വ്യോമഗതാഗതം പുനരാരംഭിക്കുന്നതോടെ നാട്ടിലേക്ക് തിരിക്കാൻ തയ്യാറെടുക്കുന്നവർ വായിക്കുക

0
82

RAHUF POOZHIKUNNU

നാട്ടിലേക്ക് തിക്കും തിരക്കും കൂട്ടുന്ന പ്രവാസികളോട്. നാളിതുവരെ കാണാത്ത വലിയൊരു പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നത്, എങ്ങും ഭീതിജനകമായ വാർത്തകളും വർത്തമാനങ്ങളും മാത്രം..! നിലവിലെ അവസ്ഥ ഒരൽപ്പം ശാന്തമായാൽ വ്യോമഗതാഗതം പുനരാരംഭിക്കുന്നതോടെ നാട്ടിലേക്ക് തിരിക്കാൻ തയ്യാറെടുക്കുന്നവരാണ് നമ്മളിൽ ഏറെപ്പേരും.
പൊടുന്നനെ ഒരു എടുത്തുചാട്ടത്തിന് മുതിരും മുമ്പ് പലവട്ടം ചിന്തിച്ച് വിവേകത്തോടെ തീരുമാനമെടുക്കേണ്ടുന്ന ഒന്നാണിത്,ഈ പ്രതിസന്ധി ഘട്ടത്തിൽ കൂടണയാൻ കൊതിക്കാത്തവരായി ആരുമില്ല,സഞ്ചാരമാർഗ്ഗങ്ങൾ തുറക്കുന്നതോടെ വലിയൊരു ജനാവലി
തിക്കും തിരക്കും കൂട്ടിയാൽ കാര്യങ്ങളെ അത് കൂടുതൽ സങ്കീർണമാക്കും, വിമാനക്കമ്പനിക്ക് കൊള്ളലാഭമുണ്ടാക്കാൻ മാത്രമേ നമ്മുടെ അവിവേഗം ഗുണം ചെയ്യൂ ,മാത്രവുമല്ല വളരെ അത്യാവശ്യം നാട്ടിലെത്തേണ്ടുന്ന വലിയൊരു വിഭാഗം ആളുകളുടെയും യാത്ര മുടങ്ങാനും ഇതു കാരണമായേക്കും.

ജോലിയും കൂലിയും ഭക്ഷണവും ഇല്ലാത്ത നിരവധി പേർ തിങ്ങിക്കൂടി ഭീതിയോടെ കണ്ണീരും കയ്യുമായി പലയിടങ്ങളിലും നാളുകളെണ്ണി കഴിഞ്ഞുകൂടുന്നുണ്ട്, അത്യാവശ്യം സൗകര്യമുള്ളവർ പരിഗണിച്ചില്ലെങ്കിൽ ഇങ്ങനെയുള്ളവരുടെ കാര്യം ഏറെ പരിതാപകരമായേക്കും. ജോലിയും ഭക്ഷണവും താമസസ്ഥലവുമുള്ളവർ പരമാവധി തത്സ്ഥലത്ത് തുടരുന്നതു തന്നെയായിരിക്കും കൂടുതൽ അഭികാമ്യം, പിന്നീട് സാഹചര്യങ്ങൾ അനുകൂലമാകുന്ന മുറക്ക് ബാക്കിയുള്ളവർക്കും സുഗമമായി യാത്ര ചെയ്യാനാകും. പതിനായിരങ്ങൾ ഒന്നിച്ച് മടക്കയാത്രക്കൊരുങ്ങുമ്പോൾ വലിയൊരു ബാധ്യതയും വെല്ലുവിളിയുമാണ് സംസ്ഥാന സർക്കാരിനും ഉണ്ടാകുക! ഇങ്ങനെയൊരു സാഹചര്യം രൂപപ്പെട്ടത് പൊടുന്നനെ ആയതിനാൽ ക്വാറന്റയിൻ സംവിധാനമുൾപ്പെടെയുള്ള നിരവധി കാര്യങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കാൻ സർക്കാരിനും പരിമിതികളുണ്ട്,കൊറോണ ഭീതി പൂർണമായും വിട്ടൊഴിയുന്നതിന് മുമ്പുതന്നെ വ്യോമഗതാഗതം ഏറെക്കുറെ പുനരാരംഭിച്ചേക്കുമെന്നുതന്നെയാണ് കരുതുന്നത്.

സർക്കാരുകൾ അതീവ സൂക്ഷ്മതയോടെ കാര്യങ്ങൾ ആസൂത്രണം ചെയ്തില്ലെങ്കിൽ നമ്മൾ നേടിയെന്ന് അഹങ്കരിക്കുന്നതെല്ലാം വ്യഥാവിലാകും,അതുകൊണ്ടുതന്നെ ഇതിന് സമയവും സൗകര്യങ്ങളും ആവശ്യമാണ്,പോകാനൊരുങ്ങുന്നവർ ഇതുകൂടി കണക്കിലെടുത്തില്ലെങ്കിൽ സർക്കാർ കൂടുതൽ പ്രതിസന്ധിയിലാകുകയും സ്ഥിതി വഷളാകുകയും ചെയ്യും,കൂടാതെ കേട്ടുകേൾവിയില്ലാത്തത്ര വലിയൊരു സാമ്പത്തിക പ്രതിസന്ധിയെയാണ് കൊറോണാനന്തരം ലോകമാകെ അഭിമുഖീകരിക്കാനിരിക്കുന്നത്, ഉള്ള ജോലിയും കൂലിയും വിട്ട് നാട്ടിലേക്ക് ചേക്കേറുന്നവർക്ക് പട്ടിണിയും പരിവട്ടവുമാകും നാട്ടിൽ കൂട്ടായുണ്ടാകുക,സൗജന്യ റേഷനും ഭക്ഷണ സൗകര്യങ്ങളും ഒരുക്കിത്തരാൻ കേരളം പോലൊരു സംസ്ഥാനത്തിന് എത്രമാത്രം കഴിയും?!ഗൾഫിന്റെയും മറ്റും വരുമാനം നിലക്കുന്നതോടെതന്നെ നിർമ്മാണ പ്രവർത്തനങ്ങളും കൂലിപ്പണി പോലും ഏറെക്കുറെ അനിശ്ചിതകാലത്തേക്ക് നിലച്ചേക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

പട്ടിണി തിന്ന് മടുക്കുമ്പോൾ ഗൾഫിലേക്ക് തിരികെപ്പോരണമെന്ന് വിചാരിച്ചാൽ പിന്നീട് അതും എളുപ്പമാകില്ല,ഏറെ പണിപ്പെട്ട് വിസ തരപ്പെടുത്തിയാൽത്തന്നെ ഇവിടെയും ക്വാറന്റയിനും മറ്റു കടമ്പകളും അഭിമുഖീകരിക്കേണ്ടതായും വരും വിഷയങ്ങളുടെ ഗൗരവം ഇത്രയും വിവരിച്ചത് ജോലിയും കൂലിയും ഉള്ളവർ കുറച്ചൊക്കെ ബുദ്ധിമുട്ട് സഹിച്ചാലും സ്വയം സുരക്ഷ പാലിച്ച് തത്സ്ഥാനത്തു തന്നെ തുടരുന്നതായിരിക്കും ഏറ്റവും നല്ലതെന്ന് ഓർമ്മപ്പെടുത്താനാണ്,പോയ ബുദ്ധി ആന പിടിച്ചാൽപോലും കിട്ടില്ലെന്നോർക്കുക,ഒരു പാട് വട്ടം ചിന്തിക്കുക, നല്ലതെന്നു തോന്നുന്നത് പ്രവർത്തിക്കുക,എടുത്ത്ചാട്ടം പിന്നീടൊരു ഖേദത്തിനിടയാക്കരുത്.ലോകം ഒരുമിച്ച് മഹാമാരിക്കെതിരെ പൊരുതുകയാണ്,
ഒന്നും വിഫലമാകില്ല. നന്മ നേരുന്നു എല്ലാവർക്കും.