Rahul Madhavan
എസ് എൻ സ്വാമിയുടെ രചനയിൽ തുളസിദാസ് സംവിധാനം ചെയ്ത് പുറത്തുവന്ന ചിത്രമാണ് ചാഞ്ചാട്ടം. ഈ കാലത്താണ് ചാഞ്ചാട്ടം റിലീസ് ആവുന്നതെങ്കിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവേണ്ട ഒരു പടമായിമാറിയേനെ,കാരണം ഇതിന്റെ കഥ അങ്ങനൊന്നാണ്. ജയറാമും ഉർവശിയുമാണ് പടത്തിലെ കേന്ദ്രകഥാപാത്രങ്ങളായത്.
ഒരു ഇന്റർവ്യൂ ടൈമിൽ ഒരുമിച്ചു കാണാനിടയായ മോഹനും യമുനയും പിന്നീട് പല സാഹചര്യങ്ങളിൽ കണ്ടുമുട്ടുകയും ശേഷം വിവാഹിതരാവുകയും ചെയ്യുന്നു. എപ്പോഴത്തെയും പോലെ ഒരു ദുർബല നിമിഷത്തിൽ മോഹൻ ‘മനഃപൂർവമല്ലാതെ ഒരു അവിഹിതത്തിൽ ഏർപെടുന്നു ‘. താൻ സത്യസന്ധനായതുകൊണ്ടും ഭാര്യ എല്ലാം ക്ഷമിക്കും എന്ന വിശ്വാസം ഉള്ളതുകൊണ്ടും മോഹൻ ഈ കാര്യം യമുനയോട് പറയുന്നു. അതോടെ എല്ലാത്തിനും ഒരു തീരുമാനമാവുകയാണ്….
ഇതാണ് പടത്തിന്റെ ആദ്യപകുതിയിലുള്ളത്. സീരിയസായി പോകുന്ന ഈ സന്ദർഭത്തിലാണ് സ്വാമി ഇവിടെ ജഗതിയെ കൊണ്ടുവരുന്നത്. പിന്നീടങ്ങോട്ട് മുടിഞ്ഞ കോമഡിയാണ്.ഇതിൽ ജഗതിചേട്ടന്റെ ഒരു ഇഡ്ഡലി തീറ്റയൊക്കെ അടിപൊളിയാണ്.അതുപോലെ നിരവധി ത്രില്ലെറുകൾ ഒരുക്കുന്ന സമയത്താണ് സ്വാമി ഒരേ വർഷം ചാഞ്ചാട്ടവും അപൂർവം ചിലരും എഴുതിയത്.രണ്ടിലും ജഗതി ചേട്ടൻ സൂപ്പറായി മാത്രമല്ല ഒട്ടും കോമഡിയല്ലാതെ സീരിയസ് വേഷം ചെയ്ത് അപൂർവം ചിലരിൽ അദ്ദേഹം സ്റ്റേറ്റ് അവാർഡും നേടി.കൂടാതെ ഒന്നോ രണ്ടോ സീനിൽ മാത്രം വരുന്ന മാമുക്കോയയുടെ ഡയലോഗുകളും ചിരിയുണർത്തും.
സിദ്ദിഖ്, ശങ്കരാടി, ഗീതവിജയൻ, മനോജ് കെ ജയൻ, സംഗീത, സൗമിനി എന്നിവരൊക്കെ പടത്തിന്റെ ഭാഗമായി. കൈതപ്രം -ജോൺസൺ ടീമാണ് ഗാനങ്ങൾ ഒരുക്കിയത്. ടോണി ക്യാമറയും എഡിറ്റിങ്ങും ചെയ്തു.1991 ക്രിസ്മസിനു അഭിമന്യു, കിലുക്കാംപെട്ടി, സാന്ത്വനം,ഇരിക്കൂ എം ഡി അകത്തുണ്ട് എന്നീ ചിത്രങ്ങൾക്കൊപ്പമാണ് ചാഞ്ചാട്ടം റിലീസായത്. പടത്തിന്റെ തിയേറ്റർ പ്രകടനം അറിയില്ല. അധികം ബോറടിയില്ലാതെ കാണാവുന്ന ഈ ചിത്രത്തിന്റെ കിടിലൻ പ്രിന്റ് യൂട്യൂബിൽ കിടപ്പുണ്ട്.