എന്നെ രക്ഷിച്ചത് കേരളമാണ്, കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജിലെ പരിചരണമാണ്

0
163

കോവിഡ് ബാധിച്ച് ഡൽഹിയിലെ ആശുപത്രിയിൽ കഴിഞ്ഞ എളമരം കരീം എംപിയുടെ പഴ്സനല്‍ സ്റ്റാഫ് രാഹുല്‍ ചൂരലിന്‍റെ അനുഭവക്കുറിപ്പ്

മൂന്നുപേർ കണ്മുന്നിൽവച്ചു വേണ്ടത്ര ചികിത്സയോ ശ്രദ്ധയോ കിട്ടാത്തതുകൊണ്ട് മാത്രം മരിച്ചുവീഴുന്നത് കാണേണ്ടിവരിക, കൃത്യമായി ജോലി ചെയ്യാൻ താൽപര്യമില്ലാത്ത ആരോഗ്യപ്രവർത്തകർ കാരണം മലമൂത്ര വിസർജനം പോലും ശരിയായി നടത്താൻ പറ്റാതെ ഒരു സമയത്ത് സ്വന്തം വിസർജ്യത്തിനുമേൽ രണ്ടു ദിവസത്തോളം കിടക്കേണ്ടിവരിക. കോവിഡ് ബാധിച്ചു ഡൽഹിയിൽ അഡ്മിറ്റ്‌ ആയ ദിവസങ്ങളിൽ അനുഭവിക്കേണ്ടിവന്ന കാര്യങ്ങൾ ഓർക്കുമ്പോൾ ഇപ്പോഴും ഉള്ള് കാളും. അവിടെ നിന്ന് എങ്ങനെയോ രക്ഷപ്പെട്ടു കേരളത്തിൽ എത്തിയതുകൊണ്ടുമാത്രം ജീവൻ തിരിച്ചുകിട്ടിയ എന്റെ അനുഭവം രണ്ട് ആരോഗ്യ സംസ്കാരങ്ങളുടെയും സർക്കാർ മേഖലയിലെ ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ കാര്യക്ഷമതയുടെയും ആരോഗ്യ പ്രവർത്തകരുടെ പരിചരണത്തിലെയും പെരുമാറ്റത്തിലെയും വ്യത്യാസത്തിന്റെയും നേർ സാക്ഷ്യമാണ്.

ഇന്ന് ഇവിടെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ കിടന്നു, മൂന്നാഴ്ചക്കാലം കോവിഡ് എനിക്കും ഉറ്റവർക്കും ഉണ്ടാക്കിയ പൊല്ലാപ്പുകൾ വീണ്ടും ഓർക്കുമ്പോൾ അതിലെ ഡൽഹി എപ്പിസോഡ് ഭീതിയുളവാക്കുന്ന ഒന്നായി മനസ്സിൽ തങ്ങിനിൽക്കുന്നു.

ഏപ്രിൽ 16ന് രാത്രി മുതലാണ് കൊറോണ വൈറസ് എന്റെ ശരീരത്തിലും കടന്നുകൂടിയതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഡൽഹിയിലെ അടുത്ത സുഹൃത്തുക്കൾക്കും കുടുംബത്തിനുമെല്ലാം ഒന്നുരണ്ടു ദിവസം മുന്നേ പനിയും തൊണ്ടവേദനയും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. എല്ലാ ദിവസവും ഒന്നിച്ചുണ്ടാകുന്നവരിൽ എനിക്ക് മാത്രമാണ് അത്തരം പ്രശ്നങ്ങൾ ഒന്നും അതുവരെ ഇല്ലാതിരുന്നത്. എന്നാൽ 16ന് രാത്രി മുതൽ കാര്യങ്ങൾ പെട്ടെന്ന് മാറിമറിഞ്ഞു. ശരീരമാസകലം വേദനയും വിറയലും. തലവേദന കൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല. കയ്യിലുണ്ടായിരുന്ന ഗുളിക കഴിച്ചെങ്കിലും പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടായില്ല. അങ്ങനെ ഞാനും വീണു.

ഡൽഹിയിലെ കോവിഡ് വ്യാപനത്തിന്റ ഭീകരാവസ്‌ഥ ശരിക്കും മനസിലാക്കിയ ദിവസങ്ങളായിരുന്നു പിന്നീട്. എത്ര വലിയ ഇടപെടൽ നടത്തിയിട്ടും ഒരു ഓക്സിജൻ ബെഡ് പോലും കിട്ടാത്ത സാഹചര്യം. മുഖ്യമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും എംപിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഓഫിസിൽ നിന്നും നിരന്തരം ശ്രമിച്ചിട്ടും ഒരു ആശുപത്രിയിലും ബെഡ് ഇല്ല എന്ന മറുപടി മാത്രം. ഓക്സിജൻ സപ്പോർട് ഇല്ലാതെ ഒരു നിമിഷം പോലും ജീവൻ നിലനിർത്താൻ പറ്റില്ല എന്ന സാഹചര്യം വന്നു. ഡൽഹിയിൽ കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ആർഎംഎൽ ആശുപത്രിയിൽ ജോലിചെയ്യുന്ന ബന്ധുവിനെ വിളിച്ചു.

അവരുടെ വാർഡിൽ ഒരുദിവസം ഓക്സിജൻ സപ്പോർട്ടോടെ കിടക്കാൻ സൗകര്യം ചെയ്തു. 23ന് രാത്രി ആർഎംഎൽ ഹോസ്പിറ്റലിൽ എത്തി. എസ്. രാമചന്ദ്രന്‍ പിള്ളയും ബൃന്ദാ കാരാട്ടും യൂസഫ് തരിഗാമിയും എളമരം കരീമും ശ്രീമതി ടീച്ചറും കെ.കെ. രാഗേഷും വി. ശിവദാസനും എം.ബി. രാജേഷും സോമപ്രസാദും ഉൾപ്പെടെ ഒരുപറ്റം പാർട്ടി സഖാക്കൾ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആശുപത്രിയിൽ ബെഡ് കിട്ടാനും അത്യാവശ്യമായ റെംഡിസിവർ മരുന്ന് ഏർപ്പാടാക്കാനും എല്ലാവരും ശ്രമിച്ചുകൊണ്ടിരുന്നു. 24ന് ആർഎംഎൽ ആശുപത്രിയിലെ കോവിഡ് വാർഡിൽ അഡ്മിറ്റ്‌ ആയി.

ഒന്നാം ദിവസം തന്നെ ഇവിടെ കിടന്നാൽ അധികനാൾ ആയിസുണ്ടാകില്ല എന്ന് ഉറപ്പായിരുന്നു. ഒരു വലിയ ഹാളിൽ നൂറുകണക്കിന് രോഗികൾ. തീരെ ആവതില്ലാത്തവർ മുതൽ ചെറിയ ശ്വാസതടസ്സവും പ്രശ്നങ്ങളും മാത്രം ഉള്ളവർ വരെ അതിലുണ്ട്. പുറത്തുനിന്നും ആർക്കും പ്രവേശനമില്ല. ഡോക്ടർ, നഴ്സ്, അറ്റണ്ടർ അങ്ങനെ ആരും സ്ഥിരമായി അതിനകത്തില്ലതാനും. രാവിലെയും ഉച്ചയ്ക്കും രാത്രിയിലും വന്ന് ഇൻജക്‌ഷനും മരുന്നുകളും തന്ന് അവർ പോകും. അതിനിടയിൽ ആർക്ക് എന്ത് പറ്റിയാലും ആരും അറിയില്ല. നടക്കാൻ ആവതുള്ളവർ പുറത്തു വാതിലിനടുത്ത് പോയി കാര്യം പറഞ്ഞാൽ അര മണിക്കൂർ കഴിയുമ്പോൾ ആരെങ്കിലും വന്ന് നോക്കും.

ഒന്നിനും പറ്റാത്ത ഒരാളാണെങ്കിൽ അവിടെ കിടന്നു ചക്രശ്വാസം വലിക്കും. ഇതാണ് അവസ്ഥ. ഞങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണം കട്ടിലിന്റെ മുകളിൽ സമയമാകുമ്പോൾ കൊണ്ടുവയ്ക്കും. കഴിച്ചാലും കഴിച്ചില്ലെങ്കിലും അവർക്ക് പ്രശ്നമല്ല. അവർ തങ്ങളെ ഏൽപ്പിച്ച ജോലി ചെയ്യുന്നു. അത്രമാത്രം. എന്റെ കട്ടിലിന്റെ തൊട്ട് മുകളിലാണ് എസി വെന്റ്. നല്ല തണുപ്പോടെ അതിൽ നിന്നും ശക്തിയായി കാറ്റ് വരുന്നു. രോഗികൾക്ക് പുതയ്ക്കാൻ പുതപ്പ് ഇല്ല. തണുത്തു വിറയ്ക്കാൻ തുടങ്ങി. കട്ടിൽ അവിടെ നിന്ന് നീക്കാൻ ആരെങ്കിലും വരുന്നതും നോക്കി നിന്നു. ആരും വന്നില്ല. തീരെ അവശനായിരുന്നെങ്കിലും ആദ്യ ദിവസം തന്നെ തണുത്തു മരവിച്ചു ജീവൻ വിടാതിരിക്കാൻ കട്ടിലിൽ നിന്ന് ഇറങ്ങി അത് തള്ളിനീക്കാൻ ഞാൻ തന്നെ ശ്രമം നടത്തി.

ശരീരം തളർന്നു തലകറങ്ങി കട്ടിലിലേക്കുതന്നെ വീണു. ആ ശ്രമം വിഫലമായി. ഗോകുലിനു മെസേജ് അയച്ചു. എത്രയും വേഗം ഒരു പുതപ്പ് എത്തിക്കണം. അവനും വിജുവേട്ടനും വീട്ടിൽ നിന്നും പുതപ്പുമായി വന്ന് അത് താഴെ ഏൽപ്പിച്ചു. അത് നാലാം നിലയിൽ ഞാൻ കിടക്കുന്ന വാർഡിൽ എത്തിയപ്പോഴേക്കും തണുത്തു മരവിച്ചു ബോധം മായുന്ന അവസ്ഥയിൽ എത്തിയിരുന്നു ഞാൻ. പുതപ്പുമായി വന്ന അറ്റണ്ടറോട് എസി ഓഫ് ചെയ്യാൻ കരഞ്ഞുപറഞ്ഞു. ഒപ്പം എന്റെ കട്ടിൽ കുറച്ചു നീക്കാനും. അതിനു അയാൾ പറഞ്ഞ മറുപടി; ‘യെ സബ് മേരാ കാം നഹി ഹേ’ (ഇതൊന്നും എന്റെ ജോലിയല്ല) എന്നാണ്.

ഈ മറുപടി ആദ്യം കേട്ടപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും ആർഎംഎല്ലിൽ കിടന്ന ഒരാഴ്ചക്കാലം എല്ലാ ദിവസവും കേട്ട് കേട്ട് അതിന് പുതുമ നഷ്ടപ്പെടുകയും പിന്നീടങ്ങോട്ട് ഈ വാചകം കേൾക്കുമ്പോൾ ഒരു നിർവികാരത മാത്രം അനുഭവപ്പെടുകയും ചെയ്തു. തണുത്തു വിറച്ചു ബോധം പോകുന്നതിന് മുൻപ് എന്തോ ഭാഗ്യത്തിന് ഒരു മാലാഖയെപ്പോലെ നഴ്സ് വന്നു. അവരോട് കാര്യം പറഞ്ഞു. പെട്ടെന്നുതന്നെ പനിക്കുള്ള ഒരു ഇൻജക്‌ഷൻ തന്നു. അവർതന്നെ ഓടിപ്പോയി എസി ഓഫ് ചെയ്യിച്ചു. ഞാൻ തളർന്നുറങ്ങിപ്പോയി. രാത്രി ഏറെ വൈകി എഴുന്നേറ്റ് സ്വയം തന്നെ കട്ടിൽ നീക്കിവെച്ചു. വീണ്ടും ഉറങ്ങാൻ ശ്രമിച്ചു. പറ്റിയില്ല. ആ ആശുപത്രിയിൽ കിടന്ന ഏഴു ദിവസവും എനിക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ല. കണ്ണ് തുറന്നു ചുറ്റും നോക്കി കിടക്കും. തിരിയാനോ മറിയാനോ പറ്റുന്നില്ല. അത്ര ഭീകരമാണ് ശ്വാസതടസം. ഓക്സിജൻ മാസ്ക് മുഴുവൻ സമയവും മുഖത്തുണ്ട്. അതുകൊണ്ട്, അതുകൊണ്ട് മാത്രം ശരീരത്തിൽ ജീവനും.

ഞാൻ ആ കോവിഡ് വാർഡിലേക്ക് കയറിയപ്പോൾ എതിർവശത്തെ കട്ടിലുകളിൽ ഉള്ള രണ്ടുപേരെ ശ്രദ്ധിച്ചിരുന്നു. ഒരാൾ ഒരു 45 വയസ് പ്രായം വരും. മറ്റെയാൾ കുറച്ച് കൂടുതൽ പ്രായമുള്ള ആളാണ്. രണ്ടുപേരും കാഴ്ചയിൽ അത്ര വലിയ പ്രശ്നങ്ങൾ ഉള്ളവരല്ല. എന്നേക്കാൾ നന്നായി സംസാരിക്കാനും ഒക്കെ പറ്റുന്നുണ്ട്. ഒരാൾ സ്വയം നടന്ന് ബാത്‌റൂമിലേക്കെല്ലാം പോകുന്നുണ്ട്. പ്രായമുള്ളയാൾക്ക് നടക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് ഡയപ്പർ കെട്ടിക്കൊടുത്തിട്ടുണ്ട്. ഈ രണ്ടുപേരുടെയും പിന്നെ എന്റെ ഇടതുവശത്തു കിടന്നിരുന്ന ആളുടെയും മരണം നേരിൽ കാണേണ്ടിവന്നതാണ് ഇപ്പോഴും മനസിനെ ഉലയ്ക്കുന്ന സംഭവം.

കാര്യമായ പ്രശ്നങ്ങൾ ഇല്ലാതിരുന്ന ആ നാൽപതിയഞ്ചുകാരന് ഒരു ദിവസം ചെറിയ തളർച്ചപോലെ കാണപ്പെട്ടു. ഡോക്ടർ വന്നപ്പോൾ ആയാൾ തന്റെ ബുദ്ധിമുട്ടുകൾ പറയുന്നത് കേൾക്കാമായിരുന്നു. പക്ഷെ ജോലി തീർക്കാൻ മാത്രമായി രോഗികളെ സന്ദർശിക്കുന്ന അവിടെയുള്ള ആരോഗ്യപ്രവർത്തർക്ക് അതൊന്നും വലിയ കാര്യമായി തോന്നീട്ടുണ്ടാകില്ല. രണ്ടുദിവസത്തിനുള്ളിൽ ആ മനുഷ്യൻ അന്ത്യശ്വാസം വലിച്ചു. എന്റെ കണ്മുന്നിൽ. ശ്വാസം കിട്ടാതെ പിടഞ്ഞ് ഒരു മനുഷ്യജീവൻ ഇല്ലാതാവുന്നത് നിസ്സഹായനായി നോക്കി ഞാൻ കട്ടിലിൽ കിടന്നു. അന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ അയാൾ മരിച്ചിരുന്നു.

അഞ്ചുമണിക്ക് ശേഷമേ വാർഡിലേക്ക് ആരെങ്കിലും വരൂ. അഞ്ചുമണിക്ക് വന്ന നഴ്സ് ഇൻജക്‌ഷൻ നൽകാൻ പോയപ്പോളാണ് ഇയാൾ മരിച്ചതായി കാണുന്നത്. ഒരു ഭാവവ്യത്യാസവും ഇല്ലാതെ അയാളുടെ ഓക്സിജൻ മാസ്കും കയ്യിലെ കാനുലയും മാറ്റി ബാക്കി രോഗികൾക്ക് ഇൻജക്‌ഷനും നൽകി തന്റെ പണി തീർത്ത് അവർ പോയി. വൈകുന്നേരം ഏകദേശം 7 മണിവരെ ആ മൃതദേഹം അവിടെ അതുപോലെ കിടന്നു. 7 മണിക്ക് ശേഷമാണ് ചിലർ വന്ന് അത് പൊതിഞ്ഞുകെട്ടുന്നത്. പൊതിഞ്ഞുകെട്ടുന്ന പണിയുള്ളവർ അത് തീർത്തു പോയി. പിന്നെ മൃതദേഹം കൊണ്ടുപോകാൻ ചുമതലപ്പെട്ടവർ വന്ന് അത് അവിടുന്ന് മാറ്റിയപ്പോൾ രാത്രി 8 മണി. അഞ്ചു മണിക്കൂറിൽ കൂടുതലാണ് ഒരു മനുഷ്യ ശരീരം അവിടെ കിടന്നത്. അതായിരുന്നു എനിക്ക് കിട്ടിയ ആദ്യത്തെ ഷോക്ക്.

രണ്ടാമത് മരിച്ചത് എന്റെ ഇടതുവശം കിടന്നയാളാണ്. അയാളുടെ ദേഹമാസകലം പൊള്ളി ബാൻഡെജ് ഇട്ടിരിക്കുകയായിരുന്നു. അതിനോടൊപ്പം കോവിഡ് കൂടി ഉള്ളതുകൊണ്ട് അയാൾ കടുതൽ ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചിരുന്നു. ഇടയ്ക്ക് ഉച്ചത്തിൽ കരയും. ആ കരച്ചിൽ ആരും കേൾക്കില്ല. ജോലി സമയം ആകുമ്പോൾ വരുന്നവരോട് അയാൾ ബുദ്ധിമുട്ടുകൾ പറയും. ചിലർ അത് കേൾക്കും. ചിലർ കേട്ട് തഴമ്പിച്ച മറുപടി പറയും: ‘യേ മേരാ കാം നഹി ഹേ’. അയാളുടെ വേദനയ്ക്കോ ബുദ്ധിമുട്ടിനോ ഒരു പരിഹാരവും ആരും കണ്ടെത്തിയില്ല. ഒരു ദിവസം രാത്രി ഏറെ വൈകി, ഞാൻ പതിവുപോലെ ഉറക്കമില്ലാതെ മുകളിലോട്ട് നോക്കി കിടക്കുന്നു.

ഇടതുവശത്തുനിന്ന് ഒരു ശബ്ദം കേട്ട് നോക്കിയപ്പോൾ ആ മനുഷ്യൻ ഉരുണ്ട് താഴെ വീണിരിക്കുന്നു. എന്നിട്ട് ഉറക്കെ കരയുകയാണ്. ആര് കേൾക്കാൻ? കുറച്ചുകഴിഞ്ഞപ്പോൾ കരച്ചിൽ നിന്നു. അങ്ങനെ അതും കഴിഞ്ഞു. രാവിലെ ‘ജോലി’ തീർക്കാൻ വന്നവർ അത് കണ്ടു. മരണം ഉറപ്പിച്ചു. കട്ടിലിൽ എടുത്തു കിടത്തി. ഇപ്രാവശ്യം ആരെങ്കിലും കണ്ടുകഴിഞ്ഞു രണ്ടു മണിക്കൂർ നേരമേ ആ മൃതദേഹത്തിന് അനാഥമായി കട്ടിലിൽ കിടക്കേണ്ടിവന്നുള്ളു. രണ്ടുമണിക്കൂർ കൊണ്ട് അവർ ബോഡി മാറ്റി.

ഏറ്റവും ഭീകര അനുഭവം മൂന്നാമത്തെ മരണമാണ്. എന്റെ എതിർ വശത്തു കിടന്നിരുന്ന കുറച്ചു പ്രായമുള്ള മനുഷ്യന്റെ മരണം. തുടക്കം തൊട്ടേ അദ്ദേഹം അവശനായിരുന്നു എങ്കിലും നന്നായി ഭക്ഷണം കഴിക്കുകയും വീട്ടിലേക്ക് എല്ലാ ദിവസവും വിളിച്ചു സംസാരിക്കുകയും ചെയ്യുമായിരുന്നു. ഒരു ദിവസം രാത്രി ഉറക്കത്തിനിടയിൽ അദ്ദേഹത്തിന്റെ ഓക്സിജൻ മാസ്ക് മുഖത്തുനിന്നും മാറി. ഒരു രാത്രി മുഴുവൻ ഓക്സിജൻ ഇല്ലാതെ കിടന്നതുകൊണ്ടാവണം പിറ്റേ ദിവസം മുതൽ അദ്ദേഹം അബോധാവസ്ഥയിലായി. അപ്പോഴും പതിവുപോലെ 3 നേരം ഭക്ഷണം കൊടുക്കുന്ന ജോലിയുള്ളവർ ഭക്ഷണവും (കട്ടിലിനു മുകളിൽ കൊണ്ടുവച്ച് പോകും. കഴിച്ചാലും കഴിച്ചില്ലെങ്കിലും ക്ലീനിങ്ങിനു വരുന്നവർ അവരുടെ സമയം ആവുമ്പോൾ കൃത്യമായി അത് അവിടുന്ന് മാറ്റും) ഇൻജക്‌ഷൻ കൊടുക്കുന്ന ജോലിയുള്ളവർ ഇൻജക്‌ഷനും നൽകിക്കൊണ്ടിരുന്നു

ഒരു ദിവസം രണ്ടു ഡോക്ടർമാർ വന്ന് അദ്ദേഹത്തെ പരിശോധിച്ചു. എന്തൊക്കെയോ ചെയ്തു. ബോധം വന്നില്ല. കുറേ കഴിഞ്ഞ് അവർ അവരുടെ പാട്ടിനു പോയി. അബോധാവസ്ഥയിൽ കിടക്കുന്ന ആ മനുഷ്യന് ഓക്സിജൻ മാസ്ക് ശരിയായി വച്ചുകൊടുക്കാൻ പോലും ആരും മനസുകാണിച്ചില്ല. അങ്ങനെ മൂന്ന് ദിവസത്തോളം അബോധാവസ്ഥയിൽ കിടന്ന് ആയുസ്സിനുവേണ്ടി പോരാടിയ ആ മനുഷ്യനെയും ഒരു ദിവസം വൈകുന്നേരം അവർ പൊതിഞ്ഞുകെട്ടി. ശവങ്ങൾ മാറ്റി അര മണിക്കൂറിനുള്ളിൽ തന്നെ പുതിയ രോഗികൾ ഓരോ കട്ടിലിലും ഇടം പിടിക്കുന്നുണ്ട്. പുതിയ രോഗികൾ വരുന്നതിന് മുൻപ് ആ കട്ടിലുകൾ ഒന്ന് വൃത്തിയാക്കുകപോലും ചെയ്യുന്നില്ല.

ഓക്സിജൻ സപ്പോർട്ട് ഇല്ലാതെ ഒരു നിമിഷം പോലും ഇരിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ ഉണ്ടായിരുന്നത്. സംസാരിക്കാനോ ഒച്ചയെടുത്ത് ആരെയെങ്കിലും സഹായത്തിനു വിളിക്കാനോ കട്ടിലിൽ നിന്ന് അനങ്ങാനോ പറ്റാത്ത അവസ്ഥ. മൂത്രമൊഴിക്കാൻ യൂറിൻ ഫ്ലാസ്ക് ഉണ്ട്. രാവിലെ മൂത്രമൊഴിച്ചാൽ വൈകുന്നേരം വരെ അത് ആ ഫ്ലാസ്കിൽ കിടക്കും. ആരും എടുത്തു കളയില്ല. ഇടയിൽ വരുന്ന ആരോടെങ്കിലും കളയാൻ പറഞ്ഞാൽ ഇത് തന്റെ പണിയല്ല എന്നും അതിനുള്ള ആള് വരുമ്പോൾ പറയാനും പറയും. രാവിലെ മൂത്രമൊഴിച്ചു ഫ്ലാസ്ക് നിറഞ്ഞാൽ വൈകുന്നേരം അത് കളയുന്നത് വരെ മൂത്രമൊഴിക്കാൻ നിർവാഹമില്ല. സ്വയം എഴുന്നേറ്റ് ബാത്‌റൂമിൽ പോകാൻ പറ്റാത്തതുകൊണ്ടും ഓക്സിജൻ സപ്പോർട്ട് ഇല്ലാതെ പോകുന്നത് അപകടമായതുണ്ടും എനിക്ക് അഡൾട്ട് ഡയപ്പർ കെട്ടിത്തരാൻ ഡോക്ടർമാർ ആദ്യ ദിവസം തന്നെ ആ ‘ജോലി’ ഉള്ളവർക്ക് നിർദ്ദേശം കൊടുത്തിരുന്നു.

ആദ്യ ദിവസം രാവിലെ അവർ കെട്ടിത്തന്നു. രാത്രി അത് അഴിച്ച് പുതിയത് കെട്ടിത്തരാം എന്ന് പറഞ്ഞെങ്കിലും രാത്രി ആരും വന്നില്ല. പിറ്റേ ദിവസം രാവിലെ വന്ന അറ്റണ്ടർമാരോടും നഴ്സ്മാരോടും കാര്യം പറഞ്ഞെങ്കിലും അവർ ഇത് തങ്ങളുടെ പണിയല്ല എന്ന് പറഞ്ഞു കൈ മലർത്തി. അടുത്ത ദിവസം രാവിലെയാണ് അതിന്റ ജോലിക്കാർ വന്നു എന്റെ ഡയപ്പർ മാറ്റുന്നത്. രണ്ടു ദിവസം സ്വന്തം വിസർജ്യത്തിനുമേൽ കിടക്കേണ്ടിവന്ന ആ അവസ്ഥ ഈ നിമിഷവും മനസിനെ അലട്ടുന്നുണ്ട്.

ഇത്രയും കാണുകയും അനുഭവിക്കുകയും ചെയ്തപ്പോൾ തന്നെ മാനസികമായി ഏറെ തളർന്നിരുന്നു ഞാൻ. കൃത്യമായ പരിചരണം കിട്ടാത്തതുകാരണം ശരീരം ക്ഷീണിച്ചുകൊണ്ടേയിരുന്നു. മെസ്സേജ് അയച്ചു ഗോകുലിനെയും മറ്റും കാര്യങ്ങൾ അറിയിക്കാൻ പറ്റിയതുകൊണ്ട് ഓരോ സമയത്തും ഗോകുലും വിജുവേട്ടനും സുനീഷേട്ടനും ലീനേച്ചിയുമെല്ലാം താഴെവന്ന് ബഹളം വെക്കുമ്പോൾ ആരെങ്കിലും വന്ന് നോക്കും. എന്നിട്ട് അവർ താഴെ വന്നതിന് എന്നെ ശകാരിച്ചിട്ട് തിരിച്ചുപോകും. പതിവുപോലെ അവരുടെ സമയമാകുമ്പോൾ വന്ന് ഇൻജക്‌ഷനും മരുന്നുകളും തന്ന് ഓക്സിജൻ ലെവലും നോക്കി തിരിച്ചുപോകും. എനിക്കാണെങ്കിൽ ആരോഗ്യത്തിൽ കാര്യമായ പുരോഗതി ഉണ്ടാകുന്നില്ല എന്നുമാത്രമല്ല ഓക്സിജൻ ഫ്ലോ 15 ലിറ്റർ വരെ എത്തിയിട്ടും ശ്വാസതടസം മാറുന്നില്ല. ഇടയിൽ നടത്തിയ കോവിഡ് ടെസ്റ്റ്‌ പോസിറ്റീവ് ആയി തുടരുകയും ചെയ്തു. അങ്ങനെയാണ് എങ്ങനെയെങ്കിലും നാട്ടിലേക്ക് എത്താനുള്ള ആലോചന വരുന്നത്.

എയർ ആംബുലൻസിനുവേണ്ടി ഞാൻ ആശുപത്രിയിൽ എത്തിയ ദിവസം മുതൽ തന്നെ എല്ലാവരും ശ്രമം നടത്തുന്നുണ്ടായിരുന്നു. പക്ഷേ പല പ്രശ്നങ്ങൾ കൊണ്ട് നടന്നില്ല. നാലഞ്ചു ദിവസത്തെ ശ്രമത്തിന് ശേഷം ഒരു എയർ ആംബുലൻസ് റെഡി ആയി. അങ്ങനെ മേയ്‌ 1ന് കാലത്ത് ഞാൻ ആർഎംഎൽ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു. നേരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക്‌.
കോഴിക്കോട് എയർപോർട്ടിൽ ലാൻഡ് ചെയ്തതുമുതൽ കേരളത്തിന്റെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ കാര്യക്ഷമതയും ആരോഗ്യപ്രവർത്തകരുടെ അനുകമ്പയും സ്നേഹവും മനസിന് വല്ലാത്ത ബലം നൽകി. എന്ത് പറഞ്ഞാലും ‘യേ മേരാ കാം നഹീ ഹേ’ എന്നു പറഞ്ഞു കൈ മലർത്തുന്ന, ഒരു ‘ജോലി’ തീർക്കാൻ മാത്രമായി രോഗികളുടെ അടുത്തേക്ക് വരുന്ന ഒരു പറ്റം ആൾക്കാരുടെ ഇടയിൽ നിന്നും വന്ന എനിക്ക് ഇവിടം സ്വർഗ്ഗമായിരുന്നു. എയർ ആംബുലബിസിൽ നിന്ന് എടുത്ത് മെഡിക്കൽ കോളജിന്റെ ആംബുലസിലേക്ക് മാറ്റുന്ന സമയം മുതൽ ‘എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണം കേട്ടോ’ എന്ന് സ്നേഹത്തോടെ പറഞ്ഞു അടുത്തിരുന്ന നഴ്സുമാരും എന്റെ ഒരാഴ്ചത്തെ ദുരിതപർവ്വത്തിനുശേഷം കൈവന്ന ഏറ്റവും സന്തോഷം തന്ന അനുഭവമായിരുന്നു.

മെഡിക്കൽ കോളജിൽ നേരെ എംഐസിയുവിലേക്ക് മാറ്റി. മുഴുവൻ സമയവും ഡോക്ടർമാരും നഴ്സുമാരും അറ്റൻഡർമാരും രോഗികളെ ശുഷ്രൂഷിക്കാൻ അവിടെയുണ്ട്. ഓരോ സമയത്തും എന്തെകിലും ബുദ്ധിമുട്ടുണ്ടോ എന്ന് അടുത്ത് വന്ന് ചോദിക്കും. സ്നേഹത്തോടെ ഭക്ഷണം തരും. ഡോക്ടർമാർ കൃത്യമായി കാര്യങ്ങൾ അന്വേഷിക്കും, ടെസ്റ്റുകൾ നടത്തും, അതിന് ശേഷം മരുന്നും ഇൻജക്‌ഷനും ആവശ്യമായ മാറ്റങ്ങൾ വരുത്തും. എല്ലാ ആരോഗ്യ വിവരങ്ങളും കൃത്യമായി ഗോകുലിനെയും കരീമിക്കയേയും വിളിച്ചറിയിക്കും. എല്ലാം കൊണ്ടും ഇപ്പോൾ ഇത്രയെങ്കിലും ആരോഗ്യം വീണ്ടെടുക്കാൻ എനിക്ക് സാധിച്ചത് ആ ആരോഗ്യപ്രവർത്തകരുടെ സ്നേഹവും പരിചരണവും ഒന്നുകൊണ്ടു മാത്രമാണ്.

5 ദിവസം മെഡിക്കൽ കോളജ് ഐസിയുവിൽ കിടന്ന് നല്ല പരിചരണം കിട്ടിയതോടെ ആരോഗ്യം നന്നായി മെച്ചപ്പെട്ടു. ഓക്സിജൻ സപ്പോർട്ട് വേണമെങ്കിലും ഫ്ലോ കുറച്ചുകൊണ്ടുവന്നു. ശ്വാസതടസം മാറി. കോവിഡ് പരിശോധന നെഗറ്റീവ് ആയപ്പോൾ ഐസിയുവിൽ നിന്ന് മാറ്റി. മെഡിക്കൽ കോളജിൽ പ്രൈവറ്റ് റൂം ഇല്ലാത്തതുകൊണ്ട് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് വന്നു. ഇനി ഓക്സിജൻ സപ്പോർട്ടോടുകൂടി കുറച്ചുനാൾ കൂടി ഇവിടെ. ഡൽഹിയിലെ ആശുപത്രിയിൽ കഴിച്ചുകൂട്ടേണ്ടിവന്ന ഭീതിജനകമായ ദിവസങ്ങൾ ഇപ്പോഴും മനസിൽനിന്ന് മാഞ്ഞിട്ടില്ല.

മെഡിക്കൽ കോളജ് ഐസിയുവിലും ഞാൻ വന്നതിനു ശേഷം രണ്ടു മരണം നടന്നിരുന്നു. തീരെ അവശരായ, പ്രായമായ രണ്ടുപേർ. അത് തടയാൻ അവിടെ ആരോഗ്യപ്രവർത്തകർ നടത്തിയ ശ്രമങ്ങളും രണ്ടു മിനുട്ടിനുള്ളിൽ അവിടെ ഓടിക്കൂടിയ ഡോക്ടർമാരും നഴ്സുമാരും കാണിച്ച വെപ്രാളവും ഒരു മനുഷ്യജീവൻ ഇവരെ സംബന്ധിച്ചിടത്തോളം എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന് വെളിവാക്കുന്നു. ഡൽഹിയിലെ ചികിത്സയുടെ (ചികിത്സ നൽകായ്മയുടെ) ഭീകര മുഖം വെളിവായത് മെഡിക്കൽ കോളജിൽ നിന്നും സിടി സ്കാൻ ചെയ്തപ്പോഴാണ്. ന്യൂമോണിയ വല്ലാതെ കൂടി രണ്ടു ശ്വാസകോശത്തെയും കാര്യമായി ബാധിച്ചിരുന്നു. ഗോകുൽ ആ സിടി റിപ്പോർട്ടും ഫിലിമും കണ്ട് തമാശയ്ക്ക് പറഞ്ഞത് ‘സ്പോഞ്ച് പോലുള്ള നിന്റെ ശ്വാസകോശങ്ങൾ ഇപ്പോൾ അരിപ്പപോലെ ആയി’ എന്നാണ്. ഡൽഹിയിൽ വച്ച് കൃത്യമായ കെയർ കിട്ടാത്തതുകൊണ്ട് മാത്രം സംഭവിച്ചത്. കേരളത്തിലേക്ക് വരുന്നത് ഇതിലും വൈകിയിരുന്നെങ്കിൽ ജീവൻ പോലും നഷ്ടപ്പെടുമായിരുന്നു.

കേരളവും ഡൽഹിയും ആരോഗ്യ പരിപാലനത്തിൽ രണ്ടു ധ്രുവങ്ങളിലാണ്. മനുഷ്യജീവനുകൾക്ക്‌ ഒരു വിലയും കൽപ്പിക്കാത്ത ആരോഗ്യ സംവിധാനവും ആരോഗ്യ പ്രവർത്തകരുമാണ് ഡൽഹിയുടെ ശാപം. ഇതാകട്ടെ സർക്കാർ ആരോഗ്യ മേഖലയിൽ ഇടപെടുന്നതിന്റെയും ഒരു നല്ല ആരോഗ്യ സംസ്കാരം രൂപപ്പെടുത്തുന്നതിന്റെയും കുറവുകാരണം മാത്രം ഉണ്ടാകുന്നതും. എന്നെ രക്ഷിച്ചത് കേരളമാണ്. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജിലെ പരിചരണമാണ്. ഇവിടെ സ്വകാര്യ ആശുപത്രിയിൽ പോലും പ്രതിഫലിക്കുന്നത് കേരളത്തിന്റെ ഈ ആരോഗ്യ സംസ്കാരമാണ്. ദീനാനുകമ്പയും സഹജീവിസ്നേഹവുമാണ് ആ സംസ്കാരത്തിന്റെ മുഖമുദ്ര.