Rahul Madhavan
തെന്നിന്ത്യയിലെ പ്രശസ്തമായ സിനിമ നിർമ്മാണ കമ്പനിയാണ് സൂപ്പർ ഗുഡ് ഫിലിംസ്. തമിഴിൽ വമ്പൻ വിജയങ്ങളായ പല ചിത്രങ്ങളും ഇവരുടെ ക്രെഡിറ്റിലുണ്ട്.നടൻ ജീവയുടെ പിതാവായ ആർ ബി ചൗധരിയാണ് ഇതിന്റെ സാരഥി. ‘സൂപ്പർ ഫിലിംസ് ‘ എന്ന ബാനറിൽ ചൗധരി നിർമിച്ച ആദ്യചിത്രമാണ് പി ചന്ദ്രകുമാർ സംവിധാനം ചെയ്ത് ബ്ലോക്ക്ബസ്റ്ററായ ആദ്യപാപം.പിന്നീട് ചെറുപുഷ്പം ഫിലിംസുമായി ചേർന്ന് നിരവധി ചിത്രങ്ങൾ മലയാളത്തിലും ശേഷം ഗുഡ്നൈറ്റ് മോഹനുമായി ചേർന്ന് തമിഴിലും ഇദ്ദേഹം പടങ്ങൾ വിതരണം നടത്തി.ഇരുവരും സ്വന്തമായി ബിസിനസ് ചെയ്യാൻ ഒരുങ്ങിയപ്പോൾ മോഹന്റെ ‘ഗുഡ് നൈറ്റ്’ലെ ഗുഡ് മാത്രം സൂപ്പറിന്റെ കൂടെ ചേർത്ത് ചൗധരി സൂപ്പർ ഗുഡ് ഫിലിംസ് രൂപീകരിച്ചു.
സൂപ്പർഗുഡ് ഫിലിംസ് ആദ്യമായി നിർമിച്ച പടവും ആദ്യപാപം പോലെ ഒരു ഇറോട്ടിക്ക് ഡ്രാമയായിരുന്നു.ഒന്നിന് പുറകെ മറ്റൊന്ന് എന്ന ചിത്രത്തിന് ശേഷം പ്രശസ്ത സംവിധായകൻ തുളസിദാസ് ഒരുക്കിയ രണ്ടാമത്തെ ചിത്രം ലയനം ആയിരുന്നു അത്. സിൽക്ക് സ്മിത, അഭിലാഷ, ദേവിശ്രീ എന്നിവരായിരുന്നു നായികമാർ. നടി ഉർവശിയുടെ സഹോദരൻ നന്ദുവാണ് നായകവേഷം ചെയ്തത്.
വീട്ടിലെ വേലക്കാരനായ ചെറുപ്പകാരൻ പയ്യൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ കഥയാണ് ലയനം.നടിമാരുടെ മേനിപ്രദർശനം മാത്രം ഉദ്ദേശിച്ചു ആക്കാലത്തു വന്നുകൊണ്ടിരുന്ന സോഫ്റ്റ്കോർ പടങ്ങളെക്കാൾ വളരെ വ്യത്യസ്തമായ രീതിയിലാണ് ലയനം ഒരുക്കിയത്. ചിത്രത്തിന് അത്യാവശ്യം കഥയുണ്ടെന്ന് സാരം.സംവിധായകൻ തിരക്കഥയെഴുതിയപ്പോൾ പുതിയങ്കം മുരളി സംഭാഷണം കൈകാര്യം ചെയ്തു.മെല്ലി ദയാളൻ ക്യാമറയും ജെറി അമൽദേവ് സംഗീതവും ജി മുരളി എഡിറ്റിംഗും നിർവഹിച്ചു.
1989 ക്രിസ്മസ് സീസണിൽ മൃഗയ,കലാൾപട, നാഗപഞ്ചമി, ന്യൂസ് എന്നീ ചിത്രങ്ങൾക്കൊപ്പം ലയനം റിലീസാവുകയും തിയേറ്ററിൽ വമ്പൻ വിജയം നേടുകയും ചെയ്തു . ഇത് പിന്നീട് പല ഭാഷയിലും ഡബ് ചെയ്തു. 2014ൽ തമിഴിൽ വീണ്ടും dts, qube സിസ്റ്റത്തിൽ ഇറക്കിയപ്പോൾ പടം 120 ദിവസം ഓടിയിരുന്നു.
സൂപ്പർ ഗുഡ് ഫിലിംസ് ശേഷം തമിഴിൽ മികച്ച ഫാമിലി ചിത്രങ്ങൾ നിർമിച്ചു.അതിൽ ഏറിയ പങ്കും വിജയമാണ്.മലയാളത്തിൽ കീർത്തിചക്ര, വില്ലാളിവീരൻ എന്നീ പടങ്ങൾ ഏറെകാലത്തിനു ശേഷം ചൗധരി നിർമിക്കുകയുണ്ടായി.എന്തൊക്കെയായാലും സൂപ്പറിനും സൂപ്പർ ഗുഡിനും തുടക്കമിട്ടത് മലയാളത്തിലെ പ്രശസ്ത സംവിധായകർ ഒരുക്കിയ ഈ ചിത്രങ്ങൾ ആയിരുന്നു എന്നത് ഇന്നും പലർക്കും അറിയാത്ത കാര്യമാണ്.