കമലഹാസന്റെ സിനിമാ അവതാരങ്ങളിൽ ശ്രദ്ധിക്കപ്പെട്ട ഇന്ദ്രുഡു ചന്ദ്രുഡുവിലെ മേയർ

0
321

Rahul Madhavan

കമലഹാസന്റെ സിനിമാ അവതാരങ്ങളിൽ ശ്രദ്ധിക്കപ്പെട്ട ഒരു റോളാണ് ഇന്ദ്രുഡു ചന്ദ്രുഡുവിലെ മേയർ.വലിയ വയറും ഉന്തിയ പല്ലുമൊക്കെയായി മുഖത്തിന്റെ ഷേപ്പും ശബ്ദവുമൊക്കെ മാറ്റി തികച്ചും വ്യത്യസ്തമായ ഒരു ഗെറ്റപ്പ് ആയിരുന്നു അതിലേത്. അദ്ദേഹം തന്നെയാണോ എന്ന് പോലും സംശയിച്ചു പോകും.1989 ലാണ് ഈ ചിത്രം വന്നത്.തന്റെ ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയ സുരേഷ്‌ കൃഷ്‌ണ എന്ന സംവിധായകനും കമലും വീണ്ടും ഒന്നിച്ചത് തെലുഗിൽ ഈ ചിത്രത്തിൽ ആയിരുന്നു.ഡി രാമനായിഡുവാണ് പടം നിർമിച്ചത്.

Indrudu Chandrudu (1989)1988 ൽ വന്ന ഹോളിവുഡ് ത്രില്ലെർ മൂൺ ഓവർ പാരഡോറിന്റെ കഥ കടംകൊണ്ടാണ് കമലഹാസൻ ഇതിന്റെ തിരക്കഥ എഴുതിയത്.വയസൻ മേയർ ജി കെ റായിഡുവായും ചുള്ളൻ ചന്ദ്രുവുമായി കമൽ ഡബിൾ റോളിൽ അഭിനയിച്ച ഇതിൽ നായികയായത് വിജയശാന്തിയാണ്.മികച്ച നടനുള്ള ആന്ധ്രാ സ്റ്റേറ്റ് അവാർഡ്, ഫിലിം ഫെയർ അവാർഡ് എന്നിവ കമൽ ഈ പടത്തിലൂടെ സ്വന്തമാക്കി.

1989 നവംബറിൽ വന്ന് തെലുങ്കിൽ ബ്ലോക്ക്‌ ബസ്റ്റർ വിജയം നേടിയ ഈ ചിത്രം തമിഴിൽ 1990 പൊങ്കലിനു ഇന്ദ്രൻ ചന്ദ്രൻ എന്ന പേരിലും ശേഷം ഹിന്ദിയിൽ മേയർ സാബ് എന്ന പേരിലും ഡബ്ബ് ചെയ്തു റിലീസ് ആയി.ഇരു ഭാഷയിലും പടം ഹിറ്റ്‌ ആയിരുന്നു.പുറത്തു നല്ലവനും എന്നാൽ അഴിമതിക്കാരനും അതിനുമപ്പുറം സ്ത്രീലമ്പടനുമായ ഒരു മേയറുടെ വേഷമാണ് കമൽ ചെയ്തത്. അദ്ദേഹത്തിന്റെ പി എ ആയി ചരൺരാജും സെക്രട്ടറിയായി ജയലളിതയും അഭിനയിച്ചു. ഈ രണ്ടു കഥാപാത്രങ്ങളിലൂടെയാണ് കഥ നീങ്ങുന്നത്.ശ്രീവിദ്യ, നാഗേഷ് എന്നിവരും സുപ്രധാന റോളുകളിൽ ഉണ്ടായിരുന്നു.കുയിലി ഒരു ഐറ്റം ഡാൻസിൽ പ്രത്യക്ഷപ്പെട്ടു. ഇളയരാജയുടെ പാട്ടുകളും പശ്ചാത്തല സംഗീതവും പതിവുപോലെ കിടിലനായിരുന്നു.