രാഹുൽ കെ ജോസ്

എത്രയും ബഹുമാനപ്പെട്ട മാധവൻ നായർ വായിച്ചറിയുന്നതിന്,

ഇത് ഞാനാണ്, നീ “ഏട്ടാ, ഏട്ടാ” എന്ന് എന്തോ അർത്ഥം വെച്ചു വിളിക്കുകയും , പഞ്ചായത്തിൽ നീ ഏറ്റവും കൂടുതൽ പുല്ലുവില തരുകയും ചെയ്യുന്ന വിശ്വനാഥൻ എന്ന നിന്റെ ഏട്ടൻ. കുറേക്കാലമായി ചിലതൊക്കെ തുറന്നു പറയണം എന്ന് വിചാരിക്കാൻ തുടങ്ങിയിട്ട്, ഇനിയും വൈകിയിട്ടു കാര്യമില്ല.നീ പന്ത്രണ്ടാം വയസ്സിൽ ആണ് കള്ളൻ ആയതെന്ന് നീ പറഞ്ഞതായി ഞാൻ അറിഞ്ഞു. നീ പല തവണ ആവർത്തിച്ചാലും അത് സത്യം ആകില്ല. ജനിച്ചപ്പോൾ മുതൽ നീ ക്ലെപ്ടോമാനിയ എന്ന മോഷണവാസന നൽകുന്ന എടുത്താൽ പൊങ്ങാത്ത ഒരു അസുഖത്തിന് ഉടമ ആയിരുന്നു. നിന്റെ അസുഖം മാറാൻ അച്ഛൻ കാണിക്കാത്ത ഡോക്ടർമാർ ഇല്ല, നടത്താത്ത വഴിപാടുകൾ ഇല്ല, അങ്ങനെ നിന്നെ ചികിൽസിക്കാനും, വഴിപാട് നടത്താനും കടം വാങ്ങി കടം വാങ്ങി അവസാനം അച്ഛന് അസുഖം വന്നു. പിന്നെ ആ ചികിത്സയ്ക്ക് വേണ്ടി വീണ്ടും കടം വാങ്ങേണ്ടി വന്നു. അങ്ങനെയുണ്ടായ പലിശയും കൂട്ടുപലിശയും ചേർത്താണ് നമ്മുടെ വീട് പിള്ളേച്ചൻസ് ക്ലിപ്‌തം ലിമിറ്റഡ്‌ ജപ്തി ചെയ്യാനുള്ള നിലയിൽ വരെ എത്തിയത്.

പോലീസും കോടതിയും വരെയെത്തിയ നിന്റെ കുട്ടിക്കാല മോഷണക്കേസുകൾ നീ പാടെ മറന്നു അല്ലേ, കൊള്ളാം. പന്ത്രണ്ട് വയസിന് മുന്നേയുള്ള കാര്യങ്ങൾ ഓർമയില്ല എന്ന് നീ അഭിനയിക്കുമ്പോൾ ഞാനും അമ്മയും അത് നിന്നെ ഓര്മിപ്പിക്കേണ്ട എന്നു കരുതിയതാണ്.
വീട്ടിൽ കഷ്ടപ്പാട് ഉണ്ടായപ്പോൾ ഞാൻ മേമയുടെ വീട്ടിൽ പോയി നിന്ന് സുഖിച്ചു പഠിക്കുകയായിരുന്നു എന്നാണല്ലോ നിന്റെ മറ്റൊരു അവകാശവാദം.
1. നിന്റെ മോഷണശീലം കണ്ട് ഞാൻ പഠിക്കാതിരിക്കുക
2. ദാരിദ്ര്യ സമയത്ത് ഒരാൾക്കുള്ള ഭക്ഷണത്തിന്റെ കാശെങ്കിലും ലാഭിക്കുക.

ഇങ്ങനെയുള്ള രണ്ടു പ്രധാന ഉദ്ദേശ്യങ്ങളോടെയാണ് എന്നെ മേമയുടെ വീട്ടിലേക്ക് പഠിക്കാൻ വിട്ടത്. അല്ലാതെ ഞാൻ റിസോർട്ടിൽ വെക്കേഷൻ അടിച്ചു പൊളിക്കാൻ പോയതല്ല.
നീ റേഷൻ കടയിൽ നിന്ന് അരിച്ചാക്ക് ചുമന്നിട്ടുണ്ടോ? പറമ്പ് കിളച്ചിട്ടുണ്ടോ? വിറക് കീറിയിട്ടുണ്ടോ?എന്തിന് മുറ്റം എങ്കിലും അടിച്ചിട്ടുണ്ടോ? ഇമ്മാതിരി പണികൾ എല്ലാം ചെയ്തിട്ടാണ് ഞാൻ മേമയുടെ വീട്ടിൽ അവരുടെ മക്കൾക്ക് ഒപ്പം കഴിഞ്ഞിരുന്നത്. ഇതെല്ലാം കഴിഞ്ഞുള്ള നേരത്ത് പഠിച്ചാണ് ഞാൻ നീ പുച്ഛിക്കുന്ന സർക്കാർ ജോലിക്കാരൻ ആയത്.

മേമയ്ക്ക് ദേഷ്യം വന്നാൽ ചൂലിനും, ഉലക്കയ്ക്കും കയ്യിൽ കിട്ടിയ എന്തിനും വീക്ക് തരും.എല്ലാം ഞാൻ സഹിക്കും, എന്തിനാണെന്നോ? ഓണത്തിനും സംക്രാന്തിയ്ക്കും വീട്ടിലേക്ക് വരുമ്പോൾ മേയമ്മ ചെറിയൊരു കടലാസ് നോട്ട് കയ്യിൽ വെച്ചു തരും. ആ കാശ് ബസ് ടിക്കറ്റിന് പോലും ചിലവാക്കാതെ നടന്നു വീട്ടിലേക്ക് ഞാൻ പോരുന്നത്, നടത്തം ആരോഗ്യത്തിന് നല്ലതാണ് എന്ന് കരുതി ആയിരുന്നില്ല. ആ കാശ് അമ്മയുടെ കൈവെള്ളയിൽ വെച്ചു കൊടുക്കുമ്പോൾ അമ്മയുടെ മുഖത്തു വരുന്ന ആ ചിരി കാണാനായിരുന്നു. അപ്പോൾ കഴിഞ്ഞു പോയ കഷ്ടപാട് എല്ലാം ഞാൻ മറക്കും. ആ ഓര്മയിലാണ് ഇപ്പോഴും ഓണത്തിനും സംക്രാന്തിയ്ക്കും അമ്മയ്ക്ക് ഞാൻ മുണ്ടും വേഷ്ടിയും വാങ്ങുന്നത്. എപ്പോഴെങ്കിലും നിന്റെ മോഷണ മുതൽ അമ്മ ആ സന്തോഷത്തോടെ വാങ്ങിയിട്ടുണ്ടോ?

സൗജന്യ വിദ്യാഭ്യാസം അവകാശമായ ഈ നാട്ടിൽ കാശ് ഇല്ലാത്തതിനാൽ നിനക്ക് പന്ത്രണ്ടാം വയസ്സിൽ പഠിപ്പ് നിർത്തേണ്ടി വന്നു പറയരുതേ, മോഷണം എന്ന നിന്റെ പാഷന് പിന്നാലെ പോകാനായി നീ സ്‌കൂൾ ഉപേക്ഷിച്ചു എന്ന് പറയുന്നതാകും ശരി.നീ വല്യ വർത്തമാനം പറയാൻ തുടങ്ങിയപ്പോൾ, അമ്മ നിന്നോട് അകത്തു കേറി പോകാൻ പറഞ്ഞത് കേട്ടിരുന്നോ? എന്താണ് കാര്യം? അമ്മയ്ക്ക് എല്ലാം അറിയാം. അമ്മ കരഞ്ഞത് വീട് ജപ്തി ചെയ്യാൻ പോകുന്ന കാര്യം ഓർത്തിട്ടാണ് അല്ലാതെ നിന്റെ സെന്റി ഡയലോഗ് കേട്ടിട്ടല്ല എന്നത് ഞാൻ പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ. ഇനിയെങ്കിലും ഇമ്മാതിരി ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് അമ്മയോട് കൂടി ഒന്ന് ആലോചിക്കുക.

ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥൻ ആയ എനിക്ക് കിട്ടുന്ന ശമ്പളത്തെ പരിഹസിച്ചത് മറന്നാലും, എന്റെ ശമ്പളത്തേക്കാൾ കൂടുതൽ പലിശ നീ ഈ ചെറിയ നാട്ടിൽ നിന്ന് മോഷണം നടത്തി പിള്ളേച്ചൻസ് ബാങ്കിൽ അടയ്ക്കുന്നുണ്ടെങ്കിൽ നീ ഈ നാടിന്റെ ശാപമാണ് എന്നേ എനിക്ക് പറയാൻ കഴിയൂ.
നീ നടത്തിയ രാത്രിസഞ്ചാരങ്ങളും, ആ നേരത്ത് ചെയ്തു കൂട്ടിയ കാര്യങ്ങളും എല്ലാം കുടുംബത്തിന് വേണ്ടിയായിരുന്നു എന്ന് ഇനിയും തോന്നുന്നെങ്കിൽ ‘ഐ ആം സോറി’, ഐ കാൻട് ഹെല്പ് യൂ.’
നേരത്തെ നൽകിയ ഓഫർ ഇപ്പോഴും വാലീഡ് ആണ് അമ്മയ്ക്കും പെങ്ങൾക്കും ആവശ്യമുള്ള എല്ലാ സഹായങ്ങളും ഞാൻ ചെയ്തു കൊടുക്കാം,നീ ഒന്ന് നന്നായി കണ്ടാൽ മതി. ദയവ് ചെയ്ത് രുക്മിണിയെയും നിന്റെ പിള്ളാരെയും നോക്കാൻ വേണ്ടിയാണ് ഇപ്പോൾ മോഷ്ടിക്കുന്നത് എന്ന് പറഞ്ഞ് ഇനി അവരുടെ മുന്നിൽ എങ്കിലും തരം താഴാൻ നിൽക്കരുത്. മോഷണം അല്ലാതെയും ഈ നാട്ടിൽ വേറെ അന്തസ്സുള്ള പണികൾ ഉണ്ട്.

ഉപദേശം കഴിഞ്ഞു, ഇനി പറയാൻ ഉള്ളത് പറയാം. മേൽ പറഞ്ഞ രീതിയിൽ ഉള്ള ആരോപണങ്ങൾ ഇനി നീ ഉന്നയിച്ചാൽ കായികപരമായും, നിയമപരമായും ഞാൻ നേരിടുന്നതായിരിക്കും. അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയ്ക്ക് പോലും നിന്നെ രക്ഷിക്കാൻ കഴിഞ്ഞു എന്ന് വരില്ല.

എന്ന്,
വിശ്വനാഥൻ (ജാതിവാൽ മേമയുടെ വീട്ടിൽ ഉപേക്ഷിച്ചവൻ)
തുച്ഛമായ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോസ്ഥൻ (മോഷണം ഇല്ല)
ചേക്ക് പി. ഒ
കേരളാ തമിഴ്നാട് ബോർഡർ

You May Also Like

ആഗസ്റ്റ് 1 ലെ ക്യാപ്റ്റന്റെ നിഴലാകാനേ ആഗസ്റ്റ് 15 -ൽ സിദ്ദിഖിന് കഴിഞ്ഞുള്ളൂ

സൂപ്പർ ഹിറ്റ് പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമായ ആഗസ്റ്റ് 1 റിലീസായിട്ട് ഇന്ന് 33 വർഷം പിന്നിടുന്നു. 1971 – ൽ പ്രസിദ്ധീകരിച്ച ; ബ്രിട്ടീഷ് നോവലിസ്റ്റായ ഫ്രഡറിക് ഫോർ സെത്തി ന്റെ ” The day of the Jackal ” – ൽ നിന്നും സ്വാധീനം

ഫ്രെറ്റ്പെന്‍: ലോകത്തിലെ ഏറ്റവും ചെറിയ ഗിറ്റാര്‍

ഈ ചെറു ഗിറ്റാറിന്റെ പേര് ഫ്രെറ്റ്പെന്‍. അമേരിക്കയില്‍ നിന്നാണ് ഈ കുഞ്ഞന്റെ വരവ്. പേര് സൂചിപ്പിക്കുന്നപോലെ ഒരു പേനയുടെ രൂപത്തിലാണ് ഈ ഗിറ്റാര്‍ എത്തുന്നത്.

‘ചിന്ന ചിന്ന ആസൈ’ – എ ആർ റഹ്‌മാനും ആലുവാക്കാരി റോസ്ലിൻ എന്ന മിന്മിനിയും

ലോകമൊട്ടാകെ അലയടിച്ച ഗാനം. ഈ ഒരു ഗാനത്തിലൂടെയാണ് A R റഹ്മാൻ എന്ന ഇതിഹാസത്തെ ലോകം തിരിച്ചറിഞ്ഞത്. അതിന് മുൻപേ,പരസ്യ ഗാന രംഗത്തും, ദിലീപ് എന്ന ചെറിയ

പിതൃ ദേവോ ഭവ:

മുറ്റമാകെ കാടു പിടിച്ചു കിടന്നിരുന്ന “ഗ്രീന്‍ കോട്ടേജി”ന്റെ ജനലും വാതിലും തുറന്നു കിടക്കുന്നത് കണ്ട അയല്പക്കക്കാര്‍ അമ്പരന്നു. അതിലെ താമസക്കാരനായിരുന്ന ഗ്രിഗറി അങ്കിള്‍ മരിച്ചിട്ട് ഇപ്പോള്‍ മൂന്നു കൊല്ലം കഴിഞ്ഞിരിക്കുന്നു. അതിനു ശേഷം ആ വീട്ടില്‍ ആരും വരവുണ്ടായിരുന്നില്ല.