ഇവിടെയാരും ഗ്യാസ് ചേമ്പറുകളുണ്ടാക്കില്ല എന്നു പറഞ്ഞപ്പോൾ ഞാൻ നിശ്വസിച്ചു, പക്ഷേ സിലിണ്ടർ വലിച്ചെറിഞ്ഞ് വീടുകൾ തന്നെ ഗ്യാസ് ചേമ്പറാക്കുമെന്ന് ഞാൻ ഭയപ്പെട്ടില്ല

113

റഹീം പൊന്നാട് 

ഞങ്ങളൊക്കെ ജീവിച്ചിരിക്കുമ്പോൾ CAA യുടെ പേരിൽ നിങ്ങളെയാരും ഉപദ്രവിക്കില്ല എന്നു പറഞ്ഞപ്പോൾ ഞാനഭിമാനിച്ചു. ഞങ്ങൾ തന്നെയായിരിക്കും നിങ്ങളെ ഉപദ്രവിക്കുക എന്നാണ് അവർ പറഞ്ഞതെന്ന് എനിക്ക് മനസിലായില്ല. നിങ്ങളിലാരും ഈ നാട് വിട്ടുപോകേണ്ടി വരില്ല എന്നു പറഞ്ഞപ്പോൾ ഞാനാശ്വസിച്ചു, പക്ഷേ ഈ ഭൂമിയിൽ നിന്നു തന്നെ പറഞ്ഞു വിടാനായിരുന്നു പ്ലാനെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. നിങ്ങളെയാരും തടവറകളിലേക്കയക്കില്ല എന്നു പറഞ്ഞപ്പോൾ ഞാനാനന്ദിച്ചു,പക്ഷേ രാജ്യം തന്നെ അവരൊരു തടവറയാക്കുമെന്ന് ഞാനോർത്തില്ല. ഇവിടെയാരും ഗ്യാസ് ചേമ്പറു കളുണ്ടാക്കില്ല എന്നു പറഞ്ഞപ്പോൾ ഞാൻ നിശ്വസിച്ചു,പക്ഷേ സിലിണ്ടർ വലിച്ചെറിഞ്ഞ് വീടുകൾ തന്നെ ഗ്യാസ് ചേമ്പറാക്കുമെന്ന് ഞാൻ ഭയപ്പെട്ടില്ല.നിങ്ങളോടാരും രേഖകൾ ചോദിക്കില്ലെന്നു പറഞ്ഞപ്പോൾ ഞാൻ സമാധാനിച്ചു,പക്ഷേ രേഖകളെല്ലാം വീടോടെ അവർ ചുട്ടുകളയുമെന്ന് ഞാൻ കണക്കുകൂട്ടിയില്ല.നിങ്ങളാരും മാതാപിതാക്കളുടെ വേരുകൾ തേടിയലയേണ്ടി വരില്ലെന്നു പറഞ്ഞപ്പോൾ ഞാൻ നെടുവീർപ്പിട്ടു,വേരുകൾ ശേഷിക്കാത്ത വിധം മാതാപിതാക്കളെത്തന്നെ അവർ തീർത്തു കളയുമെന്ന് ഞാൻ നിനച്ചില്ല.നിങ്ങളുടെ മക്കളും ഈ മണ്ണിൽത്തന്നെ കഴിയുമെന്ന് പറഞ്ഞപ്പോൾ ഞാനഹങ്കരിച്ചു,ഗർഭത്തിൽ വച്ചു തന്നെ മക്കളെയവർ മണ്ണിലേക്കയക്കുമെന്ന് ഞാൻ കരുതിയില്ല.