൻ രാം വിലാസ് പാസ്വാൻ വാർത്താ വിതരണ വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് ഒബ്ലിഗേഷൻ ഫണ്ട് ആരംഭിച്ചിരുന്നു. സ്വകാര്യ കമ്പനികളിൽ നിന്നും ആക്സസ് ഡെഫസിറ്റ് ചാർജ്ജ് വാങ്ങിയെങ്കിലും സമ്മർദ്ദങ്ങൾക്കൊടുവിൽ ഇത് ഇല്ലാതായി.
നിയമം ലംഘിക്കാൻ സ്വകാര്യർ അനുസരിക്കാൻ ബി.എസ്.എൻ.എൽ
ഒരേ നിയമത്തിന് കീഴിൽ സ്വകാര്യ കമ്പനികൾ നിയമം ലംഘിക്കുകയും ബി.എസ്.എൻ.എല്ലിന് പാലിക്കേണ്ടി വന്നതും പ്രതിസന്ധിയായിട്ടുണ്ട്. കുറഞ്ഞത് 10 ശതമാനമെങ്കിലും സേവനം ഗ്രാമീണ മേഖലയിൽ ലഭ്യമാക്കണമെന്നാണ് ചട്ടമെങ്കിലും ബി.എസ്.എൻ.എൽ മാത്രമേ ഇത് നടപ്പാക്കിയുള്ളൂ. ഒരേ മേഖലയിൽ സ്വകാര്യ-പൊതു സ്ഥാപനങ്ങൾ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന തർക്കം പരിഹരിക്കാൻ ടെലികോം ഡിസ്പ്യൂട്ട് അപ്പലേറ്റ് അതോറിറ്റി(ടി.സി സാറ്റ്), ട്രായി എന്നിവ രൂപീകരിച്ചെങ്കിലും ബി.എസ്.എൻ.എല്ലിന്റെ കഴുത്തിൽ മാത്രമേ ഇവ കൈവെക്കാറുള്ളൂ.
പരസ്പര സഹകരണവും വയ്യാവേലിയായി
റിലയൻസ് അടക്കമുള്ള കമ്പനികളുമായി സഹകരിച്ചതാണ് ഒരു കാലത്ത് ബി.എസ്.എൻ.എല്ലിനെ നഷ്ടത്തിലാക്കിയത്. ഐ.എസ്.ഡി, എസ്.ടി.ഡി കോളുകൾക്ക് തുക നിശ്ചയിച്ചിരുന്നെങ്കിലും ഐ.എസ്.ഡിയെ എസ്.ടി.ഡിയായി ചിത്രീകരിച്ച് ബി.എസ്.എൻ.എല്ലിനെ കോടികൾ വെട്ടിച്ചു. കേസ് കോടതി കയറിയെങ്കിലും നിസാര തുകയ്ക്കാണ് വിധി വന്നത്.
സാങ്കേതിക വളർച്ചയ്ക്കും വിലങ്ങ് തടി
ലാൻഡ്ലൈൻ സേവനത്തിൽ ഒതുങ്ങി നിന്ന കാലത്ത് 3,70,000 ജീവനക്കാരാണ് ബി.എസ്.എൻ.എല്ലിന് ഉണ്ടായിരുന്നത്. ഇന്നിപ്പോൾ 1,70,000 ത്തിലേക്ക് കൂപ്പു കുത്തി. നാല് വർഷത്തിനകം 69000 പേരും റിട്ടയറാകാൻ പോകുന്നു. ഇതിനിടെ അവശേഷിക്കുന്നവരെ പോലും വി.ആർ.എസ് നൽകി ഒഴിപ്പിക്കാനാണ് ശ്രമമെന്ന് യൂണിയനുകൾ പറയുന്നു. സ്വകാര്യ മേഖലയെ അപേക്ഷിച്ച് പരിചയ സമ്പന്നരായ ജീവനക്കാരാണ് തങ്ങളുടെ ശക്തിയെന്നും ഇവർ പറയുന്നു.
1995ൽ ലൈസൻസ് നേടിയ സ്വകാര്യ മൊബൈൽ സേവന ദാതാക്കൾ 97ലാണ് പ്രവർത്തനം തുടങ്ങിയത്. എന്നാൽ ബി.എസ്.എൻ.എല്ലിന്റെ കാര്യത്തിൽ സർക്കാർ ഉടക്ക് വെച്ചു. 2002 വരെ കാഴ്ചക്കാരനാകേണ്ടി വന്നെങ്കിലും ആരംഭിച്ച് രണ്ട് വർഷത്തിനകം ആറു കമ്പനികളെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കുതിക്കാൻ ബി.എസ്.എൻ.എല്ലിനായി. ഇതോടെയാണ് വീണ്ടും പിന്നിൽ നിന്നും കുത്താൻ തുടങ്ങിയത്. അക്കാലത്ത് 4.5 കോടി മൊബൈൽ കണക്ഷൻ നൽകാനുള്ള നീക്കം പൊളിച്ചു. ചൈനീസ് കമ്പനിയായ ഹ്യുയാവേയുടെ പങ്കാളിത്തം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ സ്വകാര്യ കമ്പനികൾക്ക് ഇത് പ്രശ്നമായിരുന്നില്ല. ഇതിൽ കര കയറുമ്പോഴേക്കും സ്പെക്ട്രം അഴിമതി വന്നു. സ്പെക്ട്രം ലൈസൻസിനായി 14,500 കോടി രൂപ നൽകേണ്ടി വന്നു. ഇതിന് പിന്നാലെ റിസർവ് ഫണ്ടിൽ നിന്നും 40,000 കോടി രൂപയും ഒറ്റയടിക്ക് കുറച്ചു.
3ജി സ്പെക്ട്രത്തിലും ഇതായിരുന്നു നിലപാട്. പൊതു സ്ഥാപനമെന്ന നിലയിൽ ലേലത്തിൽ പങ്കെടുക്കേണ്ടെന്ന് നിർദ്ദേശിച്ച സർക്കാർ, ഒടുവിൽ ക്വാട്ട് ചെയ്തതിലെ ഏറ്രവും ഉയർന്ന തുക തന്നെ വാങ്ങി. രാജ്യത്തെ 36 സർക്കിളിലും പ്രവർത്തിക്കണമെന്നായിരുന്നു നിർദ്ദേശം. ലാഭകരമല്ലാത്ത അരുണാചൽ, ജമ്മു മേഖലകളിലും ബി.എസ്.എൻ.എല്ലിന് ഏറ്റെടുക്കേണ്ടി വന്നു.
ഉപഭോക്താക്കളെ വെറുപ്പിച്ച് സിഗ്നൽ
വേഗത കുറവിലും കാൾ കട്ടാകുന്നതിലും ബി.എസ്.എൻ.എല്ലിന്റെയത്ര അലംഭാവം വേറൊരു കമ്പനിയ്ക്കും ഇല്ലെന്നാണ് ഉപഭോക്താക്കളുടെ പക്ഷം. ജിയോയ്ക്കാണ് ആദ്യം 4ജി ലൈസൻസ് കിട്ടിയത്. പിന്നാലെ വോഡാഫോൺ-ഐഡിയ. എയർടെൽ എന്നിവയ്ക്കും ലഭിച്ചു. ഇതിനായി 32000 കോടിയാണ് ബി.എസ്.എൻ.എല്ലിന് ചിലവ് വരിക. വായ്പയെടുത്ത് ഇത് നൽകാമെന്ന് എം.ഡി അറിയിച്ചെങ്കിലും ഇത്രത്തോളം നഷ്ടത്തിലുള്ള നിങ്ങൾ എങ്ങനെ തിരിച്ചടക്കുമെന്നാണ് ചോദ്യം. ജിയോ 5 ലക്ഷം കോടി രൂപ, വോഡാഫോൺ-ഐഡിയ 1.20 ലക്ഷം കോടി രൂപ, എയർടെൽ 1.13 ലക്ഷം കോടി എന്നിങ്ങനെ കടത്തിൽ പ്രവർത്തിക്കുമ്പോഴാണ് പൊതു മേഖലാ സ്ഥാപനത്തോട് മാത്രം മുഖം തിരിക്കുന്നതെന്ന് യൂണിയനുകൾ ആരോപിക്കുന്നു. വൻ ആസ്ഥികളുള്ള ബി.എസ്.എൻ.എല്ലിന് 13000 കോടി മാത്രമാണ് ഇപ്പോഴത്തെ ബാദ്ധ്യത. സാങ്കേതികവിദ്യ ലഭിക്കുന്നതോടെ ആറ് മാസം മതിയാകും പഴയ പ്രതാപം വീണ്ടെടുക്കാൻ. ചൈന, തെക്കൻ കൊറിയ രാജ്യങ്ങളിൽ 5 ജി നടപ്പാക്കുകയും ഇന്ത്യയിലെ സ്വകാര്യ കമ്പനികൾ ഗവേഷണവും ആരംഭിച്ചപ്പോഴും 3ജി സംവിധാനത്തിൽ മാറ്റം വരുത്തി 4ജി നടപ്പാക്കുകയാണ് ബി.എസ്.എൻ.എൽ. സാങ്കേതിക വിദ്യ വ്യാപകമാക്കാൻ ഉടുമ്പൻചോല, ഏഴിമല എന്നിവിടങ്ങളിലും സർവേ നടത്തിയിരുന്നു.
സാമ്പത്തികം തന്നെയാണ് പ്രശ്നം
ഇന്ത്യയിൽ പല സ്ഥാപനങ്ങളിലും ഏഴുമാസം വരെ ശമ്പളം നൽകാതെയുണ്ട്. ഒരു ലക്ഷത്തോളം തൊഴിലാളികളാണ് ദുരിതത്തിലായത്. 55000 കോടി രൂപ വിവിധ വകുപ്പുകൾ നൽകാത്തതും നഷ്ടത്തിന് ആക്കം കൂട്ടുന്നു.
കേരളവും കണ്ണൂരും പിടിച്ച് നിന്നു
ബി.എസ്.എൻ.എല്ലിന് വൻ തിരിച്ചടി നേരിട്ടപ്പോഴും കേരളവും കണ്ണൂർ എസ്.എസ്.എയും അതിജീവിച്ചു. മൊബൈൽ പോർട്ടബിലിറ്റി വന്നതോടെ ഒരു ലക്ഷം ഉപഭോക്താക്കളായിരുന്നു വന്നത്. ഇന്ന് 1.10 കോടി മൊബൈൽ ഉപഭോക്താക്കൾ കേരളത്തിലെ ബി.എസ്.എൻ.എല്ലിനുള്ളപ്പോൾ 15,42,221 പ്രീപെയ്ഡ്, 10284 പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾ കണ്ണൂർ എസ്.എസ്.എ പരിധിയിലാണ്. കണ്ണൂരിലെ 864 ടവറുകളിൽ 90 ശതമാനവും 3ജി സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. 181 ടവറുകളും ഇവിടെയുണ്ട്. അതേസമയം 19 വർഷത്തിനിടെ ലാൻഡ് ലൈൻ കണക്ഷനുകൾ നാലര ലക്ഷത്തിൽ നിന്നും രണ്ടര ലക്ഷത്തിലേക്ക് ഇടിഞ്ഞു. കേരളത്തിലിത് 17,67,517ആണ്.
ബി.എസ്.എൻ.എല്ലിന്റെ മൊബൈലുകൾ കേരളത്തിൽ
എസ്.എസ്.എ-പ്രീപെയ്ഡ്-പോസ്റ്റ്പെയ്ഡ്
ആലപ്പുഴ-6,28,587-9830
കോഴിക്കോട്-9,85,278-12224
കണ്ണൂർ-15,42,221-10284
എറണാകുളം-18,52,975-53642
കൊല്ലം-8,36,633-8920
കോട്ടയം-8,43,991-12174
മലപ്പുറം-7,46,820-6136
പാലക്കാട്-6,49,363-8984
പത്തനംതിട്ട-5,66,440-5764
ത‌‌ൃശൂർ-9,69,524-21174
തിരുവനന്തപുരം-11,32,478-53365
(2018 മെയ് മാസത്തില് എഴുതിയത്)
Advertisements