Rahul Madhavan
മലയാള സിനിമയിലെ പ്രശസ്തനായ സംവിധായകരിൽ ഒരാളാണ് പി ചന്ദ്രകുമാർ. വലിയ താരങ്ങളെയും ചെറിയ താരങ്ങളെയും ഉൾപ്പെടുത്തി നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് ചുക്കാൻ പിടിച്ച അദ്ദേഹം എൺപതുകളുടെ അവസാനം അല്പം ചുവടുമാറ്റിയതിന്റെ ഫലമായി വന്ന പടമാണ് ആദിപാപം. ഇതൊരു സോഫ്റ്റ്‌പോൺ വിഭാഗത്തിൽ പെടുന്ന പടമായിരുന്നു. തെന്നിന്ത്യയിലെ പ്രശസ്ത നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ ബി ചൗധരിയുടെ ആദ്യത്തെ നിർമാണ സംരംഭമായിരുന്നു ഈ പടം. സൂപ്പർ ഫിലിംസ് എന്നാതായിരുന്നു ബാനർ.
ബൈബിളിലെ പഴയനിയമത്തെ ബേസ് ചെയ്തു ഒരുക്കിയ ഈ പടത്തിൽ ആദവും ഔവ്വയും പുനസൃഷ്ടിക്കപ്പെട്ടു. യഥാക്രമം വിമൽരാജും അഭിലാഷയുമാണ് ഈ റോളുകൾ ചെയ്തത്. ശരിക്കും ഈ പടത്തിൽ നായികയായി അന്നത്തെ മോഡൽ ആയ ജൂഹിചൗളയെയാണ് തിരഞ്ഞെടുത്തത്.പക്ഷെ അത് നടന്നില്ല, ഇല്ലെങ്കിൽ ജൂഹിയുടെ ഫസ്റ്റ് മൂവി ഇത് ആവുമായിരുന്നു.
ഈ ചിത്രം തിയേറ്ററിൽ ചരിത്രമായി. വെറും ഏഴര ലക്ഷം രൂപയ്ക്ക് പൂർത്തിയായ ഈ പടം രണ്ടു കോടിക്ക് മുകളിൽ ഷെയർ നേടി എന്നാണ് പറയപ്പെടുന്നത്. ഇന്ത്യയിലെ പല മേജർ ഭാഷകളിൽ ഈ പടം മൊഴിമാറ്റം ചെയ്യപ്പെട്ടു. പിന്നീട് അഭിലാഷ എന്ന നടി ഇന്ത്യ മുഴുവൻ ഫേമസ് ആയിമാറി. ഇതേ നായികയും സംവിധായകനും പിന്നീടും പല സിനിമകളിലും ഒരുമിച്ചു. എല്ലാം വിജയവുമായി. പലപ്പോഴും സിനിമ ചെയ്തു കുത്തുപാളയെടുത്ത നിർമാതാക്കൾക്ക് വേണ്ടിയായിരുന്നു ചന്ദ്രകുമാർ ഇതുപോലുള്ള പടങ്ങൾ ചെയ്യാൻ നിർബന്ധിതൻ ആയതെന്നും പറയപ്പെടുന്നു.
ശേഷം സൂപ്പർ ഫിലിംസും ചെറുപുഷ്പം ഫിലിംസും ചേർന്നു മലയാളത്തിൽ പടങ്ങൾ വിതരണം നടത്തി.അതുപോലെ ആദിപാപത്തിന്റെ ചരിത്രവിജയത്തിനു ശേഷം ചൗധരിയും ഗുഡ്നൈറ്റ് മോഹനും പാർട്ണർമാരായി നിരവധി പടങ്ങൾ തമിഴിലും വിതരണം ചെയ്തു.മോഹൻ പിന്നീട് സ്വാതന്ത്ര നിർമാണം ചെയ്യാൻ തീരുമാനിച്ചപ്പോൾ ചൗധരി ‘good knight’ ലെ’ ഗുഡ് ‘ മാത്രം തന്റെ ബാനറായ സൂപ്പർ ഫിലിംസിന്റെ കൂടെ ചേർത്ത് “സൂപ്പർ ഗുഡ് ഫിലിംസ് ” എന്നാക്കി മാറ്റി.
സൂപ്പർഗുഡ് ഫിലിംസ് ആദ്യമായി നിർമിച്ച പടവും ഒരു ഇറോട്ടിക് ഡ്രാമ ടൈപ്പ് മൂവി ആയിരുന്നു. പ്രശസ്ത സംവിധായകൻ തുളസിദാസിന്റെ രണ്ടാമത്തെ ചിത്രം ലയനം ആയിരുന്നു അത്. സിൽക്ക് സ്മിത, അഭിലാഷ, ദേവിശ്രീ എന്നിവരായിരുന്നു നായികമാർ. നടി ഉർവശിയുടെ സഹോദരൻ നന്ദുവാണ് നായകവേഷം ചെയ്തത്.
വീട്ടിലെ വേലക്കാരനായ ചെറുപ്പകാരൻ പയ്യൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ കഥയാണ് ലയനം. ഈ പടവും തിയേറ്ററിൽ വമ്പൻ വിജയം നേടി. പല ഭാഷയിലും ഡബ് ചെയ്തു. 2014ൽ തമിഴിൽ വീണ്ടും dts, qube സിസ്റ്റത്തിൽ ഇറക്കിയപ്പോൾ പടം 120 ദിവസം ഓടിയിരുന്നു.
സൂപ്പർ ഗുഡ് ഫിലിംസ് ശേഷം തമിഴിൽ മികച്ച ഫാമിലി ചിത്രങ്ങൾ നിർമിച്ചു. മലയാളത്തിൽ കീർത്തിചക്ര, വില്ലാളിവീരൻ എന്നീ പടങ്ങൾ ഏറെകാലത്തിനു ശേഷം ചൗധരി നിർമിക്കുകയുണ്ടായി.എങ്കിലും തുടക്കം മലയാളത്തിലെ പ്രശസ്ത സംവിധായകർ ഒരുക്കിയ ഈ ചിത്രങ്ങൾ ആയിരുന്നു എന്നത് ഇന്നും പലർക്കും അറിയാത്ത കാര്യമാണ്.