രാഗീത് ആർ ബാലൻ
റഹീം അമീറയും
ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോകാറുണ്ട്..അത്തരത്തിൽ ഒന്നാണ് തമാശ എന്ന സിനിമയിലെ റഹിമിന്റെയും അമീറയുടെയും വീട്ടിൽ ശ്രീനിവാസൻ മാഷ് ചെല്ലുന്ന രംഗം.റഹീമിന്റെ വീട്ടിൽ ശ്രീനിവാസൻ മാഷ് ആദ്യമായി ആണ് ചെല്ലുന്നത്.. അയാൾ വരുന്നത് പ്രമാണിച്ചു റഹിമിന്റെ ഭാര്യ അമീറാ വിവിധ തരം ഭക്ഷണങ്ങൾ തയ്യാറാക്കിയിരുന്നു .. അവയെല്ലാം റഹീം ശ്രീനിവാസനും ഒരുമിച്ചിരുന്നു കഴിക്കുമ്പോൾ അമീറാ അടുക്കളയിൽ തിരക്കിലായിരുന്നു..
റഹീം ശ്രീനിവാസനോട് ആയി ചോദിക്കും “എങ്ങനുണ്ട് മാഷേ ”
“നന്നായിട്ടുണ്ട് ഞാൻ ആദ്യം ആയിട്ടാണ് ഇതൊക്കെ കഴിക്കുന്നത് ”
അടുക്കളയിൽ നിന്നും ചൂടുള്ള സുലൈമാനിയും ആയി അമീറാ അവരുടെ അടുക്കൽ എത്തി ഒരു ചെറു പുഞ്ചിരിയോടെ നൽകുന്നു.ശ്രീനിവാസൻ മാഷ് അമീറയോട് ചോദിക്കും ഏതു കോളേജിൽ ആണ് പഠിച്ചതെന്നു.. മറുപടി നൽകുന്നത് റഹീം ആണ് പൊന്നാനി MES ൽ ആണ് പഠിച്ചതെന്നും തുടർന്ന് പഠിക്കാൻ പറഞ്ഞിട്ടും അമീറാ പോയില്ല എന്നും..
അമീറാ ടേബിളിൽ വെച്ചിരുന്ന ചെറിയ പാത്രത്തിൽ നിന്നും കറി എടുത്ത് ശ്രീനിവാസന് വിളമ്പും.. അയാൾ അമീറായോട് ചോദിക്കും “കഴിക്കുന്നില്ലേ”
അമീറാ നൽകുന്ന മറുപടി ഒരു പുഞ്ചിരി ആണ്..റഹീം ആണ് അപ്പോഴും മറുപടി നൽകുന്നത്
“ഓക്ക് സമയം ആയിട്ടുണ്ടാകില്ല ”
ശ്രീനിവാസൻ അമീറയോട് ആയിട്ടു ചോദിക്കും എന്നെ ആദ്യമായി കണ്ടത് കൊണ്ടാകും അല്ലെ സംസാരിക്കാത്തത് എന്ന്.. അമീറാ അപ്പോഴും ഒരു ചിരി നൽകി അടുക്കളയിലേക്ക് പോകും…
ഇതു കണ്ടു സംശയ രൂപേണേ ശ്രീനിവാസൻ റഹീമിനെ നോക്കുമ്പോൾ അയാൾ പറയും
“ഓള് ഒന്നും സംസാരിക്കില്ല മാഷേ..ഓക്ക് വേണ്ടി ഞാനാ സംസാരിക്കാ…ഓള് ഒന്നും മിണ്ടുലാ..”
ഇതു കേട്ടു ശ്രീനിവാസൻ റഹീമിനെ നോക്കി ഇരിക്കുന്നു…നിശബ്ദത മാത്രം….
ഭക്ഷണം കഴിച്ചു കയ്യ് കഴുകി നിൽക്കുമ്പോൾ ശ്രീനിവാസൻ റഹീമിനോട് ചോദിക്കും…നിങ്ങൾ എപ്പോഴും ഭാര്യയോട് ഫോണിൽ സംസാരിച്ചു നിക്കുന്നത് കാണാറുണ്ടല്ലോ എന്ന്.. അതിനു റഹീം നൽകിയ മറുപടി
“ഓള്ക്ക് എന്താ പറയാനും ചോദിക്കാനും ഉള്ളെ എന്ന് എനിക്കറിയാം.. അതിനു ഞാൻ മറുപടി പറഞ്ഞു കൊണ്ട് ഇരുന്നാൽ മതി..ഓള് കേട്ടോളും..”
റഹീം ഒരിക്കൽ പോലും ഓർക്കുന്നില്ല അല്ലെങ്കിൽ ആലോചിക്കുന്നില്ല അയാളുടെ എല്ലാം ആയ അമീറക്ക് സംസാരിക്കാൻ കഴിയുക ഇല്ല എന്നുള്ളത്..അത് ഒരു കുറവായി അയാൾ ഒരിക്കൽ പോലും കരുതുന്നില്ല.. മറ്റുള്ളവർ പറയുന്നത് കേട്ട് നമ്മൾ ആലോചിക്കാൻ നിന്നാലേ അതിനെ നമുക്ക് നേരം ഉണ്ടാകുക ഉള്ളു എന്ന് അയാൾക്ക് നന്നായി അറിയാം.വീടിനു അകത്തു നിന്നും പാത്രത്തിൽ തവി കൊണ്ടോ മറ്റോ ഒരു ശബ്ദം അമീറ ഉണ്ടാക്കുമ്പോൾ റഹീം വീട്ടിലേക്കു ലക്ഷ്യമാക്കി നടക്കുന്നു…
“അമീറ വിളിക്കുന്നുണ്ട് ”
വല്ലാത്തൊരു ഇഷ്ടം തോന്നിപോകും റഹീമിനോടും അമീറയോടും… എത്ര മനോഹരം ആയിട്ടാണ് അവരുടെ ജീവിതത്തെ സിനിമയിൽ കാണിച്ചിട്ടുള്ളത്.. കുറവുകൾ എന്ന് മറ്റുള്ളവർ പറയുന്നവ ഒരിക്കൽ പോലും അവർക്കിടയിൽ ഒരു പ്രശ്നം ആകുന്നില്ല.. അവർ പ്രണയിക്കുക ആണ്.. അമീറയുടെ ചെറു പുഞ്ചിരിയും നിശബ്‍ദതയും നിറഞ്ഞ സ്നേഹവും റഹിമിന്റെ അവളോടുള്ള മൊഹബത്തും കണ്ടിരിക്കാൻ തന്നെ ഒരു സുഖം ആയിരുന്നു..കുറവുകൾ എന്നത് മനുഷ്യൻ സൃഷ്ടിക്കുന്നവയാണ്..അവയെ ചേർത്തു പിടിച്ചു സ്നേഹിച്ചാൽ പിന്നെ എന്ത് നോക്കാൻ ആണ്..നമുക്ക് ഒരു കുറവുണ്ടെന്ന് വിചാരിക്കുന്നതാണ് ഏറ്റവും വലിയ കുറവ്..
നല്ല മട്ടില് വിളമ്പിയാല് വേണ്ടന്ന് പറയാത്ത രണ്ടു സാധനങ്ങളെ ഉള്ളു … സ്നേഹവും ഭക്ഷണവും.. അവ രണ്ടും റഹീമിന്റെയും അമീറയുടെയും ജീവിതത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്തവയും ആണ്…അമീറക്ക് പറയാൻ ഉള്ളതും ചോദിക്കുവാൻ ഉള്ളതുമെല്ലാം റഹീമിനു അറിയാം.. സ്നേഹത്തിനു അവർക്കിടയിൽ ഭാഷ ഇല്ല.. ഒരു ചെറു ശബ്‌ദം ഒരു ചെറു പുഞ്ചിരി അല്ലെങ്കിൽ ഒരു നിശബ്ദത അവയെല്ലാം മാത്രം മതി അവർക്കിടയിലെ സ്നേഹത്തിനു..