Rahul Humble Sanal
ഇന്ന് അനശ്വര നടൻ ജയൻ വിട പറഞ്ഞിട്ട് 42 വർഷം പിന്നിടുകയാണ്… ജയൻ്റെ അഭിനയ ജീവിതം വിലയിരുത്തുമ്പോൾ വേറിട്ട് നിൽക്കുന്ന ഒരു ചിത്രമാണ് ഐ വി ശശി സംവിധാനം ചെയ്ത കരിമ്പന. കേരളത്തിൻ്റെ അതിർത്തി പ്രദേശമായ പാറശാല മേഖലയിലെ പന കയറ്റ തൊഴിലാളികൾ ആയ നാടാർ സമുദായക്കാരുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണ് കരിമ്പന. പിന്നീട് മലയാള സിനിമയിൽ ബോധപൂർവ്വം നിർമ്മിച്ചെടുത്ത സവർണ്ണ പശ്ചാത്തലത്തിന് മുൻപേ ഒരുങ്ങിയ ഈ ചിത്രത്തിലെ ജയൻ്റെ കഥാപാത്രത്തിൻ്റെ പേര് തന്നെ ആ നാട്ടിൽ മാത്രം കാണുന്ന നാടാർ സമുദായക്കാരുടേതാണ്…. “നേശമണി ”
മലയാള സിനിമയിൽ നാടാർ സമുദായക്കാരുടെ ജീവിതം അധികം ചിത്രീകരിക്കപ്പെട്ടിട്ടില്ല…ജെ സി ഡാനിയലിൻ്റെ ബയോപിക് മാത്രമാണ് ഇത്തരത്തിൽ നാടാർ കഥാപാത്രത്തിൻ്റേത് എന്നു പറയാൻ കഴിയുന്നത്..
ദൃശ്യം എന്ന ചിത്രം തമിഴിലേക്ക് പാപനാശം’ എന്ന പേരിൽ റീമേക് ചെയ്തപ്പോൾ കമലഹാസൻ്റെ കഥാപാത്രത്തെ നാടാർ സമുദായക്കാരൻ്റെ എല്ലാ പ്രത്യേകതകളോടുകൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്.. കമലഹാസൻ്റെ കഥാപാത്രത്തിൻ്റെ സംസാരശൈലി, മുണ്ട് ഉടുക്കുന്ന രീതി,അധ്വാനശീലം, പിശുക്ക് തുടങ്ങിയവ പ്രത്യേകതയിലൂടെ ആ കഥാപാത്രത്തെ ‘ ജോർജ്കുട്ടിയിൽ നിന്ന് മാറ്റി തീർത്തും വ്യത്യസ്തമാക്കിയാണ് അവതരിപ്പിച്ചത്.(ഈ പ്രത്യേകത കണക്കിലെടുക്കാതെ പലരും ദൃശ്യത്തിലെ മോഹൻലാലിൻ്റെ അഭിനയത്തെയും പാപനാശത്തിലെ കമലഹാസൻ്റെ അഭിനയത്തെയും താരതമ്യം ചെയുന്നത് തന്നെ അർത്ഥശൂന്യമാണ് എന്ന് തോന്നിയിട്ടുണ്ട്)
അതിനും എത്രയോ വർഷങ്ങൾക്കു മുൻപേ വന്ന കരിമ്പന എന്ന ചിത്രം പാറശാല നിവാസികൾക്കിടയിൽ ഇന്നും ഗൃഹാതുരത്വമായും അഭിമാനമായും നിലനിൽക്കുന്നതിൻ്റെ കാരണവും മറ്റൊന്നല്ല.പാറശാലക്കടുത്ത് അയിര എന്ന പ്രദേശത്തുകൂടി അടുത്ത കാലത്ത് യാത്ര ചെയ്തപ്പോൾ വഴിയിൽ കൈ കാണിച്ച ചേട്ടൻ ജയൻ കരിമ്പനയിൽ അഭിനയിക്കാൻ വന്ന കാര്യങ്ങളൊക്കെ ഇന്നലെ നടന്നത് പോലെ പറഞ്ഞതന്നപ്പോൾ ജയൻ ഒരു പാറശാലക്കാരൻ ആണോ എന്നു പോലും തോന്നിപോയി… ആ സിനിമയുടെ ചിത്രീകരണവിശേഷങ്ങൾ 42 വർഷത്തിന് ശേഷവും ഇപ്പോഴും അവിടെ സംസാരവിഷയമാണ്… കാരണം കരിമ്പന അവരുടെ കഥയാണ്.
ബിച്ചു തിരുമല കരിമ്പനക്ക് വേണ്ടി എഴുതിയ പാട്ടിൽ തന്നെ പന കയറ്റ തൊഴിലും, പനയിൽ നിന്ന് ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങളെ കുറിച്ചുമൊക്കെയുള്ള വിവരണങ്ങളാണ് വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നത്…
കൊമ്പിൽ കിലുക്കും കെട്ടി പുള്ളരിങ്ങാ പന്തുരുട്ടി
ലാടംവെച്ച കുഞ്ഞിക്കുളമ്പടി-
ച്ചോടിക്കോ കാളെ മടിക്കാതെ (2)
നേരംപോയ് നേരംപോയ് നേരംപോയ്
കണ്ണിൽ വിളക്കും വെച്ച്
കന്നിപ്പൂം പെണ്ണൊരുത്തി
ദൂരെയൊരു കൂരയിലെന്നെയും തേടിത്തളർന്നങ്ങിരുപ്പാണേ
നേരാണേ നേരാണേ നേരാണേ
ചുട്ടരച്ച ചമ്മന്തിക്കൂട്ടി
കാലത്തേ കഞ്ഞിമോന്തി
അക്കാനി കാച്ചി
പതനിയാക്കി ഇന്നും കരുപ്പെട്ടിയുണ്ടാക്കി(2)
തന്നയച്ചു പൂങ്കുഴലീ
തങ്കമണി തേങ്കുഴലീ (2)
(കണ്ണിൽ വിളക്കും വെച്ച്..)
ചിപ്പംകെട്ടി ചക്കരകേറ്റി
ചക്കടാവണ്ടിയോട്ടി
ചന്തയിലെത്തി ചില്ല്വാനം പേശി
പൊന്നുംവിലക്ക് വസൂലാക്കി(2)
കണ്മണിക്ക് ചേലവാങ്ങി
കണ്മഷിയും ചാന്തും വാങ്ങി(2)
(കൊമ്പിൽ കിലുക്കും കെട്ടി… )